വിഷാദം സമ്മാനിക്കുന്ന മോട്ടിവേഷന്‍ തന്ത്രങ്ങള്‍
സി പി അബ്ദുസ്സമദ്
എല്ലാവരിലും ഒളിഞ്ഞിരിക്കുന്ന അസാധാരണ പ്രതിഭ എന്ന വാചകം കേള്‍ക്കാന്‍ നല്ല സുഖമുള്ളൊരു കളവാണ്. പക്ഷേ, ഈ കളവിനെ പരമാവധി സൗന്ദര്യത്തില്‍ അവതരിപ്പിക്കലാണ് ഇന്ന് ഏറ്റവും മികച്ച മോട്ടിവേഷന്‍ സ്പീക്കറാവാനുള്ള യോഗ്യത. ‘ലോകത്തിന്റെ നെറുകയില്‍ എത്താന്‍ മാത്രമുള്ള പ്രതിഭയുമായാണ് ഓരോരുത്തരും ജനിക്കുന്നത്. അവ പക്ഷേ വ്യത്യസ്ത മേഖലകളിലായിരിക്കാം. നമ്മള്‍ അത് കെണ്ടത്തുന്നതിലോ അതിനെ പരിപോഷിപ്പിക്കുന്നതിലോ പരാജയപ്പെടുന്നതുകൊണ്ടാണ് ഇത്തരം കൊച്ചുതുരുത്തുകളില്‍ നാം ഒതുങ്ങിക്കൂടേണ്ടിവരുന്നത്’ എന്നിങ്ങനെ പോകുന്നു അതിന്റെ വ്യാപ്തി.
പക്ഷേ, യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയാണോ? ഒന്നിലധികം മേഖലകളില്‍ അസാധാരണമായ കഴിവുകളുള്ള ഒത്തിരി പേരുണ്ട്. ചിലര്‍ക്ക് ചില പ്രത്യേക മേഖലകളില്‍ മാത്രമായിരിക്കും പ്രതിഭ. ഒന്നിലധികം മേഖലകളില്‍ ശരാശരിയോ ശരാശരിയേക്കാള്‍ അല്‍പം കൂടുതലോ കുറവോ ഒക്കെ കഴിവുകളുള്ള, എന്നാല്‍ ആ മേഖലകളിലൊന്നിലും പ്രതിഭ എന്ന് വിളിക്കാന്‍ കഴിയാത്ത വേറെ ചിലരുണ്ട്. ഈ തരങ്ങളിലെല്ലാം പരിശീലനം കൊണ്ട് മികവ് അപരിമിതമായി വര്‍ധിപ്പിക്കാന്‍ കഴിയുന്നവരുമുണ്ട്, അങ്ങനെ കഴിയാത്തവരുമുണ്ട്. അവയൊന്നും ആരുടെയും കുറവുകളോ കൂടുതലുകളോ അല്ല, മറിച്ച് വ്യത്യാസങ്ങളാണ്. മനുഷ്യര്‍ കഴിവുകളുടെ മേഖലകളില്‍ മാത്രമല്ല, അവയുടെ പ്രകൃതത്തിലും വ്യത്യസ്തരാണ്.
നമ്മിലെ സാധ്യതാപ്രതിഭയെപ്പറ്റി പറയുന്നത് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു പുളകമെല്ലാം ഉണ്ടാവുമെന്നത് സത്യമാണ്. അത് അനുഭവിക്കുന്നതില്‍ തെറ്റില്ല, പക്ഷേ അതില്‍ അഭിരമിക്കരുത്. കാരണം അത് യാഥാര്‍ഥ്യമല്ല. എങ്കിലും പല തരങ്ങളിലുള്ള നമ്മുടെ കഴിവുകളെ നാം പൂര്‍ണമായി ഉപയോഗിക്കുന്നില്ല എന്നതു നേരാണ്. നമുക്ക് ഇനിയും ഒത്തിരി കാര്യങ്ങള്‍ ഈ ലോകത്ത് ചെയ്യാന്‍ കഴിയും. മടിയോ അശ്രദ്ധയോ വിനോദങ്ങളിലേക്ക് വികേന്ദ്രീകരിക്കപ്പെടുന്ന ചിന്തകളോ നമ്മെ നമ്മുടെ പരമാവധിയില്‍ നിന്നു പിന്നോട്ടു വലിക്കുന്നു. ലോകത്തിന്റെ നെറുകയില്‍ എത്താനോ അസാധാരണ പ്രതിഭകളായി മാറാനോ കഴിഞ്ഞില്ലെങ്കിലും നമ്മിലുള്ളത് പരമാവധി ഉപയോഗപ്പെടുത്തുന്നവരാകാന്‍ നാം ശ്രമിക്കണം. ശ്രമമാണ് നമ്മുടെ നിയന്ത്രണത്തിലുള്ളത്. പരിണതിയും പര്യവസാനവുമെല്ലാം നിയന്ത്രണാതീതമാണ്.
‘കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവോളം കിട്ടുകയുള്ളൂ’ എന്നൊരു ചൊല്ലുണ്ടല്ലോ. അതിനെ ചില കാര്യങ്ങള്‍ കൂടി ചേര്‍ത്ത് നാം മനസ്സിലാക്കണം. കുന്നോളം ആഗ്രഹിക്കണം, ശേഷം കുന്നിനു വേണ്ടി പണിയെടുക്കണം, പക്ഷേ കുന്നോളം പ്രതീക്ഷിക്കരുത്, എങ്കിലേ കുന്നിക്കുരുവോളം കിട്ടുമ്പോള്‍ നമുക്കത് ആസ്വദിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ നാം അസ്വസ്ഥരായിരിക്കും.
ജീവിതലക്ഷ്യം
മോട്ടിവേഷന്‍ സ്പീച്ചുകളിലൂടെ പൊതുവേ സമൂഹത്തിലേക്ക് പ്രചരിക്കപ്പെടുന്ന ഒരു സന്ദേശമാണ്, നമ്മുടെ ജീവിതലക്ഷ്യം വലിയ നേട്ടങ്ങള്‍ കൈവരിക്കുകയോ ലോകത്തിന്റെ നെറുകയില്‍ എത്തുകയോ ആെണന്നത്. അതിനെ വിജയമായും മറ്റുള്ളവയെ പരാജയമായും അവതരിപ്പിക്കുന്നു. ആദ്യം നമ്മിലെല്ലാവരിലും അനിവാര്യമായും അസാധാരണ പ്രതിഭകള്‍ ഉണ്ടാവുമെന്നു ധരിപ്പിക്കും. ശേഷം അതിനെ കണ്ടെത്തി ലോകത്ത് നേട്ടങ്ങള്‍ കൈവരിക്കുന്നവരായി മാറിയില്ലെങ്കില്‍, ദൈവം നല്‍കിയതോ പ്രകൃതത്തില്‍ ഉള്ളതോ ആയ ആ കഴിവിനെ ഉപയോഗിക്കാത്ത പരാജിതരാണ് നമ്മള്‍ എന്ന ചിന്തയുണ്ടാക്കും. ഈ തരത്തിലുള്ള ആശയപ്രചാരണങ്ങള്‍ ഓരോ വ്യക്തിയിലും പ്രചോദനം ഉണ്ടാക്കിയേക്കാം. ആ പ്രചോദനത്തില്‍ നിന്നു ചിലരെങ്കിലും കഠിനാധ്വാനത്തിലേക്ക് എത്തിയേക്കാം.
പക്ഷേ, ആത്യന്തികമായി ഈ ചിന്ത അവര്‍ക്ക് ഗുണം ചെയ്തുകൊള്ളണമെന്നില്ല. വലിയ നേട്ടങ്ങള്‍ കൈവരിക്കുക എന്നത് എല്ലാവര്‍ക്കും പ്രാപ്യമായ ഒന്നല്ലാത്തതുകൊണ്ടുതന്നെ, ഈ ചിന്ത പലരിലും കടുത്ത നിരാശയായിരിക്കും സമ്മാനിക്കുക. സമൂഹത്തിലെ ശരാശരി നിലവാരത്തിലുള്ള ജീവിതം നയിക്കാന്‍ മാത്രം സാധിക്കുന്ന പലര്‍ക്കും താന്‍ പരാജിതനാണ് എന്ന ചിന്തയായിരിക്കും ഉണ്ടാവുക. അതിന്റെ കാരണം മറ്റൊന്നുമല്ല, അവര്‍ പഠിപ്പിക്കപ്പെട്ടത് തന്റെ നിയോഗം ഇതിനും മുകളില്‍ എവിടെയോ എത്തിപ്പെടാനാണ് എന്നായിരുന്നു. പക്ഷേ, തന്റെ മാത്രം ചില കുഴപ്പങ്ങള്‍ കൊണ്ട് അതിനു സാധിക്കാത്ത പരാജിതനാണ് താന്‍ എന്നതായിരിക്കും അവരുടെ ആ സമയങ്ങളിലെ ചിന്തകള്‍.
മനുഷ്യരിലെ പ്രകൃതത്തിലെയും അവരുടെ സാഹചര്യങ്ങളിലെയും വ്യത്യാസങ്ങള്‍ മനസ്സിലാക്കാത്തതിന്റെ കുഴപ്പമാണിത്. ചിലര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രയോഗവത്കരിക്കേണ്ട ഇടങ്ങളെപ്പറ്റിയുള്ള അജ്ഞത അവരെ അവിടങ്ങളില്‍ ശോഭിക്കുന്നതില്‍ നിന്നു തടയുന്നു. അതിനെപ്പറ്റിയുള്ള അറിവുകള്‍ ലഭിക്കാത്ത സാഹചര്യങ്ങളിലാവാം അവര്‍ ജീവിക്കുന്നത്.
ഏറ്റവും നല്ല രീതിയില്‍ ക്രിക്കറ്റ് കളിയില്‍ ബാറ്റ് ചെയ്യാന്‍ പറ്റുന്ന ശരീരപ്രകൃതിയും കഴിവുമുള്ള ഈ നൂറ്റാണ്ടിലെ മനുഷ്യരാണ് സചിനും ബ്രാഡ്മാനും എന്ന് നമുക്ക് തറപ്പിച്ചു പറയാന്‍ കഴിയില്ല. ഇവരേക്കാള്‍ അതിനുള്ള കഴിവുകള്‍ ലഭിക്കപ്പെട്ട അനേകം പേര്‍, ഏറ്റവും ചുരുങ്ങിയത് ഒരാളെങ്കിലും ലോകത്തിന്റെ ഏതെങ്കിലും മൂലയില്‍ ജീവിച്ചുപോയിട്ടുണ്ടാവും, അല്ലെങ്കില്‍ ജീവിച്ചുകൊണ്ടിരിക്കുന്നുണ്ടാവും. ഒരുപക്ഷേ, ഇത്തരത്തില്‍ ഒരു കളിയെപ്പറ്റി യൗവനത്തിലോ അല്ലെങ്കില്‍ ജീവിതത്തില്‍ മുഴുവനായോ അറിയാതെയായിരിക്കും അയാളുടെ ജീവിതം.
ഇനി അറിഞ്ഞെങ്കില്‍ തന്നെ അത് ഒരു തവണ കളിച്ചുനോക്കാന്‍ പറ്റിയിട്ടില്ലെങ്കില്‍, കളിച്ചുനോക്കിയാല്‍ത്തന്നെ ഈ പ്രതിഭ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്താന്‍ ഒരാളില്ലെങ്കില്‍, അങ്ങനെ അനേകം കാരണങ്ങള്‍ കൊണ്ട് അയാള്‍ക്ക് ഈ മേഖലയിലെ നേട്ടങ്ങള്‍ നിഷേധിക്കപ്പെടാം. ഒത്തിരി മുന്നിലേക്കു പോയതിനു ശേഷം ചില നിക്ഷിപ്ത തല്‍പരര്‍ തഴയാനും അവഗണിക്കാനും ശ്രമിച്ചതിന്റെ പേരില്‍ ഇല്ലാതാക്കപ്പെട്ട എത്രയധികം പ്രതിഭകളുണ്ട്? ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ തന്റെ ആഗ്രഹത്തിനും കഴിവിനും മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ ഇവയ്ക്ക് മുകളില്‍ അതിനെ തിരഞ്ഞെടുത്ത വേറെ ചിലരുമുണ്ട്. അവര്‍ അത് തിരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍ ഈ നേടിയെടുക്കാവുന്ന കാര്യങ്ങളേക്കാള്‍ വലിയ ചിലത് അവര്‍ക്ക് നഷ്ടപ്പെട്ടേക്കാം.
വേറെ ചിലയാളുകളുടെ തിരഞ്ഞെടുപ്പ് സാങ്കേതികമായി തെറ്റായിരിക്കാം. എപ്പോഴും ശരിയായ തീരുമാനങ്ങള്‍ മാത്രം എടുക്കാന്‍തക്കവിധം പ്രോഗ്രാം ചെയ്ത മെഷീന്‍ ഒന്നുമല്ലല്ലോ മനുഷ്യന്‍. ചില സമയങ്ങളില്‍ തീരുമാനങ്ങള്‍ തെറ്റും. അതൊരു അപരാധമല്ല, സ്വാഭാവികമാണ്. ഇവരെയൊക്കെ എങ്ങനെ പരാജിതര്‍ എന്നു വിളിക്കാന്‍ കഴിയും? ഒരാള്‍ തനിക്ക് ലഭിക്കപ്പെട്ട അസാധാരണ പ്രതിഭയാല്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയില്ല എന്നത് ഇവരുടെ ജീവിതത്തിന്റെ പരാജയമാണോ?
യൂറോപ്പിലായിരുന്നു കേരളവും കേരളീയരുമെങ്കില്‍ ലോക ഫുട്‌ബോളിലെ മുന്‍നിര കളിക്കാരില്‍ മലയാളികളും ഉണ്ടാവുമായിരുന്നു. അര്‍ജന്റീനയില്‍ ജനിച്ച് സ്‌പെയിനില്‍ ബാഴ്‌സലോണയിലെ ലാ മാസിയ അക്കാദമിയില്‍ വളര്‍ന്ന ലയണല്‍ മെസ്സിയോട് ഇന്ത്യയിലെ ഏതെങ്കിലും താരത്തെ താരതമ്യം ചെയ്യുന്നത് കടുത്ത അനീതിയാണ്. ക്രിക്കറ്റില്‍ മുംബൈയില്‍ നിന്നുള്ള രോഹിത് ശര്‍മയുടെയത്ര നേട്ടങ്ങള്‍ കേരളത്തില്‍ നിന്നുള്ള സഞ്ജുവിനില്ല എന്നത് ജീവിതവിജയത്തിന്റെ അളവുകോലല്ല. പ്രദേശവും രാഷ്ട്രീയവും ജാതിയും മതവും വര്‍ണവും വംശവും വര്‍ഗവും സാമ്പത്തിക സ്ഥിതിയുമെല്ലാം ഈ ലോകത്ത് നേട്ടങ്ങള്‍ ലഭിക്കുന്നതിന്റെ മാനദണ്ഡങ്ങളാണ്.
ഇനി, എല്ലാവരുടെയും ജീവിതത്തില്‍ ഈ ഘടകങ്ങളെല്ലാം ഒത്തുവന്നാല്‍ പോലും ഇത്തരത്തിലുള്ള ജീവിതലക്ഷ്യം നേടല്‍ പ്രായോഗികമാണോ? ഒരിക്കലുമല്ല. ഇങ്ങനെയൊക്കെ ആയാലും ലോകത്തിന്റെ നെറുകയില്‍ എല്ലാവര്‍ക്കും പ്രവേശിക്കല്‍ സാധ്യമല്ല. അവിടെ വളരെ കുറച്ചു സ്ഥലം മാത്രമാണുള്ളത്. എല്ലാവരും സചിനെപ്പോലെ ബാറ്റ് ചെയ്താല്‍ പിന്നെ സചിനില്ല. അസാധാരണമാവുമ്പോള്‍ മാത്രമാണ് അത് ‘പ്രതിഭയും’ ‘ലോകത്തിന്റെ നെറുക’യുമൊക്കെ ആവുന്നത്. ഇത്തരത്തില്‍ ഈ അവതരിപ്പിക്കപ്പെടുന്ന ജീവിതലക്ഷ്യം പിന്തുടര്‍ന്ന് എല്ലാവരും ലോകത്തിന്റെ നെറുകെയിലെത്തുക എന്നത് മനുഷ്യന് സങ്കല്‍പിക്കാന്‍ കഴിയുന്ന ഏതു സാഹചര്യത്തിലും അസാധ്യമാണ്. ഒരുപക്ഷേ ഉട്ടോപ്യയില്‍ പോലും സാധിച്ചുകൊള്ളണമെന്നില്ല.
മറ്റുള്ളവരെ വിലയിരുത്തുന്ന കാര്യത്തില്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. ‘നിങ്ങള്‍ ദരിദ്രനായി ജനിച്ചു എന്നത് നിങ്ങളുടെ കുറ്റമല്ല. എന്നാല്‍ ദരിദ്രനായി ജീവിക്കുന്നു എന്നത് നിങ്ങളുടെ കുറ്റമാണ്’ എന്ന തരത്തിലുള്ള പല വാചകങ്ങളും ഇത്തരത്തിലുള്ള മോട്ടിവേഷന്‍ സ്പീക്കര്‍മാരില്‍ നിന്നു കേള്‍ക്കാറുണ്ട്. പൊളിറ്റിക്കലി തെറ്റായ പ്രയോഗമാണിത്. റോഡിന്റെ പരിസരങ്ങളില്‍ ജനിച്ചുവീണ്, ഒരു കൂരക്കകത്തുപോലും ഇന്നേവരെ പ്രവേശിക്കാത്ത, ജീവിതകാലം മുഴുവനും മറ്റുള്ളവരുടെ ഔദാര്യങ്ങള്‍ പറ്റി മാത്രം ജീവിച്ചിട്ടുള്ള, വിദ്യാഭ്യാസം ലഭിക്കാത്ത, ലോകത്തെ മനസ്സിലാക്കാനുള്ള മാധ്യമം പോലും പരിചയമില്ലാത്ത മനുഷ്യരെ നോക്കി ‘നിങ്ങള്‍ പരാജിതരാണ്’ എന്നു ചിന്തിക്കുന്ന പ്രിവിലേജ്ഡായ മനുഷ്യരെയാണ് ഇത്തരത്തിലുള്ള സംസാരങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്. ദാരിദ്ര്യത്തില്‍ നിന്നു കരകയറാനുള്ള അവസരങ്ങളെ മുതലെടുക്കാതിരിക്കുന്നതും, തന്നെക്കൊണ്ടാവുന്ന ഒരു ശ്രമമെങ്കിലും നടത്താതിരിക്കുന്നതും തെറ്റു തന്നെയാണ്. പക്ഷേ, ഈ ശ്രമങ്ങള്‍ക്കു ശേഷം പര്യവസാനം മോശമായിപ്പോവുന്നത് ഒരിക്കലും ആരുടെയും തെറ്റല്ല.
പൊതുവേ, എല്ലാവര്‍ക്കും വേണ്ടി ഒരു ജീവിതലക്ഷ്യം അവതരിപ്പിക്കുമ്പോള്‍ അത് അവര്‍ക്കെല്ലാം പ്രാപ്തമാവുന്നതാവണം എന്നത് അടിസ്ഥാന യുക്തിയാണ്. ഒരാള്‍ക്ക് പരമാവധി ശ്രമിച്ചാല്‍ പോലും നേടാന്‍ കഴിയാത്തത് അവനു നേടാന്‍ കഴിയുമെന്നും, അത് നേടിയാലാണ് നീ ജീവിതത്തില്‍ വിജയിക്കുക എന്നും അവനോട് കളവു പറയുന്നത് അനീതിയാണ്. ഈ പറച്ചിലിന്റെ മറ്റൊരു വശം, ഒരാള്‍ക്ക് പ്രകൃത്യാ തന്നെ നേടാന്‍ കഴിയാത്ത ഒരു കാര്യം നേടാത്തതുകൊണ്ട് അയാളെ പരാജയപ്പെട്ടവനാക്കുന്നു എന്ന അക്രമമാണ്. വലിയ നേട്ടങ്ങള്‍ നേടാതിരിക്കുന്നതിനെയും ശ്രമങ്ങള്‍ നിഷ്ഫലമാവുന്നതിനെയും എല്ലാം വളരെ സാധാരണമായ കാര്യങ്ങളായി മറ്റുള്ളവരിലേക്ക് കൈമാറലാണ് യഥാര്‍ഥത്തില്‍ ഒരു മനഃശാസ്ത്രജ്ഞന്റെ ദൗത്യം.
എല്ലാവര്‍ക്കും നേടാന്‍ കഴിയുന്ന, ആരുടെ മുന്നിലും ഒട്ടും അനീതിയില്ലാതെ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ജീവിതലക്ഷ്യം യഥാര്‍ഥത്തില്‍ മതം മുന്നോട്ടുവെക്കുന്ന സ്വര്‍ഗമാണ്. പണവും കഴിവുകളുമടക്കം ഏതു ഗുണവും ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും നേടാന്‍ കഴിയുന്ന മാനദണ്ഡമാണ് അതിനുള്ളത്. സര്‍വജ്ഞനായ ദൈവത്തിന്റെ നിയമമായതുകൊണ്ടാവണം, അതിനേക്കാള്‍ മികച്ച ജീവിതലക്ഷ്യം സമര്‍പ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. അതിനെ തന്നെയാണ് നാം ജീവിത ലക്ഷ്യമായി പരിഗണിക്കേണ്ടത്.
അതിനുള്ളില്‍ പക്ഷേ സ്വകാര്യമായ ആരാധനാ കര്‍മങ്ങള്‍ മാത്രമല്ല വരിക. നമുക്ക് നാഥന്‍ നല്‍കിയ എല്ലാ കഴിവുകളെയും അനുഗ്രഹങ്ങളെയും പറ്റി അവന്‍ നമ്മളോട് ചോദിക്കും എന്ന് അവന്‍ തന്നെ പറയുന്നുണ്ടല്ലോ. അതിനര്‍ഥം, കഴിവുകളും സാധ്യതകളും ഉള്ളവര്‍ അവര്‍ക്ക് സാധിക്കുന്നതെന്തോ, അതു ചെയ്യല്‍ അനിവാര്യമാണ് എന്നതാണ്. സാഹചര്യമോ പ്രകൃതമോ കാരണം അവനു സാധിക്കാത്തവയെപ്പറ്റി അവനെക്കാള്‍ കൂടുതല്‍ അറിയുന്നവനാണ് ഇവിടെ വിജയം നിശ്ചയിക്കുന്ന പടച്ചവന്‍ എന്നിരിക്കെ, അനീതിയും അക്രമവും വിലയിരുത്തലുകളിലും പര്യവസാനത്തിലും ഉണ്ടാവില്ലെന്നുറപ്പ്.