26 Friday
July 2024
2024 July 26
1446 Mouharrem 19

മൗലിദ് ആഘോഷം ഇസ്‌ലാമിക വീക്ഷണത്തില്‍

പി കെ മൊയ്തീന്‍ സുല്ലമി


ഇസ്‌ലാം പൂര്‍ത്തീകരിച്ചുകൊണ്ടാണ് മുഹമ്മദ് നബി(സ) മരണപ്പെട്ടത്. അഥവാ അതിലേക്ക് വല്ലതും കൂട്ടിച്ചേര്‍ക്കാനോ വല്ലതും എടുത്തുകളയാനോ അല്ലാഹു ആര്‍ക്കും അനുവാദം നല്‍കിയിട്ടുമില്ല. അല്ലാഹു അരുളി: ”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ പരിപൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു” (അല്‍മാഇദ 3).
ഈ സൂക്തത്തിന്റെ വിശദീകരണം എന്ന നിലയില്‍ നബി ഇപ്രകാരം പ്രസ്താവിച്ചു: ”നമ്മുടെ ഈ ദീന്‍ കാര്യത്തില്‍ അതിലില്ലാത്തത് വല്ലവനും നിര്‍മിക്കുന്നപക്ഷം അത് തള്ളേണ്ടതാകുന്നു” (ബുഖാരി). ”നമ്മുടെ കല്‍പനയില്ലാത്ത വല്ല കര്‍മവും വല്ലവനും പ്രവര്‍ത്തിക്കുന്നപക്ഷം അത് തള്ളേണ്ടതാകുന്നു” (മുസ്‌ലിം). നബിയുടെ അവസാന പ്രസംഗത്തില്‍ ഇപ്രകാരം സൂചിപ്പിച്ചു. ”രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ ബാക്കിയാക്കി വെച്ചിരിക്കുന്നു. അവ രണ്ടും മുറുകെപ്പിടിച്ചു ജീവിക്കുന്നപക്ഷം നിങ്ങള്‍ (ഒരിക്കലും) വഴിപിഴച്ചുപോകുന്നതല്ല. അല്ലാഹുവിന്റെ കിതാബും അവന്റെ പ്രവാചകന്റെ ചര്യയുമാണവ” (മാലിക്, മുവത്വ).
ഇസ്‌ലാമിന്റെ പേരില്‍ ഇവിടെ നിരവധി അനാചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ചിലത് ഹൈന്ദവരുടെ വിശ്വാസാചാരങ്ങളാണ്. മറ്റു ചിലത് വേദക്കാരുടെ വിശ്വാസാചാരങ്ങളുമാണ്. ഇരുവിഭാഗം സമസ്തക്കാരും അനാചാരം നിര്‍മിക്കുന്നതില്‍ മത്സരിക്കുകയാണ്. അതില്‍പെട്ട ഒരനാചാരമാണ് നബിയുടെ മൗലിദ് ആഘോഷം. അതിന് ഇവരുടെ മാതൃക ക്രിസ്ത്യാനികളാണ്. അല്ലാഹു അരുളി: ”തങ്ങള്‍ക്കു മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കാനും (സത്യവിശ്വാസികള്‍ക്ക്) സമയമായില്ലേ?” (അല്‍ഹദീദ് 16). നബി അരുളി: ”തീര്‍ച്ചയായും നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയവരുടെ ചര്യ (യഹൂദി-നസാറാക്കളുടെ) മുഴത്തിന് മുഴമായും ചാണിനു ചാണായും നിങ്ങള്‍ പിന്തുടരുക തന്നെ ചെയ്യും” (ബുഖാരി, മുസ്‌ലിം). നബി പറഞ്ഞു: ”വല്ലവനും (വിശ്വാസാചാരങ്ങളില്‍) അന്യ സമുദായങ്ങളോട് സാദൃശ്യം പുലര്‍ത്തുന്നപക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്” (അബൂദാവൂദ്).
മൗലിദ് ആഘോഷത്തിന് ഇവര്‍ തെളിവായി ഉദ്ധരിക്കാറുള്ളത്, നബിയുടെ ജന്മദിനത്തില്‍ സംഭവിച്ചു എന്നു പറയപ്പെടുന്ന ചില അദ്ഭുത പ്രതിഭാസങ്ങളാണ്. അത്തരം റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് ഇമാം ദഹബിയുടെ അഭിപ്രായം: ”ഇത് ഒറ്റപ്പെട്ടതും തള്ളിക്കളയേണ്ടതുമാണ്” (സീറത്തുന്നബവി 1:42). നബി ജനിച്ച ദിവസം സംഭവിച്ച അദ്ഭുതങ്ങളെ സംബന്ധിച്ച ഹദീസിനെക്കുറിച്ച് ഇമാം ഇബ്‌നു കസീറിന്റെ പ്രതികരണം ഇപ്രകാരമാണ്: ”ഇത് ജ്യോത്സ്യനായ സത്വീഹ് എന്ന വ്യക്തിയുടെ അഭിപ്രായമാണ്. അതിന് യാതൊരുവിധ അടിസ്ഥാനവുമില്ല” (അല്‍ബിദായ വന്നിഹായ 2:351). അല്ലാഹു അരുളി: ”താങ്കള്‍ക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് താങ്കള്‍ ആഗ്രഹിച്ചിരുന്നില്ല” (ഖസസ് 86).
അല്ലാഹു അരുളി: ”വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് താങ്കള്‍ക്ക് അറിയുമായിരുന്നില്ല” (ശൂറാ 52). നേര്‍വഴി പോലും നബിക്ക് അറിയുമായിരുന്നില്ല. അല്ലാഹു അരുളി: ”താങ്കളെ അവര്‍ (അല്ലാഹു) വഴിയറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു” (ളുഹാ 7). ഈ വിഷയത്തില്‍ നിര്‍മിതങ്ങളും ദുര്‍ബലങ്ങളുമായ ചില റിപ്പോര്‍ട്ടുകളും ഉദ്ധരിക്കാറുണ്ട്. അവയെല്ലാം തന്നെ നബിയുടെ ജന്മദിനവുമായി പുലബന്ധം പോലുമില്ലാത്തതും വിശുദ്ധ ഖുര്‍ആനിനും തിരുസുന്നത്തിനും വിരുദ്ധവുമാണ്. അതിനാല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല.
നബിയുടെ ജനനം റബീഉല്‍ അവ്വല്‍ 12നു തന്നെയാണോ? ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പക്ഷേ നബിയുടെ ജനനവും മരണവും തിങ്കളാഴ്ചയായിരുന്നു എന്ന വിഷയത്തില്‍ തര്‍ക്കമില്ല. ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തുന്നു: ‘ഇബ്‌നു അബ്ദില്‍ ബര്‍റ് ഇസ്തിആബ് എന്ന ഗ്രന്ഥത്തില്‍ നബിയുടെ ജനനം റബീഉല്‍ അവ്വല്‍ രണ്ടിനു ശേഷമാണെന്നും ഇമാം ഹുമൈദി ഇബ്‌നു ഹസമില്‍ നിന്നു എട്ടി നു ശേഷമാണെന്നും ഇമാം മാലിക്, ഉഖൈലി, യൂനുസ്ബ്‌നു യസീറും മറ്റു ചിലരും ഇമാം സുഹ്‌രിയില്‍ നിന്ന് അപ്രകാരം ഉദ്ധരിച്ചിട്ടുമുണ്ട്. ഇബ്‌നു ദഹ്‌യയുടെ അഭിപ്രായത്തില്‍ റബീഉല്‍ അവ്വല്‍ 10നു ശേഷമാണ് എന്നതാണ്. ഇബ്‌നു ഇസ്ഹാഖിന്റെ പക്ഷം 12നു ശേഷമാണ് എന്നാണ്.
ഇബ്‌നു അബീശൈബ ജാബിറില്‍ നിന്നും ഇബ്‌നു അബ്ബാസില്‍നിന്നും ഉദ്ധരിക്കുന്നത് ആനക്കലഹ വര്‍ഷം റബീഉല്‍ അവ്വല്‍ 18 തിങ്കളാഴ്ചയായിരുന്നു എന്നാണ്. രണ്ടാമത്തെ അഭിപ്രായം നബിയുടെ ജനനം റമദാനിലാണ് എന്നതാണ്. റബീഉല്‍ അവ്വല്‍ 12 കഴിഞ്ഞതിനു ശേഷം റദമാനില്‍ മക്കയിലാണ് നബി ജനിച്ചതെന്ന് ഇബ്‌നു അബ്ദുല്‍ബര്‍റ് സുബൈറുബ്‌നു ബുകാറില്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട് (അല്‍ബിദായത്തു വന്നിഹായ 2: 338, 339).
നബിയെ സ്‌നേഹിക്കല്‍ സത്യവിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. അല്ലാഹു അരുളി: ”നബി സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തേക്കാളും അടുത്ത വ്യക്തിയാകുന്നു” (അഹ്‌സാബ് 6). നബി അരുളി: ”തന്റെ മാതാപിതാക്കളെക്കാളും സന്താനത്തെക്കാളും മറ്റു സകല മനുഷ്യരെക്കാളും ഒരാള്‍ക്ക് ഞാന്‍ പ്രിയപ്പെട്ടവനായിത്തീരുന്നതുവരെ ഒരാളും സത്യവിശ്വാസിയായിത്തീരുന്നതല്ല” (ബുഖാരി, മുസ്‌ലിം).
നബിയെ ഇത്തിബാഅ് (തുടരുക) ചെയ്യുന്നവര്‍ മാത്രമേ അല്ലാഹുവെ സ്‌നേഹിക്കുന്നവരായിത്തീരുകയുള്ളൂ. അല്ലാഹു അരുളി: ”നബിയേ പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യുന്നതാണ്” (ആലുഇംറാന്‍ 31).
നമ്മേക്കാളും എത്രയോ മടങ്ങ് നബിയെ സ്‌നേഹിക്കുന്നവരായിരുന്നു സഹാബികള്‍. അവരൊക്കെ നബിയെ സ്‌നേഹിച്ചത് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചുകൊണ്ടല്ല. മറിച്ച്, പ്രവാചകന്റെ ചര്യകള്‍ പിന്തുടര്‍ന്നുകൊണ്ടാണ്. നബിദിനം ആഘോഷിക്കുന്നവര്‍ ഖുര്‍ആനോ നബിചര്യയോ ജീവിതത്തില്‍ പ്രമാണമാക്കാറില്ല. എന്തിനധികം, ഇമാമുകള്‍ പോലും അവര്‍ക്ക് പ്രമാണമല്ല. അവരുടെ നബിപ്രേമത്തിന്റെ പിന്നിലുള്ളത് ഭൗതികം മാത്രമാണ്. അതുകൊണ്ടാണല്ലോ റബീഉല്‍ അവ്വല്‍ 30 ദിവസവും ജന്മദിനം ആഘോഷിക്കുന്നത്!
അല്ലാഹു അരുളി: ”സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട നിരവധി പേര്‍ ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു” (തൗബ 34). നബിയെ പിന്തുടര്‍ന്നവര്‍ക്ക് മാത്രമേ സ്വര്‍ഗപ്രവേശനം ലഭിക്കൂ. നബി പറഞ്ഞു: ”എന്റെ ചര്യയെ ആരെങ്കിലും ജീവിപ്പിക്കുന്നപക്ഷം തീര്‍ച്ചയായും അവന്‍ എന്നെ സ്‌നേഹിച്ചു. വല്ലവനും എന്നെ (അപ്രകാരം) സ്‌നേഹിക്കുന്നപക്ഷം അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായിരിക്കും” (തിര്‍മിദി).
ഇവര്‍ നബിയുടെ മദ്ഹുകള്‍ എന്ന പേരില്‍ പാടിപ്പറയുന്ന മൗലിദ് കിതാബുകള്‍ പരിശോധിച്ചാല്‍ അതില്‍ ഒരുപാട് അബദ്ധങ്ങള്‍ കാണാന്‍ സാധിക്കും. നമ്മുടെ ആള്‍ക്കാര്‍ ഭക്തിപുരസ്സരം പാരായണം ചെയ്യുന്ന മൗലിദ് കിതാബുകള്‍ ശിര്‍ക്കും കുഫ്‌റും കളവുകളും നിറഞ്ഞതാണ്. പുട്ടില്‍ തേങ്ങയിടുന്നതുപോലെ ചിലപ്പോള്‍ അതില്‍ ചില ഖുര്‍ആന്‍ വചനങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കും. സത്യം അസത്യവുമായി കൂടിക്കലര്‍ത്തരുത് എന്നത് ഖുര്‍ആനിന്റെ കല്‍പനയാണ്. അല്ലാഹു അരുളി: ”നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്” (അല്‍ബഖറ 42). മൗലിദ് കിതാബുകളിലെ അബദ്ധം അതിന്റെ പദ്യത്തിലുമുണ്ട്. ഒരുദാഹരണത്തിന്റെ ആശയം ഇപ്രകാരമാണ്: ”നാഥാ, നാളെ പടപ്പുകളെ മുഴുവന്‍ നരകത്തില്‍ നിന്നു രക്ഷപ്പെടുത്തുന്ന മുഹമ്മദ് നബിയുടെ മേല്‍ നീ അനുഗ്രഹം ചെയ്യേണമേ” (മന്‍കൂസ് മൗലിദ്).
മേല്‍ പറഞ്ഞത് ഖുര്‍ആനിനും ഹദീസുകള്‍ക്കും വിരുദ്ധമായ നുണയാണ്. കാരണം ഒന്ന്: പടപ്പുകള്‍ക്ക് മുഴുവന്‍ അല്ലാഹു നരകം നിശ്ചയിച്ചിട്ടില്ല. നരകം എന്നത് മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും മാത്രമുള്ളതാണ്. അല്ലാഹു അരുളി: ”ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്” (അഅ്‌റാഫ് 179). രണ്ട്: മനുഷ്യരും ജിന്നുകളുമല്ലാത്ത ജീവജാലങ്ങള്‍ക്ക് അല്ലാഹു നരകം നിശ്ചയിച്ചിട്ടില്ല. അവരോട് നിങ്ങള്‍ മണ്ണായിത്തീരുവിന്‍ എന്നു പറയും എന്നാണ് ഹദീസുകളില്‍ വന്നത്. മൂന്ന്: നരകത്തില്‍ നിന്നു നാളെ എല്ലാ സൃഷ്ടികളെയും രക്ഷപ്പെടുത്തുന്നവന്‍ എന്ന് പറഞ്ഞത് നുണയാണ് എന്ന് പറയാന്‍ കാരണം, സൃഷ്ടികള്‍ എന്നതില്‍ കാഫിറും മുശ്‌രികും മുനാഫിഖും ഉള്‍പ്പെടുന്നതാണ്. അവരെയെല്ലാം നബി രക്ഷപ്പെടുത്തുമെന്ന് വിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ വന്നിട്ടില്ല. അല്ലാഹുവിന്റെ തീരുമാനത്തിനു വിരുദ്ധമായി ഒരു മുസ്‌ലിമിനെ പോലും രക്ഷപ്പെടുത്താന്‍ നബിക്കു സാധ്യവുമല്ല.
അല്ലാഹു അരുളി: ”അപ്പോള്‍ വല്ലവന്റെ കാര്യത്തിലും ശിക്ഷയുടെ (നരക) വചനം സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ അപ്പോള്‍ താങ്കളാണോ അവരെ നരകത്തില്‍ നിന്നു രക്ഷപ്പെടുത്തുന്നവന്‍?” (സുമര്‍ 19). സ്വന്തം മകള്‍ക്കു പോലും രക്ഷ നല്‍കാന്‍ സാധ്യമല്ല എന്നാണ് നബി സ്വന്തം മകളോട് പറഞ്ഞത്. അല്ലാഹു അരുളി: ”നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ മുന്നറിയിപ്പ് നല്‍കുക” (ശുഅറാഅ് 214). ഈ വചനം ഇറങ്ങിയപ്പോള്‍ നബി സ്വന്തം കുടുംബങ്ങളെ ഒരുമിച്ചുകൂട്ടി ഉപദേശിച്ചു. സ്വന്തം മകളെ വിളിച്ച് ഇപ്രകാരം പറഞ്ഞു: ”മുഹമ്മദിന്റ മകള്‍ ഫാത്വിമാ, നിന്റെ ശരീരത്തെ നീ തന്നെ നരകത്തില്‍ നിന്നു രക്ഷപ്പെടുത്തണം. അല്ലാഹുവിനെ തന്നെയാണ് സത്യം, അല്ലാഹുവിന്റെ അടുക്കല്‍ (നിങ്ങളെ രക്ഷപ്പെടുത്താന്‍) ഞാനൊന്നും ഉടമയാക്കുന്നില്ല” (അഹ്മദ്).
മൗലിദ് കിതാബുകളിലെ ഗദ്യങ്ങള്‍ പരിശോധിച്ചാലും ഒരുപാട് അബദ്ധങ്ങള്‍ കണ്ടെത്താം: ”അവരുടെ അടുക്കല്‍ (നബിയെ മാതാവ് ഗര്‍ഭം ധരിച്ച സന്ദര്‍ഭത്തില്‍) അമ്പിയാക്കന്മാരെല്ലാം പ്രവേശിച്ചു. അവര്‍ അവരോട് പറഞ്ഞു: വിജയത്തിന്റെയും സന്മാര്‍ഗത്തിന്റെയും സൂര്യനെ താങ്കള്‍ പ്രസവിച്ചുകഴിഞ്ഞാല്‍ മുഹമ്മദ് എന്ന് പേരിടണം” (മന്‍കൂസ് മൗലിദ്).
സാധാരണ ഗര്‍ഭിണികളെ സമിപിക്കാറുള്ളത് വയറുകാണല്‍ എന്ന അനാചാരത്തിന്റെ ഭാഗമായാണ്. ഈസാ നബി ഒഴികെ മരണപ്പെട്ടുപോയ ഒരാളും തന്നെ ഭൂമിയിലേക്ക് വരുന്നതല്ല എന്നാണ് മുസ്‌ലിംകള്‍ തര്‍ക്കമില്ലാതെ വിശ്വസിച്ചുപോരുന്നത്.
മൗലിദാഘോഷം പില്‍ക്കാലത്തുണ്ടായ നല്ലൊരു ആചാരമായാണ് സമസ്തക്കാരുടെ പ്രസിദ്ധീകരണങ്ങള്‍ വിലയിരുത്തുന്നത്. അത് നബിചര്യയില്‍ പെട്ടതാണെന്ന് സമസ്തക്കാര്‍ക്കു പോലും വാദമില്ല. നിരവധി പണ്ഡിതന്മാര്‍ ഇത് അനാചാരമാണെന്ന് പറയുന്നുണ്ട്.
(1). ”മൗലിദാഘോഷം ഭക്ഷണക്കൊതിയന്മാര്‍ നിര്‍മിച്ച ബിദ്അത്താണ്” (ഫാകിഹാനി, അല്‍ഹാവീലില്‍ ഫതാവാ 1:253). (2). ”ഹിജ്‌റ 300നു ശേഷമുണ്ടായ അനാചാരം” (സയ്യിദുല്‍ ബക്‌രി, ഇആനത്ത് 3:348). ഇബ്‌നു ഹജര്‍, അല്‍ഹാബിലില്‍ ഫതാവാ 1:260).
(3). ”നിഷിദ്ധമാക്കപ്പെട്ട ബിദ്അത്താണ്” (ഇബ്‌നു അബ്ദിസ്സലാം ഖിള്ര്‍, അസ്സുനനു വല്‍ മുഖ്തദാത്ത്: പേജ് 123). (4) ”മൗലിദ് ബിദ്അത്താണ് (ഇബ്‌നുല്‍ജൗസ് മിര്‍ആത്തുസ്സമാന്‍ 8:310).
(5). ”ശിയാ(ഫാത്തിമിയാക്കള്‍) നിര്‍മിതിയാണ്” (അബൂശാമ, കിതാബുല്‍ ബാഇസ്, പേജ് 97, ഇസ്മായീല്‍ അന്‍സ്വാരി, അല്‍ഖൗലുല്‍ ഫസ്വല്‍: പേജ് 70).
(6). ”മൗലിദാഘോഷം ബിദ്അത്താണ്” (ഇമാം ശാത്വിബി അല്‍ഇഅ്തിസ്വാം 1:53).
(7). ”ഫാത്വിമിയാക്കളില്‍ പെട്ട ബാത്വിനിയാക്കള്‍ (ശിയാക്കള്‍) നിര്‍മിച്ചത്” (ഹാമിശ്, കിതാബുല്‍ ബാഇസ്, പേജ് 97). (8). ”ബിദ്അത്താണ്” (സുന്നിവോയ്‌സ് വാരിക, 2002 ആഗസ്ത്).
(9). ”ഹിജ്‌റ 6ാം നൂറ്റാണ്ടിന്റെ അവസാനം…” (സുന്നത്ത് മാസിക 2001 ജൂണ്‍). (10). ”ബിദ്അത്താണ്’ (തെളിച്ചം മാസിക, 2011 ഫെബ്രുവരി).
(11). ”നല്ല അനാചാരമാണ്” (സുന്നി അഫ്കാര്‍, 1999 ജൂണ്‍). (12). ”ഹിജ്‌റ 4ാം നൂറ്റാണ്ടു മുതല്‍ ഈ സമ്പ്രദായം നടപ്പിലായി” (മുസ്തഫല്‍ ഫൈസി, മൗലിദാഘോഷം, പേജ് 129).
മൗലിദാഘോഷം ബിദ്അത്താണെന്ന് അവരും സമ്മതിക്കുന്നു. മൗലിദ് ആഘോഷിക്കുന്നവര്‍ രണ്ടു തരക്കാരുണ്ട്. ഒന്ന്: അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നവര്‍. അത് ബിദ്അത്താണ്. രണ്ട്: നബിയുടെ പൊരുത്തവും ശുപാര്‍ശയും ലഭിക്കാന്‍ വേണ്ടി ആഘോഷിക്കുന്നവര്‍. അത് ശിര്‍ക്കും ബിദ്അത്തുമാണ്. സൃഷ്ടികളുടെ സാമീപ്യവും പൊരുത്തവും ലഭിക്കാന്‍ വേണ്ടി ആരാധനകള്‍ ചെയ്യല്‍ ശിര്‍ക്കാണ്. നബിയുടെ മാതൃകയില്ലാത്തതിനാല്‍ ബിദ്അത്തുമാണ്.
അല്ലാഹു അരുളി: ”വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണം (നല്ല നിലയില്‍) എന്ന് ആഗ്രഹിക്കുന്നപക്ഷം അവന്‍ സത്കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ” (കഹ്ഫ് 110).

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x