മുഹമ്മദ് നബിക്ക് മറ്റു പ്രവാചകന്മാരേക്കാള്‍ മഹത്വം
മുസ്തഫ നിലമ്പൂര്‍

ലോകര്‍ക്കാകെയും മാതൃകയായാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ അല്ലാഹു ദൈവദൂതനായി നിയോഗിച്ചത്. കനത്ത അധാര്‍മികതകളില്‍ മുഴുകിയിരുന്ന ഒരു സമൂഹത്തിന്റെ തന്നെ പരിവര്‍ത്തനം പ്രവാചകനിലൂടെ സാധ്യമാവുകയായിരുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)ക്ക് അല്ലാഹു ഏറെ പ്രത്യേകതകള്‍ നല്‍കിയിട്ടുണ്ട്. ഇതര പ്രവാചകന്മാരേക്കാള്‍ മഹത്വം നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകന്‍ തന്നെ അക്കാര്യം പറയുന്നത് ഇങ്ങനെയാണ്:
”ഇതര പ്രവാചകന്മാരേക്കാള്‍ ആറു കാര്യങ്ങള്‍ കൊണ്ട് എനിക്ക് മഹത്വം നല്‍കപ്പെട്ടിരിക്കുന്നു. ജവാമിഉല്‍ കലീം (സംക്ഷിപ്ത പദങ്ങളില്‍ വിപുലമായ ആശയം) നല്‍കപ്പെട്ടു. ശത്രുക്കള്‍ക്ക് എന്നെ സംബന്ധിച്ചുള്ള ഭയം മുഖേന എനിക്ക് സഹായം നല്‍കപ്പെട്ടു. യുദ്ധമുതലുകള്‍ എനിക്ക് അനുവദിക്കപ്പെട്ടു. ഭൂമി എനിക്ക് ശുചീകരണവസ്തുവും ആരാധനാസ്ഥലവുമാക്കപ്പെട്ടു. സര്‍വ സൃഷ്ടികള്‍ക്കും മൊത്തത്തില്‍ ദൂതനായി ഞാന്‍ നിയോഗിക്കപ്പെട്ടു. എന്നിലൂടെ പ്രവാചക പരമ്പരയ്ക്ക് അന്ത്യം കുറിക്കപ്പെട്ടു” (ഇബ്‌നു ഹിബ്ബാന്‍ 2313).
പ്രവാചകത്വത്തിന്റെ അന്ത്യം മുഹമ്മദ് നബിയിലൂടെയാണ് എന്നത് ഖുര്‍ആനും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇനിയൊരു സന്ദേശവാഹകനും പ്രവാചകനായി വരാനില്ല. അല്ലാഹു മാലോകര്‍ക്ക് നല്‍കാനുള്ള എല്ലാ സന്ദേശങ്ങളും വിശുദ്ധ ഖുര്‍ആനും സുന്നത്തും വഴി നല്‍കിക്കഴിഞ്ഞിട്ടുണ്ട് എന്നതാണ് പ്രവാചകത്വ പരിസമാപ്തി കൊണ്ട് ഉദ്ദേശിക്കുന്നത്. അന്ത്യപ്രവാചകന്‍ എന്നു മാത്രമല്ല, മനുഷ്യരുടെ മുഴുവന്‍ നേതാവ് എന്ന നിലയ്ക്കു കൂടിയാണ് പ്രവാചകന്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. പരലോകത്തെ ശുപാര്‍ശയ്ക്ക് അല്ലാഹു അനുമതി നല്‍കുക പ്രവാചകനായിരിക്കും എന്നുകൂടി ഹദീസുകളില്‍ കാണാം.
നബി(സ) പറഞ്ഞു: ”അന്ത്യനാളില്‍ ആദം സന്തതികളുടെ നേതാവായിരിക്കും ഞാന്‍. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ എന്റെ ഖബ്‌റായിരിക്കും ആദ്യം പിളരുക. ആദ്യമായി ശുപാര്‍ശ പറയുന്നവന്‍ ഞാനായിരിക്കും. എന്റെ ശുപാര്‍ശയാണ് ആദ്യമായി സ്വീകരിക്കപ്പെടുക” (മുസ്‌ലിം 4223). അന്ത്യനാളില്‍ പ്രവാചകന്മാരുടെ നേതാവ് മുഹമ്മദ് നബിയായിരിക്കുമെന്നും ഹദീസുകളില്‍ കാണാം. ”ഞാന്‍ അന്ത്യനാളില്‍ മനുഷ്യരുടെ നേതാവായിരിക്കും. അതില്‍ ദുരഭിമാനമില്ല. എന്റെ കൈയില്‍ സ്തുതിയുടെ പതാകയുണ്ടാകും. ആദമും മറ്റു പ്രവാചകന്മാരും എന്റെ പതാകയ്ക്ക് കീഴിലായിരിക്കും” (സുനനു തിര്‍മിദി 3548).
”ഖിയാമത്ത് നാളില്‍ സ്വര്‍ഗകവാടത്തില്‍ മുട്ടുന്നത് മുഹമ്മദ് നബിയായിരിക്കും” എന്നു പറഞ്ഞതായുള്ള ഒരു ഹദീസ് കൂടി നമുക്ക് കാണാനൊക്കും. ”അന്ത്യനാളില്‍ പ്രവാചകന്മാരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍ എനിക്കായിരിക്കും. സ്വര്‍ഗകവാടത്തില്‍ ആദ്യമായി മുട്ടുന്നവനും ഞാനായിരിക്കും” (മുസ്‌ലിം 290).
സ്വര്‍ഗത്തില്‍
ആദ്യം പ്രവേശിക്കും
ഓരോ വിശ്വാസിയുടെയും അന്തിമാഭിലാഷം സ്വര്‍ഗത്തില്‍ പ്രവേശിക്കുക എന്നതാണ്. സ്വര്‍ഗത്തിലേക്ക് ആദ്യമായി പ്രവേശിക്കുക മുഹമ്മദ് നബിയാണ്. നബി(സ) പറഞ്ഞതായി അനസ്(റ) രേഖപ്പെടുത്തുന്നു: ”ഞാന്‍ അന്ത്യനാളില്‍ സ്വര്‍ഗകവാടത്തിലെത്തി അത് തുറക്കാന്‍ ആവശ്യപ്പെടും. അപ്പോള്‍ കാവല്‍ക്കാരന്‍ ചോദിക്കും: താങ്കള്‍ ആരാണ്? ഞാന്‍ പറയും: മുഹമ്മദ്. കാവല്‍ക്കാരന്‍ പറയും: താങ്കള്‍ക്കായി ഇത് തുറക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. താങ്കള്‍ക്കു മുമ്പ് ഒരാള്‍ക്കും ഇത് ഞാന്‍ തുറക്കില്ല” (മുസ്‌ലിം 292).
സ്വിറാത്വ് താണ്ടുന്ന
ആദ്യ വ്യക്തി
മഹ്ശറയില്‍ നിന്ന് സ്വര്‍ഗത്തിലേക്ക് നരകത്തിനു മീതെ സ്ഥാപിക്കപ്പെടുന്ന പാലമാണ് സ്വിറാത്വ്. നന്മതിന്മകളുടെ തോതില്‍ നന്മ മുന്നിട്ടുനില്‍ക്കുന്നവന്‍ സ്വിറാത്വ് കടക്കുകയും അല്ലാത്തവന്‍ നരകത്തിലേക്ക് ആപതിക്കുകയും ചെയ്യും. ഈ സ്വിറാത്വ് ആദ്യം കടക്കുന്നത് മുഹമ്മദ് നബിയായിരിക്കും. നബി(സ) പറഞ്ഞു: ”നരകത്തിനു മീതെ പാലം സ്ഥാപിക്കപ്പെടും. തന്റെ സമുദായവുമായി സ്വിറാത്വ് കടക്കുന്നത് ദൂതന്മാരില്‍ നിന്നു ഞാനായിരിക്കും. പ്രവാചകന്മാരല്ലാതെ ആരും അന്ന് സംസാരിക്കുകയില്ല. പ്രവാചകന്മാര്‍ അന്ന് പറയുന്നത് ‘അല്ലാഹുവേ, രക്ഷിക്കണേ, രക്ഷിക്കണേ’ എന്നായിരിക്കും” (അഹ്മദ്, ഇബ്‌നുമാജ, ഇബ്‌നു ഹിബ്ബാന്‍).
സ്തുത്യര്‍ഹമായ
സ്ഥാനം
”നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം” (ഖുര്‍ആന്‍ 17:79). നബി(സ) ശുപാര്‍ശയ്ക്കായി നിയോഗിക്കപ്പെടുന്നതും പടപ്പുകളില്‍ നബി(സ)ക്ക് മാത്രം ലഭ്യമാകുന്നതുമായ അല്ലാഹുവിന്റെയും ജിബ്‌രീലിന്റെയും ഇടയിലുള്ള വാഴ്ത്തപ്പെട്ട സ്ഥാനമാണത്.
വസീല
ബാങ്ക് വിളിക്കു ശേഷമുള്ള പ്രാര്‍ഥനയില്‍ മുഹമ്മദ് നബി(സ)ക്ക് വസ്വീലയും ഫളീലയും നല്‍കി വാഴ്ത്തപ്പെട്ട സ്ഥാനത്ത് അദ്ദേഹത്തെ അവരോധിക്കാന്‍ നാം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു. അത് സ്വര്‍ഗത്തില്‍ ഉന്നതമായ സ്ഥാനമാണ്. റബ്ബിന്റെ അടിമകളില്‍ ഒരാള്‍ക്ക് മാത്രമേ അത് ലഭിക്കുകയുള്ളൂ. അത് നബി(സ)ക്ക് നല്‍കാനായാണ് നാം പ്രാര്‍ഥിക്കുന്നത്.
ശഫാഅത്ത്
അന്ത്യനാളില്‍ അല്ലാഹുവിന്റെ വിചാരണ കാത്തുനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അല്ലാഹുവിനോട് ശുപാര്‍ശ പറയാനുള്ള അനുവാദം ചോദിക്കാന്‍ നബി(സ)യാണ് തയ്യാറാകുന്നത്. അത് മുഴുവന്‍ സൃഷ്ടികള്‍ക്കുമുള്ള ശഫാഅത്താണ്. ആ ശുപാര്‍ശ സ്വീകരിച്ച് വിചാരണയ്ക്കായി വേദിയൊരുങ്ങുന്നു. ചില പാപങ്ങള്‍ കാരണം നരകത്തില്‍ വീണവരെ രക്ഷപ്പെടുത്താനും സ്വര്‍ഗവാസികളുടെ പദവി ഉയര്‍ത്താനുമൊക്കെ ശുപാര്‍ശ പറയപ്പെടും. എന്നാല്‍ ഏതൊരാള്‍ക്ക് ശുപാര്‍ശ പറയണമെന്ന നിര്‍ണയം അല്ലാഹുവിങ്കല്‍ നിക്ഷിപ്തമാണ്. ശുപാര്‍ശ പറയാന്‍ അല്ലാഹു അനുമതി നല്‍കുകയും തൃപ്തിപ്പെടുകയും ചെയ്തവര്‍ക്ക് മാത്രമേ ശഫാഅത്ത് പ്രയോജനപ്പെടുകയുള്ളൂ (അല്‍ബഖറ 255, അന്‍ബിയാഅ് 28). തൗഹീദില്‍ നിന്ന് അകന്നവര്‍ ശുപാര്‍ശ ലഭിക്കാത്ത ഹതഭാഗ്യരാണ്. അബൂഹുറൈറ(റ) നബി(സ)യോട് ”അന്ത്യനാളില്‍ അങ്ങയുടെ ശുപാര്‍ശയുടെ സൗഭാഗ്യം ജനങ്ങളില്‍ ആര്‍ക്കാണ് ലഭ്യമാവുക” എന്ന് ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു: ”അന്ത്യനാളില്‍ എന്റെ ശുപാര്‍ശയാല്‍ സൗഭാഗ്യം സിദ്ധിക്കുന്നത് മനസ്സറിഞ്ഞ് നിഷ്‌കളങ്കമായി ആരാധനയ്ക്ക് അര്‍ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് പ്രഖ്യാപിച്ചവനാണ്” (ബുഖാരി).
ശഫാഅത്ത് എന്നത് ഒരു അംഗീകാരം മാത്രമാണ്. ശഫാഅത്തിന്റെ പൂര്‍ണ നിയന്ത്രണം അല്ലാഹുവിങ്കല്‍ തന്നെ. ”പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്കു തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്” (ഖുര്‍ആന്‍ 39:44). ”ആര്‍ക്കും ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടായിരിക്കുകയില്ല. പരമകാരുണികനുമായി കരാറുണ്ടാക്കിയവനൊഴികെ” (ഖുര്‍ആന്‍ 19:87).
അല്ലാഹുവിനു പുറമെ ആത്മാവിന് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്‍കിയാലും ആ ആത്മാവില്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്തുവെച്ചതിന്റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ് അവര്‍ക്കുണ്ടായിരിക്കുക” (ഖുര്‍ആന്‍ 6:70).
സര്‍വാധിരാജന്റെ മേല്‍ വചനത്തില്‍ നിന്ന് ശഫാഅത്തിന്റെ പരമാധികാരി അല്ലാഹുവാണ് എന്നു വ്യക്തമാകുന്നു. പരലോകത്തെ ശുപാര്‍ശയും ഇഹലോകത്തെ ശുപാര്‍ശയും അജഗജാന്തരമുണ്ട്. പരലോകത്തില്‍ സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമായ ജഗന്നിയന്താവിന്റെ മുമ്പില്‍ ആരെയും പരിചയപ്പെടുത്തുകയോ അറിയിച്ചുകൊടുക്കുകയോ വേണ്ടതില്ല. എന്നാല്‍ അവന്‍ തൃപ്തിപ്പെട്ടവരും പറയാനും പറയപ്പെടാനും അനുമതി ലഭിച്ചവരുമായ, ചില ശുപാര്‍ശകള്‍ക്ക് അവന്‍ നിര്‍ണയിക്കുന്ന അതിര്‍ത്തിക്കുള്ളില്‍ ശുപാര്‍ശ പറയാന്‍ അല്ലാഹു അനുമതി കൊടുക്കുന്നത് അല്ലാഹു അംഗീകാരം നല്‍കി വിശേഷപ്പെടുത്തുകയാണ്. മലക്കുകള്‍ക്കും അമ്പിയാക്കള്‍ക്കും സദ്‌വൃത്തര്‍ക്കും ശുപാര്‍ശകളുണ്ട്. മുഹമ്മദ് നബി(സ)യാണ് മഹത്തായ ശുപാര്‍ശയുടെ അംഗീകാരം ലഭിക്കപ്പെടുന്ന പ്രവാചകന്‍. വേറെയും ശുപാര്‍ശകള്‍ നബി(സ)ക്ക് പ്രത്യേകമായുണ്ട്. നബി(സ)യുടെ ശുപാര്‍ശയെ സംബന്ധിച്ച് ഹദീസുകളില്‍ വന്നിട്ടുള്ളതിന്റെ സംഗ്രഹം നാം മനസ്സിലാക്കേണ്ടതുണ്ട്. ആര്‍ക്കും റബ്ബിന്റെ അനുമതി ലഭിച്ചെങ്കില്‍ മാത്രമേ ശുപാര്‍ശ പറയാനും അത് ലഭിക്കാനും സാധിക്കൂ. നബി(സ)യുടെ ശുപാര്‍ശ അദ്ദേഹം തന്നെ പറയുന്നു:
”അങ്ങനെ അവര്‍ എന്റെയടുത്തു വരും. അങ്ങനെ ഞാന്‍ സിംഹാസനത്തിനു താഴെ സുജൂദ് ചെയ്യും. അപ്പോള്‍ വിളിക്കപ്പെടും: മുഹമ്മദ്, നിന്റെ തല ഉയര്‍ത്തുക. നീ ശുപാര്‍ശ ചെയ്യുക. നിന്റെ ശുപാര്‍ശ ഞാന്‍ സ്വീകരിക്കും. നീ ചോദിക്കുക; നിനക്ക് നല്‍കാം” (ബുഖാരി 3340, മുസ്‌ലിം 194).
”അങ്ങനെ അവര്‍ എന്റെയടുത്തു വരും. ഞാന്‍ എന്റെ രക്ഷിതാവിനോട് അനുമതി തേടും. അങ്ങനെ ഞാന്‍ അല്ലാഹുവിനെ കണ്ടാല്‍ അവനു വേണ്ടി സുജൂദ് ചെയ്യും. അവര്‍ ഉദ്ദേശിച്ചത്ര കാലം. എന്നെ അങ്ങനെത്തന്നെ വിട്ടേക്കും. പിന്നീട് എന്നോട് പറയും: നീ തല ഉയര്‍ത്തുക, നിനക്ക് നല്‍കപ്പെടും. നീ ചോദിക്കുക, കേള്‍ക്കപ്പെടും. നീ ശുപാര്‍ശ ചെയ്യുക, സ്വീകരിക്കപ്പെടും. അപ്പോള്‍ ഞാന്‍ സുജൂദില്‍ നിന്നു തല ഉയര്‍ത്തും. എന്നിട്ട് എന്നെ പഠിപ്പിച്ച വിധം ഞാന്‍ എന്റെ രക്ഷിതാവിന് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കും. എന്നിട്ട് ഞാന്‍ ശുപാര്‍ശ പറയും. അപ്പോള്‍ എനിക്ക് ഒരു പരിധി നിശ്ചയിച്ചുതരും. അവരെ ഞാന്‍ നരകത്തില്‍ നിന്നു പുറത്തുകൊണ്ടുവരികയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. ശേഷം ഞാന്‍ ഇത് ആവര്‍ത്തിക്കും. മൂന്നോ നാലോ പ്രാവശ്യം ഞാന്‍ സുജൂദില്‍ വീഴും. ഖുര്‍ആന്‍ തടഞ്ഞുവെച്ചവര്‍ (ശാശ്വത നരകശിക്ഷ വിധിക്കപ്പെട്ടവര്‍) ഒഴികെ നരകത്തില്‍ അവശേഷിക്കാത്തതുവരെ (ഞാന്‍ ആവര്‍ത്തിക്കും)” (ബുഖാരി 6565).
നബി(സ)ക്ക് അല്ലാഹു പരിധി നിര്‍ണയിച്ചു നല്‍കുന്നവര്‍ക്ക് മാത്രമേ ശുപാര്‍ശയുടെ ഫലം ചെയ്യുകയുള്ളൂ. അതുകൊണ്ടാണ് സ്വഹാബികള്‍ നബി(സ)യോട് ഇപ്രകാരം പറഞ്ഞത്:
ഔഫുബ്‌നു മാലികി(റ)ല്‍ നിന്നു നിവേദനം: ”ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ ശുപാര്‍ശ ലഭിക്കുന്നവരില്‍ ഉള്‍പ്പെടുത്താന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കൂ. നബി(സ) പറഞ്ഞു: അല്ലാഹുവേ, ഇവരെ ശുപാര്‍ശ ലഭിക്കുന്നവരില്‍ ഉള്‍പ്പെടുത്തേണമേ” (അഹ്മദ് 19724). ഇവിടെ നബി(സ)യോട് അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.
ഹൗളുല്‍ കൗസര്‍
എല്ലാ നബിമാര്‍ക്കും ഹൗളുകളുണ്ട്. എല്ലാവരും അതിനടുത്ത് വരുന്നവരുടെ ആധിക്യത്താല്‍ മത്സരിക്കുന്നവരാണ്. ആ ഹൗളുകളില്‍ നിന്നു വ്യത്യസ്തമായ മഹത്വങ്ങളും സവിശേഷതകളുമുള്ളതാണ് നബി(സ)യുടെ തടാകം. നബി(സ) പറഞ്ഞു: ”എന്റെ തടാകം ഒരു മാസത്തെ വഴിദൂരമുണ്ട്. അതിലെ വെള്ളം പാലിനേക്കാള്‍ വെളുത്തതാണ്. അതിന്റെ ഗന്ധം കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളത്. അതിലെ ചഷകങ്ങള്‍ ആകാശത്തെ നക്ഷത്രങ്ങളെപ്പോലെ (തിളങ്ങുന്നതുമാണ്). അതില്‍ നിന്ന് ആരെങ്കിലും കുടിച്ചാല്‍ പിന്നീട് അവന് ഒരിക്കലും ദാഹിക്കുകയില്ല” (ബുഖാരി 6579, മുസ്‌ലിം 2292). ”അതിലെ കോപ്പകളും കൂജകളും സ്വര്‍ണം കൊണ്ടും വെള്ളി കൊണ്ടും നിര്‍മിക്കപ്പെട്ടതാണ്. ആകാശത്തിലെ നക്ഷത്രങ്ങളുടെ എണ്ണമോ അതില്‍ കൂടുതലോ അതില്‍ ഉണ്ടായിരിക്കും” (മുസ്‌ലിം 2303). സ്വര്‍ണം കൊണ്ടും വെള്ളി കൊണ്ടും നിര്‍മിതമായ ചാലുകളിലൂെട ഹൗളുല്‍ കൗസറിലേക്ക് സ്വര്‍ഗത്തില്‍ നിന്ന് അരുവിയുണ്ട്. ഉള്ളു പൊള്ളയായ മുത്തുകളാലുള്ള ഖുബ്ബ അതിന്റെ തീരങ്ങളിലുണ്ട്.
