മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന് ആവിഷ്‌കാര സ്വാതന്ത്ര്യ പുരസ്‌കാരം
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിന് 2023ലെ ആവിഷ്‌കാര സ്വാതന്ത്ര്യ പുരസ്‌കാരം പ്രഖ്യാപിച്ച് ഇന്‍ഡക്സ് ഓണ്‍ സെന്‍സര്‍ഷിപ്പ്. ‘മോദി സര്‍ക്കാര്‍ പ്രചരിപ്പിച്ച തെറ്റായ വാര്‍ത്തകളെ ഫാക്ട് ചെക്കിങ്ങിലൂടെ അദ്ദേഹം തിരുത്തിയിരുന്നു. തുടര്‍ന്ന് സുബൈറിന് ഭരണപക്ഷത്തുനിന്ന് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടിവന്നു’ എന്ന് ഇന്‍ഡക്സ് ഓണ്‍ സെന്‍സര്‍ഷിപ്പ് സംഘടന പ്രസ്താവനയില്‍ വിശദീകരിച്ചു. മാധ്യമരംഗത്തെ സുബൈറിന്റെ വസ്തുതാപരമായ പ്രവര്‍ത്തനങ്ങളും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സുബൈര്‍ തന്റെ എക്സ് അക്കൗണ്ടിലൂടെ ഇന്ത്യയിലെ വര്‍ഗീയ അക്രമങ്ങളെക്കുറിച്ചും വിജിലന്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിദ്വേഷപ്രസംഗം വര്‍ദ്ധിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ആറു കേസുകളും ഡല്‍ഹിയില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യപ്പെട്ടു, 24 ദിവസം ജയിലില്‍ കിടന്നതിനുശേഷമാണ് സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.