മുഹമ്മദ് ജമാല്‍: യതീമുകളുടെ ഉപ്പ
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
അനാഥകളെ തലോടി, അശരണര്‍ക്ക് അഭയം നല്‍കി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിച്ച ഒരു പുരുഷായുസ്സ് ഡിസംബര്‍ 22 ന് അവസാനിച്ചു. ജമാല്‍ സാഹിബിന്റെ സമര്‍പ്പണ വീര്യം വയനാടിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക തലങ്ങളെ ശാക്തീകരിച്ചുവെന്ന് പറയാം. ആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിച്ച്, താന്‍ ഏറ്റെടുത്ത ദൗത്യപൂര്‍ത്തീകരണത്തിന് ഖത്തറില്‍ എത്തിയപ്പോഴായിരുന്നു രോഗം മൂര്‍ഛിച്ചത്. ആ അവസ്ഥയില്‍ തന്നെ അദ്ദേഹം അല്ലാഹുവിലേക്കെത്തി.
1988-ലാണ് വയനാട് മുസ്‌ലിം ഓര്‍ഫനേജിന്റെ (ഡബ്ല്യു എം ഒ) സാരഥ്യം അദ്ദേഹം ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ഇഛാശക്തിയും ഡബ്ല്യു എം ഒയെ സമ്പൂര്‍ണ വിദ്യാഭ്യാസ സംരംഭമായിവളര്‍ത്തി. 2002-ലെ ഗുജറാത്ത് കലാപ കാലത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കലാപത്തിന്റെ ഇരകളായ അനാഥര്‍ക്ക് അദ്ദേഹം ഡബ്ല്യു എം ഒയില്‍ അഭയം നല്‍കുകയായിരുന്നു. 2013-ലെ മുസഫര്‍നഗര്‍ കലാപ ഇരകളെയും അദ്ദേഹം പുനരധിവസിപ്പിച്ചു. അനാഥകള്‍ക്കൊപ്പമായിരുന്നു രാവും പകലും ജമാല്‍ക്ക ജീവിതം ആസ്വദിച്ചിരുന്നത്. അനാഥ ബാല്യങ്ങള്‍ക്ക് കരുതലാവാന്‍ അദ്ദേഹം സ്വീകരിച്ച ആശയം വളരെ പ്രസക്തമാണ്. ‘Respect the child as a perosn’ എന്ന മോട്ടോ അനാഥകള്‍ക്ക് കൂടുതല്‍ അംഗീകാരവും ആദരവും നേടി കൊടുത്തു. അനാഥകള്‍ക്കൊപ്പം ന്യൂനപക്ഷ സമൂഹത്തിന്റേയും സമഗ്ര പുരോഗതി ജമാല്‍ സാഹിബിന്റെ മുഖ്യ അജണ്ടയായിരുന്നു. ഡബ്ല്യു എം ഒയുടെ ക്രിയാത്മക സാന്നിധ്യം ഇതിനകം കേരള സമൂഹത്തില്‍ അടയാളപ്പെടുത്തി കഴിഞ്ഞു. എല്‍ കെ ജി മുതല്‍ പി ജി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു തൊഴില്‍ സംരംഭങ്ങളും ജമാല്‍ സാഹിബിന്റെ അവസരോചിത ഇടപെടലുകളുടെ സൃഷ്ടിയാണ്.
1940 ജനുവരി 19-ന് സുല്‍ത്താന്‍ ബത്തേരി മാനിക്കുനിയില്‍ ജനിച്ച മുഹമ്മദ് ജമാല്‍ അബ്ദുറഹീം-കദീജ ദമ്പതികളുടെ മകനാണ്. സുല്‍ത്താന്‍ ബത്തേരിയിലും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 1967ല്‍ മുക്കം യത്തീംഖാനയുടെ ശാഖയായി ഡബ്ല്യു എം ഒ സ്ഥാപിച്ചത് മുതല്‍ സ്ഥാപനത്തിന്റെ ജോയിന്റ് സെക്രട്ടറിയായും 1988 മുതല്‍ മരണം വരെ ജനറല്‍ സെക്രട്ടറിയായും ചുമതല വഹിച്ചു. ഡബ്ല്യു എം ഒക്ക് കീഴില്‍ ഇന്ന് വയനാട് ജില്ലയില്‍ 35 സ്ഥാപനങ്ങളുണ്ട്. 2005 മുതല്‍ ഡബ്ല്യു എം ഒയില്‍ നടക്കുന്ന സമൂഹ വിവാഹത്തിന്റെ മുഖ്യകാര്യദര്‍ശിയാണ്. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു. 30 വര്‍ഷമായി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. ഭാര്യ: നഫീസ പുനത്തില്‍. മക്കള്‍: അഷ്‌റഫ്, ജംഹര്‍, ഫൗസിയ, ആയിശ.
വിശ്രമമറിയാത്ത അദ്ദേഹത്തിന്റെ സേവനങ്ങളുടെ ഗുണഫലം ഇന്ന് അനുഭവിക്കുന്നത് ആയിരങ്ങളാണ്. അവരുടെ കണ്ണീരിലും പ്രാര്‍ഥനയിലും അദ്ദേഹത്തിന്റെ ബര്‍സഖ് പ്രകാശിതമായിരിക്കും. അല്ലാഹു അദ്ദേഹത്തിന് റഹ്മത്ത് നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)