ഐ എസ് തകര്‍ത്ത മൊസൂളിലെ പള്ളി ഈജിപ്ത് പുനര്‍നിര്‍മിച്ചു

ഇറാഖിലെ മൊസൂളില്‍ ഐ എസ് ഭീകരരുടെ ബോംബാക്രമണത്തില്‍ തകര്‍ന്ന മസ്ജിദ് പുനര്‍നിര്‍മിച്ച ഈജിപ്തിലെ ആര്‍ക്കിടെക്റ്റ് സംഘത്തെതേടി യുനെസ്കോയുടെ പുരസ്കാരം. ഏറ്റവും മനോഹരമായ രീതിയില്‍ പള്ളി പുനര്‍നിര്‍മിച്ചതിനാണ് ഐക്യരാഷ്ട്ര സഭയുടെ പട്ടികയില്‍ ഈജിപ്ത് സംഘം ഇടം പിടിച്ചത്. 2017-ലെ ഐ എസ് ഏറ്റുമുട്ടലിലാണ് ഗ്രേറ്റ് മോസ്ക് ഓഫ് അല്‍ നൂരി എന്ന പേരിലറിയപ്പെടുന്ന മസ്ജിദ് തകര്‍ന്നത്. ഐ എസില്‍ നിന്ന് മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള ഇറാഖ് സൈന്യത്തിന്റെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലിലായിരുന്നു വലിയ പള്ളി തകര്‍ന്നടിഞ്ഞത്. 12-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ പള്ളി ഏറെ പ്രശസ്തമായിരുന്നു. ഇതിന്റെ ചരിഞ്ഞ മിനാരം ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. 123 അപേക്ഷകരില്‍ നിന്നാണ് എട്ടംഗ ഈജിപ്ത് ആര്‍ക്കിടെക്റ്റ് സംഘത്തെ യുനെസ്കോ തെരഞ്ഞെടുത്തത്. വ്യാഴാഴ്ച യുനെസ്കോ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. പുരാതന നഗരത്തിന്റെ പുനരധിവാസത്തിന്റെ ഭാഗമായാണ് ഈജിപ്ത് സംഘം പള്ളി പുനര്‍നിര്‍മിച്ചത്.
