1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ ഉറവ വറ്റാതിരിക്കട്ടെ

സി കെ റജീഷ്

ബംഗളൂരുവിലെ ഒരു ഓട്ടോറിക്ഷാ തൊഴിലാളി. ദരിദ്ര കുടുംബത്തില്‍ പെട്ടയാള്‍. സാധുക്കളെ സഹായിക്കുന്നതില്‍ തല്‍പരന്‍. തെരുവിലലയുന്ന നിരാലംബര്‍ക്ക് അത്താണി.
ഒരിക്കല്‍ നഗരത്തിലൂടെ സഞ്ചരിക്കവേ തെരുവോരത്ത് ഒരു വയോധികനെ കണ്ടു. രോഗിയാണയാള്‍. മുഷിഞ്ഞ വേഷം. മുടി ജഡ കുത്തിയിട്ടുണ്ട്. കാലിന് മുറിവുകളുണ്ട്. ഓട്ടോ തൊഴിലാളിയുടെ മനസ്സലിഞ്ഞു. അയാളെ വണ്ടിയില്‍ കയറ്റി. തന്റെ കൊച്ചുവീട്ടില്‍ അതിഥിയായി പാര്‍പ്പിച്ചു. മുടി വെട്ടി കുളിപ്പിച്ച് മുറിവുകളൊക്കെ കെട്ടിക്കൊടുത്തു. ഭക്ഷണവും വസ്ത്രവും നല്‍കി. വയോധികന്റെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. അയാള്‍ക്ക് അഭയം നല്‍കാന്‍ കഴിഞ്ഞതില്‍ ഓട്ടോ തൊഴിലാളിക്ക് നിറഞ്ഞ മനസംതൃപ്തി.
ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആ തൊഴിലാളി പുതിയൊരു സംരംഭത്തിന് തുടക്കമിട്ടു. നിരാലംബര്‍ക്കുള്ള അഭയകേന്ദ്രമായിരുന്നു അത്. ‘ന്യൂ ആര്‍ക്ക് മിഷന്‍ ഓഫ് ഇന്ത്യ’ എന്ന പേരില്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തില്‍ ഇന്ന് 750 അന്തേവാസികളുണ്ട്. കര്‍ണാടക സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഒരു ഏക്കര്‍ ഭൂമിയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ഈ ഓട്ടോ തൊഴിലാളി. മനുഷ്യരുടെ സ്‌നേഹപ്രകടനങ്ങളില്‍ മിക്കപ്പോഴും സ്വാര്‍ഥതയുടെ സ്വാഭാവിക കണികകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. തിരിച്ച് കിട്ടുന്ന സ്‌നേഹത്തോടാണ് നാം കൂടുതല്‍ മമത കാണിക്കുന്നത്. ഇഹത്തില്‍ യാതൊരു പ്രതിഫല സാധ്യതയുമില്ലാതെ സ്‌നേഹിക്കാന്‍ ആര്‍ദ്രത ആദര്‍ശമാക്കിയവര്‍ക്കേ കഴിയൂ. അവരുടെ സ്‌നേഹത്തണലിലാണ് നിരാലംബര്‍ പുതിയ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടുന്നത്.
അനുവദിക്കപ്പെട്ട ആയുസ്സിനപ്പുറത്തേക്ക് നമുക്ക് ഇവിടെ ജീവിതമില്ല. ഈ ചുരുക്കായുസ്സില്‍ ഒരാളുടെയെങ്കിലും സന്തോഷത്തിന് നാം കാരണമായാല്‍ അത് നല്‍കുന്ന ആത്മനിര്‍വൃതി അവാച്യമാണ്.
സ്വീഡനില്‍ പ്രസിദ്ധമായ ഒരു വഴിയമ്പലമുണ്ട്. അതിന് ചുറ്റും മനോഹരമായ പൂന്തോട്ടമാണ്. അതിന് മുമ്പില്‍ ഒരു ശിലാഫലകത്തില്‍ ഇങ്ങനെ എഴുതിട്ടുമുണ്ട്: ”ഇവിടെ വരുന്നവര്‍ക്ക് സന്തോഷം ഉണ്ടാകും; എന്നാല്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കണം.”
മറ്റൊരാള്‍ക്ക് സന്തോഷം നല്‍കാനുള്ള സന്മനസ്സ് നമുക്കില്ലെങ്കില്‍ സന്തോഷത്തിന്റെ വലിയ ലോകം നമുക്കും അന്യമാണെന്ന് ചുരുക്കം.
ദുരിതക്കയത്തില്‍ കഴിഞ്ഞുകൂടുന്ന നിരവധി പേരുണ്ട്. നാം നല്‍കുന്ന ചെറിയ കൈത്താങ്ങായിരിക്കാം നോവുന്ന മനസ്സിനുള്ള ഔഷധം. ഓടി നടക്കുന്ന നാം ഓട്ടം നിലച്ചവരുടെ നിലവിളി കേള്‍ക്കുമ്പോഴേ അനുകമ്പ നമ്മിലുണ്ടാകൂ. സങ്കടക്കടലില്‍ ഉള്ളുരുകി കഴിയുന്നവര്‍ക്ക് കേള്‍ക്കേണ്ടത് നമ്മുടെ സാന്ത്വന വാക്കുകള്‍ മാത്രമല്ല. അവര്‍ കൊതിക്കുന്നത് സഹജഭാവത്തോടെയുള്ള നമ്മുടെ സ്‌നേഹപ്രവൃത്തികളാണ്.
സേവനം ജീവിത വ്രതമാക്കിയ മദര്‍ തെരേസയുടെ വാക്കുകള്‍ ഓര്‍ത്തുപോകുന്നു. ”ദുരിതമനുഭവിക്കുന്നവരെ നോക്കി നിങ്ങള്‍ക്ക് സഹതപിക്കാം. അവരെ സമാശ്വസിപ്പിക്കാം. അതിലുപരി സ്‌നേഹശുശ്രൂഷക്ക് നിങ്ങള്‍ സന്നദ്ധമാകുമ്പോഴേ നിങ്ങളിലെ മനുഷ്യത്വം ഉണരുന്നുള്ളൂ.”
സ്‌നേഹം എന്ന പദത്തിന്റെ ക്രിയാരൂപമായിരുന്നു തിരുനബി(സ)യുടെ ജീവിതം. ഒരിക്കല്‍ നബി(സ)യുടെ അരികില്‍ ഒരാള്‍ വന്നു. കഷ്ടപ്പാടിന്റെ കദനകഥകള്‍ നിരത്തി. നബി(സ) ക്ഷമയോടെ എല്ലാം കേട്ടു. വീട്ടില്‍ എന്താണ് ഉള്ളത് എന്ന് ചോദിച്ചു. ആകെയുള്ളത് ഒരു പുതപ്പ് മാത്രമായിരുന്നു. അതു കൊണ്ടുവരാന്‍ പറഞ്ഞു. ആ പുതപ്പ് വിറ്റ് ഒരു മഴു വാങ്ങിക്കൊടുത്തു. കാട്ടില്‍ പോയി വിറക് ശേഖരിച്ച് വിറ്റ് ജീവിതമാര്‍ഗം കണ്ടെത്താന്‍ പറഞ്ഞു.
അധ്വാനത്തിന്റെ വഴിയിലൂടെ ആത്മസംതൃപ്തി നേടി. നിരാലംബരോടുള്ള സ്‌നേഹമെന്നത് സഹായവും സാന്ത്വനവും മാത്രമല്ല, ആത്മാഭിമാനമുള്ള ജീവിതത്തിലേക്ക് അവരെ പ്രാപ്തരാക്കുക കൂടിയാണെന്ന് മുഹമ്മദ് നബി(സ) നമ്മെ പഠിപ്പിച്ചു.
ഉപാധിയില്ലാത്ത സ്‌നേഹം നമ്മിലും ഉറവ വറ്റാതിരിക്കുമ്പോള്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് പോലും പുതുജീവിതത്തിലേക്ക് പിച്ചവെക്കാനാവും

Back to Top