1 Tuesday
July 2025
2025 July 1
1447 Mouharrem 5

കിളികളോട് കൂട്ടുകൂടിയ കൊക്ക്

സി കെ റജീഷ്

വിളവെടുക്കാറായ പാടത്ത് കിളി ശല്യം കൂടുതലാണ്. കിളികളെ പിടിക്കാന്‍ കര്‍ഷകന്‍ കെണിയൊരുക്കി. പിറ്റേ ദിവസം കെണിയൊരുക്കിയ വലയില്‍ ധാരാളം കിളികളും ഒരു കൊക്കും കുടുങ്ങിയിട്ടുണ്ട്. കൊക്ക് പറഞ്ഞു: ”ഞാനൊരു ധാന്യക്കതിര്‍പോലും തിന്നാറില്ല. മീന്‍ തേടി വന്നതാണ്. കിളികളുടെ കൂടെക്കൂടി വലയ്ക്കകത്ത് പെട്ടുപോയി.”
കര്‍ഷകന്‍ പറഞ്ഞു: ”കിളികള്‍ പിടിക്കപ്പെട്ടത് കതിരുകള്‍ തിന്നതിന്റെ പേരിലാണ്. കിളികളോട് ചങ്ങാത്തം കൂടിയതിന്റെ പേരിലാണ് കൊക്ക് വലയ്ക്കകത്തായത്.”
ജീവിതത്തില്‍ നമുക്ക് കുളിരേകുന്നത് നല്ല സൗഹൃദത്തിന്റെ തണല്‍ മരങ്ങളാണ്. എന്നാല്‍ ചില ചങ്ങാത്തങ്ങളില്‍ ചതിക്കുഴികള്‍ ഒളിഞ്ഞിരിപ്പുണ്ടാവും. അത് തിരിച്ചറിയാനായില്ലെങ്കില്‍ വലയില്‍ അകപ്പെട്ട കൊക്കിനെപ്പോലെയാകും. വളരുന്ന സാഹചര്യങ്ങളിലെ സ്വാധീന ഫലമായി രൂപപ്പെടുന്നതാണ് നമ്മിലുള്ള വ്യക്തിത്വം. ചിന്തകള്‍ ക്രിയാത്മകമാവുന്നത്, ആശയങ്ങള്‍ വികസിക്കുന്നത് സൗഹൃദത്തിന്റെ സ്വാധീനവലയത്തിലാണ്.
ജീവിതത്തില്‍ ഒരിക്കലും ഒറ്റയ്ക്കാവാന്‍ നമുക്ക് കഴിയില്ല. നമ്മുടെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ നിറംപകരാന്‍ കഴിയുന്ന, നമ്മുടെ പ്രശ്‌നങ്ങളോട് തന്മയീഭവിക്കാന്‍ സാധിക്കുന്ന ഒരാളുടെ സാന്നിധ്യമുണ്ടാകുന്നതാണ് ഏറ്റവും വലിയ നേട്ടം. സ്‌നേഹവും സന്തോഷവും പ്രചോദനവുമെല്ലാം ഉള്‍ച്ചേര്‍ന്ന ഒരു വൈകാരിക സമ്പത്തായി സൗഹൃദത്തെ അപ്പോള്‍ നാം അനുഭവിച്ചറിയും. ‘വെളിച്ചത്തിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഒരു സുഹൃത്തുമൊത്ത് ഇരുട്ടിലൂടെ സഞ്ചരിക്കുന്നത്’ എന്ന് പറഞ്ഞത് അന്ധയും ബധിരയുമായ ഹെലന്‍ കെല്ലറാണ്.
ജീവിതത്തില്‍ നാം ആരെയും ആകസ്മികമായി കണ്ടുമുട്ടുന്നില്ല. ഒരോരുത്തരെയും കണ്ടുമുട്ടിയതിന് ഓരോ കാരണങ്ങള്‍ കാണും. അവിചാരിതമായി കടന്നുവരുന്ന സുഹൃദ് ബന്ധങ്ങളുണ്ട്. ചില സൗഹൃദങ്ങളാകട്ടെ, സുകൃതത്തിന്റെ സുഗന്ധം പരത്തി മനസ്സിലിടം നേടും. കൂടെ കൂടുവാനും കൂട്ടത്തില്‍ കൂട്ടുവാനും നോക്കുമ്പോള്‍ കരുതലുണ്ടാവണം. അടുപ്പങ്ങള്‍ക്കും അകലങ്ങള്‍ക്കും ഇടയിലെ വിശ്വാസമായി സൗഹൃദം വേരുപിടിക്കണം. നന്മ മരങ്ങളായി പരിലസിക്കാനുള്ള ജീവിത പരിസരങ്ങളൊരുങ്ങുന്നത് നല്ല ചങ്ങാത്തത്തിലൂടെയാണ്. ചന്ദന മരങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന കാട്ടിലൂടെ ഒഴുകിയെത്തുന്ന കാറ്റ് സുഗന്ധവാഹിയായിരിക്കും. കസ്തൂരി വാഹകന്റെ സാമീപ്യം പോലും സന്തോഷകരമാണ്. ഉലയില്‍ ഊതുന്നവന്റെ അരികില്‍ ഇരിക്കുന്നവനാകട്ടെ ജാഗ്രത കൂടിയേ തീരൂ. അവന്‍ വസ്ത്രം കരിക്കും. അതില്‍ നിന്ന് ദുര്‍ഗന്ധം വമിക്കും. അത്രമേല്‍ അപകടകാരിയാണ് ചീത്ത ചങ്ങാതി. ചങ്ങാത്തത്തിലെ നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ നബി(സ)യുടെ ഈ ഉപമ മതി.
നമ്മുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാനും ചിന്തകളെ പ്രോജ്വലിപ്പിക്കാനും സുഹൃത്തിന് കഴിയണം. ലക്ഷ്യങ്ങളിലും സ്വപ്‌നങ്ങളിലും വ്യത്യസ്തരാണ് ഓരോരുത്തരും. വ്യത്യസ്തരായവരെ അംഗീകരിക്കാനുള്ള വിശാല മനസ്‌കത വേണം. എന്നാല്‍ സ്വന്തം പരിധികള്‍ക്ക് മറ്റുള്ളവരുടെ പരിമിതികള്‍ വിലപറയുന്ന അവസ്ഥയുണ്ടാകരുത്. പരുന്താകാന്‍ ആഗ്രഹിക്കുന്നവര്‍ കോഴിക്കുഞ്ഞുങ്ങളുടെ കൂടെ ചുറ്റിക്കറങ്ങുകയല്ല വേണ്ടത്. ഉയര്‍ന്നു പറക്കാന്‍ ആഗ്രഹിച്ചാലും കൂടെയുള്ള കോഴികള്‍ സമ്മതിക്കില്ല.
പൂച്ചെടികള്‍ ഉണ്ടാക്കാന്‍ നമുക്ക് ചട്ടിയിലെ മണ്ണ് മതി. മാമരങ്ങളാണ് ഉണ്ടാക്കുന്നതെങ്കില്‍ ഭൂമിയിലെ മണ്ണ് വേണമെന്ന് ടാഗോര്‍ പറഞ്ഞിട്ടുണ്ട്. ആരുമില്ലാത്തപ്പോള്‍ അത്താണിയായ ചിലര്‍ നമുക്കുണ്ടാവും. നന്മ ചേര്‍ത്തു നിര്‍ത്തിയവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ നമുക്കാവണം. തണലേകുന്നവന്റെ തണ്ട് മുറിച്ചാല്‍ ചൂടുകൂടും. ഒരിക്കല്‍ മുറിച്ചുകളഞ്ഞ തണ്ട് പിന്നെയൊരിക്കലും തണലാവില്ല.

Back to Top