26 Friday
April 2024
2024 April 26
1445 Chawwâl 17

മൂസാ നബി(അ)യുടെ മാതാവ്: സഹനത്തിന്റെ സ്ത്രീരൂപം

എ ജമീല ടീച്ചര്‍


ഞങ്ങന്നപ്പുല്ലുകള്‍ അടുക്കിവെച്ച് ഒരു പെട്ടകം തയ്യാറാക്കുകയാണ് കുഞ്ഞു മൂസയുടെ മാതാവ്. പശയും കീലും കണ്ണീരില്‍ ചാലിച്ചെടുത്ത് പെട്ടകത്തിന്റെ ദ്വാരങ്ങള്‍ അടച്ച് കഴിഞ്ഞു. ഇല്ല, വെള്ളം അകത്തേക്ക് കയറുകയില്ല. അവര്‍ ഉറപ്പാക്കി. കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും സൂക്ഷിക്കാനായിരുന്നില്ല. നൊന്ത് പെറ്റ കുഞ്ഞിനെ പെട്ടകത്തില്‍ കിടത്തി പതുക്കെ നൈല്‍ നദിയുടെ ഒഴുക്കിലേക്കു ഇറക്കിവെക്കാന്‍. ഇത്രമേല്‍ ക്രൂരയായിരുന്നോ ആ മാതാവ്. ഒരിക്കലുമല്ല, മൂന്നു മാസം മാത്രം പ്രായമായ തന്റെ പിഞ്ചോമനയെക്കുറിച്ച് അല്ലാഹുവിന്റെ പക്കല്‍ നിന്ന് ആ മാതാവിനുണ്ടായിരുന്ന ദിവ്യബോധനം അങ്ങനെ ചെയ്യാനായിരുന്നു.
അക്കാലത്ത് ഈജിപ്തില്‍ ഇസ്രായീല്‍ വംശത്തിലെ പുരുഷ ജനസംഖ്യ കുറക്കേണ്ടതിനായി ഭരണാധികാരിയായ ഫേറാവാന്‍ ഒരു കല്‍പന പുറപ്പെടുവിച്ചിരുന്നു. ”നാം നിങ്ങളെ ഫറോവാനികളുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചതോര്‍ക്കുക. അവര്‍ നിങ്ങളെ നിഷ്ഠൂര മര്‍ദ്ദനങ്ങളാല്‍ പീഡിപ്പിക്കുകയായിരുന്നു. നിങ്ങളുടെ ആണ്‍മക്കളെ അവര്‍ അറുകൊല ചെയ്ത് കൊണ്ടിരുന്നു. സ്ത്രീകളെ മാത്രം ജീവിക്കാനനുവദിച്ചു. ആ അവസരത്തില്‍ നിങ്ങള്‍ റബ്ബില്‍നിന്നുള്ള ഭയങ്കരമായ പരീക്ഷണത്തിലകപ്പെട്ടിരിക്കുകയായിരുന്നു.” (വി.ഖു. 2:49)
ബി സി പതിമൂന്നാം നൂറ്റാണ്ടിലായിരുന്നു ഇത്. അന്ന് ഈജിപ്തില്‍ ഇസ്രാഈല്യര്‍ അനുഭവിച്ച ദുരിതങ്ങള്‍ എണ്ണിയാലൊതുങ്ങുമായിരുന്നില്ല. അതിനുമുമ്പ് ബി സി 17-18 നൂറ്റാണ്ടുകളില്‍ യഅ്്ഖൂബ് പുത്രന്‍ യൂസുഫ് നബി(അ)ക്ക് ഈജിപ്തില്‍ ഭരണകൂടത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ടായിരുന്നു. ഫറവോന്‍ രാജവംശത്തെ പുറംതള്ളി ഹെക്‌ബോസ് രാജവംശം നാട് ഭരിച്ചിരുന്ന കാലത്തായിരുന്നു അത്. ഫലസ്തീനില്‍നിന്ന് ഇസ്രാഈല്യര്‍ ഈജിപ്തിലേക്ക് ഗണ്യമായി കുടിയേറിപ്പാര്‍ത്തിരുന്നതും അക്കാലത്തായിരുന്നു. ഇസ്രായീല്യരുടെ സുവര്‍ണ കാലമായിരുന്നു അത്.
ഏതാനും നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഹെക്‌ബോസുകളെ പുറംതള്ളി ഫറവോന്‍ രാജവംശം തന്നെ ഈജിപ്തില്‍ സ്ഥാനമുറപ്പിച്ചു. അതോടെ ഇസ്രായീല്യരുടെ കഷ്ടകാലവും ആരംഭിച്ചു. ഇസ്രായീല്യരെ ഖിബ്ത്തികള്‍ അടിമകളാക്കിവെച്ചു. അവരിലെ ജനസംഖ്യാ വര്‍ധനവ് തടയേണ്ടതിനുവേണ്ടി അവരില്‍ പിറന്ന് വീഴുന്ന ആണ്‍മക്കളെ നിഷ്‌കരുണം കൊന്ന് കളഞ്ഞുകൊണ്ടിരുന്നു. ഒന്നിടവിട്ട വര്‍ഷങ്ങളിലായിരുന്നു ഫറവോന്‍ ഈ ക്രൂരത നടപ്പാക്കിയിരുന്നത്. അത്തരം ഒരവസരത്തിലായിരുന്നു മൂസാ പ്രവാചകന്റെ ജനനം നടക്കുന്നത്. ശിശു ഹത്യയുടെ വര്‍ഷമായിരുന്നു അത്. തലേവര്‍ഷം ജനിച്ച സഹോദരന്‍ ഹാറൂന്‍ നബിയുടെ ജീവന് ഈ ഭീഷണിയുണ്ടായിരുന്നില്ല. ഏതൊരു മാതാവിനെയും പോലെ താന്‍ നൊന്ത് പെറ്റ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആ മാതാവും തത്രപ്പെടുകയാണ്. ബാദ് എന്നായിരുന്നു അവരുടെ പേരെന്നും പറയപ്പെടുന്നു.
പ്രസവമെടുക്കുന്ന വയറ്റാട്ടി തന്നെ ശിശുഹത്യ നടത്തിക്കൊള്ളണമെന്നതായിരുന്നു രാജനിയമം. മൂസയോടും മാതാവിനോടും അലിവ് തോന്നിയ വയറ്റാട്ടി ശിശുവിനെ ഹിംസിക്കാതെ വിടുകയായിരുന്നു. പക്ഷേ അതുകൊണ്ട് മാത്രം കുഞ്ഞ് സുരക്ഷിതനാകുമായിരുന്നില്ല. ഫറോവാനികളുടെ കണ്ണില്‍പ്പെട്ടാല്‍ ഏത് നിമിഷവും കുഞ്ഞ് കൊല്ലപ്പെടാം. മാതാവ് മൂന്ന് മാസത്തോളം തികഞ്ഞ ആകുലതയോടെ കുഞ്ഞിനെ വളര്‍ത്തി. ഒടുവില്‍ അല്ലാഹുവിന്റെ പക്കല്‍ നിന്ന് അവര്‍ക്ക് ബോധോദയമുണ്ടായി. കുഞ്ഞിനെ സുരക്ഷിതമായ ഒരു പെട്ടിയിലാക്കി പുഴയിലേക്ക് ഇറക്കിവെക്കാനായിരുന്നു അത്.

‘നിന്റെ മാതാവിന് ലഭിച്ച സന്ദേശം ബോധനം ചെയ്തപ്പോള്‍. എന്തെന്നാല്‍, ഈ ശിശുവിനെ പേടകത്തില്‍ വെക്കുക. പേടകം നദിയില്‍ വെക്കുക. നദി അത് കരക്കണച്ച് കൊള്ളും. എന്റെയും ആ ശിശുവിന്റെയും ശത്രു അത് എടുക്കുകയും ചെയ്തുകൊള്ളും. എന്നില്‍ നിന്നുള്ള സ്‌നേഹം നിന്നില്‍ ചൊരിഞ്ഞിരുന്നു. ഇതൊക്കെയും നീ എന്റെ മേല്‍നോട്ടത്തില്‍ വളര്‍ത്തപ്പെടുന്നതിന് വേണ്ടിയായിരുന്നു. (വി.ഖു. 20: 38-39)
മൂസ പ്രവാചകന്റെ മാതാവിന് അല്ലാഹു നല്‍കിയ ഈ ബോധനത്തിന്റെ പേരിലാണ് മാതാവ് കുഞ്ഞിന്റെ കാര്യത്തില്‍ അങ്ങനെയൊരു തീരുമാനമെടുക്കുന്നത്. ഇങ്ങനെയൊരു ഉറപ്പില്ലാതെ ഒരു മാതാവും തന്റെ കുഞ്ഞിനെ നദിയിലൊഴുക്കാനോ കാട്ടിലെറിയാനോ ഒന്നും തയ്യാറാവില്ലല്ലോ. ഞങ്ങണപ്പെട്ടിയില്‍ ഒരു ശിശു പുഴയിലൂടെ ഒഴുകി വരുന്നു. കൊട്ടാരക്കടവില്‍ രാജപത്‌നി അതിനെ കണ്ടെടുക്കുന്നു. ഇതെല്ലാം അത്ഭുതമുളവാക്കുന്ന കാര്യങ്ങളാണ്. പെട്ടി കണ്ടെത്തുന്നവരില്‍ അത് കുഞ്ഞിനോട് സ്‌നേഹം തോന്നാനും അതിനെ വളര്‍ത്തിയെടുക്കുവാനുമുള്ള പ്രേരണയുണ്ടാക്കും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. കടവില്‍ കുളിക്കാനിറങ്ങിയ ഫറോവാന്‍ പത്‌നി തന്നെ കുട്ടിയെ കണ്ടെത്തി എന്നതാണ് ബൈബിളില്‍ പറയുന്നത്. അക്കാലത്ത് ഫറോവാന്റെ നിയമം മറികടന്ന് എബ്രായ ശിശുവിനെ വളര്‍ത്താന്‍ രാജപത്‌നിക്കേ കഴിയുമായിരുന്നുള്ളൂ. എല്ലാത്തിനുമപ്പുറം സ്രഷ്ടാവായ അല്ലാഹുവിന്റെ നിര്‍ണിതമായ തീരുമാനങ്ങളാണ് ഇവിടെ പ്രയോഗവല്‍ക്കരിച്ചത്. നാഥനായ റബ്ബിന്റെ ഉദ്ദിഷ്ടകാര്യം നടപ്പിലാക്കാന്‍ സ്വീകരിക്കുന്ന വിചിത്രമായ രീതികളുടെയും സമ്പൂര്‍ണമായ പ്രവര്‍ത്തന വൈഭവത്തിന്റെയും മികച്ച ഉദാഹരണമാണീ സംഭവം. ഫറവോനികളുടെ അന്തകനായ മൂസ നബി(അ) യെ പോറ്റിവളര്‍ത്താന്‍ അവന്‍ ഫറവോന്റെ കയ്യില്‍ തന്നെ ഏല്‍പ്പിക്കുകയാണ്.
ഇങ്ങനെയൊരാള്‍ ജനിച്ച് വളരാതിരിക്കാനാണ് അയാള്‍ എല്ലാ ജാഗ്രതാ നടപടികളും കൈകൊള്ളുന്നതും ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്നതും. പക്ഷേ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളെ മറി കടക്കാന്‍ ഒരു ഫറവോനും സാധ്യമാകുകയില്ലല്ലോ. മൂസ(അ)യെപ്പോലുള്ള ഒരു ഇസ്രായീലി കുഞ്ഞിന് പ്രതീക്ഷിക്കാനാവാത്ത സ്നേഹമാണ് ഫറവോന്‍ കുടുംബത്തില്‍ അല്ലാഹു ഇട്ടു കൊടുത്തത്. ‘അവന്‍ എന്റെയും നിന്റെയും കണ്ണിന് കുളിരാകുന്നു’ എന്നതാണ് ഫറവോനോട് അയാളുടെ പത്‌നി കുട്ടിയെ കണ്ടപ്പോള്‍ ആദ്യമായി പറഞ്ഞത്. താന്‍ കൊല്ലാന്‍ കല്‍പിച്ച എബ്രായ ശിശുക്കളില്‍ ഒരാളാണിതെന്ന് മുഖലക്ഷണത്തില്‍നിന്ന് ഫറോവാന് മനസ്സിലായിരുന്നു. അതുകൊണ്ടാണ് ആ സ്ത്രീ ‘ഇവനെ കൊല്ലരുത്’ എന്ന് പ്രത്യേകം ആവശ്യപ്പെട്ടത്. എന്നിട്ടും ഫറോവാന് ആ കുഞ്ഞിനോട് എന്തെന്നില്ലാത്ത ഭയം തോന്നുകയാണുണ്ടായത്.
മൂസയെ പെട്ടകത്തിലാക്കി ഒഴുക്കിയ ശേഷം മാതാവ് വെറുതെയിരിക്കുകയായിരുന്നില്ല. മകന്റെ പരിണിതിയോര്‍ത്ത് അവരുടെ മനസ്സ് പിടക്കുന്നുണ്ടായിരുന്നു. അല്ലാഹു അവരുടെ മനസ്സിനെ ദൃഡീകരിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ ബഹളം വെച്ച് കുട്ടിയുടെ രഹസ്യം പുറത്തറിയുമായിരുന്നു. മൂസയുടെ പെട്ടകത്തിന് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ അവര്‍ മകളെ കരയിലൂടെ പിന്തുടരാന്‍ പറഞ്ഞയച്ചു. മാതാവിന്റെ നിര്‍ദ്ദേശമനുസരിച്ച് മകള്‍ പെട്ടകത്തെ പിന്തുടര്‍ന്നു. സഹോദരനെ കൊട്ടാര വാസികള്‍ കണ്ടെടുത്തത് അവള്‍ മനസ്സിലാക്കി. കുട്ടിക്ക് മോശെ എന്ന് പേരിട്ടത് രാജ്ഞിയാണെന്നാണ് ബൈബിള്‍ പറയുന്നത്.
രാജ്ഞി ശിശുവിന് മുലയൂട്ടാന്‍ പറ്റിയ സ്ത്രീകളെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷേ കുഞ്ഞ് ആരുടെയും മുലകുടിക്കാന്‍ കൂട്ടാക്കുന്നില്ല. അപ്പോഴാണ് മൂസയുടെ സഹോദരി അങ്ങോട്ട് കയറിച്ചെല്ലുന്നത്. ‘ഈ കുട്ടിയെ നന്നായി പോറ്റി വളര്‍ത്താന്‍ പറ്റിയ ആളെ എനിക്കറിയാം’ സഹോദരി പറഞ്ഞു. എങ്കില്‍പോയി കൂട്ടിക്കൊണ്ട് വരാന്‍ കല്‍പനയുണ്ടായി. അവള്‍ പോയി സ്വന്തം മാതാവിനെതന്നെ കൊട്ടാരത്തിലേക്ക് കൂട്ടികൊണ്ടുവന്നു.
മാതാവ് മുലകൊടുത്തപ്പോള്‍ ശിശു സന്തോഷത്തോടെയും ആവേശത്തോടെയും മുലകുടിച്ചുതുടങ്ങി. കുട്ടിയെ കൊണ്ടുപോയി പാലൂട്ടി വളര്‍ത്തണമെന്നും അതിന് കൊട്ടാരത്തില്‍നിന്ന് വേതനം ലഭിക്കുമെന്നും രാജ്ഞി കല്‍പ്പിച്ചു. ഇങ്ങിനെ മൂസ തന്റെ മാതാവിന്റെ കൈകളില്‍ തന്നെ തിരിച്ചെത്തി. ഇതൊന്നും യാദൃശ്ചികമായിരുന്നില്ല. മൂസയുടെ മാതാവ് ദു:ഖിക്കാതിരിക്കാനും സംതൃപ്തയാകുവാനുമായി അല്ലാഹു ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയായിരുന്നു. മുലകുടി പ്രായം പിന്നിട്ടപ്പോള്‍ മാതാവ് കുട്ടിയെ രാജകൊട്ടാരത്തിലേക്ക് തന്നെ തിരിച്ചെത്തിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x