12 Thursday
December 2024
2024 December 12
1446 Joumada II 10

മുഹര്‍റം ശുഭമുഹൂര്‍ത്തങ്ങളുടെ പുതുവര്‍ഷപ്പുലരി

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


രണ്ടാം ഖലീഫ ഉമര്‍(റ) ഭരണനവീകരണത്തിന്റെ ഭാഗമായി വേതനവും ക്ഷേമ പെന്‍ഷനുകളും നിശ്ചയിച്ചു. അവ നടപ്പാക്കാന്‍ ഒരുങ്ങിയപ്പോഴാണ് ദിവസവും മാസവും ഗണിക്കാനുള്ള പ്രയാസം അനുഭവിച്ചറിഞ്ഞത്. മാസം പൂര്‍ത്തിയായാലല്ലേ അവ നല്‍കാന്‍ കഴിയൂ? ആദ്യകാലത്ത് അറബികള്‍ക്കിടയില്‍ കാലഗണനയ്ക്ക് കണിശമായ ഒരടിസ്ഥാനമില്ലായിരുന്നു. ഖുറൈശി നേതാവായ കഅ്ബിന്റെ മരണവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് കുറേക്കാലം അവര്‍ കാലം കണക്കാക്കിയത്. പിന്നീടത് ആനകളുമായി കഅ്ബാലയം പൊളിക്കാനൊരുമ്പെട്ട അബ്‌റഹത്തിന്റെ ആനക്കലഹത്തെ ആസ്പദമാക്കിയായിരുന്നു. അതിനു ശേഷം ഹര്‍ബുല്‍ ഫിജാര്‍ അടിസ്ഥാനമാക്കിയും കാലഗണന നടത്തി. ഇതിനനുസരിച്ചെല്ലാം മാസവും ദിവസവും അറേബ്യയുടെ നാലു ദിക്കുകളിലും നാലായി അനുഭവപ്പെട്ടു. ഉമര്‍(റ) പ്രമുഖ സഹാബികളുമായി കൂടിയാലോചിക്കുകയും പുതിയൊരു കാലഗണനയ്ക്ക് രൂപം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഹിജ്‌റ വര്‍ഷം ആദ്യ മാസമായി മുഹര്‍റം സ്ഥാനംപിടിച്ചുകൊണ്ട് ഹിജ്‌റ കലണ്ടര്‍ രൂപംകൊണ്ടു.
കാലഗണനയ്ക്ക് ലോക ജനത അവലംബിച്ചിരുന്ന മാനദണ്ഡങ്ങളെ കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. രാജാക്കന്മാരുടെയും പ്രമുഖന്മാരുടെയും മഹത്തുക്കളുടെയും ജന്മ-ചരമദിനങ്ങള്‍, യുദ്ധം, പ്രകൃതിദുരന്തങ്ങള്‍, കീഴടക്കല്‍ എന്നിവയ്‌ക്കൊന്നും സ്ഥാനം നല്‍കാതെ കലണ്ടര്‍ സമിതിക്കു മുമ്പില്‍ ഹിജ്‌റ അവലംബമാക്കാന്‍ ഉമര്‍(റ) നിര്‍ദേശിച്ചു. അവര്‍ക്കു വേണമെങ്കില്‍ ഖുര്‍ആനിന്റെ അവതരണകാലമോ പ്രവാചകന്റെ ജന്മദിനമോ ആദ്യ പോരാട്ടമായ ബദ്‌റോ അവലംബിക്കാമായിരുന്നു. എന്നാല്‍ അവര്‍ തിരഞ്ഞെടുത്തത് ഹിജ്‌റയെയായിരുന്നു. ധിഷണാശാലിയായ ഉമറിന്റെ കൂര്‍മബുദ്ധിയില്‍ ഹിജ്‌റ സ്ഥാനം പിടിക്കാനുണ്ടായ കാരണം, അത് ഒരു ജനതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു എന്നതത്രേ. അംഗുലീപരിമിതരായ ഒരു ജനത, ഹിജ്‌റയ്ക്കു മുമ്പ് അവര്‍ ഛിന്നഭിന്നമായിരുന്നു. ഒരു വിഭാഗം ശത്രുക്കളുമായി പ്രതിരോധത്തിലായിരുന്നു. മറ്റൊരു വിഭാഗം അവരുടെ കണ്ണുവെട്ടിച്ചുകൊണ്ട് നാടുവിട്ടുകൊണ്ടിരിക്കുന്നു. അടിമത്തത്തിന്റെ നുകം പേറുന്ന വേറൊരു വിഭാഗം കൊടുംമര്‍ദനങ്ങള്‍ക്കു വിധേയരായി കഴിയുന്നു. ഹിജ്‌റ അവര്‍ക്ക് ഐക്യരൂപം നല്‍കി. ഒരു സമുദായമായി ഹിജ്‌റയിലൂടെ അവര്‍ പിറവിയെടുത്തു. വിശ്വാസി സമൂഹത്തിന് ഒരു സമുദായ സ്വത്വം ഹിജ്‌റയിലൂടെ തിരിച്ചുകിട്ടി.
പുതുവര്‍ഷ പുലരിക്ക് തുടക്കം കുറിക്കുന്ന മുഹര്‍റം ഇസ്‌ലാമിക ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ കാലം കൂടിയായിരുന്നു. ദൈവനിഷേധിയും ധിക്കാരിയുമായ ഫിര്‍ഔനിന്റെ കൊലവിളിയില്‍ നിന്നു മൂസാ നബി(അ)യും അനുയായികളും രക്ഷപ്പെട്ടത് മുഹര്‍റം മാസത്തിലായിരുന്നു. പ്രവാചകന്‍ മക്കയില്‍ നിന്നു മദീനയിലേക്ക് ഹിജ്‌റ പോയത് സഫര്‍ മാസത്തിലായിരുന്നുവെങ്കിലും മറ്റു മുസ്‌ലിംകള്‍ അതിനു മുമ്പ് മുഹര്‍റം മാസത്തില്‍ തന്നെ മദീന ലക്ഷ്യംവെച്ചുകൊണ്ട് ഹിജ്‌റക്ക് തുടക്കം കുറിച്ചു.
മുഹര്‍റം
ദുശ്ശകുനമോ?

അല്ലാഹു പവിത്രമായി ഗണിച്ച നാലു മാസങ്ങളിലൊന്നാണ് മുഹര്‍റം. ”തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രവും” (9:36). ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നിവയാണ് ആ പവിത്ര മാസങ്ങളെന്ന് പ്രവാചകന്‍(സ) വ്യക്തമാക്കുകയും ചെയ്തു. മതം പവിത്രമായി ഗണിച്ച മുഹര്‍റം മാസത്തില്‍ ദുശ്ശകുനം ദര്‍ശിക്കുന്നവര്‍ സമൂഹത്തിലുണ്ട്. മുഹര്‍റം മാസത്തിലെ നിശ്ചിത ദിവസങ്ങളില്‍ വിവാഹ കര്‍മം, വീട്ടില്‍ കൂടല്‍, യാത്രക്കൊരുങ്ങല്‍, ഉദ്ഘാടനങ്ങള്‍ തുടങ്ങിയ നല്ല കാര്യങ്ങള്‍ നടത്താന്‍ പാടില്ലെന്നും ശകുനപ്പിഴയ്ക്കു കാരണമാവുമെന്നും അന്ധവിശ്വാസികള്‍ പ്രചരിപ്പിക്കുന്നു. മുഹര്‍റം മാസത്തില്‍ പെണ്ണ് കണ്ടതുകൊണ്ട് മാത്രം കല്യാണം മുടങ്ങിപ്പോയ കെട്ടുകഥകള്‍ പഴമക്കാര്‍ക്കിടയിലുണ്ട്. പ്രസവം നടക്കുന്നത് മുഹര്‍റം മാസത്തിലാവുമോ എന്ന് ഒരുകാലത്ത് മുസ്‌ലിം സ്ത്രീകള്‍ ഭയപ്പെട്ടിരുന്നു.
ശകുനം നോക്കല്‍ തീര്‍ത്തും അനിസ്‌ലാമികമായ ഒരു കാഴ്ചപ്പാടാണ്. ഹൈന്ദവ സങ്കല്പങ്ങളുടെ ഭാഗമാകുന്നു അത്. ഓരോ കര്‍മവും ആരംഭിക്കുമ്പോള്‍ മനസ്സിനെ ഒരുക്കാന്‍ വേണ്ടിയാണത്രേ ആചാര്യന്മാര്‍ ശകുനം നിശ്ചയിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ ശകുനം എന്നത് മനസ്സിന്റെ തലതിരിഞ്ഞ നിലപാടാണ്. അതിന് കര്‍മവുമായി ഒരു ബന്ധവുമില്ല എന്ന് കണ്ടെത്താന്‍ കഴിയും. നല്ല കാര്യത്തിനു വേണ്ടി യാത്ര പുറപ്പെടുമ്പോള്‍ പൂച്ച കുറുകെ ചാടിയാല്‍ അത് അപശകുനമായി ചിലര്‍ കാണുന്നു. ഒരുപക്ഷേ, നായ ഓടിച്ചതുകൊണ്ടായിരിക്കാം ആ പൂച്ച ആത്മരക്ഷാര്‍ഥം ഓടിയത്. പൂച്ചയുടെ ഓട്ടവും മനുഷ്യന്റെ പ്രവര്‍ത്തനവും തമ്മില്‍ എന്തു ബന്ധമാണുള്ളത്?
എന്നാല്‍ ചൈനക്കാരുടെ വിശ്വാസം മറ്റൊന്നാണ്. ഏത് നല്ല കാര്യത്തിനിറങ്ങുമ്പോഴും പൂച്ചയെ കാണുന്നത് ശുഭലക്ഷണമായാണ് അവര്‍ കരുതുന്നത്. ദേശാന്തരങ്ങള്‍ക്കനുസരിച്ച് പൂച്ച മനുഷ്യനു നന്മയും തിന്മയും പ്രദാനം ചെയ്യുന്നു എന്ന വിശ്വാസത്തില്‍ പൂച്ചയ്ക്ക് ഒരു പങ്കുമില്ല എന്ന കാര്യം ഈ രണ്ടു സമീപനങ്ങളില്‍ നിന്നും വ്യക്തമാണല്ലോ. ഇങ്ങനെ മനുഷ്യന്‍ തന്റെ മനസ്സില്‍ അന്ധമായി ഒളിച്ചുവെച്ചിരിക്കുന്ന ചിന്തകളാണ് ശകുനചിന്ത. ഈ ചിന്ത യാഥാസ്ഥിതിക പൗരോഹിത്യം കടമെടുത്തു പ്രചരിപ്പിച്ചതുകൊണ്ടാണ് മുസ്‌ലിംകള്‍ക്കിടയിലും അത് സ്ഥാനം പിടിച്ചത്. അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്കു വിരുദ്ധമായി തന്റെ ജീവിതത്തില്‍ ഒരു ശക്തിക്കും സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്ന ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസം നല്‍കുന്ന സുരക്ഷിതത്വവും നിര്‍ഭയത്വവുമാണ് ശകുനവിശ്വാസം തകര്‍ക്കുന്നതെന്ന് കാണാന്‍ കഴിയും.
ഫിര്‍ഔനില്‍ നിന്നു മൂസാ നബിയെ രക്ഷപ്പെടുത്തിയത് എങ്ങനെയാണ് ദുശ്ശകുനമാകുന്നത്? പീഡിതരായ മുസ്‌ലിംകള്‍ക്ക് ഹിജ്‌റയിലൂടെ സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടായത് അപശകുനമായി എങ്ങനെ വ്യാഖ്യാനിക്കാന്‍ കഴിയും? ഇതെല്ലാം മുഹര്‍റം മാസത്തിലാണ് സംഭവിച്ചത്. മുഹര്‍റം ദുശ്ശകുനത്തിന്റെ മാസമാണെങ്കില്‍ ഇതെല്ലാം ദുശ്ശകുനമായി വ്യാഖ്യാനിക്കാത്തത് എന്തുകൊണ്ടാണ്? എന്നു മാത്രമല്ല മുഹര്‍റം മാസത്തെ പ്രതിപാദിക്കുമ്പോള്‍ അല്ലാഹുവിന്റെ മാസമായ മുഹര്‍റം എന്ന് പ്രത്യേകമായി പ്രവാചകന്‍(സ) പറയാറുണ്ടായിരുന്നു. പ്രവാചകന്‍ പവിത്രമായി കണ്ടതിനെ എങ്ങനെയാണ് വിശ്വാസികള്‍ക്ക് അപശകുനമായി കാണാന്‍ കഴിയുക?
മുഹര്‍റം നോമ്പ്
വിശ്വാസികള്‍ക്ക് ആത്മബലം നല്‍കുന്ന മാസങ്ങളിലൊന്നാണ് മുഹര്‍റം. ഏകദൈവാരാധനയെന്ന ആദര്‍ശത്തിന്റെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു ഫിര്‍ഔനിന്റെ പതനം. മൂസ(അ)യുടെയും അനുയായികളുടെയും ത്യാഗോജ്ജ്വല ജീവിതത്തിലെ തുടിപ്പുകള്‍ വിശ്വാസികളില്‍ ആദര്‍ശബലം പകരണമെന്ന് പ്രവാചകനു നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം മുഹര്‍റം 10ന് സുന്നത്ത് നോമ്പ് അനുഷ്ഠിച്ചിരുന്നു. ആ നോമ്പിനെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”റമദാനിനു ശേഷമുള്ള ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പാണ്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം രാത്രിയിലെ അന്ത്യയാമങ്ങളിലുള്ള നമസ്‌കാരമാണ്” (മുസ്‌ലിം, തിര്‍മിദി).
പ്രവാചകന്റെ അനുയായികളിലൊരാള്‍ റമദാനിനു ശേഷമുള്ള നോമ്പുകളില്‍ ഏറ്റവും ശ്രേഷ്ഠമായ നോമ്പ് ഏതാണെന്ന് ചോദിച്ചതിനും ഇതേ മറുപടി തന്നെയാണ് പ്രവാചകന്‍(സ) നല്‍കിയത്. അത് ഒരു വര്‍ഷത്തേക്കുള്ള പാപമോചനത്തിന് ഉതകുമെന്നും അദ്ദേഹം ഉണര്‍ത്തി. മുഹര്‍റം 9ന് താസൂആഅ് എന്നും 10ന് ആശൂറാഅ് എന്നും പറയാറുണ്ട്.
മൂസാ നബിയുടെ അനുയായികള്‍ എന്ന് അവകാശപ്പെടുന്ന മദീനയിലെ ജൂതന്മാരും മുഹര്‍റം 10ന് നോമ്പ് അനുഷ്ഠിച്ചിരുന്നു. ഈ വിവരം വൈകിയറിഞ്ഞ പ്രവാചകന്‍(സ) ഇങ്ങനെ പ്രഖ്യാപിച്ചു: ”വരുംവര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ 9നും നോമ്പ് അനുഷ്ഠിക്കും” (ബുഖാരി). പക്ഷേ, പ്രവാചകന്‍(സ) അപ്പോഴേക്കും ലോകത്തോട് വിടപറഞ്ഞിരുന്നു.

Back to Top