24 Friday
October 2025
2025 October 24
1447 Joumada I 2

മുഹമ്മദ് മുസ്തഫ ഫലസ്തീനിന്റെ പുതിയ പ്രധാനമന്ത്രി


ഫലസ്തീനിന്റെ പുതിയ പ്രധാനമന്ത്രിയായി മുന്‍ ഉപപ്രധാനമന്ത്രിയും ഫലസ്തീന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ മുഹമ്മദ് മുസ്തഫയെ നിയമിച്ചു. ദീര്‍ഘകാലമായി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് കൂടിയാണ് മുഹമ്മദ് മുസ്തഫ. ഫലസ്തീനില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യയില്‍ പ്രതിഷേധിച്ചും പട്ടിണി പടരുമ്പോള്‍ ഒന്നും ചെയ്യാനാകാത്തതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തും മുഹമ്മദ് ഇശ്തയ്യ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മൂന്നാഴ്ചയോട് അടുക്കുമ്പോഴാണ് പുതിയ നിയമനം. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ പരിമിത അധികാരമുള്ള ഫലസ്തീന്‍ അതോറിറ്റിക്കു വേണ്ടി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ചുമതലയാണ് 69കാരന്റെ മുന്നിലുള്ളത്. ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദ് മുസ്തഫ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനിലെ സ്വതന്ത്ര എക്‌സിക്യൂട്ടീവ് അംഗമാണ്. 2013-15 കാലയളവില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, ലോകബാങ്കിന്റെ ഉന്നത പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Back to Top