19 Sunday
October 2025
2025 October 19
1447 Rabie Al-Âkher 26

മുടന്തന്‍ ന്യായങ്ങള്‍

ദാനിയ പള്ളിയാലില്‍

‘ട്രാന്‍സ്മാനി’ന്റെ പ്രസവവാര്‍ത്ത ചൂടാറാതെ കിടക്കുകയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയത്തില്‍ ഇസ്‌ലാമിന്റെ കര്‍മശാസ്ത്രമാണ് ഇന്ന് ഏറെ ഡിമാന്റുള്ള ഒരു അന്വേഷണപഠനം. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രകൃതിയിലെ മൂന്നാം ലിംഗമാണെന്ന ധാരണയെ തിരുത്തി, ട്രാന്‍സ്‌ജെന്‍ഡറിസത്തിലെ പ്രകൃതിവിരുദ്ധത വിശകലനം ചെയ്ത കെ എം ജാബിറിന്റെ പഠനം ശ്രദ്ധേയമായി. ജന്മലിംഗത്തെ നിഷേധിച്ച് എതിര്‍ലിംഗിയാണെന്ന് അവകാശപ്പെടുകയും കൃത്രിമ ക്രിയകളിലൂടെ സ്വത്വത്തെ വികൃതമാക്കുകയും ചെയ്യുന്ന, പത്രഭാഷയിലെ ഭിന്നലിംഗികളെ സമൂഹമിന്ന് അകമഴിഞ്ഞ് ഏറ്റെടുത്തിരിക്കുന്നു.
നൂറു ശതമാനം മാനസിക പ്രശ്‌നമായ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ആശയത്തോട് പ്രകൃതിമതമായ ഇസ്‌ലാം യോജിക്കുന്നില്ല. ‘അന്ധന്മാരുടെ പ്രയാസങ്ങളറിയാന്‍, കാഴ്ചശക്തിയുള്ള ഒരാള്‍ കണ്ണുകള്‍ വേണ്ടെന്നു വെക്കുന്നു’ എന്നതിന് സമാനമായ ഭിന്നലിംഗികളുടെ യുക്തി വറ്റിയ മുടന്തന്‍ ന്യായങ്ങള്‍ അംഗീകരിക്കാവതല്ല. ഉഭയലിംഗിയായി പിറന്ന കുഞ്ഞിന്റെ കാര്യത്തില്‍ രോഗമായിക്കണ്ട് ശസ്ത്രക്രിയകള്‍ അനുവദിക്കുന്നുണ്ട് ഇസ്‌ലാം. പ്രകൃതിമതം വിലക്കിയതിനെ പുണര്‍ന്നവര്‍ എന്നും ദുരന്തങ്ങള്‍ അനുഭവിച്ച ശേഷമാണ് തിരുത്തിയിട്ടുള്ളത്. മാറ്റേണ്ടത് മനസ്സിനെയാണ്, ശരീരത്തെയല്ല, ചെരുപ്പിനനുസരിച്ച് കാലു മുറിക്കരുത്.

Back to Top