ആശയങ്ങള്‍കൊണ്ട് ലോകം നെയ്‌തെടുക്കാം
സി കെ റജീഷ്
ഒരു പരിശീലന ക്ലാസില്‍ പങ്കെടുത്ത അനുഭവമാണ്. ”നിങ്ങളുടെ കാഴ്ചപ്പാടില്‍ ഏറ്റവും വലിയ ദാരിദ്ര്യം എന്താണ്?” – ട്രെയിനറുെട ആദ്യ ചോദ്യം.
ഭക്ഷ്യദാരിദ്ര്യം, സ്‌നേഹ ദാരിദ്ര്യം, നേതൃദാരിദ്ര്യം എന്നിങ്ങനെ വ്യത്യസ്ത ഉത്തരങ്ങളാണ് ഓരോരുത്തരും എഴുതിയത്. ഒരാള്‍ എഴുതിയത് ആശയദാരിദ്ര്യം എന്നായിരുന്നു. അത് ശരിവെച്ചുകൊണ്ട് ട്രെയിനര്‍ പറഞ്ഞു:
”നാമനുഭവിക്കുന്ന ഏത് ദാരിദ്ര്യവും ഗൗരവമര്‍ഹിക്കുന്നത് തന്നെയാണ്. അതില്‍ നിന്നൊക്കെ മോചനത്തിന്റ വഴി തെളിയുന്നത് നല്ല ആശയങ്ങളുടെ പ്രയോഗവല്‍ക്കരണത്തിലൂടെയാണ്. അറിവും അനുഭവങ്ങളും സുചിന്തയുമാണ് നല്ല ആശയങ്ങളുടെ ഉറവിടം. ഭക്ഷ്യദാരിദ്ര്യം ലോകത്ത് ദുരിതം വിതയ്ക്കുമ്പോള്‍ പട്ടിണി മാറ്റാനുള്ള ആശയം പിറവികൊള്ളണം. അത് പ്രയോഗവത്കരിക്കാനുള്ള വഴിതെളിയണം.”
വൈഭവങ്ങളുടെ വൈവിധ്യം കൊണ്ട് സമ്പന്നരാണ് മനുഷ്യര്‍. പുതിയതിനെ കണ്ടെത്താനും പ്രശ്‌നങ്ങളെ പരിഹരിക്കാനുമുള്ള വ്യഗ്രത മനുഷ്യനുണ്ട്. പുരോഗതിയിലേക്ക് പാദമൂന്നിയാണ് ചുവടുകളോരോന്നും അവന്‍ വെക്കുന്നത്. ജീവിത യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെട്ടും പാകപ്പെട്ടും തുടരുകയാണ് നമ്മുടെ ഈ യാത്ര. അറിവും അനുഭവങ്ങളും നല്‍കുന്ന ഉള്‍ക്കാഴ്ചയാണ് നമ്മുടെ പാഥേയം. സദ്ചിന്തയുടെ ആശയവാഹകരാവാന്‍ സാധിച്ചാല്‍ നമ്മുടെ ജീവിതം സ്വാര്‍ഥകമാവും. മറ്റുള്ളവരുടെ ജീവിതത്തിന്റെ സ്വാധീന ശക്തിയായി നമുക്ക് ഇടം നേടാനും കഴിയും. നല്ല ആശയങ്ങളുടെ സ്രോതസ്സുകളായ ചിന്തകന്മാരാണ് സമൂഹത്തിന്റെ അമരക്കാരായി അറിയപ്പെട്ടത്. അമേരിക്കന്‍ വ്യവസായിയായ ഹെന്റിഫോര്‍ഡ് ഇങ്ങനെ എഴുതിയിട്ടുണ്ട്. ”ചിതറിയ ചിന്തകളില്‍ നിന്ന് ഉദയം കൊണ്ട ആശയങ്ങള്‍ ചായം തേച്ച് സുന്ദരമായി പടുത്തുയര്‍ത്തിയതാണ് നമ്മുട ഈ ലോകം. ഇവിടെയുള്ള നിങ്ങളുടെ വാസം ഒരു ദിവസം മാത്രമാണെങ്കിലും ഒരു സദ്ചിന്തയെങ്കിലും സംഭാവന ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കണം. അതുമല്ലെങ്കില്‍ നല്ല ആശയങ്ങളുടെ പ്രയോഗവല്‍ക്കരണത്തില്‍ നിങ്ങളുടേതായ കൈയൊപ്പുണ്ടായിരിക്കണം.”
ഇതര ജീവികളെ അപേക്ഷിച്ച് മനുഷ്യന് ശാരീരികമായ ബലഹീനതകളേറെയുണ്ട്. പുള്ളിപ്പുലിയേക്കാള്‍ വേഗത്തില്‍ ഓടാനും കഴിയില്ല. കുരങ്ങനെപ്പോലെ മരം കയറുവാനും അവന് കഴിയില്ല. എങ്കിലും ചിന്താശേഷി അവന് മാത്രമുള്ള സവിശേഷതയാണ്. ഈ സിദ്ധിയുടെ സ്വാധീനശക്തിയാണ് അവന്റെ നേട്ടങ്ങളുടെയെല്ലാം നിദാനം. മനുഷ്യന്റെ സദ് ചിന്തകൊണ്ട് മറ്റൊരാളെ സല്‍കൃത്യത്തിലേക്ക് വഴിനടത്താനാവും. അത് അനേകം പേരിലേക്ക് പടരുന്ന നന്മ മരമായി പരിലസിക്കാന്‍ അധിക സമയം വേണ്ടിവരില്ല. നന്മ പ്രവര്‍ത്തിച്ചവന്റേത് പോലെയുള്ള പ്രതിഫലം നന്മയിലേക്ക് വഴികാട്ടിയായവനുമുണ്ട്. നബി(സ) തിരുമേനി പറഞ്ഞതിന്റെ പൊരുളുമതാണ്.
ചിന്തയുടെ വ്യവഹാരങ്ങളില്‍ വിഹരിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യമനസ്സിനെ വിളഭൂമിയോട് ഉപമിക്കാറുണ്ട്. വിത്ത് വിതയ്ക്കുന്നതിനനുസരിച്ചാണ് അതിലെ വിളവെടുപ്പ്. സദ്ചിന്തയുടെ വിത്ത് വിതച്ചാല്‍ സുകൃതങ്ങള്‍ കൊണ്ട് സമ്പന്നമായൊരു ജീവിതം നമ്മെ സന്തോഷിപ്പിക്കും. അതിന്റെ സദ്ഫലങ്ങളാകട്ടെ നമ്മുടെ പരിചയ വൃത്തത്തില്‍ പെടാത്തവരിലേക്ക് പോലും പടരും. എന്നാല്‍ പുല്ലും കളയും പറിക്കാതെ അതിനെ പരിപാലിച്ചില്ലെങ്കില്‍ അത് പാഴായിപ്പോകും. വിത്ത് വിതച്ചാലും ഇല്ലെങ്കിലും ചിലതെല്ലാം അതില്‍ മുളച്ചു വരും. അതുകൊണ്ട് സദ്ചിന്തയുടെ വിത്ത് വിതയ്ക്കാനുള്ള കരുതലുണ്ടവണം. നന്മയിലേക്ക് മനസ്സിനെ ചേര്‍ത്തുവെക്കാവുന്ന പുസ്തകങ്ങള്‍, യാത്രകള്‍, സൗഹൃദങ്ങള്‍ ഇവയെല്ലാം സദ്ചിന്തയുടെ വിത്ത് നമ്മുടെയുള്ളില്‍ വിതയ്ക്കും. ഫലസമൃദ്ധമായ നന്മയുള്ള ഭാവി ജീവിതത്തെ ശോഭനമാക്കും.