മൂസാ നബിക്ക് ലഭിച്ച ശിക്ഷണങ്ങളും ഗുണപാഠങ്ങളും
ഇബ്‌റാഹിം ശംനാട്
നൂ റ്റാണ്ടുകള്‍ക്ക് മുമ്പ് ഈജിപ്തില്‍ ഭൂജാതനായ പ്രവാചകനായിരുന്നു മൂസാ നബി. പീഡിതരും നിന്ദിതരുമായിരുന്ന ഇസ്രായേല്‍ ജനതക്ക് അത്ഭുത സിദ്ധികള്‍ കാണിച്ച്, തന്റെ പ്രവാചകത്വം ബോധ്യപ്പെടുത്തിയ ദൈവദൂതന്‍. ഫിര്‍ഔനിന്റെ അടിമത്തത്തില്‍ നിന്നും ഇസ്‌റായേല്യരെ മോചിപ്പിക്കാനും സംസ്‌കരിക്കാനും നിയോഗിക്കപ്പെട്ട വിമോചകന്‍. സ്വന്തം ജനതയില്‍ നിന്നും ഭരണാധികാരിയില്‍ നിന്നും സമാനതകളില്ലാത്ത വെല്ലുവിളി നേരിട്ട മഹദ് വ്യക്തി. ഖുര്‍ആനില്‍ 136 തവണ അദ്ദേഹം പരാമര്‍ശിക്കപ്പെട്ടു. ഇത്തരം അനേകം സവിശേഷതകളുള്ള പ്രവാചകനായിരുന്നു അദ്ദേഹം.
മഹത്തായ ദൗത്യം നിര്‍വഹിക്കാന്‍ മഹത്തായ പരിശീലനവും അതിന്റെ നിര്‍വഹണവും അനിവാര്യമാണ്. അപ്പോഴാണ് ആ പരിശീലനത്തിന്റെ ഫലം അനുഭവിക്കാനും ആസ്വദിക്കാനും കഴിയുക. ഈജിപ്തില്‍ സ്വേച്ഛാധിപത്യവും ജനങ്ങളുടെ നിത്യജീവിതത്തില്‍ ഇന്ദ്രജാല വിദ്യയും പരമോന്നത സ്ഥാനം പ്രാപിച്ച കാലത്തായിരുന്നു മൂസാനബി ജീവിച്ചിരുന്നത്. ഈ രണ്ടു വെല്ലുവിളികളെയും നേരിടാനുള്ള പരിശീലനങ്ങള്‍ മൂസാ നബിക്ക് ലഭിച്ചു.
ഏതൊരു ശിശുവിനെയും പോലെ, മൂസാനബിക്ക് ആദ്യമായി ശിക്ഷണം ലഭിച്ചത് തന്റെ മാതാവില്‍ നിന്ന് തന്നെയായിരുന്നു. ഭരണത്തിന് ഭീഷണി ഉയര്‍ത്തുമോ എന്ന് വിചാരിച്ച് അക്കാലത്ത് ആണ്‍സന്താനങ്ങളെ വധിക്കുക പതിവായിരുന്നു. അതിനാല്‍ മൂസായെ മാതാവ് പെട്ടിയിലിട്ട് നദിയിലൊഴുക്കി. എങ്കിലും നാടകീയ രംഗങ്ങളിലൂടെ തന്റെ മാതാവിന്റെ മടിത്തട്ടില്‍തന്നെ വളരാന്‍ സാധ്യമായി. ഖുര്‍ആന്‍ പറയുന്നു: ‘ഇങ്ങനെ നാം മൂസായെ അവന്റെ മാതാവിന് തിരിച്ചേല്‍പിച്ചു. അവളുടെ കണ്ണു കുളിര്‍ക്കാന്‍. അവള്‍ ദുഃഖിക്കാതിരിക്കാനും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അവളറിയാനും. എന്നാല്‍ അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നവരല്ല.’ (ഖസസ് 13)
ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ 30 വര്‍ഷം ജീവിച്ച മൂസാ നബിക്ക് അവിടെവെച്ച് രാജകീയ പരിപാലനം ലഭിച്ചു. തന്റെ പൗത്രനെപോലെ അത്രയും ലാളിത്യത്തോടെയായിരുന്നു ഫിര്‍ഔനിന്റെ സഹധര്‍മിണി മൂസായെ വളര്‍ത്തിയത്. അക്കാര്യം ഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: ‘ഫിര്‍ഔന്‍ പറഞ്ഞു: കുട്ടിയായിരിക്കെ ഞങ്ങള്‍ നിന്നെ ഞങ്ങളോടൊപ്പം വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ കുറേകാലം ഞങ്ങളോടൊപ്പമാണല്ലോ നീ കഴിച്ചുകൂട്ടിയത്.’ (ശുഅറാഅ് 18)
ഏകദേശം 30-ാം വയസ്സില്‍, കൊട്ടാരം ഉപേക്ഷിച്ച് മൂസാ മദ്‌യനിലേക്ക് പുറപ്പെട്ടു. വഴിയില്‍ ആടുകള്‍ക്ക് വെള്ളംകൊടുക്കാന്‍ കാത്തിരുന്ന ശുഐബ് നബിയുടെ രണ്ട് പെണ്‍കുട്ടികളെ സഹായിച്ചു. അതിലൂടെ ജനസേവന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സാധിച്ചതായിരുന്നു മൂസാ നബിക്ക് ലഭിച്ച മറ്റൊരു ശിക്ഷണം.
അതിനുശേഷം മൂസാ മദ്‌യനിലേക്ക് പോവുകയും അവിടെ പ്രവാചകനായിരുന്ന ശുഐബ് നബിയുടെ കൂടെ പത്ത് വര്‍ഷം ഒന്നിച്ച് കഴിയുകയും ചെയ്തു. ഈ അവസരം മൂസാക്ക് പ്രവാചകത്വത്തിന് മുമ്പ് ആത്മീയ ശിക്ഷണം ലഭിക്കാന്‍ കാരണമായി.
മദ്‌യനില്‍ മൂസാ നബി ആട് മേയ്ക്കുന്ന ജോലിയിലേര്‍പ്പെട്ടു. മിക്ക പ്രവാചകന്മാരും അജഗണങ്ങളെ മേയ്ക്കുന്നവരായിരുന്നു. ജനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രാപ്തമാക്കുന്ന പരിശീലനം കൂടിയാണ് ആടുകളെ മേയ്ക്കല്‍. ഇത് മൂസാ നബിക്ക് നേതൃശേഷിയും ക്ഷമയും മറ്റു ഗുണങ്ങളും ആര്‍ജ്ജിക്കാന്‍ അവസരം നല്‍കി.
സീനാ പര്‍വതത്തില്‍ വെച്ച് അല്ലാഹുവുമായി നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിച്ചത് മൂസാ നബിയെ ആത്മീയജ്ഞാനത്തിന്റെ പരമോന്നതിയിലെത്താന്‍ സഹായിച്ചു. രാത്രിയില്‍ സീന മരുഭൂമിയില്‍ സഞ്ചരിക്കവെ മൂസാ നബി വെളിച്ചം കണ്ട സ്ഥലത്തേക്ക് പോയപ്പോള്‍ അല്ലാഹു പറഞ്ഞു: ‘അങ്ങനെ അദ്ദഹേം അതിനടുത്തത്തെി. അപ്പോള്‍ അനുഗൃഹീതമായ ആ പ്രദേശത്തെ താഴ്‌വരയുടെ വലതുവശത്തെ വൃക്ഷത്തില്‍ നിന്ന് ഒരശരീരിയുണ്ടായി: മൂസാ, സംശയം വേണ്ട; ഞാനാണ് അല്ലാഹു. സര്‍വലോകസംരക്ഷകന്‍.’ (ഖസസ് 30)
ഇങ്ങനെ പലതരം ശിക്ഷണം നല്‍കുന്നതിന്റെ ഭാഗമായിരുന്നു അറിവ് നേടാന്‍ മൂസാനബി ഖിദ്‌റ് എന്ന മഹാനെ കണ്ടുമുട്ടുന്നതും. ഖുര്‍ആനില്‍ സൂറത്ത് കഹ്ഫില്‍ ഈ സംഭവം വിശദീകരിച്ചിട്ടുണ്ട്.
മൂസാ നബിക്ക് സഹായിയായി അല്ലാഹു അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂന്‍ നബിയെ നിയോഗിച്ചത് സംഘടിത പ്രവര്‍ത്തനത്തിനുള്ള ശിക്ഷണമായിരുന്നു. ഖുര്‍ആന്‍ പറയുന്നു: ‘നമ്മുടെ അനുഗ്രഹത്താല്‍ നാം അദ്ദേഹത്തിന് തന്റെ സഹോദരനെ(പ്രവാചകനായ ഹാറൂനിനെ) സഹായിയായി നല്‍കി.’ (മര്‍യം 53)
ബൈബിളിലെ
പരാമര്‍ശങ്ങള്‍
മൂസായുടെ ശിക്ഷണത്തെ കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ക്കും സമാന വീക്ഷണമാണുള്ളതെന്ന് അവരുടെ കൃതികളില്‍ നിന്ന് വ്യക്തമാണ്. ഈജിപ്തിലെ തന്റെ വാസകാലത്ത്, ആയിരക്കണക്കിന് കുലീനരായ കൗമാരക്കാര്‍ വിദ്യാഭ്യാസം നേടിയിരുന്ന ഒരു നഗരമായ ഹീലിയോപോളിസില്‍ മോശെ വിദ്യാഭ്യാസം നേടി. ക്രിസ്ത്യന്‍ ബൈബിള്‍ പറയുന്നു: ‘മോസസ് ഈജിപ്തുകാരുടെ എല്ലാ ജ്ഞാനത്തിലും അഭ്യസ്തവിദ്യനായിരുന്നു, സംസാരത്തിലും പ്രവര്‍ത്തനത്തിലും ശക്തനായിരുന്നു.’ (അരെേ 7:22). ജ്യോതിശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം, എഞ്ചിനീയറിംഗ്, സംഗീതം, കല എന്നിവയെക്കുറിച്ച് സ്‌കൂള്‍ കാലഘട്ടത്തില്‍ അദ്ദേഹം പഠിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുകയും ജ്ഞാനിയായ ഒരു നേതാവാകുന്നതിന് സംഭാവന നല്‍കുകയും ചെയ്തു. (ഉദ്ധരണം: വേേു:െ//ംംം.ശളരഷ.ീൃഴ)
ഗുണപാഠങ്ങള്‍
എടുത്തുചാട്ടവും ആവേശവുമല്ല, അവധാനതയോടെയുള്ള പരിശീലനവും നിര്‍വഹണവുമാണ് ഏതൊരു ദൗത്യവും വിജയിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്. ആ നിലക്ക് മൂസാ നബിക്ക്, തന്റെ ദൗത്യം നിര്‍വഹിക്കാന്‍, ഒരുപക്ഷെ, മറ്റൊരു പ്രവാചകനും ലഭിച്ചിട്ടില്ലാത്തത്രയും ശിക്ഷണങ്ങളായിരുന്നു ലഭിച്ചത്. ശത്രുപാളയത്തില്‍ നിന്നു തുടങ്ങി അല്ലാഹുവിന്റെ നേരിട്ടുള്ള ശിക്ഷണങ്ങള്‍ വരെ മൂസാ നബിക്ക് നൈതികവും ഭൗതികവുമായ ജ്ഞാനം നേടാനുള്ള അവസരമുണ്ടായതും അല്ലാഹുവിന്റെ പ്രത്യേകമായ സഹായവുമാണ് ഫിര്‍ഔനിനെ പരാജയപ്പെടുത്താന്‍ സാധിച്ചത്.
അധിനിവേശ സാമ്രാജ്യത്വ ശക്തികളോട് നിരന്തരമായി കലഹിക്കേണ്ടി വരുന്ന സമൂഹങ്ങള്‍ ഈ കാലഘട്ടത്തിലെ എല്ലാ അറിവുകള്‍ നേടുകയും ഐക്യപ്പെടുകയും ചെയ്താല്‍ വിജയം സുനിശ്ചിതമായിരിക്കും. സമകാലീന വിജ്ഞാനങ്ങളും വിവേകവും ശിക്ഷണവുമെല്ലാം നേടിയാലാണ് സ്വേച്ഛാധിപത്യത്തില്‍ നിന്നും ജനസമൂഹത്തെ മോചിപ്പിക്കാന്‍ കഴിയുക.