9 Saturday
August 2025
2025 August 9
1447 Safar 14

മുജാഹിദ് സംസ്ഥാന സമ്മേളനം പന്തല്‍ നിര്‍മാണം 25ന് തുടങ്ങും


കോഴിക്കോട്: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ സന്ദേശവുമായി ജനുവരി 25,26,27,28 തിയ്യതികളില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വിശാലമായ പന്തലിന്റെ നിര്‍മാണോദ്ഘാടനം 25-ന് കരിപ്പൂരില്‍ നടക്കും. ഒരു ലക്ഷം സ്ഥിരം പ്രതിനിധികളടക്കം അഞ്ച് ലക്ഷത്തോളം പേര്‍ക്ക് സമ്മേളനം ശ്രവിക്കാനും പ്രാര്‍ത്ഥന നിര്‍വഹിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമായി വിപുലമായ സജ്ജീകരണങ്ങളോടെയാണ് പന്തല്‍ നിര്‍മിക്കുന്നത്. മെയിന്‍ പന്തലിന് പുറമെ അഞ്ച് പ്രത്യേക ഓഡിറ്റോറിയങ്ങളും ഒരുക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ‘ദി മെസ്സേജ് സയന്‍സ് എക്‌സിബിഷന്‍’ സംഘടിപ്പിക്കും. എക്‌സിബിഷന് വേണ്ടി വിപുലമായ സൗകര്യങ്ങളോടെ പത്ത് സെഷനുകളായി തിരിച്ച് എയര്‍കണ്ടീഷന്‍ ചെയ്ത ജര്‍മന്‍ മാതൃകയിലുള്ള പന്തലാണ് നിര്‍മിക്കുന്നത്.
സമ്മേളനത്തിന്റെ മുന്നോടിയായി ഡിസംബറില്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ശാഖകളിലും ‘സജ്ജം’ പ്രീകോണ്‍ മീറ്റുകള്‍ സംഘടിപ്പിക്കാനും സംഘാടക സമിതി സമ്പൂര്‍ണ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മാനവികതാ സന്ദേശ യാത്ര സംഘടിപ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളിലേക്കും സമ്മേളന സന്ദേശമെത്തിക്കുന്നതിനായി ഗൃഹ – വ്യക്തി സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും. മണ്ഡലം തലങ്ങളില്‍ പ്രചാരണ പദയാത്രകളും മാനവികതാ സംഗമങ്ങളും പൊതു സമ്മേളനങ്ങളും സംഘടിപ്പിക്കാനും സംഘാടക സമിതി തീരുമാനിച്ചു.
സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ എല്‍ പി യൂസുഫ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, സി മമ്മു, അബ്ദുല്‍ജബ്ബാര്‍ കുന്നംകുളം, ശംസുദ്ദീന്‍ പാലക്കോട്, എ അബ്ദുല്‍അസീസ് മദനി, ഡോ. അനസ് കടലുണ്ടി, ഡോ. ഐ പി അബ്ദുസ്സലാം, കെ എല്‍ പി ഹാരിസ്, പി പി ഖാലിദ്, എം ടി മനാഫ്, അബ്ദുസ്സലാം പുത്തൂര്‍, ബി പി എ ഗഫൂര്‍, വി സി മറിയക്കുട്ടി സുല്ലമിയ്യ, ഡോ. മുബശ്ശിര്‍ പാലത്ത്, പി ടി അബ്ദുല്‍മജീദ് സുല്ലമി, നൂറുദ്ദീന്‍ എടവണ്ണ, പി സി അബ്ദുറഹ്‌മാന്‍, ഹാറൂന്‍ കക്കാട്, ടി അഹ്‌മദ്, ഡോ. യൂനുസ് ചെങ്ങര, ശരീഫ് കോട്ടക്കല്‍, ബാദുഷ ഇടുക്കി, ജസിന്‍ നജീബ്, അബ്ദുസ്സലാം മുണ്ടോളി, ഫാസില്‍ ആലുക്കല്‍, ജസ്ഫ കരീം, നൂറുദ്ദീന്‍ കുട്ടി, റുഖ്‌സാന വാഴക്കാട്, ഷാനവാസ് ചാലിയം, നബീല്‍ പാലത്ത്, സവാദ്, ഷഹീം പാറന്നൂര്‍, യഹ്‌യ മുബാറക് ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to Top