സമയമെന്ന അമൂല്യസമ്പത്ത്
സി കെ റജീഷ്
മാനേജ്‌മെന്റ് വിദഗ്ധനായ ഐവിലീയോട് സുഹൃത്ത് വന്നു പറഞ്ഞു: ”ജീവിതത്തില്‍ ഒന്നിനും സമയം കിട്ടുന്നില്ല. സമയത്തിന്റെ സമ്മര്‍ദത്താല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നു. ഇതിനൊരു പോംവഴി നിര്‍ദേശിക്കണം.”
ഐവിലീ ഒരു തുണ്ട് കടലാസില്‍ ചില നിര്‍ദേശങ്ങള്‍ എഴുതി നല്കി. എത്രയാണ് ഫീസ് എന്ന് സുഹൃത്ത് ചോദിച്ചു. ഈ ഉപദേശം ഫലപ്പെടുകയാണെങ്കില്‍ ഇഷ്ടമുള്ള ഫീസ് അയച്ചുതന്നോളൂ എന്ന് ഐവിലീ തമാശയായി മറുപടിയും നല്കി.
ആറു മാസത്തിന് ശേഷം ലീയുടെ വിലാസത്തില്‍ 25,000 ഡോളറിന്റെ ഒരു ചെക്കു കിട്ടി. ഐവിലീയുടെ ഉപദേശം വ്യവസായിയായ ആ സുഹൃത്തിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. വളരെ ലളിതമായ മൂന്ന് നിര്‍ദേശങ്ങളാണ് ഐവിലീ നല്കിയത്: ”സമയത്തെ നിയന്ത്രിച്ചില്ലെങ്കില്‍ സമയം നമ്മെ നിഗ്രഹിക്കും. കാര്യങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിച്ച് ചെയ്യുക. ഓരോ ദിവസത്തിലും സമയവിനിയോഗത്തെ അവലോകനം ചെയ്യുക.”
ഹ്രസ്വമായ സമയാനുഭവമാണ് നമ്മുടെ ഈ ജീവിതം. സമയം എന്ന വിഭവം തികച്ചും അസാധാരണമായ ഒരു ക്രയ വസ്തുവാണ്. ജേതാവിനും പരാജിതനുമൊക്കെ സമയത്തിന്റെ ലഭ്യത തുല്യ അളവിലാണ്. ഒരു സാഹചര്യത്തിലും പുനര്‍നിര്‍മിതിക്ക് സമയം വഴങ്ങുന്നില്ല. ഇന്ന് എത്ര അശ്രദ്ധമായി അത് ദുര്‍വ്യയം ചെയ്താലും നാളെ വേറൊരു ഇരുപത്തിനാലു മണിക്കൂറാണ് നമ്മെ തേടിയെത്തുന്നത്.
ചിലര്‍ സമയത്തിന്റെ സക്രിയ വിനിയോഗം കൊണ്ട് വിജയികളായിത്തീരുന്നു. മറ്റു ചിലരാകട്ടെ ഉദാസീനത കാരണം പരാജയപ്പെടുന്നു. നഷ്ടങ്ങളുണ്ടാവുമ്പോള്‍ നെടുവീര്‍പ്പിടുന്നവരാണ് നാം. ചില നഷ്ടങ്ങളില്‍ വീണ്ടെടുപ്പിന് അവസരം കാണില്ല. ആരോഗ്യം നഷ്ടപ്പെട്ടാല്‍ ചികിത്സയിലൂടെ തിരിച്ച് പിടിക്കാം. സമ്പത്ത് നഷ്ടപ്പെട്ടാല്‍ കഠിനാധ്വാനത്തിലൂടെ വീണ്ടെടുക്കാം. സമയം നഷ്ടപ്പെട്ടാല്‍ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടതാണ്. ‘ഒരിഞ്ച് സ്വര്‍ണക്കട്ടിക്ക് പോലും ഒരിറ്റു സമയം വാങ്ങാന്‍ കഴിയുകയില്ലെന്ന്’ ഒരു ചൈനീസ് ചൊല്ലുണ്ട്.
സമയമില്ല എന്ന് വിലപിക്കുന്നവരുണ്ട്. ചിലരാകട്ടെ സമയം പോകുന്നില്ല എന്ന് പരിഭവപ്പെടുന്നവരുമാണ്. ആര്‍ക്കും അധികവും കുറവുമില്ലാത്ത സമഭാവനയാണ് സമയത്തിന്റെ കാര്യത്തിലുള്ളത്. സമയത്തെ മെരുക്കാന്‍ കഴിയാത്തവന്റെ കൈയില്‍ നിന്ന് ജീവിതത്തിന്റെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട് പോകുന്നു.
ഒരിക്കല്‍ ഗ്രന്ഥരചയിതാവായ ക്ലാര്‍ക്ക് കേറിനോട് സുഹൃത്ത് ചോദിച്ചു: ഇത്രയേറെ പുസ്തകങ്ങള്‍ രചിക്കാന്‍ സമയം കണ്ടെത്തുന്നത് എങ്ങനെ? ഞാന്‍ ഈ എഴുത്തെല്ലാം നിര്‍വഹിച്ചത് എയര്‍പോര്‍ട്ട് ലോഞ്ചിലിരുന്നായിരുന്നുവെന്ന് ക്ലാര്‍ക്ക് കേര്‍ മറുപടി നല്കി.
സമയമെന്നത് സ്വയമേവ ഉണ്ടായിരുന്നതല്ല, ഉദ്ദിഷ്ട കാര്യങ്ങള്‍ക്ക് ഉചിതമായ സമയത്തെ സ്വമേധയാ സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടത്. സദാ കര്‍മനിരതനാവാന്‍ ആര്‍ക്കും കഴിയണമെന്നില്ല. എല്ലാ കര്‍മങ്ങളെയും സമയോചിതമായി ചിട്ടപ്പെടുത്താനാവും. സമ്പത്ത് നഷ്ടപ്പെട്ടാല്‍ നാം വ്യാകുലപ്പെടുന്നു. ഓരോ ദിവസവും സമയമെന്ന അമൂല്യ സമ്പത്തിനെ നാം എത്ര നഷ്ടപ്പെടുത്തിക്കളയുന്നു?
ജീവിതത്തിന്റെ ട്രാക്കില്‍ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടുകയാണ് നാം. നാളേക്ക് വേണ്ടിയുള്ള മുന്നൊരുക്കത്തെപ്പറ്റി സ്വയം ചോദിക്കാന്‍ മറക്കരുതെന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നുണ്ട് (59:18). ഒട്ടും പാഴാക്കിക്കളയാനില്ലാത്ത അമൂല്യ നിധിയാണ് ഈ ആയുസ്സിലെ ഓരോ നിമിഷവും. മഹാകവി കുമാരനാശാന്റെ വരികള്‍ നോക്കൂ:
ചെറുതാം നിമിഷങ്ങളും തഥാ
പറവാന്‍ തക്കവയല്ലയെങ്കിലും
ഒരുമിച്ചവ തന്നെയൂക്കെഴും
പുരുഷായുസ്സുകളൊക്കെയാവതും.