4 Friday
July 2025
2025 July 4
1447 Mouharrem 8

ബന്ധം വിടര്‍ത്തിയവനെ തിരിച്ചു പിടിക്കണം

എം ടി അബ്ദുല്‍ഗഫൂര്‍

നബിതിരുമേനി(സ) തന്റെ സതീര്‍ഥ്യനായ അബൂഹുറയ്‌റ(റ)ക്ക് ഒരു ഉപദേശം നല്‍കി. നബി(സ) പറഞ്ഞു: അബൂഹുറയ്‌റാ, നീ സല്‍സ്വഭാവം കാത്തുസൂക്ഷിക്കുക. അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, സല്‍സ്വഭാവം എന്നാല്‍ എന്താണ്? നബി(സ) പറഞ്ഞു: ബന്ധവിച്ഛേദം നടത്തിയവനുമായി നീ ബന്ധം ചേര്‍ക്കുക, നിന്നെ ദ്രോഹിച്ചവന് നീ വിട്ടുവീഴ്ച ചെയ്യുക, നിനക്ക് ഉപകാരം ചെയ്യാത്തവനും നീ നല്‍കിക്കൊണ്ടിരിക്കുക. (ബൈഹഖി)

മനുഷ്യര്‍ക്കിടയില്‍ പരസ്പര സ്‌നേഹവും ഐക്യവുമുണ്ടാക്കുന്നതില്‍ സല്‍സ്വഭാവത്തിന് വലിയ പങ്കുവഹിക്കാനുണ്ട്. അനിര്‍വചനീയവും അതിമഹത്തായതുമായ സ്വാധീന ശക്തിയാണ് സല്‍സ്വഭാവത്തിന്റെ പ്രതിഫലനമായി സമൂഹത്തില്‍ അനുഭവപ്പെടുന്നത്.
സ്വാര്‍ഥത വെടിഞ്ഞുകൊണ്ട് മാനവികതയയ്ക്ക് പ്രധാന്യം നല്‍കുക എന്നതാണ് ഇസ്‌ലാമിന്റെ താല്പര്യം. എനിക്കെന്ത് ലഭിക്കും? എന്നോടവന്റെ സമീപനമെന്ത്? എന്നെ അവന്‍ സഹായിച്ചില്ലല്ലോ? എന്നെ അവന്‍ സന്ദര്‍ശിച്ചില്ലല്ലോ? അതുകൊണ്ട് എനിക്കവനോടൊരു ബാധ്യതയുമില്ല എന്ന് തീരുമാനിക്കേണ്ടവനല്ല സല്‍സ്വഭാവി.
നന്ദിയും പ്രത്യുപകാരവും പ്രതീക്ഷിക്കാതെ നന്മ ചെയ്യുവാന്‍ കഴിയുമ്പോഴാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്‌കളങ്കവും നിസ്വാര്‍ഥവുമാവുന്നത്. പ്രതികാര മനസ്ഥിതിയും സ്വാര്‍ഥ താല്പര്യങ്ങളും വെടിഞ്ഞ് വിശാല മനസ്‌കതയും വിട്ടുവീഴ്ചയും ചെയ്ത് തിന്മ ചെയ്തവനോടുപോലും നന്മയില്‍ വര്‍ത്തിക്കുക എന്നത് സല്‍സ്വഭാവിയുടെ ഉല്‍കൃഷ്ടമായ ലക്ഷണമാകുന്നു.
ബന്ധവിച്ഛേദം നടത്തിയവനോട് ബന്ധം ചേര്‍ക്കാതിരിക്കാന്‍ ന്യായമുണ്ടായിട്ടും അവനോട് ബന്ധം മുറിക്കാതിരിക്കാനുള്ള നബിതിരുമേനിയുടെ വിശിഷ്ടമായ ഉപദേശം മഹിതമായ സ്വഭാവഗുണത്തിന്റെ ഉത്തമമായ മാതൃകയാകുന്നു. പ്രതികാരം ചെയ്യാന്‍ അവസരവും കഴിവുമുണ്ടാവുമ്പോള്‍ ക്ഷമ അവലംബിക്കുകയും മാപ്പ് നല്‍കുകയും ചെയ്യുന്നത് പരസ്പരമുള്ള ബന്ധങ്ങളെ സുദൃഢമാക്കാനേ ഉപകരിക്കുകയുള്ളൂ.
വിഭവങ്ങളുടെ വിശാലതയുണ്ടായിട്ടും നല്‍കാതെ തടഞ്ഞുവെച്ചവന്‍ ആവശ്യക്കാരനാവുമ്പോള്‍ അവന് ആശ്രയമാവാന്‍ ഒരാള്‍ക്ക് സാധിച്ചാല്‍ അത് അവന്റെ ജീവിതത്തെ തന്നെ പരിവര്‍ത്തിപ്പിക്കാനുതകുന്ന സല്‍സ്വഭാവത്തിന്റെ മേന്മയത്രെ. തിന്മയെ തടയുവാന്‍ നന്മ മാത്രം ഉപയോഗപ്പെടുത്തുകയും പ്രായോഗിക ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തുകൊണ്ട് മഹാഭാഗ്യം കൈവരിക്കുക എന്നതാണ് നബിതിരുമേനി(സ) നല്‍കിയ ഈ വിശിഷ്ടമായ ഉപദേശത്തിന്റെ അന്തസ്സത്ത.

Back to Top