പ്രായോഗിക ജീവിതവും മോട്ടിവേഷന്‍ പരിശീലനങ്ങളുടെ പരിമിതിയും
സി പി അബ്ദുസ്സമദ്
ലാറ്റിന്‍ വാക്കുകളായ movere, motivus എന്നീ പദങ്ങളില്‍ നിന്നാണ് മോട്ടിവേഷന്‍ (motivation) എന്ന ഇംഗ്ലീഷ് പദം ഉദ്ഭവിച്ചത്. ഈ വാക്കുകളുടെ അര്‍ഥം ‘ചലിപ്പിക്കുക’ എന്നാണ്. ഒരു പ്രവര്‍ത്തനമോ പെരുമാറ്റരീതിയോ ഒരു വ്യക്തിയില്‍ ഉണ്ടാക്കത്തക്ക വിധം അവരില്‍ പ്രവര്‍ത്തിക്കുന്ന ബലമാണ് മനഃശാസ്ത്ര വീക്ഷണത്തില്‍ മോട്ടിവേഷന്‍. ഇവ സംയോജിപ്പിച്ചു പറഞ്ഞാല്‍, മനുഷ്യരെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പ്രവര്‍ത്തനങ്ങളിലേക്ക് ചലിപ്പിക്കുന്ന ബലം എന്നര്‍ഥം. മലയാളത്തിലെ ഇതിന്റെ വാക്കര്‍ഥം പ്രചോദനം, പ്രേരകം എന്നിങ്ങനെയാണ്. വിവിധ കാര്യങ്ങളില്‍ ഇടപെടുന്ന, ചെറുതും വലുതുമായ ഒത്തിരി ലക്ഷ്യങ്ങള്‍ ജീവിതത്തില്‍ പൂര്‍ത്തീകരിക്കാനുള്ള മനുഷ്യരെ സംബന്ധിച്ച് ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും മോട്ടിവേഷന്‍ അനിവാര്യമാണ്.
അതിന്റെ അഭാവമാണ് പലപ്പോഴും മനുഷ്യരിലെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുന്നതും ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിന്ന് അവരെ പിറകോട്ടു പിടിച്ചുവലിക്കുന്നതും. മനുഷ്യന്റെ മോട്ടിവേഷന്‍ മനഃശാസ്ത്രത്തില്‍ പൊതുവേ രണ്ടായാണ് വേര്‍തിരിക്കുന്നത്. ആന്തരികവും ബാഹ്യവുമായ മോട്ടിവേഷനുകളാണവ (Intrinsic & Extrinsic motivations). ഭക്ഷണം, പാര്‍പ്പിടം, സുരക്ഷ, മറ്റു ശാരീരിക ആവശ്യങ്ങള്‍ എന്നിവ പൂര്‍ത്തീകരിക്കാനും ജീവിതത്തില്‍ വിജയിയാകാനും മൂല്യമുള്ളവരാകാനുമെല്ലാം മനുഷ്യനില്‍ നൈസര്‍ഗികമായുള്ള ഗുണമാണ് ആന്തരികം എന്നു സൂചിപ്പിച്ച ആദ്യത്തെ ഭാഗം. സാഹചര്യങ്ങളും ചുറ്റുമുള്ള മനുഷ്യരും ബാഹ്യമായ മറ്റ് അവസ്ഥകളും മനുഷ്യരെ പല രീതിയില്‍ പ്രചോദിപ്പിക്കാറുണ്ട്. ഇതാണ് ബാഹ്യം എന്നു സൂചിപ്പിച്ച രണ്ടാമത്തെ ഭാഗം.
ഇതില്‍ ഭൂരിഭാഗവും ബാഹ്യമായ വിവിധ തരം നേട്ടങ്ങള്‍ നേടിയെടുക്കാനും പ്രയാസങ്ങള്‍ ഒഴിവാക്കാനും വേണ്ടിയായിരിക്കും. സാമൂഹിക ജീവിയായ മനുഷ്യനെ സംബന്ധിച്ച് ഈ രണ്ടു തരത്തിലും അവന്റെ ജീവിതത്തിലെ അനിവാര്യമായതും അല്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം ലഭിക്കുന്നുണ്ട്. അവ ബോധപൂര്‍വം മനുഷ്യന്‍ ഉണ്ടാക്കിയെടുക്കേണ്ട ആവശ്യമൊന്നുമില്ല. സാധാരണഗതിയില്‍ ഇവ സ്വാഭാവികമായി ഉണ്ടാവുന്നതാണ്. ഒരുപക്ഷേ അവര്‍ തിരിച്ചറിയുക പോലും ചെയ്യാതെ മനുഷ്യരില്‍ അത് പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് വ്യത്യസ്ത സാഹചര്യങ്ങളിലും സന്തുലിതമായ ജീവിതം നയിക്കാന്‍ മനുഷ്യന് കഴിയുന്നത്.
മോട്ടിവേഷന്‍
ഇല്ലെങ്കില്‍?
ജീവിതത്തിന്റെ മുന്നോട്ടുപോക്കില്‍ നിര്‍ബന്ധമായും നാം പൂര്‍ത്തീകരിക്കേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടത്ര മോട്ടിവേഷന്‍ ഒരാള്‍ക്ക് സ്വാഭാവിക ജീവിതത്തില്‍ നിന്നു ലഭിക്കാതിരിക്കുകയോ, ലഭിക്കുന്ന മോട്ടിവേഷന്‍ അയാള്‍ക്ക് അശ്രദ്ധ മൂലമോ കഴിവില്ലായ്മ കൊണ്ടോ ഉപയോഗിക്കാന്‍ പറ്റാതിരിക്കുകയോ ചെയ്യുന്ന അവസ്ഥ ദുസ്സഹമാണ്. അത് മനുഷ്യരിലെ പ്രവര്‍ത്തനക്ഷമതയെ കുറയ്ക്കുകയും ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിന്ന് അവരെ പിറകോട്ടു വലിക്കുകയും ചെയ്യുന്നു.
ഇത്തരം വേളകളില്‍ അവരെ സഹായിക്കാന്‍ പരിശീലനം ലഭിച്ച മനഃശാസ്ത്രജ്ഞര്‍ക്ക് സാധിക്കും. എല്ലാവരുടെയും സാഹചര്യങ്ങളും ജീവിതവും വ്യക്തിത്വവും വ്യത്യസ്തമായതുകൊണ്ട് ഓരോരുത്തര്‍ക്കും അവര്‍ക്ക് അനുസൃതമായ പ്രത്യേകം വഴികളായിരിക്കും മനഃശാസ്ത്രജ്ഞര്‍ സ്വീകരിക്കുക. മറ്റേതു മാനസിക ബുദ്ധിമുട്ടുകളെയും പോലെത്തന്നെ ഇതിനും ഒറ്റമൂലിയോ ഒറ്റവഴിയോ ഉണ്ടെന്നു ധരിക്കരുത്. തന്റെ മുന്നില്‍ വരുന്ന ഓരോ മനുഷ്യരും മനഃശാസ്ത്രജ്ഞരെ സംബന്ധിച്ച് തനിക്കുള്ള പുതിയ പാഠപുസ്തകമാണ്.
മോട്ടിവേഷന്‍
സ്പീച്ചുകള്‍
ലോകതലത്തില്‍ വളരെ വിപുലമായ ഒരു മേഖലയാണ് ഇന്ന് മോട്ടിവേഷന്‍ സ്പീച്ച്. മുന്നേ തന്നെയുണ്ടെങ്കിലും സാമൂഹിക മാധ്യമങ്ങളുടെ കാലമായ ഇന്ന് ഇവയുടെ ദൃശ്യതയും സാധ്യതയും സ്വീകാര്യതയും അധികമാണ്. മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ലോകത്തെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുന്ന അനേകം പേര്‍ ഇന്നുണ്ട്. എല്ലാ ഭാഷകളിലും ഉണ്ടെങ്കിലും മലയാളത്തില്‍ കുറച്ചധികമാണോ എന്നുപോലും തോന്നിപ്പോകത്തക്ക വിധമാണ് നമ്മുടെ സാമൂഹിക മാധ്യമ മണ്ഡലം ഇത്തരക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നത്.
എല്ലാവര്‍ക്കും വേണ്ടി, പൊതുവായി എന്ന ഉദ്ദേശ്യത്തിലാണ് ഇത്തരം പ്രസംഗങ്ങള്‍ അധികവും കണ്ടുവരാറുള്ളത്. മോട്ടിവേഷന്റെ അഭാവമുള്ള ആളുകള്‍ക്ക് വ്യക്തികേന്ദ്രിതമായ പരിശീലനമാണ് ആവശ്യമുള്ളതെന്ന് മുമ്പേ സൂചിപ്പിച്ചല്ലോ. വിദ്യാര്‍ഥികള്‍, വിവിധ വ്യവസായങ്ങളിലെ തൊഴിലാളികള്‍ എന്നിങ്ങനെ പല മേഖലകളെയും കേന്ദ്രീകരിച്ച സവിശേഷ സംസാരങ്ങളും ഉണ്ടാകാറുണ്ട്. പക്ഷേ, സവിശേഷമായ ലക്ഷ്യങ്ങളില്‍ അത്തരം ഓഡിയന്‍സിനു വേണ്ടി സംഘടിപ്പിക്കുന്ന പരിപാടികള്‍ കൂടുതലും ട്രെയിനിങ്, ശില്‍പശാല എന്നിങ്ങനെയുള്ള വ്യവസ്ഥാപിത രീതികളിലാണ് സംഘടിപ്പിക്കാറുള്ളത്. പക്ഷേ, അവയില്‍ ചിലത് ഇത്തരത്തില്‍ വെറും മോട്ടിവേഷന്‍ സ്പീച്ചുകളായി മാറാറുമുണ്ട്. ഇവയ്ക്ക്, ജീവിതത്തില്‍ മോട്ടിവേഷന്‍ ലഭിക്കാത്തതോ, അതിനെ ഉപയോഗിക്കാന്‍ കഴിയാത്തതോ ആയ മനുഷ്യര്‍ക്ക് പരിഹാരമാവാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.
ഇത്തരത്തില്‍ ലഭിക്കുന്ന ഭൂരിഭാഗം ഉപകാരങ്ങളും നൈമിഷികവും പെെട്ടന്ന് മാഞ്ഞുപോകുന്നതുമായിരിക്കും. അതിനര്‍ഥം അവ അനാവശ്യമാണ് എന്നല്ല. ചില സമയങ്ങളിലെ ആവേശത്തിന് അത്തരം സംസാരങ്ങള്‍ കേള്‍ക്കുന്നതുകൊണ്ടും വിരോധമില്ല.
ആരാണ് ഇത്തരം പ്രഭാഷകരായി അവതരിക്കാറുള്ളത് എന്നത് പ്രസക്തമായ ചോദ്യമാണ്. മനഃശാസ്ത്രജ്ഞരും വിവിധ മേഖലകളിലെ ‘വിജയികള്‍’ എന്നോ ‘പ്രാഗത്ഭ്യമുള്ളവര്‍’ എന്നോ വിശേഷിപ്പിക്കാവുന്നവരും, ഇവര്‍ക്ക് പുറമേ ജീവിതത്തില്‍ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തി വിജയിക്കാതെ മോട്ടിവേഷന്‍ സ്പീക്കര്‍മാരായി മാറിയവരും അതില്‍ ഉള്‍പ്പെടും. ഇതില്‍ ഏറ്റവും കൂടുതല്‍ മൂന്നാമത്തെ വിഭാഗമാണ് എന്നു കാണാം. അവരാണ് മൈക്കും പിടിച്ച് ജീവിതത്തില്‍ വിജയിക്കാനുള്ള രഹസ്യം പറഞ്ഞു കൊടുക്കുന്നത് എന്നത് ഈ മേഖലയിലെ ഏറ്റവും വലിയ വിരോധാഭാസമാണ്.
ഒത്തിരി ബിസിനസുകള്‍ നടത്തി പൊളിഞ്ഞുപോയ അനേകം ആളുകള്‍ ബിസിനസ് വിജയിപ്പിക്കാനുള്ള ടിപ്‌സ് പറഞ്ഞുകൊടുക്കുന്ന ശില്‍പശാലകള്‍ നടത്തുന്നതും അതിന് നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്നതും, അത് പതിനായിരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കാണുന്നതുമെല്ലാം വിരോധാഭാസത്തിന്റെ വിവിധ മുഖങ്ങളാണ്. ഈ ടിപ്‌സ് ഉപയോഗിച്ച് ബിസിനസ് നടത്തി വിജയിപ്പിച്ച് ഇവര്‍ക്ക് സ്വയം ജീവിതത്തില്‍ വിജയിച്ചുകൂടേ എന്ന ചോദ്യമെന്തേ ആരും ചോദിക്കാത്തത് എന്ന് പലപ്പോഴും വിചാരിക്കാറുണ്ട്.
ഒരുപക്ഷേ, കേള്‍വിക്കാരെല്ലാം തന്റെ ബിസിനസ് വിജയിക്കുന്ന സ്വപ്‌നലോകത്തായിരിക്കും. വ്യവസ്ഥാപിതമായ പഠനം നടത്തിയതോ ഈ രംഗങ്ങളിലെ പരിചയസമ്പത്തുള്ളതോ ആയ ബിസിനസ് കണ്‍സള്‍ട്ടന്റുമാരെ പറ്റിയല്ല സൂചിപ്പിക്കുന്നത്.
പ്രത്യേകം ലൈസന്‍സ് ഒന്നും ആവശ്യമില്ലാത്ത മേഖലയായതുകൊണ്ട് വാഗ്ചാതുരിയുള്ള ആര്‍ക്കും പ്രവേശിക്കാവുന്ന ഒരു ഇടമായി മോട്ടിവേഷന്‍ സ്പീച്ച് മാറി. എന്നാല്‍, പരിശീലനം ലഭിച്ച മനഃശാസ്ത്രജ്ഞരോ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യമുള്ളവരോ നല്‍കുന്ന വ്യവസ്ഥാപിതമായ പരിശീലന പരിപാടികള്‍ മോട്ടിവേഷനൊപ്പം പ്രായോഗികമായ, നിലനില്‍ക്കുന്ന മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാക്കാന്‍ സഹായിച്ചേക്കാം. ഇതിനപ്പുറമുള്ള പ്രയോജനങ്ങള്‍ മോട്ടിവേഷന്‍ സ്പീച്ചുകള്‍ക്കില്ല.
പ്രയോജനമില്ല എന്നതിനപ്പുറം, ചില പ്രശ്‌നങ്ങളും മോട്ടിവേഷന്‍ സ്പീച്ചുകള്‍ക്കുണ്ട് എന്നതാണ് ശ്രദ്ധേയം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, ഇത് തങ്ങളുടെ ജീവിതം മാറ്റിമറിക്കുമെന്ന ധാരണയില്‍ ഇവയ്ക്കു വേണ്ടി ഒത്തിരി സമയവും സമ്പത്തും മാറ്റിവെക്കുന്ന ചിലരുടെ അവസ്ഥയാണ്. പലപ്പോഴും പ്രാഗത്ഭ്യത്തിന്റെ കാര്യത്തില്‍ തങ്ങളേക്കാള്‍ പിറകിലുള്ളവരെ കേള്‍ക്കാന്‍ ഒത്തിരി പേരുടെ വിലപ്പെട്ട സമയവും സമ്പത്തും നഷ്ടപ്പെടുന്നു.
അസാധാരണ
വാഗ്ദാനങ്ങള്‍
കേള്‍ക്കുമ്പോള്‍ രസമുള്ളതും പ്രായോഗികമാണെന്ന് തോന്നുന്നതും, എന്നാല്‍ ജീവിതത്തില്‍ പ്രായോഗികമല്ലാത്തതുമായ ഒത്തിരി വാഗ്ദാനങ്ങള്‍ ഇത്തരക്കാര്‍ നല്‍കും. പ്രഭാഷണം കേള്‍ക്കുന്ന വേളയില്‍ ചിന്തയെ പ്രഭാഷകന്റെ വാക്കുകളിലേക്ക് മാത്രം തളച്ചിട്ട സാഹചര്യത്തില്‍ കേള്‍വിക്കാര്‍ക്ക് ഇത് വളരെ മികച്ച ആശയമായി തോന്നും. ഈ ചിന്ത എനിക്ക് മുമ്പേ വന്നിരുന്നെങ്കില്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുമായിരുന്നു എന്ന ധാരണ പോലും പലര്‍ക്കും വരും. പക്ഷേ, നമ്മുടെ ചിന്ത ഇദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും മോചിതമായി യഥാര്‍ഥ ലോകവുമായി സംവദിക്കാന്‍ തുടങ്ങുമ്പോള്‍ നമുക്ക് പ്രസ്തുത ആശയത്തിന്റെ അപ്രായോഗികത മനസ്സിലായിത്തുടങ്ങും. പക്ഷേ, ആ സമയങ്ങളിലും സ്വന്തം കഴിവുകേടായിട്ടാണ് പലരും ആ അപ്രായോഗികതയെ വിലയിരുത്തുക. കാരണം, അത്രത്തോളം ഈ പ്രഭാഷകന്‍ നമ്മെ ആ ആശയം ബോധ്യപ്പെടുത്തിയിട്ടുണ്ടാവും.
മാര്‍ഗമില്ലാത്ത
ആശയങ്ങള്‍
പരിശീലനം ലഭിക്കാത്ത, സംസാരിക്കാനുള്ള കഴിവുകൊണ്ട് മാത്രം ഈ മേഖലയിലേക്ക് എത്തിപ്പെട്ട ആളുകളില്‍ നിന്നു ലഭിക്കുന്ന ആശയങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ പറ്റാത്തതിന്റെ കാരണം, ആ ആശയങ്ങള്‍ എങ്ങനെ പ്രയോഗവത്കരിക്കണം എന്നതിന്റെ ശാസ്ത്രീയ മാര്‍ഗത്തെപ്പറ്റി അവര്‍ അജ്ഞരാണ് എന്നതാണ്. പരിശീലനം നേടിയ മനഃശാസ്ത്രജ്ഞരോ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം നേടിയവരോ നയിക്കുന്ന സംസാരങ്ങളില്‍ നിന്ന് ഇവിടെ സൂചിപ്പിച്ച മോട്ടിവേഷന്‍ സ്പീച്ചുകള്‍ വ്യത്യസ്തമാവുന്നത് പ്രധാനമായും ഇതിലൂടെയാണ്.
പലയിടങ്ങളില്‍ നിന്നായി ലഭിക്കുന്ന വ്യത്യസ്ത ആശയങ്ങള്‍ ഇവര്‍ മനോഹരമായ വാക്കുകളിലൂടെ ആളുകളിലേക്ക് എത്തിക്കുന്നു. ഒരാശയം പറഞ്ഞ് അത് പ്രായോഗികമാക്കേണ്ട വഴികള്‍ ശാസ്ത്രീയമായി പരിശീലിപ്പിക്കേണ്ട സമയത്ത് ഇവര്‍ പത്ത് ആശയങ്ങള്‍ പറയുന്നു. അവയൊന്നും വ്യവസ്ഥാപിതമായി എങ്ങനെയാണ് ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നത് കേള്‍ക്കുന്നവര്‍ക്കോ പറയുന്നവര്‍ക്കോ അറിയുകയുമില്ല. മഷി പുരണ്ടിരിക്കുന്ന, മനോഹരമായ വാക്കുകളില്‍ ചേര്‍ത്തുവെക്കാന്‍ കഴിയുന്ന പല ആശയങ്ങളും അത്തരത്തിലായിരിക്കില്ല ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കിടയില്‍ കടന്നുവരിക. അത് തിരിച്ചറിഞ്ഞുകൊണ്ടുള്ള സംസാരങ്ങള്‍ക്കും പരിശീലന പരിപാടികള്‍ക്കും പക്ഷേ ഇത്ര മധുരമുണ്ടാവില്ല. സ്വാഭാവികമായും ഉപയോക്താക്കളും കുറവായിരിക്കും. പ്രചോദനം ഉണ്ടാക്കാനല്ല, അത് നിലനിര്‍ത്താനാണ് കൂടുതല്‍ പ്രയാസം. അതിനുള്ള വഴികളാണ് ഈ മോട്ടിവേഷന്‍ സ്പീക്കര്‍മാരുടെ കൈയില്‍ ഇല്ലാത്തതും.