മൗലാനാ റാബിഅ് നദ്വി സൗമ്യതയുടെ പണ്ഡിത രൂപം
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
മുസ്ലിം ലോകം ആദരിക്കുന്ന പണ്ഡിതനാണ് കഴിഞ്ഞ ദിവസം നിര്യാതനായ മുഹമ്മദ് റാബിഅ് നദ്വി. അധ്യാപകന്‍, ഗവേഷകന്‍, രചയിതാവ്, വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ് തുടങ്ങിയ തലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച നദ്വി സാഹിബ് ഇന്ത്യന്‍ മുസ്ലിംകളുടെ സ്വത്വ സംരക്ഷണത്തിന് നേതൃപരമായ പങ്കാണ് വഹിച്ചിരുന്നത്.
ഏതാനും മാസം മുമ്പ് ലക്‌നോയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. ഡോ. മുസ്തഫ ഫാറുഖി, ഡോ. യൂസുഫ് നദ്‌വി, ഡോ. ഇസ്സുദ്ദീന്‍ നദ്‌വി എന്നിവരും കൂടെയുണ്ടായിരുന്നു. അല്‍പം ക്ഷീണമുണ്ടായിരുന്നുവെങ്കിലും മനസ്സിന്റെ യുവത്വം വാക്കുകളില്‍നിറഞ്ഞിരുന്നു.
1929 ല്‍ യു പി യിലെ റായ്ബറേലിയിലാണ് അദ്ദേഹത്തിന്റെ ജനനം. മൗലാനാ അബുല്‍ ഹസന്‍ നദ്വിയുടെ (അലി മിയാന്‍) സഹോദരി പുത്രനാണ് റാബിഅ് നദ്വി. അദ്ദേഹത്തിന്റെ വൈജ്ഞാനിക വ്യക്തിത്വം രൂപപ്പെടുത്തിയതും അലി മിയാന്‍ തന്നെയാണ്. മൗലാന, തന്റെ പിതൃതുല്യ ഗുരുവിനെ നിഴല്‍ പോലെ പിന്‍പറ്റിയിരുന്നു എന്ന് ‘ഔറാഖെ സിന്‍ദഗി’യില്‍ മുഹമ്മദ് ഹംസ നദ്വി സാക്ഷ്യപ്പെടുത്തുന്നു. ഒരു പുരുഷായുസ്സ് മുഴുവന്‍ മത വൈജ്ഞാനിക സമുദായ സേവനത്തിന് നീക്കി വെച്ച നദ്‌വി സാഹിബ് എന്ത് കൊണ്ടും മറ്റുളളവര്‍ക്ക്മാതൃകയാണ്.
അലി മിയാന്റെ വൈജ്ഞാനിക കാഴ്ചപ്പാടുകളും സമുദായ പരിഷ്‌കരണ സമീപനങ്ങളും റാബിഅ് നദ്വി പൂര്‍ണമായി ഏറ്റെടുത്തു. സമൂഹ സ്വീകാര്യതയുടെ തലക്കനമോ പാണ്ഡിത്യത്തിന്റെ പ്രകടനപരതയോ ഒട്ടുമില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. കൃത്രിമ ഔപചാരികതയില്ലാത്ത, ലളിതവും സൗമ്യവുമായ അദ്ദേഹത്തിന്റെ ഇടപെടല്‍ ആരുടേയും മനസ്സില്‍ പതിയുന്നതായിരുന്നു. ദാറുല്‍ ഉലൂമിലെ വിദ്യാര്‍ഥികളെ അടുത്തിരുത്തി സ്റ്റേഹം പകര്‍ന്നു നല്‍കിയ അദ്ദേഹം ഒരേ സമയം അവര്‍ക്ക് ഗുരുവും പിതാവുമായിരുന്നു. ഖുര്‍ആനില്‍ പറഞ്ഞ ‘റബ്ബാനിയ്യൂന്‍’ എന്ന വിശേഷണം മൗലാനയുടെ വ്യക്തിത്വത്തിന് തിളക്കംകൂട്ടുന്നു.
ദാറുല്‍ ഉലൂമിന് ശേഷം ഹിജാസിലും അദ്ദേഹം പഠനം തുടര്‍ന്നു. പ്രമുഖ ഇന്ത്യന്‍ ഹദീസ് പണ്ഡിതന്‍ മൗലാന മുഹമ്മദ് സക്കരിയ കാന്ദഹ്ലവി, അബ്ദുല്‍ ഫതാഹ് ഗുദ്ദ, അഹമദ് ഹസന്‍ ഖാന്‍ ത്വൂന്‍ ഖി തുടങ്ങിയ മഹാരഥന്‍മാരുടെ ശിഷ്യത്വം അദ്ദേഹത്തെ അറബി ഭാഷയിലും മതവിജ്ഞാനങ്ങളിലും പ്രതിഭയാക്കി. 1952 ലാണ് ലക്‌നോ ദാറുല്‍ ഉലൂമില്‍ നദ്വി അധ്യാപനം തുടങ്ങുന്നത്. 1955 ല്‍ അറബി പഠന വകുപ്പ് തലവനായി. 1970 മുതല്‍ ഡീന്‍ ആയും പ്രവര്‍ത്തിച്ചു. അലിമിയാന് ശേഷം നദ്വത്തുല്‍ ഉലമ ദാറുല്‍ ഉലൂമിന്റെ മുഹ്തമിം പദവിയില്‍ സേവനം തുടങ്ങി. ഏഴ് പതിറ്റാണ്ടിന്റെ അധ്യാപനത്തിലൂടെ പരശതം ശിഷ്യന്‍മാരെ ഇന്ത്യകത്തും പുറത്തും സംഭാവന ചെയ്യാന്‍ മൗലാനക്ക് കഴിഞ്ഞു.
നദ്‌വത്തുല്‍ ഉലമയുടെ സിക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. റാബിത്വത്തുല്‍ അദബില്‍ ഇസ്ലാമിയുടെ സ്ഥാപക അംഗമായിരുന്നു. മക്കയിലെ റാബിത്വയിലും സജീവ സാന്നിധ്യമായിരുന്നു. മുജാഹിദുല്‍ ഇസ്ലാം ഖാസിമിക്ക് ശേഷം 2002 മുതല്‍ ഇന്ത്യന്‍ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സാരഥിയായിരുന്നു. മുസ്ലിംകളെ ബാധിക്കുന്ന കാലിക പ്രശ്‌നങ്ങളില്‍ ഐക്യ നിരയുണ്ടാക്കാനും വെല്ലുവിളികളെ പ്രതിരോധിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയില്‍ ഇസ്ലാമിക് പഠന വിഭാഗം അക്കാദമിക് മെമ്പറായും മൗലാന സേവന രംഗത്തുണ്ടായിരുന്നു.
മൗലാനയുടെ വ്യക്തിത്വവും ചിന്തകളും നന്നായി അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ രചനകള്‍. 15 ഗ്രന്ഥങ്ങള്‍ അറബിയിലും പന്ത്രെണ്ടണ്ണം ഉര്‍ദുവിലുമാണ്. താരീഖു ജസീറത്തില്‍ അറബിയ്യ, അയ്യാമു ഫീ അംരീക്ക, അസഖാഫത്തുല്‍ ഇസ്ലാമിയ്യല്‍ മുആസറ, അല്‍ അദബുല്‍ ഇസ്ലാമി വസ്വിലത്തുഹു ബില്‍ ഹയാത്ത് എന്നിവ അറബി രചനയില്‍ പ്രധാനമാണ്. നദ്വത്തുല്‍ ഉലമയുടെ അറബി മാഗസിന്‍ ‘അല്‍ ബഅസുല്‍ ഇസ്ലാമി’ മൗലാനയുടെ വൈജ്ഞാനിക യാത്രയുടെ ഉജ്ജ്വല പ്രതീകമാണ്. 68 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്നും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന ഈ മാഗസിന്‍ അറബി ഭാഷാ വൈജ്ഞാനിക ഗവേഷണങ്ങളില്‍ അതുല്യമായി നില്‍ക്കുന്നു.
ഇതിന് പുറമെ, തഅമീറെ ഹയാത്ത്(ഉര്‍ദു) സച്ചാ രാഹി (ഹിന്ദി) ദി ഫ്രാഗ്രന്‍സ്(ഇംഗ്ലീഷ്) അല്‍ റാഇദ് (അറബി) തുടങ്ങിയ നദ്‌വയുടെ തന്നെ പ്രസിദ്ധീകരണങ്ങളിലും മൗലാനയുടെ ലേഖന പരമ്പരകള്‍ വന്നിട്ടുണ്ട്. അറബി ഭാഷക്കും സാഹിത്യത്തിനും അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിച്ച് രാഷ്ട്രപതി അവാര്‍ഡിന് (1981) നദ്വി സാഹിബ് അര്‍ഹനായി. യു പി സര്‍ക്കാറും ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മരിക്കാത്ത ഗ്രന്ഥശേഖരവും ജീവിത മാതൃകയും ബാക്കി വെച്ചാണ് അദ്ദേഹം പുണ്യ റമദാനില്‍ റബ്ബിലേക്ക് പോയത്. കഴിഞ്ഞ തലമുറയെയും സമകാലിക സമൂഹത്തെയും സ്വാധീനിച്ച മൗലാനയുടെ വ്യക്തിത്വം വരാനിരിക്കുന്നവര്‍ക്കും ഹൃദ്യമായിരിക്കും. ദീനി തര്‍ബിയത്തിന്റെ ദീപ്ത സരണി അവര്‍ക്കതില്‍ ദര്‍ശിക്കാന്‍ കഴിയും. അല്ലാഹു അദ്ദേഹത്തെ സ്വീകരിക്കട്ടെ. സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.