28 Saturday
December 2024
2024 December 28
1446 Joumada II 26

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്: മലയാളികളുടെ വീരപുത്രന്‍

ഹാറൂന്‍ കക്കാട്‌


കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ ഐതിഹാസികമായ ഇടപെടലുകളിലൂടെ അതുല്യമായ മാതൃകകള്‍ തീര്‍ത്ത പരിഷ്‌കര്‍ത്താവായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്. ധീരതകൊണ്ടും ഇഛാശക്തി കൊണ്ടും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉറക്കംകെടുത്തിയ വീരപോരാളി. അറിവും ബുദ്ധിയും നിര്‍ഭയത്വവുമെല്ലാം ഒത്തുചേര്‍ന്ന ഒരു മഹാമനുഷ്യന്റെ പേരാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്.
അരനൂറ്റാണ്ട് പോലും പൂര്‍ത്തിയാവാതെയാണ് ഈ പുരുഷകേസരി കാലയവനികകള്‍ക്കുള്ളില്‍ മറഞ്ഞത്. 47 വര്‍ഷത്തെ ആയുസ്സിനിടയില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഒമ്പത് വര്‍ഷവും ജയിലില്‍ ആയിരുന്നു. വിമോചന പോരാട്ടങ്ങളുടെ ഭാഗമായി തേടിയെത്തിയ ജയില്‍വാസം ത്യാഗത്തിന്റെ തീച്ചൂളയിലെ ഒരധ്യായം മാത്രമായിരുന്നു അദ്ദേഹത്തിന്. മതേതരമൂല്യങ്ങളെ ചങ്ങലയ്ക്കിട്ട് അധികാരികള്‍ മതരാഷ്ട്രചിന്തകളെ തീറ്റിപ്പോറ്റുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍, ബഹുസ്വര ജനാധിപത്യ വ്യവസ്ഥയ്ക്കു വേണ്ടി പടനയിച്ച് സ്വാതന്ത്ര്യപ്പുലരി കാണാനാവാതെ ആകസ്മികമായി വിടപറയേണ്ടിവന്ന ആ സ്വാതന്ത്ര്യ സമരസേനാനിയുടെ ജീവിതരേഖകള്‍ വലിയ പാഠമാണ്.
1898ല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ അഴീക്കോട് കറുകപ്പാടത്ത് പുന്നക്കച്ചാലില്‍ അബ്ദുറഹിമാന്റെയും അയ്യാരില്‍ കൊച്ചായിശുമ്മയുടെയും മകനായാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ജനനം. ഗ്രാമത്തിലെ അധ്യാപകന്റെ കീഴില്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ച അദ്ദേഹം, അഴീക്കോട് പ്രൈമറി സ്‌കൂള്‍, കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂള്‍, വാണിയമ്പാടി ഇസ്ലാമിയ്യ മദ്‌റസ, കോഴിക്കോട് ബാസല്‍ മിഷന്‍ കോളേജ്, മദിരാശി മുഹമ്മദന്‍ കോളേജ്, ഡല്‍ഹി ജാമിഅ: മില്ലിയ്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി. ദക്ഷിണേന്ത്യയിലെ പ്രശസ്ത കലാലയമായ പ്രസിഡന്‍സി കോളജില്‍ ഓണേഴ്‌സ് കോഴ്‌സിന് ചേര്‍ന്നെങ്കിലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള പോരാട്ടങ്ങളില്‍ സജീവമാവാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.
മൗലാന അബുല്‍കലാം ആസാദ് എഴുതിയ ‘ഖിലാഫത്ത് ആന്റ് ജസീറത്തുല്‍ അറബ്’ എന്ന പുസ്തകം അദ്ദേഹത്തെ സ്വാധീനിച്ചു. ഉന്നത ബിരുദവും സിവില്‍ സര്‍വീസ് അടക്കമുള്ള ഉയര്‍ന്ന പദവികളും കൈയെത്തും ദൂരത്തു എത്തിനില്‍ക്കെ എല്ലാം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമര സേനാനിയായി മാറുന്ന കര്‍മയോഗിയെയാണ് പിന്നീട് കേരളം കണ്ടത്. കൊടുങ്ങല്ലൂര്‍ എറിയാട് കേന്ദ്രീകരിച്ച് ഉദയം ചെയ്ത കേരള മുസ്ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് നിരതനായിരുന്നു.
1921 ഒക്ടോബര്‍ 23ന്, മാര്‍ഷല്‍ ലോ പ്രകാരം കത്തെഴുതിയ കുറ്റത്തിന് അദ്ദേഹത്തെ കഠിന തടവിന് ശിക്ഷിച്ചു. ബെല്ലാരി ജയിലില്‍ കടുത്ത യാതനകള്‍ക്ക് അദ്ദേഹം വിധേയനായി. കിരാതമായ പീഡനങ്ങളായിരുന്നു ജയിലില്‍. മനുഷ്യത്വരഹിതമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തി. സഹതടവുകാര്‍ ആത്മധൈര്യത്തോടെ അദ്ദേഹത്തിന്റെ കൂടെ അണി നിരന്നു. ചര്‍ച്ചയ്‌ക്കൊടുവില്‍ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. പിന്നീട് ബെല്ലാരിയില്‍ നിന്ന് മദ്രാസ് സെന്‍ട്രല്‍ ജയിലിലേക്ക് അദ്ദേഹത്തെ മാറ്റി. മതനിയമമനുസരിച്ച് നമസ്‌കാരം നിര്‍വഹിക്കാന്‍ വസ്ത്രം അനുവദിക്കുന്നതിന് വേണ്ടി ഈ ജയിലിലും അദ്ദേഹത്തിന് 23 ദിവസം നീണ്ട സമരം ചെയ്യേണ്ടി വന്നു.
1923 ആഗസ്റ്റ് ഒമ്പതിന് അദ്ദേഹം ജയില്‍ മോചിതനായി. ആ സമയത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടങ്ങളെ തുടര്‍ന്ന് മലബാറിലെ സ്ഥിതിഗതികള്‍ വളരെ സങ്കീര്‍ണമായിരുന്നു. സമരദുരിതങ്ങളുടെ വേദന ആറിത്തണുക്കും മുമ്പേ കടുത്ത വെള്ളപ്പൊക്കം ഉണ്ടായതിനാല്‍ ജനജീവിതം എല്ലാ അര്‍ഥത്തിലും ദുസ്സഹമായി. ജയിലില്‍ നിന്നിറങ്ങിയ അദ്ദേഹം അവസരോചിതമായി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സമൂഹത്തിന് ആശ്വാസം പകര്‍ന്നു. തുടര്‍ന്ന് അല്‍അമീന്‍ എന്ന പത്രം ആരംഭിച്ചു. പത്രമാരണനിയമങ്ങള്‍ ഉപയോഗിച്ച് പല തവണ പത്രവും പ്രസ്സും കണ്ടുകെട്ടിയപ്പോഴും സത്യത്തിന്റെ പാതയില്‍ നിന്ന് ഒരിക്കലും അല്‍അമീന്‍ വ്യതിചലിച്ചില്ല.
കേരള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ശ്രദ്ധേയമായ നാമമാണ് അല്‍അമീന്‍. 1924 ഒക്ടോബര്‍ 12ന് നാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഇതിന്റെ പ്രസിദ്ധീകരണം തുടങ്ങിയത്. ഇന്ത്യ മുസ്ലിംകളുടേത് കൂടിയാണ്, അതിനാല്‍ മുസ്ലിം കാഴ്ചപ്പാടുകളിലൂടെ ദേശീയത വികസിപ്പിച്ചെടുക്കുക എന്നത് രാഷ്ട്ര നിര്‍മാണത്തിലെ ശക്തമായ പ്രവര്‍ത്തനമായിക്കണ്ട്, ആ ധര്‍മം നിര്‍വഹിക്കുകയാണ് അല്‍ അമീന്‍ ചെയ്തത്. നിയമലംഘന പ്രസ്ഥാനത്തിനും സ്വാതന്ത്ര്യ സമരത്തിനും ആക്കം കൂട്ടാനും വിദേശനയത്തെ കെട്ടുകെട്ടിക്കാനും നാട്ടുകാരെ ആഹ്വാനം ചെയ്യുന്ന ഉജ്വലമായ മുഖപ്രസംഗത്തിന്റെ പേരില്‍ 1939 സെപ്തംബര്‍ 29ന് ഗവണ്‍മെന്റിന്റെ ഉഗ്രശാസനത്തെ തുടര്‍ന്നാണ് അല്‍അമീനിന്റെ പ്രസിദ്ധീകരണം നിലച്ചത്.
1921 ലെ മലബാര്‍ സമരത്തെ തുടര്‍ന്ന് പ്രതികാരമെന്ന നിലയില്‍ മാപ്പിളമാരെ അന്തമാനിലേക്കു നാടുകടത്താനായി ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ‘അന്തമാന്‍ സ്‌കീമി’നെതിരില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ശക്തമായി പൊരുതി. മാപ്പിളമാരെ പരമ്പരാഗത കുറ്റവാളി സമുദായമായി മുദ്രകുത്തി അവരെ നിലക്ക് നിര്‍ത്താനായി ആവിഷ്‌കരിച്ച 1859ലെ മാപ്പിള ഔട്ട്റേജസ് ആക്ട് എന്ന കാടന്‍ നിയമത്തിനെതിരിലും അദ്ദേഹം രംഗത്തു വന്നു. അദ്ദേഹത്തിന്റെയും അനുയായികളുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി 1937ല്‍ രാജാജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് മന്ത്രിസഭ ഈ നിയമം നിര്‍ത്തലാക്കി.
മലബാറിന്റെ മണ്ണില്‍ മതഭ്രാന്തന്മാര്‍ പുലര്‍ത്തിയ സങ്കുചിത ചിന്തകള്‍ക്കപ്പുറം നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജനങ്ങളെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്. ഇന്ന് മുസ്ലിം മതവിശ്വാസികളെ ദേശവിരുദ്ധരെന്ന് ഒരു വിഭാഗം മുദ്രകുത്താന്‍ ശ്രമിക്കുമ്പോള്‍ ഒരു ദേശത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നാമം മാത്രം മതി ഈ കുതന്ത്രത്തെ ചെറുക്കാന്‍. മതേതരത്വം ഒരു പദപ്രയോഗം മാത്രമല്ലെന്നും അതൊരു തപസ്യയാണെന്നും ജീവിതത്തിലൂടെ തെളിയിച്ച മഹാനായിരുന്നു അദ്ദേഹം.
മലബാറില്‍ ജനങ്ങള്‍ നെഞ്ചേറ്റിയ ഹിന്ദു – മുസ്ലിം മൈത്രി ബോധപൂര്‍വം തകര്‍ക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കരുനീക്കം നടത്തി. ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച് പ്രക്ഷോഭം നയിച്ചു. ഖിലാഫത്ത് പ്രസ്ഥാനക്കാരെ പിടികൂടി പ്രക്ഷോഭം ഭീതിദമാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ഈ സമയത്ത് കേരള ഖിലാഫത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു അബ്ദുറഹിമാന്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. 1938, 39, 40 വര്‍ഷങ്ങളില്‍ കെ പി സി സി പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
രാജ്യരക്ഷാ നിയമപ്രകാരം 1940 ല്‍ വീണ്ടും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ ജയിലിലടച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം 1945 സെപ്റ്റംബര്‍ നാലിനാണ് അദ്ദേഹം ജയില്‍ മോചിതനായത്. പിന്നീട് മരണം വരെയുള്ള 77 ദിവസങ്ങളില്‍ അസാമാന്യ ധീരതയോടെ അദ്ദേഹം മതരാഷ്ട്രത്തിനെതിരേയുള്ള പ്രചാരണത്തിലായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം പൊതുപരിപാടികളും പ്രസംഗങ്ങളും. മുംബൈ, ഡല്‍ഹി, മദ്രാസ്, നീലഗിരി, മംഗലാപുരം എന്നിവിടങ്ങളില്‍ സന്ദര്‍ശനം, മുന്നൂറോളം യോഗങ്ങളില്‍ പ്രഭാഷണങ്ങള്‍.
1945 നവംബര്‍ 23ന് ജീവിതത്തിലെ അവസാന പ്രസംഗം നടത്തിയത് കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത് കൊടിയത്തൂര്‍ ഗ്രാമത്തിലായിരുന്നു. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന അത്യുജ്വലമായ ആ പ്രഭാഷണത്തിന്റെ പൊരുള്‍ മുസ്ലിംകള്‍ ഹിന്ദു സഹോദരന്മാരുമായി തോളോടുതോള്‍ ചേര്‍ന്ന് ബ്രിട്ടീഷ് കോളനി ശക്തിക്കെതിരെ പോരാടണമെന്നായിരുന്നു.
മതസൗഹാര്‍ദത്തിനു വേണ്ടി, സാമ്രാജ്യത്വത്തിനു എതിരെയുള്ള ഉജ്വലമായ ആ പ്രസംഗം കഴിഞ്ഞ് രാത്രി മടങ്ങുമ്പോള്‍ പൊറ്റശ്ശേരിയില്‍വെച്ച് അദ്ദേഹം നിര്യാതനായി. സമ്പദ് സമൃദ്ധിയുടെ മടിത്തട്ടില്‍ ജനിക്കുകയും ദാരിദ്ര്യത്തിന്റെ മേലുടുപ്പുമായി മരണപ്പെടുകയും ചെയ്ത മഹാത്യാഗിയാണദ്ദേഹം. മരണമടയുമ്പോള്‍ അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നത് ഒരു വാച്ചും കണ്ണടയും പേനയും കുറച്ച് വസ്ത്രങ്ങളും മൂന്നു തുകല്‍പെട്ടികളും മാത്രമായിരുന്നു. ഭൗതികശരീരം കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തിലാണ് സംസ്‌കരിച്ചത്.

Back to Top