മുഹ്‌സിന്‍ ശൈഖ് വധക്കേസ്: ഹിന്ദു സേനാ നേതാവ് അടക്കം മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

രാജ്യത്ത് ഏറെ വിവാദം സൃഷ്ടിച്ച മുഹ്‌സിന്‍ ശൈഖ് വധക്കേസില്‍ പ്രതികളായ ഹിന്ദു സേനാ തലവന്‍ ധനഞ്ജയ് ജയറാം അടക്കം മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. വേണ്ടത്ര തെളിവില്ലെന്നു പറഞ്ഞാണ് പൂനെ കോടതി പ്രതികളെ വെറുതെ വിട്ടത്. ബാല്‍ താക്കറെയുടെയും ഛത്രപതി ശിവജിയുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ നടന്ന വര്‍ഗീയ കലാപത്തിനിടെയാണ് മുഹ്‌സിന്‍ ശൈഖ് കൊല്ലപ്പെട്ടത്. 2014 ജൂണ്‍ രണ്ടിനായിരുന്നു സംഭവം. പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന മുഹ്‌സിനെ കലാപകാരികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 20 പേരെ പ്രതിചേര്‍ത്തെങ്കിലും എല്ലാവര്‍ക്കും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. പൊലീസും ഹിന്ദു സേനയും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ഈ കേസില്‍ നേരത്തെത്തന്നെ ഉയര്‍ന്നിരുന്നു.
