മനുഷ്യകുലത്തിന്റെ ചരിത്രമെഴുതിയ ഹിജ്‌റ
എം എസ് ഷൈജു
മനുഷ്യകുലത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ച ഒരു മഹായാത്രയുടെ സ്മരണകളുണര്‍ത്തിയാണ് വീണ്ടുമൊരു പുതുവര്‍ഷം ആഗതമാകുന്നത്. കാലഗണനക്കായി ലോകത്തെ ജനവിഭാഗങ്ങള്‍ നിരവധി മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പോരുന്നുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍, രണ്ടാം ഖലീഫയായ ഉമര്‍(റ) രൂപപ്പെടുത്തിയതാണ് ഹിജ്‌റ കലണ്ടര്‍. അതുവരെ അറബ് ജനത സ്വീകരിച്ചിരുന്ന ആനക്കലഹ സംഭവമെന്ന ഒരു പ്രാദേശിക ചരിത്ര മാനദണ്ഡത്തില്‍ നിന്ന് മാറി പുതു വര്‍ഷത്തിന് കൂടുതല്‍ ദാര്‍ശനികാഴങ്ങളുള്ള ഒരു സാമൂഹിക പശ്ചാത്തലം സമ്മാനിച്ചുവെന്നതാണ് ഉമറിന്റെ(റ) സംഭാവന. ചരിത്രപരവും സാമൂഹികവുമായ ഒട്ടനവധി പശ്ചാത്തല ലക്ഷ്യങ്ങള്‍ ഹിജ്‌റയയെ ഒരു മാനദണ്ഡമാക്കുന്നതിലൂടെ ഉമര്‍(റ) വിഭാവനം ചെയ്തിരുന്നുവെന്നാണ് ഇസ്‌ലാമിക ചരിത്രകാരന്മാര്‍ നിരൂപിക്കുന്നത്.
മിക്കപ്പോഴും ഹിജ്‌റ സമീപിക്കപ്പെടുന്നത് ചരിത്രപരമായി മാത്രമാണ്. പതിനാല് നൂറ്റാണ്ട് മുമ്പ് കഴിഞ്ഞ് പോയ പുരാതനമായ ഒരു നാടുവിടല്‍ സംഭവമെന്ന മേല്‍ വിലാസം ഹിജ്‌റയെന്ന മഹത്തായ ആശയത്തിന് ഒട്ടും യോജിക്കുന്നതല്ല. അനിവാര്യമായും സംഭവിക്കേണ്ടിയിരുന്ന ഒരു ചരിത്ര സംഭവമെന്ന നിലയില്‍ മാത്രം ഹിജ്‌റയെ വിശകലനം ചെയ്യുന്നതും അതിന്റെ ഏറ്റവും ശുഷ്‌കിച്ച ഒരു വായനയെ മാത്രമേ പ്രതിനിധീകരിക്കുകയുള്ളൂ. ചരിത്രത്തിന് ഒരിക്കലും പുനര്‍ജനിക്കാന്‍ കഴിയില്ല. ആവര്‍ത്തിക്കാനും സാധിക്കില്ല. ഭൂതകാലത്തിന്റെ വിദൂരമായ ഇടനാഴികളില്‍ നെടുവീര്‍പ്പുകളോടെ വിശ്രമിക്കുന്നവയാണ് ചരിത്രാധ്യായങ്ങള്‍. കാലം പിന്നിടുന്തോറും അവ പഴകിക്കൊണ്ടേയിരിക്കും. ചരിത്രത്തിന്റെ ഈ മാനദണ്ഡങ്ങള്‍ കൊണ്ട് വിശകലനം ചെയ്താല്‍, ഭൂതകാലത്തിന്റെ പഴയ പുറങ്ങളില്‍ നിന്ന് ചലിക്കുന്ന സമൂഹ മധ്യത്തിലേക്ക് മാറ്റി സ്ഥാപിക്കേണ്ട വികാസ ക്ഷമതയുടെ പ്രതീകമാണ് ഹിജ്‌റ എന്ന ബോധ്യങ്ങളില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയും. അതുകൊണ്ട് തന്നെ ഹിജ്‌റ കേവലമായൊരു ചരിത്ര സംഭവമല്ല. ആസ്വദിക്കാനും അനുഭവിക്കാനും നിലപാട് പ്രഖ്യാപിക്കാനും കഴിയുന്ന ജീവസ്സുറ്റ ഒരു സാമൂഹ്യാവസ്ഥയുടെ മറുപേര് കൂടിയാണ് ഹിജ്‌റ. ഇത് സമ്മതിക്കേണ്ടി വരുന്നത് ഇത്തരം വിശകലനങ്ങള്‍ മുന്‍ധാരണകളില്ലാതെ നടത്താന്‍ കഴിയുമ്പോഴാണ്.
മനുഷ്യ കുലത്തിന്റെ ചരിത്രം നീണ്ടുനില്‍ക്കുന്ന കാലത്തോളം ഹിജ്‌റ ഉയര്‍ത്തി വിട്ട ആശയ പരിസരങ്ങള്‍ നിത്യ പ്രസക്തമായിത്തന്നെ കൂട്ടിനുണ്ടാകും. പുതിയ കാലത്തിന്റെ പ്രാതികൂല്യങ്ങളോട് കലഹിച്ചും സംവദിച്ചും ഹിജ്‌റയുടെ ആത്മീയവും സാമൂഹികവുമായ ലക്ഷ്യങ്ങള്‍ തേടിയുള്ള സഞ്ചാരങ്ങളും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കും. ഒരായിരം ഉപകഥകള്‍ കൊണ്ട് ആവേശം ത്രസിപ്പിക്കാനായി ഹിജ്‌റയെയും അതിന്റെ ചരിത്രത്തേയും ഉപയോഗപ്പെടുത്തുന്ന ഊര്‍ജം അതിന്റെ സമകാലിക പ്രസക്തിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കായി വഴിതിരിച്ച് വിടാന്‍ നാം തയ്യാറായാല്‍ ഉജ്ജ്വലമായ ഒരു അതിജീവനത്തിന്റെ വര്‍ത്തമാനകാല സാധ്യതകള്‍ നമുക്കു മുന്നില്‍ തെളിഞ്ഞുവരും.
പതിനാലു നൂറ്റാണ്ടു മുമ്പ് ദൈവികമായ ഒരു ചോദന ഉണര്‍ത്തിയ ആവേശത്തില്‍ വെട്ടിത്തെളിക്കപ്പെട്ട ആ വഴി, കാലത്തിന്റെ ഇങ്ങേയറ്റത്ത് പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും നെഞ്ച് കീറി കുതിക്കുന്നതിന് നമുക്ക് സാക്ഷികളാകാന്‍ സാധിക്കും. ഹിജ്‌റയുടെ ചരിത്രപരമായ വിശദാംശങ്ങളെയും ബാഹ്യാവസ്ഥകളെയും ചരിത്രത്തിന് തന്നെ വിട്ടു കൊടുത്തിട്ട് അതിന്റെ ആശയ പ്രപഞ്ചത്തെ വര്‍ത്തമാന കാലത്തിന്റെ മുന്നിലേക്ക് വയ്ക്കുവാനും വിശകലനം ചെയ്യുവാനും നമുക്ക് സാധിക്കുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തമാകുന്നത്.
ഒരു സഹജീവിതത്തിനുള്ള എല്ലാ സാധ്യതകളും മക്കയില്‍ അടഞ്ഞുകഴിഞ്ഞിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മുഹമ്മദ് നബി (സ) ഹിജ്‌റയ്ക്കായി സ്വയം സജ്ജനാകുന്നത്. ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും സാഹചര്യങ്ങളുടെ സമ്മര്‍ദത്താലുള്ള ഒരു യാത്രയാണ് താന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന വിധമാണ് അദ്ദേഹം ഹിജ്‌റയെ സമീപിച്ചത്. ആദ്യകാല വിശ്വാസികളെ, അവര്‍ വിഭാവനം ചെയ്യുന്ന ഒരു സമൂഹിക ജീവിതത്തിന് മക്കക്കാരായ ബഹുദൈവ വിശ്വാസികള്‍ അനുവദിച്ചിരുന്നെങ്കില്‍ മക്കയില്‍ നടക്കാന്‍ സാധ്യതയുള്ളത് ഒരു പക്ഷേ മഴവില്‍ മനോഹാരിതയുള്ള ഒരു സഹജീവിതത്തിന്റെ സാംസ്‌കാരിക സാധ്യതകാളായിരുന്നേനെ.
മുന്നോട്ടു പോകാനും ഇസ്‌ലാമിന് അതിന്റെ സാമൂഹികമായ പ്രകാശനം നടത്താനും കഴിയുന്ന വഴികളൊന്നും മക്കയില്‍ അവശേഷിക്കുന്നില്ലെന്ന തിരിച്ചറിവാണ് ആദ്യം എതേ്യാപ്യയും പിന്നീട് യഥ്‌രിബും ഹിജ്‌റക്കായി തെരഞ്ഞെടുക്കാനുണ്ടായ കാരണം. ഹിജ്‌റയ്ക്കു ശേഷം സഹിഷ്ണുതയുടെ അധ്യായം അടയ്ക്കുകയല്ല പ്രവാചകന്‍ ചെയ്തത്. ആ വാതിലുകള്‍ കൂടുതല്‍ ശക്തമായി തുറക്കാനുള്ള ശ്രമങ്ങളായിരുന്നു നടത്തിയത്. തന്നെ തിരസ്‌കരിച്ച, നിഷ്‌കാസനം ചെയ്യാന്‍ ശ്രമിച്ച നാടിന് മേലുള്ള സമ്പൂര്‍ണമായ ആധിപത്യത്തോടെ മടങ്ങി വന്ന മക്കാ വിജയ സന്ദര്‍ഭത്തില്‍ പോലും പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ചത് സഹിഷ്ണുതയോടുള്ള തന്റെ കാഴ്ചപ്പാടുകളെത്തന്നെയായിരുന്നു. ഇസ്‌ലാം നടത്തിയ സര്‍വ വിപ്ലവങ്ങളും ഹിജ്‌റക്ക് ശേഷമായിരുന്നു. മദീനയില്‍ ഒരു സാമൂഹിക ക്രമം പടുത്തുയര്‍ത്തിയത് മുതല്‍ ലോകത്തിന്റെ നെറുകയിലേക്ക് കയറിനില്‍ക്കാന്‍ പാകത്തിന് ഇസ്‌ലാമിന്റെ ഉള്ളടക്കങ്ങളോരോന്നും സൃഷ്ടിക്കപ്പെട്ടതും ഹിജ്‌റയ്ക്കു ശേഷം തന്നെയായിരുന്നു.
ഹിജ്‌റക്കുമുമ്പ് തന്നെ ഇസ്‌ലാം അതിന്റെ ആത്മീയമായ ഓജസും ശക്തിയും കൈവരിച്ചിരുന്നെങ്കിലും അതിന് നിര്‍വഹിക്കാനുള്ള സാമൂഹിക പ്രതിനിധാനങ്ങളുടെയും വിപ്ലവങ്ങളുടെയും അടിക്കല്ല് പാകപ്പെട്ടത് ഹിജ്‌റയോടെയായിരുന്നു. അക്കാലത്തെ എതോപ്യന്‍ ഭരണാധികാരിയായിരുന്ന നജ്ജാശിയെന്ന ക്രിസ്ത്യന്‍ ഭരണാധികാരിക്ക് കീഴില്‍ ഒരു സഹജീവിതത്തിനായി ആദ്യത്തെ മുഹാജിറുകള്‍ തയാറായത് ഇസ്‌ലാം ബഹുസ്വരതയോട് എത്ര മാത്രം സഹിഷ്ണുതയില്‍ വര്‍ത്തിക്കാന്‍ സജ്ജമാണ് എന്നതിന്റെ കൂടി ഒരു നിദര്‍ശനമാണ്. എതോപ്യയെന്ന രാജ്യത്തെ രാഷ്ട്രീയമായി ഇസ്‌ലാമികവല്‍ക്കരിക്കുകയെന്ന ഒരു ദൗത്യമോ ലക്ഷ്യമോ അവിടേക്ക് ഹിജ്‌റ പോയ വിശ്വാസികള്‍ക്ക് തെല്ലുമില്ലായിരുന്നു എന്നത് സ്പഷ്ടമാണ്.
എണ്ണത്തില്‍ ചെറുതായത് കൊണ്ട് ഒരു പിടിച്ചടക്കല്‍ യജ്ഞം മറ്റൊരിക്കലേക്കു മാറ്റിവെച്ചു കൊണ്ടുള്ള ഒരു പദ്ധതിയും അവര്‍ക്കില്ലായിരുന്നു. പ്രവാചകത്വം എന്ന മഹാ സത്യത്തെയും അതിനെ ലോകത്തിന് മുന്നില്‍ ബോധ്യപ്പെടുത്താനുള്ള പ്രായോഗികതകളെയുമാണ് അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. എതേ്യാപ്യയെന്ന രാജ്യത്തെക്കുറിച്ചും അവിടുത്തെ സാമൂഹികാവസ്ഥകളെ സംബന്ധിച്ചും നടത്തിയ വ്യക്തമായ പഠനങ്ങള്‍ക്കൊടുവിലാണ് അവിടം ഒരു സാധ്യതയായി പ്രവാചകനും സംഘത്തിനും അനുഭവപ്പെടുന്നത്.
സൂക്ഷ്മമായ നിരീക്ഷണങ്ങളും, ദീര്‍ഘമായ അന്വേഷണങ്ങളും വ്യക്തമായ പഠനങ്ങളും നടന്നതിന് ശേഷമാണ് പ്രവാചകന്‍(സ) എതേ്യാപ്യയിലേക്ക് വിശ്വാസികളെ യാത്രയാക്കിയത്. യാത്രാമംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് വിശ്വാസികളോടായി പ്രവാചകന്‍ നടത്തിയ ചില സംഭാഷണങ്ങളില്‍ അത് തെളിഞ്ഞുകാണാം. എതേ്യാപ്യയിലെ ഭരണവ്യവസ്ഥകളെ സംബന്ധിച്ചും നജ്ജാശി രാജാവിന്റെ സ്വഭാവ പ്രകൃതങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ വിശിഷ്ടമായ ഗുണങ്ങളെ സംബന്ധിച്ചും വിശദീകരിക്കുന്നിടത്ത് നേരത്തെ പറഞ്ഞ അന്വേഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും ആഴം വെളിപ്പെടും.
ദീര്‍ഘമായ ചില ഗൃഹപാഠങ്ങള്‍ക്കും, വെട്ടിയും തിരുത്തിയുമുള്ള പദ്ധതികള്‍ക്കും ശേഷം സംഭവിക്കുന്ന യാഥാര്‍ഥ്യബോധത്തോടെയുള്ള സാമൂഹിക മുന്നേറ്റങ്ങളാണ് ഹിജ്‌റയെ പ്രതീകവല്‍ക്കരിക്കേണ്ടത് എന്ന് നിരൂപിക്കാന്‍ നിര്‍ബന്ധിക്കുന്ന അനവധി ഘടകങ്ങള്‍ എതേ്യാപ്യന്‍ പലായനത്തിന്റെ ചരിത്രത്തില്‍ നിന്ന് പഠിക്കാനുണ്ട്. ആദ്യമായി അവിടേക്ക് പോയ സംഘത്തിന് കൂടുതല്‍ വ്യക്തമായ ഒരു പഠനം നടത്തുകയെന്ന ഒരു ലക്ഷ്യവും ഉണ്ടായിരുന്നെന്നാണ് വിവിധ സന്ദര്‍ഭങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
ഉടമ്പടികളോ കരാറുകളോ ഇല്ലാതെ ഇന്ന് നടക്കുന്ന പലായനങ്ങളുമായോ കുടിയേറ്റങ്ങളുമായോ ഹിജ്‌റയെ താരമ്യപ്പെടുത്താന്‍ കഴിയില്ല. ആധുനിക ദേശരാഷ്ട്ര വ്യവസ്ഥകളോ ഭരണകൂട സങ്കല്പമോ നിലവിലില്ലാതിരുന്ന അക്കാലത്ത് അറേബ്യയില്‍ അംഗീകരിക്കപ്പെട്ട അധികാര രൂപം ഗോത്രാധിഷ്ടിതമായ മേല്‍ക്കൈ തന്നെയായിരുന്നു. ആ ഗോത്ര സംവിധാനത്തിനകത്ത് നിന്നുള്ള സുവ്യക്തമായ ചില കരാറുകളുടെ പിന്‍ബലത്തിലാണ് മദീനയിലേക്കുള്ള രണ്ടാമത്തെ ഹിജ്‌റ സംഭവിക്കുന്നത്. ആദ്യത്തെ എതേ്യാപ്യന്‍ ഹിജ്‌റയില്‍ നിന്നുള്ള ചില ഗുണപാഠങ്ങളും ഇതിനകം മുസ്‌ലിംകള്‍ പഠിച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നു.
വ്യവസ്ഥകളും ഉടമ്പടികളുമുള്‍ക്കൊള്ളുന്ന രണ്ട് ശക്തമായ കരാറുകള്‍ക്ക് ശേഷമാണ് മദീനയിലേക്ക് പ്രവാചകന്‍ തന്റെ വാതില്‍ തുറന്നുവെക്കുന്നത്. കരാര്‍ തയാറാക്കുന്നിടത്ത് ഒരു രണ്ടാം കക്ഷിയായി നേര്‍ക്കു നേര്‍ നില്‍ക്കാനും ആദ്യ കക്ഷിക്ക് സമ്മതമായേക്കാവുന്ന നിലയില്‍ കരാറിന്റെ ഘടനകള്‍ തയാറാക്കുന്നിടത്ത് ഒരു മേല്‍ക്കൈ പുലര്‍ത്തുവാനും ഹിജ്‌റ പോകുന്ന കക്ഷികള്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ അവിടെ വീക്ഷണപരമായ ഒരു സമ്പന്നത നിലനിന്നിരുന്നുവെന്ന് തന്നെയാണ് അനുമാനിക്കാന്‍ കഴിയുന്നത്. ആധുനികമായ രണ്ട് രാഷ്ട്രങ്ങള്‍ നടത്തുന്ന പരസ്പര വിശ്വാസത്തിന്റെയും വികാസലക്ഷ്യങ്ങളുടെയും അന്തസ്സത്തയെ സമ്പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന കരാറുകളാണ് പ്രവാചകന്‍ നടത്തിയത്.
ഇന്നത്തേത് പോലെയുള്ള വിവര ശേഖരണ സംവിധാനങ്ങളോ വിനിമയ മാര്‍ഗങ്ങളോ നിലവിലില്ലാതിരുന്നിട്ടും മക്കക്ക് പുറത്തുള്ള ലോകത്തെക്കുറിച്ച് പ്രവാചകന്(സ) വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. നിലനില്‍ക്കുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളും വിവര സമാഹരണവും സാധ്യമാകുന്ന നിലയിലൊക്കെ ഹിജ്‌റ എന്ന ലക്ഷ്യത്തെ പോഷിപ്പിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കം. ഭൗതികമായ മറ്റേതൊരു കുടിയേറ്റത്തില്‍ നിന്നും ഹിജ്‌റയെ വ്യത്യാസപ്പെടുത്തുന്നത് അതിന്റെ ലക്ഷ്യ ബോധങ്ങളിലെ വ്യതിരിക്തതയും അതിനെ രൂപപ്പെടുത്തിയ യഥാര്‍ഥമായ ആധ്യാത്മികതയും തന്നെയായിരുന്നു.
പലയിടങ്ങളിലും ഹിജ്‌റ ഒരു ഗതികേടിന്റെയും കടുത്ത നിരാശയുടെയും പ്രതീകമായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യ പോലെയുള്ള ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യങ്ങളിലെ മുസ്‌ലിം വിഭാഗങ്ങള്‍ പോലും കടുത്ത സമ്മര്‍ദ്ദങ്ങളിലൂടെയും നിരാകരണങ്ങളിലൂടെയും കടന്ന് പോകുന്ന സാഹചര്യങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ജീവിക്കുന്ന പ്രദേശങ്ങളിലെ ഇതര മത വിശ്വാസികളുമായി സഖ്യത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കുവാന്‍ സാധിച്ചുവെന്നതാണ് ഹിജ്‌റയിലൂടെ പ്രവാചകന്‍ സാധ്യമാക്കിയ ഒരു നേട്ടം. ജീവിക്കുന്ന സമൂഹത്തിന്റെ വിശ്വാസമാര്‍ജിക്കുവാന്‍ കഴിയുകയെന്നതും പ്രധാനമാണ്.
സംഘര്‍ഷാത്മകതയ്ക്കുള്ള പരിഹാരം സഹിഷ്ണുതയാണ് എന്ന് പറയുമ്പോള്‍ പോലും സഹിഷ്ണുതയുടെ വിശദീകരണങ്ങളില്‍ ഒരു ഗത്യന്തരമില്ലായ്മ മുഴച്ച് നില്‍ക്കുന്നുണ്ട്. നിവൃത്തിയില്ലായ്മ കൊണ്ട് അംഗീകരിച്ച് കൊടുക്കുന്ന ഒരു നിലപാടിന്റെ പേരല്ല സഹിഷ്ണുത. കൂടുതല്‍ ഉയര്‍ന്നതും വിശാലവുമായ ഒരു ജീവിത വീക്ഷണത്തില്‍ നിന്ന് ഉത്ഭവിക്കുന്ന മാനവികമായതും ലക്ഷ്യബോധമുള്ളതുമായ സൗഹാര്‍ദ്ദപരമായ നിലപാടുകളെയാണ് ആ പദം പ്രതിനിധീകരിക്കുന്നത്.
സഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ സഹജീവിതം എന്ന ആശയത്തിനും പുതിയ സാധ്യതകള്‍ കണ്ടെത്തേണ്ടതുണ്ട്. മനുഷ്യര്‍ തമ്മിലുള്ള സഹകരണവും സഹജീവിതവുമാണ് ഇസ്‌ലാം മുന്നോട്ട് വെയ്ക്കുന്ന മാനുഷികതയുടെ കാമ്പ്. സഹജീവിതത്തിന് തടസ്സമുണ്ടാക്കുന്ന കടുത്ത മതനിലപാടുകളില്‍ നിന്ന് അകലം പാലിക്കാനും ഇസ്‌ലാം വിഭാവന ചെയ്യുന്ന ലക്ഷ്യങ്ങള്‍ വൈയക്തികമായും സാമൂഹികമായും പ്രകാശിപ്പിക്കാനും വിശ്വാസികള്‍ക്ക് സാധിക്കുന്നുണ്ടോ എന്ന പരിശോധനകളും ആവശ്യമായിരിക്കുന്നു.
മനുഷ്യന്‍ എന്ന സ്വത്വത്തിനപ്പുറം, അഥവാ അതിനെ മറികടക്കുന്ന മറ്റൊരു സ്വത്വവുമില്ലെന്നും സ്വത്വപരമായ മുന്നേറ്റങ്ങളേക്കാള്‍ ലക്ഷ്യബോധമുള്ള മാനവിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധിക്കുന്നിടങ്ങളിലേക്ക് വളരുകയെന്നതാണ് പ്രശ്‌നങ്ങളുടെ പരിഹാരങ്ങളിലേക്കുള്ള യഥാര്‍ഥമായ വഴിയെന്നും ബോധ്യപ്പെടേണ്ടിയിരിക്കുന്നു. പ്രതികൂലാവസ്ഥകളുടെ ബാഹ്യതലങ്ങളില്‍ നിന്ന് മാറി തങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ യഥാര്‍ഥമായ കാരണങ്ങളെ വിശകലനം ചെയ്യാനും ലക്ഷ്യബോധത്തോടെയുള്ള പരിഹാരങ്ങളാരായാനും ഹിജ്‌റയുടെ പാഠങ്ങള്‍ നമുക്ക് മുന്നില്‍ ചൂണ്ടു പലകകളാകേണ്ടതുണ്ട്. ഇടപെടുന്നിടങ്ങളില്‍ നിലപാട് പ്രഖ്യാപിക്കാനും ആ നിലപാടിന്റെ നൈതികത സമൂഹത്തിലെ ശിഷ്ട ഭാഗങ്ങളെ ബോധ്യപ്പെടുത്താനും കഴിയുമ്പോഴാണ് ഒരു സമുദായമെന്ന നിലയില്‍ നേതൃപരമായ കഴിവുകള്‍ ആര്‍ജിക്കാന്‍ സാധിക്കുന്നത്. നിരന്തരമായ അന്വേഷണവും പഠനവും സ്വയം പരിഷ്‌കരിക്കലും കൊണ്ട് മാത്രമേ ഈയൊരു സ്ഥാനത്തേക്ക് ഉയര്‍ന്നു നില്‍ക്കാനുള്ള ജ്ഞാനങ്ങള്‍ ആര്‍ജിച്ചെടുക്കാന്‍ സാധിക്കൂ.
നിരന്തരവും വികാസപരവുമായ ജ്ഞാനത്തെ തേടിക്കൊണ്ടേയിരിക്കാന്‍ ആഹ്വാനം നടത്തുന്ന ഒരു വേദ ഗ്രന്ഥത്തിന്റെ അനുയായികള്‍ക്ക് അത് സാധിക്കാതെ പോകുന്നുവെങ്കില്‍ ഗൗരവതരമായ ചില പുതുക്കിപ്പണിയലുകള്‍ക്ക് നാം സജ്ജമാകേണ്ടിയിരിക്കുന്നു. ഓരോ വ്യക്തിയില്‍ നിന്നും ആരംഭിക്കുന്ന അന്വേഷണത്വരയാണ് ആദ്യമായുണ്ടാകേണ്ടത്. അത് വികസിക്കുകയും പ്രസരിക്കുകയും ചെയ്യുമ്പോള്‍ സാമൂഹികമായ ഉണര്‍വുകള്‍ ഉറപ്പായും പ്രകടമാകും.
മനസും ശരീരവും രക്ഷിതാവിലേക്ക് സമര്‍പ്പിച്ചുള്ള ഒരു യാത്ര കൂടിയാണ് ഹിജ്‌റ. ഏറ്റവും പ്രതികൂലമെന്ന് തോന്നുന്ന സാഹചര്യങ്ങളെപ്പോലും പ്രതീക്ഷയോടെ നേരിട്ടുകൊണ്ട് നടത്തിയ ഒരു യാത്രയുടെ ചരിത്രത്തെ നാം സ്വീകരിക്കേണ്ടത് സ്വന്തം ആത്മാവ് കൊണ്ടാണ്. പുതിയ അനുഭവങ്ങളെയും പുതിയ കണ്ടെത്തലുകളെയും സ്വന്തം ബോധ്യങ്ങളുമായി വിളക്കിച്ചേര്‍ക്കലാണ് ഓരോ യാത്രയും. കെട്ടിക്കിടക്കുന്ന ജലം അതിന്റെ ലക്ഷ്യം തേടി നടത്തുന്ന പ്രയാണംപോലെ ഓരോ ആത്മാവും വിശുദ്ധി പ്രാപിക്കേണ്ട ജീവിത മോക്ഷത്തിന്റെ അനന്ത സാധ്യതകളാണ് ഓരോ ഹിജ്‌റയിലും കുടികൊള്ളുന്നത്. പറഞ്ഞും പഠിപ്പിച്ചും പഴക്കം വന്ന ഒറ്റവഴിയിലൂടെയല്ലാതെ അതിനെ വായിക്കുവാനും വര്‍ത്തമാന സമസ്യകള്‍ക്ക് മുമ്പില്‍ വെച്ച് വിശകലനം ചെയ്യാനുമുള്ള ജ്ഞാന ബോധ്യങ്ങളിലേക്ക് മുസ്‌ലിം സമൂഹത്തിന് വളരാന്‍ കഴിയുമോ എന്ന ചോദ്യവും ബാക്കി വെച്ചാണ് ഓരോ പുതുവര്‍ഷവും നമുക്ക് മുന്നിലൂടെ കടന്ന് പോകുന്നത്.`