3 Thursday
July 2025
2025 July 3
1447 Mouharrem 7

നല്ല വാക്കുകള്‍ വെളിച്ചമാണ്

എം ടി അബ്ദുല്‍ഗഫൂര്‍

അബൂദര്‍ദ്ദാഅ് പറയുന്നു: നബി(സ) പറഞ്ഞു: അന്ത്യദിനത്തില്‍ സത്യവിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തേക്കാള്‍ ഘനം തൂങ്ങുന്നതായി മറ്റ് യാതൊന്നുമില്ല”. (തിര്‍മിദി)

വാക്കും പ്രവൃത്തിയും പെരുമാറ്റവും ഇടപഴകലും നന്നായിത്തീരുക എന്നത് സ്വര്‍ഗപ്രവേശത്തിന് നിദാനമത്രെ. അധിക പേരെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ നബി തിരുമേനിയുടെ മറുപടി തഖ്‌വയും സല്‍സ്വഭാവവുമെന്നതായിരുന്നു.
അല്ലാഹു കല്പിച്ചത് അനുഷ്ഠിക്കാനും വിരോധിച്ചതിനെ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്താനും തയ്യാറാവുന്നതിനെ ഭക്തിയെന്ന് വിളിക്കാമെങ്കില്‍ അത്തരം ഭക്തരില്‍ നിന്ന് മറ്റുള്ളവര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നതെല്ലാം നന്മ മാത്രമായിക്കും. തഖ്‌വ എന്നത് അല്ലാഹുമായുള്ള മനുഷ്യന്റെ ഉത്തമമായ ബന്ധമാകുന്നു എന്നതുപോലെ തന്നെ സല്‍സ്വഭാവമെന്നത് മനുഷ്യരുമായുള്ള ഒരു വ്യക്തിയുടെ നല്ല ബന്ധത്തെ സൂചിപ്പിക്കുന്നു. സ്രഷ്ടാവിനോടും സൃഷ്ടികളോടും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാളില്‍ നിന്ന് നല്ലതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക? അദ്ദേഹത്തിന്റെ വാക്കും നോക്കും ഇടപാടുകളും ഇടപഴകലും നന്മയിലേക്ക് ചായുന്നതായിരിക്കും.
നല്ലത് ചിന്തിക്കുക, നല്ലത് പറയുക, നന്നായി പെരുമാറുക എന്നത് മാന്യതയുടെ ലക്ഷണമാണ്. മനുഷ്യരിലെ ഏറ്റവും മാന്യതയും മഹത്വവുമുള്ള പ്രവാചകന്മാര്‍ ഈ ഗുണത്തിനുടമകളായിരുന്നു. നബി തിരുമേനിയെക്കുറിച്ച് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതു തന്നെ ”തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു”(68:4) എന്നാകുന്നു.
ഈ സ്വഭാവഗുണവും പെരുമാറ്റ മര്യാദകളും ഇടപഴകുന്നതിലെ ലാളിത്യവുമാണ് നബിതിരുമേനിയിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചത്. നബി തിരുമേനിയുമായി ഇടപഴകിയ ഒരാള്‍ക്കും മോശമായ വാക്കോ ചീത്തയായ നോട്ടമോ അമാന്യമായ പെരുമാറ്റമോ അനുഭവിക്കേണ്ടിവന്നിട്ടില്ല. ‘ഞാന്‍ പത്തു കൊല്ലം നബി തിരുമേനിക്ക് സേവനം ചെയ്തിട്ടും മോശമായ ഒരു വാക്കുപോലും എന്നോട് പറഞ്ഞിട്ടില്ല’ എന്ന അനസിന്റെ(റ) സാക്ഷ്യം നബി തിരുമേനിയുടെ സ്വഭാവ ഗുണത്തിന്റെ ഉത്തമ ഉദാഹരണമാണ്.
പ്രവാചക തിരുമേനിയുടെ മാതൃക പിന്‍പറ്റി സല്‍സ്വഭാവം കൊണ്ട് നമ്മുടെ ജീവിതത്തെ ധന്യമാക്കിയാല്‍ സ്വര്‍ഗപ്രവേശം എളുപ്പമാക്കാനും സ്വര്‍ഗത്തില്‍ നബിതിരുമേനിയുടെ സാമീപ്യം നേടാനും കഴിയും. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനവും പ്രോത്സാഹനവും ഏതൊരു മുസ്‌ലിമിന്റെയും ജീവിത വിജയത്തിന് അനിവാര്യമത്രെ.

Back to Top