3 Friday
January 2025
2025 January 3
1446 Rajab 3

വിജയത്തിലേക്കുള്ള വഴിദൂരം

സി കെ റജീഷ്


പ്രശസ്തനായ ഒരു ചിത്രകാരനോട് ഒരു സ്ത്രീ തന്റെ ചിത്രം വരക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം മൂന്ന് മിനിറ്റ് കൊണ്ട് ചിത്രം വരച്ച് നല്‍കി. അവള്‍ ചോദിച്ചു: ഇതിന് എന്താണ് വില? ചിത്രകാരന്‍: മൂന്ന് ലക്ഷം രൂപ. അവള്‍ അത്ഭുതത്തോടെ ചോദിച്ചു: മൂന്ന് മിനുറ്റ് കൊണ്ട് വരച്ച ചിത്രത്തിന് മൂന്ന് ലക്ഷം രൂപയോ? ചിത്രകാരന്‍: വരച്ച മൂന്ന് മിനിറ്റിന്റെ തുകയല്ല അത്; ഞാനിങ്ങനെ ആയിത്തീരാന്‍ എടുത്ത മുപ്പത് വര്‍ഷത്തിന്റെ വിലയാണ്!
കര്‍മനൈരന്തര്യത്തിലൂടെ മാത്രമേ നമ്മുടെ കഴിവുകള്‍ കൂടുതല്‍ മികവുകളിലേക്ക് എത്തുകയുള്ളൂ. ലക്ഷ്യബോധത്തോടെ എത്ര നാള്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് എത്ര മികവോടെ നിലനില്‍ക്കുന്നുവെന്നതിന്റെ ആധാരം. ഒരു തവണ വിജയിക്കണമെങ്കില്‍ നൂറ് തവണ പരാജയപ്പെടേണ്ടിവരും. ആയിരം തെറ്റുകള്‍ വരുത്തിയ ശേഷമായിരിക്കും ഒരു ശരിയിലേക്ക് നാമെത്തിച്ചേരുന്നത്. അവസാനത്തെ ശരി കാണാനും അഭിനന്ദിക്കാനും ആളുകള്‍ ഏറെയുണ്ടാവും. എന്നാല്‍ പരാജയങ്ങളുടെ സങ്കടക്കടലില്‍ നീന്തിക്കയറിയ നിമിഷങ്ങള്‍ വിലയിടാന്‍ കാഴ്ചക്കാര്‍ക്ക് കഴിയില്ല.
തോമസ് ആല്‍വ എഡിസണെ അറിയില്ലേ? ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍. എഡിസണും കൂട്ടുകാരും ഫിലമെന്റ് കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. ആയിരത്തോളം പരീക്ഷണങ്ങള്‍ നടത്തി. ഒന്നും ഫലവത്തായില്ല. നിരാശരായ സുഹൃത്തുക്കള്‍ എഡിസനോട് പറഞ്ഞു: നമുക്കിത് നിര്‍ത്താം. നമ്മുടെ ശ്രമം വിഫലമാണ്. എഡിസണ്‍ പിന്മാറാന്‍ തയ്യാറായില്ല. അദ്ദേഹം പറഞ്ഞു: നമ്മുടെ ഒരു ശ്രമവും പാഴായിട്ടില്ല. ഫിലമെന്റ് ഉണ്ടാക്കാന്‍ കഴിയാത്ത ആയിരം മിശ്രിതങ്ങള്‍ നമ്മള്‍ തിരിച്ചറിഞ്ഞു. ഇനിയും ആയിരം പരീക്ഷണങ്ങള്‍ വേണ്ടിവന്നേക്കാം. അവര്‍ ശ്രമം തുടര്‍ന്നു.
റോബിന്‍ ഐലന്റിലെ ഒറ്റ മുറി ജയിലില്‍ 27 വര്‍ഷമാണ് നെല്‍സണ്‍ മണ്ഡേല കഴിച്ചുകൂട്ടിയത്. വര്‍ണവെറിയില്ലാത്ത ദക്ഷിണാഫ്രിക്കയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. വൈകാതെ ജയില്‍ മോചിതനായ മണ്ഡേല പിന്നീട് ആ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുയര്‍ന്നു. പച്ചവെള്ളവും പച്ചിലയും മാത്രം കഴിച്ച് നബി(സ)യും അനുചരരും ശിഅ്ബ് അബീതാലിബ് താഴ്‌വരയില്‍ മൂന്ന് വര്‍ഷമാണ് കഴിച്ചുകൂട്ടിയത്. പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷയുടെ തുരുത്ത് സ്വപ്‌നം കാണാന്‍ അവര്‍ക്കായി.
പിഴവുകള്‍ മനുഷ്യസഹജമാണ്. അത് തിരിച്ചറിയാനും തിരുത്താനുമുള്ള അവസരമാണ് തോല്‍വികള്‍ സമ്മാനിക്കുന്നത്. പതിയെ പതിയെ അത് വിജയത്തിലേക്ക് നമ്മെ പാകപ്പെടുത്തും. ഓരോ തോല്‍വിയും നമ്മുടെ ബലഹീനതയെയാണ് ബോധ്യപ്പെടുത്തുന്നത്.
പരിമിതികളെ അംഗീരിക്കാനുള്ള പ്രേരണയാണ് പരാജയം നമ്മിലുണ്ടാക്കേണ്ടത്. തോല്‍വി നല്‍കിയ തിരിച്ചറിവിലൂടെ നമ്മുടെ ക്രിയാത്മകതയെ വികസിപ്പിക്കാനാവണം. തോല്‍ക്കാന്‍ മടിയുള്ളവര്‍ക്ക് വിജയിക്കാന്‍ പാട് പെടേണ്ടി വരും. തോല്‍വിയില്‍ നിന്ന് തിരിച്ചറിവുണ്ടാവുന്നവര്‍ക്ക് വിജയത്തിന്റെ വഴി വിദൂരത്താവുകയുമില്ല. അഴുക്ക് വെള്ളം നിറഞ്ഞ് കുഴിയില്‍ വീണുകിടക്കുന്ന തൂവാലയില്‍ എത്ര വെള്ളം കോരിയൊഴിച്ചാലും അത് വൃത്തിയാവില്ല. അഴുക്ക് വെള്ളത്തില്‍ നിന്ന് അത് പുറത്തെടുത്ത് വൃത്തിയാക്കിയിട്ടേ കാര്യമുള്ളൂ. നമ്മുടെ അകത്തുള്ള അഴുക്കാണ് പരാജയത്തിന്റെ ഹേതു. വിജയത്തിന് വിഘാതമായി നില്‍ക്കുന്ന അവയെ തിരിച്ചറിഞ്ഞ് തിരുത്താന്‍ നാം തയ്യാറുണ്ടോ എന്നതാണ് ഓരോ തോല്‍വിയും നമ്മോട് ചോദിക്കുന്നത്.

Back to Top