20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

വിദ്യാഭ്യാസ സഹായവുമായി നിരവധി സ്‌കോളര്‍ഷിപ്പുകള്‍

എം പി മുജീബുറഹ്മാന്‍

തുടര്‍പഠനം ആഗ്രഹിക്കുന്ന കൂട്ടികള്‍ക്ക്, പ്രത്യേകിച്ച് സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസകരവും പ്രചോദനവുമാണല്ലോ സ്‌കോളര്‍ഷിപ്പുകള്‍. മിക്ക സ്‌കോളര്‍ഷിപ്പുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കേണ്ട സമയമാണിത്. പ്രധാനപ്പെട്ട ചില സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധമായ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. കോവിഡ് സാഹചര്യത്തില്‍ നിബന്ധനകളില്‍ മാറ്റം വരാനും തുകകളില്‍ വ്യത്യാസം വരാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന കാര്യം ഓര്‍ക്കുമല്ലോ.

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്
www.scholarships.gov.in
സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കാണ് പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. മുന്‍ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി വിജയിച്ച, രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരായിരിക്കണം അപേക്ഷകര്‍. ഒരു കുടുംബത്തിലെ 2 കുട്ടികള്‍ക്ക് മാത്രമേ അപേക്ഷിക്കുവാന്‍ പാടുള്ളൂ. സ്‌കൂള്‍ പ്രധാനാധ്യാപകനാണ് അപേക്ഷ നല്‍കേണ്ടത്. ലഭിക്കുന്ന തുക: 1 മുതല്‍ 5 വരെ 1000 രൂപ. 6 മുതല്‍ 10 വരെ 5000 രൂപ. ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് 6000 രൂപ. 30% സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു.

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്
www.scholarships.gov.in
ഹയര്‍ സെക്കണ്ടറി, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങി ഉന്നത പഠന രംഗത്ത് സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍/എയ്ഡഡ്/ മറ്റു അംഗീകൃത സ്ഥാപനങ്ങളില്‍ ഒന്നാംവര്‍ഷ പ്രവേശനം നേടിയ പിന്നോക്ക വിഭാഗങ്ങളില്‍ (മുസ്‌ലിം/ ക്രിസ്ത്യന്‍/ ബുദ്ധ/ സിക്ക്/ സ്വരാഷ്ട്രീയന്‍സ്/ പാഴ്‌സി) പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി വിജയിച്ചവരായിരിക്കണം അപേക്ഷകര്‍. കുടുംബ വാര്‍ഷികവരുമാനം 1 ലക്ഷം കവിയാന്‍ പാടില്ല. ലഭിക്കുന്ന തുക: പ്ലസ്‌വണ്‍/ പ്ലസ്ടു -ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 10,800 രൂപ അല്ലാത്തവര്‍ക്ക് 9,300 രൂപ. പ്ലസ് വണ്‍ /പ്ലസ് ടു ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍- ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 13,800 രൂപ അല്ലാത്തവര്‍ക്ക് 12,300 രൂപ. ബിരുദ-ബിരുദാനന്തര കോഴ്‌സ്- ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 8,700 രൂപ അല്ലാത്തവര്‍ക്ക് 6,000 രൂപ. എം ഫില്‍/ പി എച്ച് ഡി -ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് മാസത്തില്‍ 1200 രൂപ അല്ലാത്തവര്‍ക്ക് 550 രൂപ.

നാഷണല്‍ മീന്‍സ് കം മെറിറ്റ്സ് ‌കോളര്‍ഷിപ്പ് (എന്‍ എം എം എസ് )
www.scert.kerala.gov.in
www.scholarships.gov.in
കേരളത്തിലെ ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി എസ് സി ഇ ആര്‍ ടി നല്‍കുന്നതാണ് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരെ കണ്ടെത്തുന്നത്. കേന്ദ്രീയ വിദ്യാലയ, ജവഹര്‍ നവോദയ, സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. കുടുംബവാര്‍ഷിക വരുമാനം ഒന്നര ലക്ഷത്തില്‍ കവിയാന്‍ പാടില്ല. സ്‌കോളര്‍ഷിപ്പ് തുക: 12000 രൂപ

മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്
www.scholarships.gov.in
ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളുടെ പഠനത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. ബിരുദ/ ബിരുദാനന്തര/ ടെക്‌നിക്കല്‍/ പ്രഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഹയര്‍ സെക്കന്ററി/ ബിരുദ തലത്തില്‍ 50% മാര്‍ക്ക് വാങ്ങിയിരിക്കണം.

ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്
www.kshec.kerala.gov.in
www.scholarships.gov.in
സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്റ്/എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലോ യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ എയ്ഡഡ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും സമാനമായ കോഴ്‌സുകള്‍ക്ക് ഐ എച്ച് ആര്‍ ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്നതാണ്് ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ അര്‍ഹരല്ല. സ്‌കോളര്‍ഷിപ്പ് തുക: ബിരുദ പഠനത്തിന് ഒന്നാം വര്‍ഷം 12,000 രൂപ, രണ്ടാംവര്‍ഷം 18,000 രൂപ, മൂന്നാം വര്‍ഷം 24,000 രൂപ. ബിരുദാനന്തര തലത്തില്‍ തുടര്‍ പഠനത്തിന് ഒന്നാംവര്‍ഷം 40,000 രൂപ, രണ്ടാം വര്‍ഷം 60,000 രൂപ. അപേക്ഷയുടെ പ്രിന്റ്ഔട്ടും മറ്റ് അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.

ഡിസ്ട്രിക്റ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്
www.dcescholarshipkerala.gov
എസ് എസ് എല്‍ സി സംസ്ഥാന സിലബസില്‍ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച് തുടര്‍പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പ്രതിവര്‍ഷം 1250 രൂപയാണ് തുക. തുടര്‍വിദ്യാഭ്യാസത്തില്‍ 50% മാര്‍ക്ക് വാങ്ങി പാസ്സാകുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരുന്ന 7 വര്‍ഷം വരെ സ്‌കോളര്‍ഷിപ്പ് പുതുക്കാവുന്നതാണ്.

സുവര്‍ണ ജൂബിലി സ്‌കോളര്‍ഷിപ്പ്
www.dcescholarshipkerala.gov
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെയും യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റുകളിലെയും ഒന്നാം വര്‍ഷ ബിരുദ/ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പാണ് സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരായിരിക്കണം അപേക്ഷകര്‍. മുന്‍വര്‍ഷം പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം.

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്
www.dcescholarshipkerala.gov
റെഗുലര്‍ പഠനം വഴി ബിരുദ/ ബിരുദാനന്തര പ്രഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ്. മുന്‍ വര്‍ഷ പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ കവിയാന്‍ പാടില്ല. ബിരുദ പഠനത്തിന് പ്രതിവര്‍ഷം 10000 രൂപയും ബിരുദാനന്തര പഠനത്തിന് 20000 രൂപയും സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കും. പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് ആദ്യ മൂന്നു വര്‍ഷം 1000 രൂപ മാസത്തിലും അവസാന വര്‍ഷങ്ങളില്‍ 2000 രൂപ മാസത്തിലും അനുവദിക്കും. 50% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.

ഇന്‍സ്‌പെയര്‍ സ്‌കോളര്‍ഷിപ്പ്
www.inspiredst.gov.in
http://online-inspire.gov.in
കേന്ദ്രസര്‍ക്കാരിനു കീഴില്‍ ശാസ്ത്ര വിഷയങ്ങള്‍ക്ക് ഉന്നത പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. ശാസ്ത്ര വിഷയങ്ങളിലെ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികളില്‍ താഴെ പറയുന്ന ഏതെങ്കിലും യോഗ്യത നേടിയവര്‍ക്കാണ് അര്‍ഹത.
12-ാം ക്ലാസ് പരീക്ഷയില്‍ ഉന്നത മാര്‍ക്ക് കരസ്ഥമാക്കിയ ഒരു ശതമാനത്തില്‍ ഉള്‍പ്പെട്ടവര്‍ (ശാസ്ത്ര വിഷയങ്ങളില്‍ ബി എസ് സി അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് എം എസ് സിക്ക് ചേര്‍ന്നിരിക്കണം).
അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന എഞ്ചിനീയറിംഗ്/ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ 10,000 ല്‍ ഉള്‍പ്പെട്ടവര്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ആറ്റമിക് എനര്‍ജി സെന്റര്‍ ഫോര്‍ ബേസിക് സയന്‍സ് (യൂനിവേഴ്‌സിറ്റി ഓഫ് മുംബൈ) തുടങ്ങിയ സ്ഥാപനങ്ങളിലൊന്നില്‍ പ്രവേശനം നേടിയവര്‍
കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന, നാഷനല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ, ജഗദീഷ് ബോസ് നാഷനല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് എന്നിവയിലേതിലെങ്കിലും വിജയിയോ ശാസ്ത്ര ഒളിമ്പ്യാഡ് മെഡല്‍ ജേതാവോ ആയവരും ശാസ്ത്ര വിഷയങ്ങളിലെ ബി എസ് സി അല്ലെങ്കില്‍ എം എസ് സി കോഴ്‌സിന് പ്രവേശനം നേടാനാഗ്രഹിക്കുന്നവരുമായ വിദ്യാര്‍ഥികള്‍. വര്‍ഷത്തില്‍ 80,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കും.

പ്രതിഭാ സ്‌കോളര്‍ഷിപ്പ്
www.kcste.kerala.gov.in
ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 90% മാര്‍ക്ക് ലഭിച്ച് ബി എസ് സി ബേസിക് സയന്‍സിലോ നാച്വറല്‍ സയന്‍സിലോ അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ബിരുദത്തിന് 75% മാര്‍ക്ക് വാങ്ങിയാല്‍ ബിരുദാനന്തര ബിരുദത്തിനും അപേക്ഷിക്കാം. തുക: ബിരുദത്തിന് ഒന്നാം വര്‍ഷം 12000 രൂപ, രണ്ടാം വര്‍ഷം 18000 രൂപ, മൂന്നാം വര്‍ഷം 24000 രൂപ. ബിരുദാനന്തര ബിരുദത്തിന് ഒന്നാം വര്‍ഷം 4000 0രൂപ, രണ്ടാംവര്‍ഷം 60000 രൂപ. 50% പെണ്‍കുട്ടികള്‍ക്കും 10% പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും സംവരണമുണ്ട്.

സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പ്
http://kssm.ikm.in/
മാതാവോ പിതാവോ രണ്ട് പേരുമോ മരണപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കേരളാ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പാണ് സ്‌നേഹപൂര്‍വം. വിദ്യാര്‍ഥികളില്‍ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല. വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേധാവികള്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരോ വരുമാന പരിധി 22,375 ല്‍ കവിയാത്തവരോ ആവണം. സ്‌കോളര്‍ഷിപ്പ് തുക (പ്രതിവര്‍ഷം): ഒന്നു മുതല്‍ അഞ്ച് വരെ 3000 രൂപ. ആറ് മുതല്‍ പത്ത് വരെ 5000 രൂപ. പ്ലസ് വണ്‍, പ്ലസ് ടു 7500 രൂപ. ബിരുദം 10000 രൂപ.`

Back to Top