20 Saturday
April 2024
2024 April 20
1445 Chawwâl 11

കൊതുകിനെ ഉപമയാക്കുന്ന ഖുര്‍ആന്‍

ടി പി എം റാഫി


‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം’ എന്നു നമ്പ്യാര്‍ ആക്ഷേപഹാസ്യമായി പാടുമ്പോള്‍ കൊതുകിന്റെ തന്നെ മുതുകിലിരുന്ന് ചോര കുടിക്കുന്ന നന്നേ സൂക്ഷ്മജീവികളെക്കുറിച്ചൊന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ഇന്ന് ശാസ്ത്രം അങ്ങനെയൊരു ശ്രദ്ധേയമായ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്.
1922ല്‍ എഫ് ഡബ്ല്യൂ എേഡ്വഡ്‌സ് എന്ന ഗവേഷകന്‍ ഇതേക്കുറിച്ചൊരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നുവത്രേ. തെക്കുകിഴക്കന്‍ ഏഷ്യയിലെ മലായ് ഉപദ്വീപില്‍, കൊതുകിന്റെ പുറത്തിരുന്ന് ചോരകുടിക്കുന്ന ചിറകുകളുള്ള വളരെ ചെറിയ പ്രാണികളെ കണ്ടെത്തിയ കാര്യമാണ് അദ്ദേഹം പ്രബന്ധത്തില്‍ അവതരിപ്പിച്ചത്. ഇതിന് കുലികോയ്ഡ്‌സ് അനോഫലിസ് എന്നു പേരിട്ടു. പിന്നീട് ഇതേക്കുറിച്ച് കാര്യമായ തുടര്‍പഠനങ്ങള്‍ നടന്നില്ല. 1947ല്‍ ലിയാര്‍ഡ് എന്ന ഗവേഷകനും ഇതു സ്ഥിരീകരിച്ചിരുന്നു. 1950കളില്‍ ചൈനയിലെ ഹൈനാനിലും ഇന്ത്യയിലെ പലയിടത്തും കൊതുകിന്റെ പരോപജീവിയെ കണ്ടെത്തിയിരുന്നുവെന്ന റിപോര്‍ട്ടുകള്‍ കാണാം.
കൊതുകുകളുടെ സാമ്രാജ്യം എന്നറിയപ്പെടുന്ന ഇന്ത്യ, ചൈന, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളില്‍ ധാരാളമായി വളരുന്ന കൊതുകുകളെക്കുറിച്ച് കഴിഞ്ഞ ദശകത്തിലാണ് കാര്യമായി പഠിച്ചത്. ചൈനീസ് ശാസ്ത്രജ്ഞരായിരുന്നു ഇതിനു പിറകില്‍. 2013 ആഗസ്ത് 10ന് ചൈനയിലെ ഹൈനാനില്‍ നിന്നു ശേഖരിച്ച സാമ്പിളുകളില്‍ കൊതുകിന്റെ ദേഹത്തിരുന്നു ചോര കുടിക്കുന്ന ചെറുപ്രാണികളെ വീണ്ടും അവര്‍ കണ്ടെത്തി. ശേഖരിച്ച കൊതുകുകളെ പരീക്ഷണശാലയില്‍ നിരീക്ഷിച്ചാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പിറ്റേ ദിവസം പരീക്ഷണം ആവര്‍ത്തിച്ചപ്പോഴും ഇതുതന്നെയായിരുന്നു ഫലം. ഇപ്രാവശ്യം കൊതുകിനെയും അതിന്റെ ദേഹത്തുള്ള പരാദജീവിയെയും ചെറുതായി ക്ലോറോഫോം നല്‍കി മയക്കിയാണ് മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിച്ചത്. കൊതുകിന്റെ മീതെയിരുന്ന് ആ പ്രാണി ചോര കുടിക്കുന്ന ദൃശ്യം കാമറയില്‍ പകര്‍ത്തി. ഇവയുടെ വായ ചോര കുടിക്കാന്‍ പാകത്തിലാണത്രേ സംവിധാനിച്ചിട്ടുള്ളത്. മൂന്നു മിനിറ്റു കൊണ്ട് ചോര കുടിച്ച് വിശപ്പടക്കുന്ന ഇവ ചിലപ്പോള്‍ 56 മണിക്കൂറോളം ആതിഥേയരുടെ ദേഹത്ത് പറ്റിപ്പിടിച്ചിരുന്ന് സഞ്ചരിക്കാറുമുണ്ട്. ഈ പ്രാണികളുടെ വലുപ്പമെത്രയെന്നല്ലേ? കൊതുകിന് നമ്മോളം വലുപ്പമുണ്ടെന്നു സങ്കല്‍പിച്ചാല്‍ പരാദജീവിക്ക് ചെറിയ ഭക്ഷണത്തളികയുടെ വലുപ്പമേ കാണൂ.
കുലികോയ്ഡ്‌സ് അനോഫലിസ് പ്രാണികളുടെ ദേഹത്തും ആള്‍പ്പാര്‍പ്പുണ്ട്. ബ്ലൂടങ് വൈറസ്, ഒറോപൗച്ച് വൈറസ്, ഷ്‌മെല്ലന്‍ബര്‍ഗ് വൈറസ് തുടങ്ങിയവ ഇവയുടെ കുടിയിരുപ്പുകാരാണ്. മലേറിയ, ഫൈലേറിയാസിസ്, ജാപ്പനീസ് എന്‍സഫലിറ്റിസ്, ഡെങ്കി, ചിക്കുന്‍ഗുനിയ, സിക തുടങ്ങിയ രോഗവാഹകരെയും കൊതുക് ദേഹത്ത് കൊണ്ടുനടക്കുന്നുണ്ട്.
ഒരു ജോടി ചിറകുകളും മൂന്നു ജോടി രോമാവൃതമായ നീളമുള്ള കാലുകളും കൂര്‍ത്തുമൂര്‍ത്ത വായയുമുള്ള കൊതുകുകള്‍, 3600 പ്രാണി സ്പീഷീസുകളുള്ള കുലിസിഡെ കുടുംബത്തിലെ ഒരംഗമാണ്. വര്‍ഷത്തില്‍ ഏഴു ലക്ഷം പേരെയെങ്കിലും കൊതുകു പരത്തുന്ന സാംക്രമിക രോഗങ്ങള്‍ കൊന്നൊടുക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്ത് മൊത്തം മരിക്കുന്നവരില്‍ പകുതി പേരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കൊതുകുജന്യരോഗം വഴിയാണെന്ന മറ്റൊരു വാദവുമുണ്ട്. പത്തു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഇവയ്ക്കു ജീവിക്കാന്‍ പറ്റാത്തതിനാല്‍ തണുപ്പുരാജ്യങ്ങളില്‍ കൊതുകുകളെ വിരളമായേ കാണാറുള്ളൂ.
പൊതുവെ ആണ്‍-പെണ്‍ കൊതുകുകള്‍ പൂന്തേനും സസ്യദ്രവങ്ങളും ഭക്ഷിച്ചാണ് വളരുന്നത്. പക്ഷേ, മിക്ക സ്പീഷീസുകളിലെയും പെണ്‍കൊതുകുകളുടെ വായ ജന്തുക്കളുടെ ചോര കുടിക്കാന്‍ ഉതകുന്ന തരത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ ഇവ എക്ടോ പാരസൈറ്റുകള്‍ എന്നാണറിയപ്പെടുന്നത്. അന്യരുടെ ചോരയിലെ പോഷകങ്ങള്‍ കിട്ടി വേണം പെണ്‍കൊതുകുകള്‍ക്ക് മുട്ട ഉല്‍പാദിപ്പിക്കാന്‍. അല്ലെങ്കില്‍, ചോര കുടിക്കുന്നതോടുകൂടിയാണ് പെണ്‍കൊതുകുകളില്‍ നിന്ന് ധാരാളം മുട്ട വിരിഞ്ഞിറങ്ങുന്നത്.
ചോരയിലെ ഷുഗറും ലിപിഡ്‌സും ഗാഢതയുള്ള പോഷകങ്ങളും ആല്‍ബുമിന്‍, ഗ്ലോബുലിന്‍ പോലുള്ള പ്രോട്ടീനുകളും പെണ്‍കൊതുകുകള്‍ക്ക് പ്രജനനത്തിന് അത്യന്താപേക്ഷിതമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. നേരത്തെ പറഞ്ഞ കുലികോയ്ഡ്‌സ് അനോഫലിസ് എന്ന കൊതുകിന്റെ ചോരകുടിയന്മാര്‍ പെണ്‍കൊതുകുകളുടെ മുതുകത്തു മാത്രമാണ് അധിവസിക്കുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തല്‍.
കൊതുകുകളിലെ കൗതുകം ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും ഉണ്ടാക്കുന്ന വൈറസുകള്‍ പടരുന്നത് തടയാന്‍ കൊതുകുകളെ തന്നെ പ്രയോജനപ്പെടുത്തുന്ന കാലവും വിദൂരമല്ല. പ്രത്യേകയിനം ബാക്ടീരിയയെ സന്നിവേശിപ്പിച്ച കൊതുകുകളെ പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ ഗവേഷകര്‍ ഇന്ന് ഒരുങ്ങുന്നു. പുതുച്ചേരിയിലെ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററില്‍ (വി സി ആര്‍ സി) വികസിപ്പിച്ച കൊതുകിനങ്ങളെ തുറന്നുവിടുന്നതിന് അധികൃതരുടെ അനുമതി കാത്തിരിക്കയാണ് ഗവേഷകര്‍.
ഡെങ്കിയും ചിക്കുന്‍ഗുനിയയും പരത്തുന്ന ഈഡിസ് ഈജിപ്തി ഇനത്തില്‍ പെട്ട കൊതുകില്‍ രണ്ടിനം വോല്‍ബാച്ചിയ ബാക്ടീരിയയെ കുടിയിരുത്തിയാണ് ‘ഈഡിസ് ഈജിപ്തി പുതുച്ചേരി’ എന്ന പുതിയയിനം കൊതുകിനെ വികസിപ്പിച്ചത്. കൊതുകിന്റെ കലകളില്‍ വോല്‍ബാച്ചിയ നിലയുറപ്പിക്കുന്നതു കാരണം അവയ്ക്ക് രോഗാണുവൈറസുകളെ വഹിക്കാനാവാതെ വരും. നാടന്‍ കൊതുകുകളുമായി ഇവ ഇണചേര്‍ന്നുണ്ടാകുന്ന കുഞ്ഞുങ്ങളിലും ബാക്ടീരിയയുടെ സാന്നിധ്യം ഉള്ളതുകൊണ്ട് അവയ്ക്കും പ്രതിരോധശേഷി കിട്ടുന്നു. കാലക്രമേണ ഈ ബാക്ടീരിയ കുടിയിരിക്കുന്ന കൊതുകുകള്‍ മാത്രമേ ശേഷിക്കൂ. അതോടെ കൊതുകിലൂടെ വൈറസ് പടരുന്നത് നിലയ്ക്കും- ഗവേഷകര്‍ പറയുന്നു.
ചില വിദേശ രാജ്യങ്ങളില്‍ ഈ രീതി പരീക്ഷിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ മൊണാഷ് സര്‍വകലാശാലയില്‍ നിന്നു കൊണ്ടുവന്ന 10,000 കൊതുകുമുട്ടകള്‍ വിരിയിച്ചാണ് ഇവര്‍ ഗവേഷണം നടത്തിയത്. ഈ രീതിയിലൂടെ വൈറസ് വ്യാപനം ഗണ്യമായി കുറയ്ക്കാനാവുമെന്ന് വി സി ആര്‍ സി ഡയറക്ടര്‍ ഡോ. അശ്വനികുമാര്‍ വ്യക്തമാക്കി. ചുവടെ ചേര്‍ത്ത ഖുര്‍ആന്‍ വചനം കുലികോയ്ഡ്‌സ് അനോഫലിസ് പോലുള്ള കൊതുകിന്റെ ദേഹത്തെ പരാദജീവികളിലേക്കും ഈ മേഖലയിലെ പുതിയ ഗവേഷണഫലങ്ങളിലേക്കും വെളിച്ചം വീശുന്നതു കാണാം:
”ഏതൊരു സംഗതിയെയും ഉദാഹരിക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല, തീര്‍ച്ച. അതൊരു പെണ്‍കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ, വിശ്വാസികള്‍ക്ക് പക്ഷേ അതു തങ്ങളുടെ നാഥനില്‍ നിന്നുള്ള പരമാര്‍ഥമാണെന്നു ബോധ്യപ്പെടും. സത്യനിഷേധികളാകട്ടെ, ഈ ഉദാഹരണംകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നതെന്ന് സന്ദേഹിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉദാഹരണം നിമിത്തം ഒട്ടേറെ പേരെ അവന്‍ മാര്‍ഗഭ്രംശത്തിലാക്കുന്നു; ഒട്ടേറെ പേരെ നേര്‍വഴിയിലും. അധര്‍മകാരികളല്ലാത്ത ആരെയും അതു നിമിത്തം അവന്‍ വഴിതെറ്റിക്കുന്നതല്ല” (2:26).
അറബിഭാഷയില്‍ ബഊദ്വതന്‍ എന്നാല്‍ പെണ്‍കൊതുക് എന്നാണര്‍ഥം. ഫമാ ഫൗകഹാ എന്നതിന് ‘അതിലുപരി നിസ്സാരമോ’ എന്നാണ് സാധാരണ അര്‍ഥം നല്‍കാറുള്ളത്. ഫൗകഹാ എന്ന വാക്കിന് അവളുടെ പുറത്തുള്ളത്, അവളുടെ മുതുകത്തുള്ളത്, അവളുടെ മീതെയുള്ളത് എന്നെല്ലാം അര്‍ഥം നല്‍കാവുന്നതാണ്. കൊതുകിന്റെ ശരീരത്തിലെ, പുതുതായി കണ്ടെത്തിയ പരാദജീവിയായ കുലികോയ്ഡ്‌സ് അനോഫലിസ് എന്ന സൂക്ഷ്മ പ്രാണികളിലേക്കും ആ പ്രാണികളില്‍ കുടികൊള്ളുന്ന പരശ്ശതം വൈറസുകളിലേക്കും നമ്മള്‍ പരീക്ഷണാര്‍ഥം കൊതുകുകളില്‍ സന്നിവേശിപ്പിക്കുന്ന വോല്‍ബാച്ചിയ പോലുള്ള ബാക്ടീരിയയിലേക്കും ഈ ഖുര്‍ആന്‍ വചനം സൂചന തരുന്നുണ്ട് എന്നതാണ് ചിന്തനീയമായ വസ്തുത.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x