28 Thursday
March 2024
2024 March 28
1445 Ramadân 18

ഹൃദയത്തിലേക്ക് ഇറങ്ങാത്ത വിശ്വാസം

എം ടി അബ്ദുല്‍ഗഫൂര്‍

ഇബ്‌നുഉമര്‍ പറയുന്നു: നബി(സ) മിന്‍ബറില്‍ കയറി ഉറക്കെ വിളിച്ചു പറഞ്ഞു: നാവുകൊണ്ട് ഇസ്‌ലാം പ്രഖ്യാപിച്ച, എന്നാല്‍ ഹൃദയത്തിലേക്ക് ഈമാന്‍ ഇറങ്ങിയിട്ടില്ലാത്ത സമൂഹമേ, നിങ്ങള്‍ മുസ്‌ലിംകളെ ഉപദ്രവിക്കരുത്. അവരെ അപമാനിക്കുകയും അരുത്. അവരുടെ ന്യൂനതകളെ ചുഴിഞ്ഞന്വേഷിക്കുകയും ചെയ്യരുത്. കാരണം ആരെങ്കിലും തന്റെ മുസ്‌ലിം സഹോദരന്റെ പോരായ്മകളുടെ പിന്നാലെ പോയാല്‍ അല്ലാഹു അവന്റെ പോരായ്മകളെ പിന്‍തുടരുന്നതാണ്. അല്ലാഹു ആരുടെയെങ്കിലും ഉള്ളുകള്ളികള്‍ ആരായുന്ന പക്ഷം അവന്‍ അവനെ വഷളാക്കുന്നതാണ്. അവന്‍ അവന്റെ വീടിനുള്ളില്‍ (സുരക്ഷിതനായി) ഇരുന്നാലും. (തിര്‍മിദി)

ഇസ്‌ലാം സല്‍സ്വഭാവത്തിന്റെയും സമഭാവനയുടെയും സാഹോദര്യത്തിന്റെയും മതമാകുന്നു. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ അഭിമാനം സംരക്ഷിക്കുന്നതിന് വളരെ വലിയ പ്രാധാന്യമാണ് ഈ മതം നല്‍കുന്നത്. മറ്റുള്ളവരുടെ രഹസ്യങ്ങളെ ചുഴിഞ്ഞന്വേഷിക്കുകയും അവരുടെ പോരായ്മകളെ പരസ്യപ്പെടുത്തുകയും അതുവഴി അവരെ സമൂഹ മധ്യേ അപകീര്‍ത്തിപ്പെടുത്തുകയും അപഹാസ്യരാക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നത് വിശ്വാസം ഹൃദയത്തിലേക്ക് എത്തിയിട്ടില്ലാത്തവരുടെ പ്രവൃത്തിയാകുന്നു. തന്റെ സഹോദരനെ മാനസികമായി തളര്‍ത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഈ നീചവൃത്തി സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പ്രചാരം കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.
വാക്കിലും പ്രവൃത്തിയിലും സൂക്ഷ്മത പുലര്‍ത്താന്‍ പഠിപ്പിക്കപ്പെട്ട, മത – ധാര്‍മിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ പോലും ഇത്തരം ദുസ്സ്വഭാവങ്ങള്‍ കണ്ടുവരുന്നു എന്നത് അതീവ ഗുരുതരമായി കാണേണ്ടിയിരിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഈ തിരുവചനം. നാവുകൊണ്ട് മുസ്‌ലിമാണെന്ന് പ്രഖ്യാപിക്കുന്നതോടൊപ്പം ഹൃദയത്തിലേക്ക് ഈമാന്‍ പ്രവേശിക്കുമ്പോള്‍ മാത്രമാണ് ഇത്തരം ദുര്‍ഗുണങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ഒരാള്‍ പ്രേരിതനാവുന്നത്. സമൂഹത്തില്‍ തന്റെ സഹോദരന്റെ അഭിമാനം പിച്ചിച്ചീന്താന്‍ ശ്രമിക്കുന്നവര്‍ സ്വയം അപമാനിതരാവുകയാണ് ചെയ്യുന്നത് എന്ന് താക്കീതിന്റെ സ്വരത്തിലാണ് നബി(സ) തിരുമേനി ഓര്‍മപ്പെടുത്തുന്നത്. ഒരുപക്ഷെ അവന്‍ വീട്ടില്‍ സുരക്ഷിതനാണെന്ന് കരുതിയിരുന്നാലും രഹസ്യങ്ങള്‍ മുഴുവനുമറിയുന്ന അല്ലാഹു അവന്റെ ഉള്ളുകള്ളികള്‍ ആരായുന്ന പക്ഷം അവന് രക്ഷപ്പെടാന്‍ മാര്‍ഗമുണ്ടാവില്ല എന്ന തിരിച്ചറിവ് വിശ്വാസികള്‍ക്ക് അനിവാര്യമാകുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x