ആത്മവിശ്വാസത്തിന്റെ ജ്വാല
സി കെ റജീഷ്
വിക്കി വിക്കി സംസാരിക്കുന്ന ഒരു കുട്ടി. സ്‌കൂളില്‍ പോവാന്‍ അവന് മടിയാണ്. അവന്റെ സംസാരം കേട്ടാല്‍ ക്ലാസിലുള്ള കൂട്ടുകാരെല്ലാം ചിരിക്കും. സങ്കടപ്പെട്ടിരിക്കുന്ന കുട്ടിയോട് വാത്സല്യനിധിയായ അമ്മ ഒരിക്കല്‍ പറഞ്ഞു: ‘നീ എത്ര സുന്ദരനാണ്, എത്ര കഴിവുള്ളവനാണ്, വിക്ക് കൊണ്ടൊന്നും നീ തളരരുത്’.
കന്യാസ്ത്രീകളായ സ്‌കൂളിലെ അധ്യാപകരും അവന് ആത്മവിശ്വാസം പകര്‍ന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ അവന്‍ കണ്ണാടിയുടെ മുമ്പിലാണ്. നീണ്ട വാചകങ്ങള്‍ കണ്ണാടിയില്‍ നോക്കി ഉച്ചത്തില്‍ പറയും. വീട്ടില്‍ ഈ സംസാര പരിശീലനം തുടര്‍ന്നു. വിക്ക് പൂര്‍ണമായി മാറി. പഠനകാല ഘട്ടത്തില്‍ തന്നെ അറിയപ്പെടുന്ന പ്രസംഗ പരിശീലകനായി മാറി.
പിന്നീട് പാര്‍ലമെന്റ് അംഗമായി. ഇപ്പോഴിതാ പ്രസിഡന്റ് പദവിയിലുമെത്തിയിരിക്കുന്നു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്റെ കുട്ടിക്കാലത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. മാതാപിതാക്കളും അധ്യാപകരും നല്‍കിയ ആത്മവിശ്വാസത്തിന്റെ കൈത്തിരിയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ജോബൈഡന്‍ എപ്പോഴും പറയാറുണ്ട്.
നമ്മളില്‍ അന്തര്‍ലീനമായ ഒരു വ്യക്തിത്വമുണ്ട്. നന്മയുടെ വഴിയില്‍ അതിനെ പാകപ്പെടുത്തിയെടുക്കേണ്ടത് നാം തന്നെയാണ്. നമുക്ക് നമ്മെപ്പറ്റിയുള്ള മതിപ്പാണ് ആദ്യം വേണ്ടത്. ആത്മാഭിമാനം ആന്തരികമായ പ്രചോദനത്തിന്റെ ശക്തിയാണ്. ചിലപ്പോഴെങ്കിലും നാം ജീവിത വഴികളില്‍ കാലിടറിയേക്കാം. പരാജയത്തിന്റെ കൈപ്പുനീര്‍ ചിലപ്പോള്‍ കുടിക്കേണ്ടതായി വരും. അപ്പോഴും ‘എനിക്ക് കഴിയും’ എന്ന സ്വയം പ്രചോദനത്തിന്റെ വാക്ക് നമ്മുടെയുള്ളില്‍ നിന്നുയരണം.
ആത്മാഭിമാനം നമ്മുടെ കൂടെയുണ്ടായാല്‍ ആഗ്രഹങ്ങള്‍ തീരുമാനങ്ങളായി മാറും. പരിമിതികള്‍ക്കിടയിലും സാധ്യകളെ സ്വപ്‌നം കണ്ട് നാം ചുവടുകള്‍ വെക്കും. വെല്ലുവിളികളെ അവസരങ്ങളായി അഭിമുഖീകരിക്കാനും നമുക്ക് കഴിയും. നമ്മുടെയുള്ളില്‍ രൂപം കൊള്ളുന്ന ആശയങ്ങളും സങ്കല്പങ്ങളുമുണ്ട്. ആത്മവിശ്വാസവും സ്ഥിരോത്സാഹവുമുണ്ടെങ്കില്‍ നേട്ടങ്ങളായി നമുക്കവയെ സാക്ഷാത്കരിക്കാം.
തന്റെ പുരയിടത്തില്‍ മത്തങ്ങ കൃഷി ചെയ്തിരുന്ന കര്‍ഷകന്റെ ഒരു കഥയുണ്ട്. വള്ളിയില്‍ തൂങ്ങി പടര്‍ന്നുപിടിച്ച മത്തങ്ങ അയാള്‍ ഒരു ചില്ലുഭരണിയില്‍ ഇറക്കിവെച്ചു. മത്തങ്ങ വിളഞ്ഞു. അപ്പോള്‍ അതിന്റെ ആകൃതിയും വലിപ്പവും ഈ ഭരണിയുടേതുപോലെയായിരുന്നു. ഭരണിയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് മത്തങ്ങ വളര്‍ന്നില്ല. ആത്മാഭിമാനം കൊണ്ട് നാം വരച്ചിടുന്ന സങ്കല്പവൃത്തമാണ് നമ്മുടെ സ്വപ്‌നലോകം.
ആത്മവിശ്വാസത്തിന്റെ വെള്ളവും വളവും നല്‍കിയാലേ ആ സ്വപ്‌നങ്ങള്‍ക്ക് സാഫല്യമുണ്ടാകൂ. വിഖ്യാതനായ അറബി കഥാകൃത്ത് മഹ്മൂദ് തൈമൂര്‍ രചിച്ച മനോഹരമായ ഒരു ചെറുകഥയാണ് ട്രാഫീക് പോലീസ് (ശുര്‍ത്വിയ്യ് മുറുര്‍)
പക്ഷാഘാതം പിടിപെട്ട് ഇരുകാലുകളും തളര്‍ന്നുപോയ ഹമ്മൂദ എന്ന ബാലന്റെ കഥയാണിത്. മാതാപിതാക്കളുടെ സ്‌നേഹത്തണല്‍ ലഭിക്കാത്ത കുട്ടിയാണ് അവന്‍. ട്രാഫിക് പോലീസുകാരനാകണമെന്നതാണ് ഹമ്മൂദയുടെ ജീവിതാഭിലാഷം. തിരക്കുള്ള നഗരത്തില്‍ പോലീസുകാരന്റെ വേഷമണിഞ്ഞ് താന്‍ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഒരു ദിനം വരുമെന്ന് അവന്‍ സ്വപ്‌നം കണ്ടു. തളര്‍വാതം പിടിപെട്ട കുട്ടി പോലീസുകാരനായാല്‍ ആ റോഡിന്റെ കാര്യം കഷ്ടമെന്ന് ഒരു പയ്യന്‍ പരിഹസിച്ചു. എന്നാലിത് ഹമ്മൂദയിലെ പോരാട്ട വീര്യം ഉണര്‍ത്തി. നിശ്ചയദാര്‍ഢ്യത കൊണ്ട് അവന്‍ ട്രാഫിക് പോലീസുകാരനായി എന്നതാണ് കഥ.
ചില അനുഭവങ്ങള്‍ ഒട്ടും നമുക്ക് ആനന്ദകരമാകില്ല. അപ്പോള്‍ ജീവിതത്തിന്റെ ഗോദയില്‍ നാമൊരു പോരാളിയാണെന്നോര്‍ത്താല്‍ മതി. ഒരു നദിയും കല്ലില്‍ തട്ടിയതിന്റെ പേരില്‍ ഒഴുക്ക് അവസാനിപ്പിക്കാറില്ലല്ലോ. വഴിമാറി ഒഴുകുകയേയുള്ളൂ. ജീവിത ഗോദയില്‍ നാം വീണുപോയാലും വിത്തായി വളരുകയാണ് വേണ്ടത്, ജഡമായി അടിയുകയല്ല. അപ്പോള്‍ ഓരോ വീഴ്ചയും ഉയര്‍ച്ചയിലേക്കുള്ള പടവുകളായി മാറും.