എം ടി അബ്ദുല്‍അസീസ് മാസ്റ്റര്‍
അബ്ദുല്‍വഹാബ് നന്മണ്ട
ബാലുശ്ശേരി: നന്മണ്ട കാരക്കുന്നത്ത് പ്രദേശങ്ങളിലെ ഇസ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കണ്ടിയോത്ത് എം ടി അബ്ദുല്‍അസീസ് മാസ്റ്റര്‍ (72) നിര്യാതനായി. നന്മണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായിരുന്നു. നന്മണ്ടയിലും പരിസര പ്രദേശങ്ങളിലും ഇസ്‌ലാഹിന്റെ വെളിച്ചമെത്തിക്കാന്‍ അഹോരാത്രം പരിശ്രമിച്ചു. ഖുര്‍ആന്‍ ക്ലാസുകളും വിജ്ഞാന സദസുകളും സംഘടിപ്പിച്ച് നന്മണ്ടയുടേയും കാരക്കുന്നത്തിന്റെയും ഇസ്‌ലാഹീ ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു അദ്ദേഹം. ഏറെക്കാലം വിവിധ സ്ഥലങ്ങളില്‍ മദ്‌റസാധ്യാപകനും ഖതീബുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാട്ടിലെ മുഴുവനാളുകള്‍ക്കും സഹായിയും കൈത്താങ്ങുമായാണ് അസീസ് മാസ്റ്റര്‍ കടന്നുപോയത്. സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും കാക്കൂര്‍ പഞ്ചായത്തിലെ മുസ്‌ലിം ലീഗ് രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച ആളുമായിരുന്നു. ശബാബ്, പുടവ പ്രസിദ്ധീകരണങ്ങളുടെ തുടക്കകാലം മുതല്‍ അതിന്റെ പ്രചാരകനായിരുന്ന അദ്ദേഹം ദീര്‍ഘകാലം അവയുടെ ഏജന്റുമായിരുന്നു. സംഘടനയില്‍ പിളര്‍പ്പുണ്ടായ കാലഘട്ടത്തില്‍ പ്രദേശത്തെ മര്‍കസുദ്ദഅ്‌വ കെ എന്‍ എമ്മിനു നേതൃത്വം നല്കുകയും ചെയ്തു. ക്രസന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ്, അല്‍ഫുര്‍ഖാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്നിവയുടെ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഖദീജ ബീവിയാണ് ഭാര്യ. മക്കള്‍: ഹസീന, അനീസ് നന്മണ്ട, അന്‍ഫസ് നന്മണ്ട, അഫ്‌സല്‍. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും ചൊരിയുമാറാകട്ടെ. (ആമീന്‍)