20 Saturday
April 2024
2024 April 20
1445 Chawwâl 11

ഇത് രാമമന്ത്രമല്ല, രാമതന്ത്രമാണ്

എം പി വീരേന്ദ്രകുമാര്‍

1992 ഡിസംബറില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട മാസം പാലക്കാട്ട് വെച്ച് നടന്ന മുജാഹിദ് സമ്മേളനം ചരിത്ര പ്രസിദ്ധമാണ്. കലുഷിതമായ ഒരു സാഹചര്യത്തില്‍ ഏറെ സന്ദേഹങ്ങള്‍ക്ക് വിരാമം കുറിച്ചാണ് സമ്മേളനം നടന്നത്. ആ സമ്മേളനത്തില്‍ നടന്ന ഏറ്റവും പ്രൗഢമായ പ്രഭാഷണങ്ങളില്‍ ഒന്ന് ഇക്കഴിഞ്ഞ മെയ് 28-ന്  ദിവംഗതനായ എം പി വീരേന്ദ്രകുമാര്‍ ചെയ്ത പ്രസംഗം ആയിരുന്നു. വികാര നിര്‍ഭരമായ ആ പ്രസംഗം രാജ്യത്ത് വളര്‍ന്നു വരുന്ന ഫാഷിസത്തിന്റെ ഭയാനകതയിലേക്ക് വിരല്‍ചൂണ്ടുന്ന പ്രവചന സ്വഭാവമുള്ള വാഗ്ശരമായിരുന്നു. ‘രാമന്റെ ദുഃഖം’ എന്ന പേരില്‍ പിന്നീട് അദ്ദേഹം രചിച്ച പുസ്തകത്തിന്റെ ബീജങ്ങള്‍ ഈ പ്രഭാഷണത്തില്‍ കാണാം.

മുസ്‌ലിം ന്യൂനപക്ഷങ്ങളോട് എന്നും ചേര്‍ന്ന് നിന്ന, മതേതര ചേരിയുടെ കാവലാളായ വീരേന്ദ്രകുമാര്‍ ചെയ്ത മുജാഹിദ് സമ്മേളന പ്രസംഗം രാജ്യത്തിന്റെ പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്നും പ്രസക്തമാണ്. അദ്ദേഹത്തിന്റെ സ്മരണക്ക് വേണ്ടി പ്രസ്തുത പ്രഭാഷണം പൂര്‍ണമായി പുന:പ്രസിദ്ധീകരിക്കുന്നു

കുറച്ചുവര്‍ഷം മുമ്പ് ഞാന്‍ കുറ്റിപ്പുറം മുജാഹിദ് സമ്മേളനത്തില്‍ ഒരു സൗഹാര്‍ദ പ്രതിനിധിയായി സംബന്ധിച്ചിരുന്നു. അന്നു ഞാന്‍ സന്തോഷത്തോടെയാണ് പങ്കെടുത്തത്. പക്ഷേ, ഇന്ന് ഞാനിവിടെ പാലക്കാട്ടു സമ്മേളനത്തില്‍ നില്‍ക്കുന്നത് ദുഖത്തോടെയാണ്. അതീവ ദുഖത്തോടെയാണ് ഞാനീ സൗഹാര്‍ദ സമ്മേളനത്തില്‍ സംസാരിക്കുന്നത്.
മതസൗഹാര്‍ദം എന്നു പറഞ്ഞാല്‍ എല്ലാ മതങ്ങളും കൂടി ഒന്നായിത്തീരുക എന്നതല്ല; അവനവന്റെ വിശ്വാസാദര്‍ശങ്ങളില്‍ ഉറച്ചുനിന്നു കൊണ്ട് തന്നെ പരസ്പരം സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും ജീവിക്കാന്‍ സാധിക്കുക എന്നതാണ്.
സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രബോധനം നടത്തേണ്ട സമയത്ത് നമ്മുടെ മനസ്സില്‍ തീയാണ്. അയോധ്യയുടെ പശ്ചാത്തലത്തില്‍ ഇന്നു നാം ദുഖിതരാണ്. അയോധ്യ എന്നാല്‍ യുദ്ധമില്ലാത്ത ഭൂമി എന്നാണര്‍ഥം. പക്ഷേ, ഇന്നത് സംഘര്‍ഷഭൂമി ആയിരിക്കയാണ്. ഇത് മുസ്‌ലിംമിന്റെയോ ഹിന്ദുവിന്റെയോ പ്രശ്‌നമല്ല. രാഷ്്ട്രത്തിന്റെ പ്രശ്‌നമാണ്.
ഭൂരിപക്ഷവും ന്യൂനപക്ഷവും നോക്കിയിട്ടല്ല മതങ്ങളും ദര്‍ശനങ്ങളും ആളുകള്‍ സ്വീകരിക്കുന്നതും വിശ്വസിക്കുന്നതും. ലോക മതങ്ങള്‍ക്കിടയില്‍ ഹൈന്ദവമതം ന്യൂനപക്ഷമാണ്. അതു നോക്കിയല്ല, ഞാന്‍ ഹിന്ദുവായത്. മതങ്ങളും ദര്‍ശനങ്ങളും പക്ഷികളെപ്പോലെയാണ്. അവയ്ക്ക് പാസ്‌പോര്‍ട്ട് ആവശ്യമില്ല. അതിര്‍വരമ്പുകള്‍ ബാധകമല്ല. അതിരും വരമ്പും മനുഷ്യന്‍ നിര്‍മിച്ചതാണ്.
ഇവിടെ തകര്‍ന്നുവീണത് ചിരന്തനമായി നിലനിര്‍ത്തേണ്ട വിശ്വസംഹിതയാണ്; ഭാരതത്തിന്റെ ഭരണഘടനയാണ്. ഇന്ത്യയില്‍ അനേകം മതങ്ങളുണ്ട്. ഹിന്ദുക്കളില്‍ തന്നെ അനേകം ജാതികള്‍. ഓരോരുത്തര്‍ക്കും പ്രത്യേക ആരാധനാക്രമങ്ങളും ആരാധനാ കേന്ദ്രങ്ങളും ഉണ്ട്. ഇതൊക്കെ ഇവിടെ നിലനില്‍ക്കുന്നത് ഭരണഘടനയിലൂടെയാണ്. ഇത് മതനിരപേക്ഷ രാഷ്ട്രമാണ്. ഭരണഘടന നമുക്കനുവദിച്ച മൗലികമായി അവകാശങ്ങള്‍ ഉപയോഗിച്ചാണ് നാം വീടുണ്ടാക്കിയത്, കുടുംബം പുലര്‍ത്തുന്നത്, വിശ്വാസം ഉള്‍ക്കൊള്ളുന്നത്, പ്രാര്‍ഥിക്കുന്നത് എന്തിന് – ഈ പാലക്കാട്ടു വന്നതുമൊക്കെ.
എന്നാല്‍ ഒരു പിടി ആളുകള്‍- അല്ല ഒരു ലക്ഷം ആളുകള്‍- കൈക്കോട്ടും പിക്കാസുമെടുത്ത് ഏത് ആരാധനാലയമാണിവിടെ വേണ്ടതെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നു പറഞ്ഞാല്‍ അത് ഭാരതത്തിന്റെ ഭരണഘടനയുടെ അന്ത്യവും ഫാസിസത്തിന്റെ തുടക്കവുമാണ്.
ഇവിടെ ഈ വേദിയില്‍ സന്യാസിമാരുണ്ട്. എന്താണ് യഥാര്‍ഥത്തില്‍ സന്യാസം. നിങ്ങളെപ്പോലുള്ള സന്യാസിമാര്‍ അപമാനിതരായിട്ടില്ലേ ഇന്ന്? ആയുധം കൈയിലെടുക്കലാണോ സന്യാസം? മഹാഭാരതം ആദിപര്‍വത്തില്‍ വ്യാസന്‍ പറയുന്നു: ത്രിദണ്ഡു ധരിക്കുക, അഗ്നിഹോത്രം നടത്തുക, ശരീരം മെലിയിക്കുക, മൗനം ആചരിക്കുക, ശൗചം നടത്തുക ഇതുകൊണ്ടൊന്നും ഒരാള്‍ സന്യാസി ആവുകയില്ല. മനസ്സ് നിര്‍മലമാക്കിയവനാരോ അവനാണ് സന്യാസി.
വാത്മീകി മഹര്‍ഷി രാമായണത്തിന്റെ- രാമകഥ- പശ്ചാത്തലമായ തമസാ നദീതീരത്തേക്ക് തന്റെ ശിഷ്യനായ ഭരദ്വജനെ കൂട്ടിപ്പോയി. തമസാ എന്നാല്‍ തമസ്സകറ്റുന്നത് എന്നാണര്‍ഥം. ആത്മസായിലാരംഭിച്ചതാണല്ലോ സരയൂവിലവസാനിച്ചത്. അദ്ദേഹം ശിഷ്യനെ ഉപദേശിച്ചു: ‘അഗര്‍ഭമിതംതോയം’ മഹാമനുഷ്യരുടെ അകവും പുറവും ഒരു പോലിരിക്കണം. ഇന്ന് ഇവിടെ നമ്മുടെ അകവും പുറവും ഇരുട്ടാണ്. എവിടെപ്പോയി ഭാരതത്തിലെ സന്യാസി? എവിടെപ്പോയി രാമന്‍?
രാമന്‍ എന്ന പദത്തിനര്‍ഥം രമിപ്പിക്കുന്നവന്‍ എന്നാണ്. നമുക്കിന്ന് രാമന്‍ ദുഖിപ്പിക്കുന്നവനാണ്? രാമന്റെ പേരില്‍ മരണങ്ങള്‍ എത്രയുണ്ടായി? എത്ര കുട്ടികള്‍ അനാഥരായി? എത്ര സ്ത്രീകള്‍ വിധവകളായി? ഞാന്‍ എങ്ങനെ നിങ്ങളുടെ മുഖത്ത് നോക്കും? എനിക്കതിനുള്ള അവകാശം നഷ്ടപ്പെട്ടു. രാമന്റെ പേരില്‍ ആളുകള്‍ ചുട്ടുകൊന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്തു. ഇതൊക്കെ വീഡിയോ പകര്‍ത്തിയില്ലേ!

യഥാര്‍ഥത്തില്‍ സന്യാസം ഇതൊന്നുമല്ല. കുറ്റവാളികളെ അന്വേഷിച്ച് നാം എവിടെയോ പോകുന്നു. സത്യം പറയാന്‍ മടിക്കുകയാണ്. അതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം.
ഇവിടെ അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടു എന്നത് നേരാണ്. എന്നാല്‍ ഞാന്‍ ദുബായില്‍ ചെന്നപ്പോള്‍ അവിടെ അമ്പലങ്ങള്‍ കണ്ടു. വിഗ്രഹാരാധനക്കെതിരായ ഒരാദര്‍ശത്തിന്റെ ഭരണം നടക്കുന്നേടത്ത് അമ്പലങ്ങള്‍! പാകിസ്താനില്‍ 251 അമ്പലങ്ങള്‍ നശിച്ചു എന്നു വാര്‍ത്ത. അവിടെയും അമ്പലമുണ്ടായിരുന്നോ? ഇതൊക്കെ നാം കണക്കിലെടുക്കേണ്ട വസ്തുതകളാണ്.
”പരസ്പരം സംരക്ഷണം നല്‍കാന്‍ സാധിക്കാത്ത അവസ്ഥ വന്നാല്‍ ആരാധനാമഠങ്ങള്‍, ക്രൈസ്തവ- ജൂത ദേവാലയങ്ങള്‍, പള്ളികള്‍ എന്നിവ തകര്‍ക്കപ്പെടും” എന്നു ഖുര്‍ആന്‍ പറഞ്ഞത് എത്ര ചിന്താര്‍ഹം. മുസ്‌ലിം പള്ളി അവസാനമാണ് പറഞ്ഞത്. അപകടം എല്ലാവര്‍ക്കും ഒന്നിച്ചാണെന്നോര്‍ക്കുക. ഏതായാലും ഇത്രയൊക്കെ സംഭവിച്ചു. ലോകത്തിന്റെ മുന്നില്‍ നാം പ്രതിക്കൂട്ടിലായി. ലോകമനസ്സാക്ഷിയുടെ മുന്നില്‍ നമുക്ക് ന്യായമില്ലാതായി. അമേരിക്കയില്‍ വെളുത്തവന്‍ കറുത്തവര്‍ക്കെതിരെ അതിക്രമം ചെയ്യുമ്പോള്‍ നാം നമ്മുടെ പൈതൃകത്തില്‍ അഭിമാനിച്ചു. ബോസ്‌നിയയില്‍ മനുഷ്യകശാപ്പു നടക്കുമ്പോള്‍ ഇവിടെ അതില്ലല്ലോ എന്ന് നാം ആശ്വസിച്ചു. വിവിധ ദര്‍ശനങ്ങള്‍ക്ക് അഭയവും സ്വാതന്ത്ര്യവും നല്‍കിയ മഹാഭൂമിയാണ് ഭാരതം എന്ന് നാം അഭിമാനിച്ചു.
ജര്‍മന്‍ ഫാസിസം നാം കണ്ടതാണ്. അതിനും തല്‍ക്കാലം ഭൂരിപക്ഷമുണ്ടായിരുന്നല്ലോ. മനുഷ്യരും കാലവും അതംഗീകരിച്ചില്ല. ഇതൊന്നും നമ്മുടെ നാട്ടില്‍ വരില്ല എന്നു നാം ധരിച്ചുവശായി. പക്ഷേ, ഇന്ന് ഈ ഭൂമി രാമന്റെ തീരാദുഖമായി മാറിയിരിക്കുകയാണ.്
ദശരഥന്‍ രാമനെ കാട്ടിലയച്ചപ്പോള്‍ ദേഷ്യം വന്നത് രാമനല്ല, ലക്ഷ്മണനായിരുന്നു. ക്രോധം കാരണം അച്ഛനെ കൊല്ലുമെന്നു പോലും ലക്ഷ്മണന്‍ പറഞ്ഞെങ്കിലും രാമന്‍ മൗനിയായിരുന്നു. എന്നാല്‍ ത്രികൂടത്തില്‍ ചെന്നപ്പോള്‍ രാമന്‍ ലക്ഷ്മണനോടാരാഞ്ഞു: ”നീ ആരെപ്പറ്റിയാണ് പറഞ്ഞത്? നീ മനസ്സിലാക്കുക. ഈ ലോകത്തെ നശിപ്പിക്കാന്‍ കഴിവുള്ള എനിക്ക് അയോധ്യ ഒരു പ്രശ്‌നമല്ല. എന്നാല്‍ അകാരണമായി ഒന്നിനെയും നശിപ്പിച്ചുകൂടാ എന്നു കരുതിയാണ് ഞാന്‍ ഒന്നും ചെയ്യാതിരുന്നത്.” ആ രാമന്റെ ഭക്തന്മാര്‍ രാമന്റെ പേരില്‍ മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയം തല്ലിപ്പൊളിച്ച്, ‘ഇതാ രാമാ’ എന്ന് സമര്‍പ്പിച്ചാല്‍ ആ രാമന്‍ ദുഖിച്ചില്ലെങ്കില്‍ പിന്നെ ഏത് രാമനാണ് ദുഖിക്കുക.
രാവണനെ നശിപ്പിക്കാന്‍ രാമന്റെ കൂടെ പോയത് വാനരന്മാരായിരുന്നുവത്രെ. അവര്‍ എത്ര മാന്യമായി പെരുമാറി. ഇന്ന് മനുഷ്യര്‍ക്ക് ധര്‍മമില്ല. എവിടെയാണ് രാമന്‍? ഇന്ന് രാഷ്ട്രീയ സന്യാസിമാരുടെ കിരാത നൃത്തമാണ് എങ്ങും കാണുന്നത്.
വിവേകാനന്ദന്റെ പരിക്രമത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ വിവേകാനന്ദന്റെ പരിക്രമത്തെക്കുറിച്ചല്ല വിവേകാനന്ദന്റെ പരാക്രമത്തെക്കുറിച്ചാണെങ്ങും കേള്‍ക്കുന്നത്. No
Community can hate other communtiy എന്ന് പറഞ്ഞ വിവേകാനന്ദനെപ്പോലും ദുഷ്ടതയ്ക്കു വേണ്ടി ദുരുപയോഗപ്പെടുത്തുന്നു. ധരിത്രിയെ നിലനിര്‍ത്തുന്നതാണ് ധര്‍മം. അതാണ് ലോകത്തിന്നാവശ്യം.
മഹാത്മാഗാന്ധി വെടിയേറ്റു വീണപ്പോള്‍, വെടിവെച്ചവനെ കൊല്ലണമെന്നല്ല, ഹരേരാം എന്നാണ് പറഞ്ഞത്. അതാണ് രാമമന്ത്രം. ആ രാമമന്ത്രം ഏതോ രാഷ്ട്രീയ സന്യാസിമാരുടെ കയ്യില്‍ പെട്ട് രാമതന്ത്രമായിത്തീര്‍ന്നിരിക്കയാണിന്ന്. രാമനു ദുഖം ദുഖമായിരുന്നുവല്ലോ ജീവിതത്തില്‍. ഒരുപാട് ദുഖിച്ചു. ഗാന്ധിജിയെ വെടിവെച്ചപ്പോള്‍ ദുഖിച്ചു. ഡിസംബര്‍ ആറിനു വേണ്ടും ചോദിച്ചു. ആ ദുഖം കാണാനാണോ ഡിസംബര്‍ ഏഴിനു സൂര്യനുദിച്ചത്?
സഹോദരങ്ങളേ, എനിക്കു നിങ്ങളോട് മാപ്പുപറയാന്‍ അര്‍ഹതയില്ലെങ്കിലും എന്റെ വേദന നിങ്ങള്‍ മനസസ്സിലാക്കണമെന്നഭ്യര്‍ഥിക്കുന്നു. ഭരണം വരും പോകും. അതിന്നനുസരിച്ചല്ല വിശ്വാസം രൂപപ്പെടുത്തുന്നത്. എന്നാല്‍, ഇനിയും നിരവധി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടതായിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഒരുപിടി ആള്‍ക്കാരുടെ കയ്യിലാണ് നാളത്തെ ഭാരതത്തിന്റെ ഭരണം വരുന്നതെങ്കില്‍ ഭാരതമെന്ന രാഷ്ട്രം ഭരിക്കാന്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല. എല്ലാം നഷ്ടപ്പെട്ട് ഒരു മണ്‍കൂന മാത്രമായ രാഷ്ട്രകബന്ധത്തെ മാത്രമേ അവര്‍ക്കു ഭരിക്കാന്‍ കഴിയൂ.
മന്ത്രിസ്ഥാനമല്ല ഇന്നാവശ്യം. (ഞാനും രണ്ടു ദിവസം മന്ത്രിയായിട്ടുണ്ട്). അടുത്ത തലമുറയ്ക്കു യഥാര്‍ഥ സ്‌നേഹം പകരാന്‍ കഴിയുന്ന മന്ത്രിമാരെവിടെ? നമുക്ക് സര്‍ക്കാരുകളെ മാറ്റാന്‍ കഴിയും. തകര്‍ന്ന് മനസ്സിനെ മാറ്റാന്‍ പ്രയാസമാണ്.
രാഷ്ട്രം എന്നു പറഞ്ഞാല്‍ ഭൂമിശാസ്ത്രമല്ല. പട്ടാളത്തെ കൊണ്ട് രാഷ്ട്രം നിലനിര്‍ത്താനാവില്ല. ഇവിടത്തെ മനുഷ്യര്‍ ഒന്നാണെന്ന ബോധം കൊണ്ടു മാത്രമേ അതിനു കഴിയൂ. മുജാഹിദ് സമ്മേളനത്തില്‍ അക്രമമുണ്ടാകുമെന്ന് ഞാന്‍ കേട്ടു. ദൈവത്തിന്റെ കാര്യം പറയാന്‍ പൊലീസു വേണം നമുക്ക്. പ്രാര്‍ഥിക്കാന്‍ പട്ടാളം വേണം. സമാധാനമായി ജീവിക്കാന്‍ ആയുധം വേണം. നാം എവിടെയെത്തി?
അമേരിക്കയില്‍ നിന്നു വന്ന സഹോദരാ (സമ്മേളനത്തില്‍ പങ്കെടുത്ത അഹ്‌മദ് നൂറുദ്ദീനെ ഉദ്ദേശിച്ച്) ഒരു പറ്റം മൃഗങ്ങള്‍ ആരാധനാലയം തല്ലിത്തകര്‍ത്ത രാജ്യമാണിതെന്ന് താങ്കള്‍ ധരിച്ചെങ്കില്‍ സത്യം അതല്ല. ഞങ്ങള്‍ അതില്‍ ദുഖിക്കുന്നു. വേദനിക്കുന്നു എന്ന സന്ദേശം താങ്കള്‍ അമേരിക്കന്‍ ജനതക്കെത്തിക്കുക. ഞാന്‍ വിവേകാനന്ദനെ ഉദ്ധരിക്കട്ടെ (അദ്ദേഹം അമേരിക്കയില്‍ വന്നിട്ടുണ്ട്). ഞാന്‍ വേദങ്ങളും ബൈബിളും ഖുര്‍ആനും വായിച്ചു. എനിക്കൊന്നും മനസ്സിലായില്ല. പിന്നീട് ഞാന്‍ ഗംഗയുടെ ശാദ്വല തീരത്ത് പോയി ശാന്തമായിരുന്നപ്പോള്‍ എനിക്ക് എന്നെ മനസ്സിലായി. പിന്നെ എനിക്ക് വേദങ്ങളും ബൈബിളും ഖുര്‍ആനും വായിച്ചപ്പോള്‍ മനസ്സിലായി. ആ വിവേകാനന്ദന്റെ ആള്‍ക്കാരാണ് ഞങ്ങള്‍. പള്ളി പൊളിച്ചവരുടെ ആള്‍ക്കാരല്ല. വിവേകാനന്ദ പരിക്രമത്തിന്റെ ശതാബ്ദി വേളയില്‍ ഞാന്‍ പറയട്ടെ. ഈ പാതകം ചെയ്തവര്‍ക്ക് ഇവിടെ രണ്ടു ശാപമുണ്ട്. രാമന്റെ ശാപവും വിവേകാനന്ദന്റെ ശാപവും.
ഒരു കഥ ഉദ്ധരിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ. രാമകഥ പാടിയ കബീര്‍ മരിച്ചപ്പോള്‍ മയ്യിത്തിനു വേണ്ടി ഹിന്ദുക്കളും മുസ്‌ലിംകളും തര്‍ക്കമായി. തലമൂത്ത ഒരു കാരണവരുടെ നിര്‍ദേശപ്രകാരം മയ്യിത്ത് വെളുത്ത തുണികൊണ്ടു മൂടി രാമനെയും റഹീമിനെയും പ്രാര്‍ഥിച്ചു. പിന്നീട് ആ തുണി പൊക്കിയപ്പോള്‍ മയ്യിത്തിനു പകരം ഒരു പിടി പുഷ്പങ്ങള്‍. ആത്മാര്‍ഥമായി പ്രാര്‍ഥിച്ചപ്പോള്‍ മയ്യിത്തു പോലും പൂക്കളായി മാറിയെങ്കില്‍, ഇന്ന് രാമനെയും റഹീമിനെയും കൈവെടിഞ്ഞപ്പോള്‍ പുഷ്പങ്ങള്‍ പോലും മയ്യിത്തായിത്തീരുന്നു.
ഈ അവസ്ഥ മാറാന്‍ ദൈവം അനുഗ്രഹിക്കട്ടെ. സത്യം പറയുക. ധൈര്യമായി. ഒരുപക്ഷേ, സത്യം പറയുന്ന അവസാനത്തെ ആളുകള്‍ നമ്മളാണെങ്കില്‍ നമുക്ക് ദൈവത്തോടു മാത്രമേ ബാധ്യതയുള്ളൂ. അക്രമികളോടല്ല. നിങ്ങള്‍ക്കു നന്ദി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x