3 Tuesday
December 2024
2024 December 3
1446 Joumada II 1

ധാര്‍മികത വിശദീകരിക്കാന്‍ ശാസ്ത്രത്തിനാവില്ല

ഹംസ സോര്‍സിസ് / വിവ. റാഫിദ് ചെറവന്നൂര്‍


സയന്‍സ് എന്ന പദം വിജ്ഞാനം എന്നര്‍ഥമുള്ള സയന്റിയ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് വന്നത്. ഭൗതിക ലോകം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാനുള്ള മനുഷ്യന്റെ പരിശ്രമമാണ് ശാസ്ത്രം. ഗണിതശാസ്ത്രജ്ഞനും ശാസ്ത്ര തത്വചിന്തകനുമായ ബെര്‍ട്രാന്‍ഡ് റസ്സല്‍ മനോഹരമായി വിശദീകരിക്കുന്നത്, ശാസ്ത്രം ‘അതിനെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണത്തിലൂടെയും യുക്തിയിലൂടെയും ലോകത്തെക്കുറിച്ചുള്ള പ്രത്യേക വസ്തുതകളും വസ്തുതകളെ പരസ്പരം ബന്ധിപ്പിക്കുന്ന നിയമങ്ങളും കണ്ടെത്താനുള്ള ശ്രമമാണ്’ എന്നാണ്. റസ്സലിന്റെ നിര്‍വചനത്തിന്റെ വെളിച്ചത്തില്‍ നമുക്ക് ‘സയന്റിഫിക് മെത്തേഡ്’ അഥവാ ‘സയന്‍സിന്റെ രീതിശാസ്ത്രം’ കൂടുതല്‍ വിശദീകരിക്കാനാവും.
ശാസ്ത്രത്തിന് കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങളും പരിധികളുമുണ്ട്. ഭൗതികലോകത്തെക്കുറിച്ച് മാത്രമേ ശാസ്ത്രത്തിനു വിശദീകരിക്കാനാവൂ. ഭൗതികലോകത്തിന്റെ അപ്പുറമുള്ള വിഷയങ്ങളിലേക്ക് കടക്കുന്നതോടെ സയന്‍സിന്റെ രീതിശാസ്ത്രം അപ്രസക്തവും ഉപയോഗരഹിതവുമാകുന്നു. ആത്മാവ് എന്താണ്? മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്താണ് എന്നിവയെല്ലാം ശാസ്ത്രീയ പ്രക്രിയക്കു പുറത്തുള്ള ചോദ്യങ്ങളാണ്.
ഭൗതിക ലോകം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ കൃത്യമായ വിശദീകരണങ്ങള്‍ നല്‍കാന്‍ ശാസ്ത്രത്തിനാവും. ശാസ്ത്രം വിശദീകരണങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന രീതി, അത് പരീക്ഷിക്കാവുന്ന അനുമാനങ്ങളുമായി വരുന്നു എന്നതാണ്. ഒരു സിദ്ധാന്തം പരീക്ഷിക്കുന്നതിനു പരീക്ഷണവിധേയമാക്കാവുന്ന അനുമാനങ്ങള്‍ ആവശ്യമാണ്. ഇനി പറയുന്ന അനുമാനം പരിഗണിക്കുക: ‘കാപ്പി ഒളിമ്പിക് ഗുസ്തിക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നു.’ ഈ സിദ്ധാന്തം നമുക്ക് ശരിയാണോ എന്നു പരീക്ഷിച്ചുനോക്കാനാവും. ഇവിടെ ഒരുകൂട്ടം ഗുസ്തിക്കാരെ പഠനവിധേയമാക്കിയാല്‍ താഴെ പറയുന്ന എതെങ്കിലുമൊരു നിഗമനത്തില്‍ എത്താനാവും:
– കോഫി ഗുസ്തിയിലെ പ്രകടനം മെച്ചപ്പെടുത്തുന്നു.
– കോഫി പ്രകടനത്തെ തടസ്സപ്പെടുത്തുന്നു.
– പ്രകടനത്തില്‍ മാറ്റമില്ല.
ശാസ്ത്രത്തിന്റെ മനോഹരമായ ഒരു വശം അത് അനുമാനങ്ങളെ പരീക്ഷണങ്ങളിലൂടെ മാത്രമേ വിലയിരുത്തുന്നുള്ളൂ എന്നതാണ്. ആത്യന്തികമായി, ശാസ്ത്രീയ ആശയങ്ങള്‍ യഥാര്‍ഥത്തില്‍ പരീക്ഷണവിധേയമാവണമെന്ന് മാത്രമല്ല, വ്യത്യസ്ത ശാസ്ത്രജ്ഞര്‍ പരീക്ഷണം കഴിയുന്നത്ര തവണ ആവര്‍ത്തിക്കുന്നതാണ് യഥാര്‍ഥ ശാസ്ത്രം.
ശാസ്ത്രീയ രീതിയുടെ അടിസ്ഥാന ഘടകങ്ങള്‍ മനസ്സിലാക്കാന്‍ ഈ നിരീക്ഷണങ്ങള്‍ മതിയാകും. ശാസ്ത്രം നിരീശ്വരവാദത്തിലേക്ക് നയിക്കുന്നുവെന്ന തെറ്റായ നിഗമനത്തില്‍ ചില നിരീശ്വരവാദികള്‍ ഉപയോഗിക്കുന്ന ശാസ്ത്രത്തെക്കുറിച്ചുള്ള പ്രധാന അനുമാനങ്ങളോട് പ്രതികരിക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു.
അനുമാനം 1: യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള സത്യം സ്ഥാപിക്കാനുള്ള ഒരേയൊരു മാര്‍ഗം ശാസ്ത്രമാണ്. അതിന് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയും.
ഒരു വാദം അത് ഭൗതികലോകവുമായി ബന്ധപ്പെടുന്നില്ലെങ്കില്‍ പോലും ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ശരിയല്ലെന്ന അവകാശവാദമാണിത്. നിരീശ്വരവാദികളുമായും ഹ്യൂമനിസ്റ്റുകളുമായും ഞാന്‍ നടത്തിയ വിവിധ സംഭാഷണങ്ങളില്‍ അവര്‍ ഈ അവകാശവാദം നിരന്തരം ഉന്നയിക്കുന്നതായി ഞാന്‍ കണ്ടെത്തി. ലോകത്തെക്കുറിച്ചുള്ള സത്യം കണ്ടെത്താനുള്ള ഒരേയൊരു മാര്‍ഗം ശാസ്ത്രമല്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ശാസ്ത്രത്തിന് കഴിയില്ലെന്ന് ശാസ്ത്രീയ രീതിയുടെ പരിമിതികള്‍ തെളിയിക്കുന്നു. അതിന്റെ പ്രധാന പരിമിതികളില്‍ ചിലത് ഇവയാണ്:
– നിരീക്ഷിക്കാവുന്ന പദാര്‍ഥലോകത്ത് പരിമിതമാണ് ശാസ്ത്രത്തിന്റെ വിലയിരുത്തലുകള്‍.
– ധാര്‍മിക വിഷയങ്ങളില്‍ ശാസ്ത്രത്തിന് നിലപാടുകള്‍ പറയാനാവില്ല. എങ്ങനെയാണ് ഭൗതിക ലോകം പ്രവര്‍ത്തിക്കുന്നത് എന്നു മാത്രമേ ശാസ്ത്രത്തിനു പഠിക്കാനാവൂ. എന്തുകൊണ്ടാണ് കാര്യങ്ങള്‍ സംഭവിക്കുന്നത് എന്നതിന് ഉത്തരം നല്‍കാന്‍ കഴിയില്ല.
– ചില മെറ്റാഫിസിക്കല്‍ ചോദ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയില്ല.
– അടിസ്ഥാനപരമായ സത്യങ്ങള്‍ (നെസസറി ട്രൂത്ത്) തെളിയിക്കാന്‍ കഴിയില്ല.
ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു നിര്‍ദേശം ശരിയല്ലെന്ന് ശാസ്ത്രമാത്ര വാദം (സയന്റിസം) അവകാശപ്പെടുന്നു. എങ്കില്‍ ഈ പറഞ്ഞ അവകാശവാദം തെളിയിക്കാന്‍ ശാസ്ത്രീയമായി സാധിക്കുമോ? ഇല്ല. ലോജിക് ഉള്‍പ്പെടെയുള്ള, നാം നിത്യജീവിതത്തില്‍ സത്യമേതെന്ന് വേര്‍തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരുപാട് ടൂളുകള്‍ ശാസ്ത്രത്തിന്റെ പരിധിക്കു പുറത്താണ്.
നിരീക്ഷണത്തില്‍
ഒതുങ്ങുന്ന
രീതിശാസ്ത്രം

ശാസ്ത്രജ്ഞര്‍ എപ്പോഴും അവരുടെ നിരീക്ഷണങ്ങളില്‍ ഒതുങ്ങുന്നു. ഉദാഹരണത്തിന്, ഒരു ശാസ്ത്രജ്ഞന്‍ കുഞ്ഞ് എലികളില്‍ കഫീനിന്റെ പ്രഭാവം കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവ എലികളുടെ എണ്ണത്തിലും തരത്തിലും അവരുടെ പരീക്ഷണവേളയിലുള്ള എല്ലാ വേരിയബിളുകളിലും പരിമിതപ്പെടുത്തും. ശാസ്ത്രത്തിന്റെ തത്വചിന്തകനായ എലിയറ്റ് സോബര്‍ തന്റെ ‘എംപിരിസിസം’ എന്ന പ്രബന്ധത്തില്‍ ഈ കാര്യം പറയുന്നു: ”ഏത് നിമിഷവും ശാസ്ത്രജ്ഞര്‍ അവരുടെ കൈവശമുള്ള നിരീക്ഷണങ്ങളാല്‍ പരിമിതപ്പെടുന്നു… നിരീക്ഷണങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളിലേക്ക് ശാസ്ത്രത്തിന്റെ ശ്രദ്ധ പരിമിതപ്പെടുത്താന്‍ ശാസ്ത്രം നിര്‍ബന്ധിതരാകുന്നു.”
ശാസ്ത്രജ്ഞര്‍ നിരീക്ഷണങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നു എന്നു മാത്രമല്ല, നിരീക്ഷണങ്ങളും നിഗമങ്ങളും നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഭാവിയിലെ ഒരു നിരീക്ഷണം മൂലം പുതിയ നിഗമനങ്ങളില്‍ എത്തിച്ചേരുകയും അത് മുമ്പ് നിരീക്ഷിച്ചതിനു വിരുദ്ധമായി മാറുകയും ചെയ്യും. ഇന്ന് നിരീക്ഷിക്കാനാകാത്തതായി കരുതപ്പെടുന്ന കാര്യങ്ങള്‍ ഭാവിയില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക്, മെച്ചപ്പെട്ട സാങ്കേതികവിദ്യയോ നിരന്തര അന്വേഷണമോ മൂലം ഗ്രഹിക്കാന്‍ കഴിയും. മൈക്രോസ്‌കോപ്പിന്റെയും ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പിന്റെയും കണ്ടുപിടിത്തവും ഉപയോഗവും ശാസ്ത്രീയ പുരോഗതിയുടെ ഉത്തമ ഉദാഹരണങ്ങളാണ്. അതിനാല്‍, ഭൗതികലോകത്തെക്കുറിച്ചുള്ള നമ്മുടെ നിലവിലെ ധാരണയെക്കുറിച്ച് നമുക്ക് ഒരിക്കലും ഉറപ്പുണ്ടായിരിക്കാന്‍ കഴിയില്ല. കാരണം മെച്ചപ്പെട്ട നിരീക്ഷണങ്ങളിലൂടെ അത് മാറാന്‍ കഴിയും.
ധാര്‍മിക നിഷ്പക്ഷത
ശാസ്ത്രം ധാര്‍മികമായി നിഷ്പക്ഷമാണ്. ഇതിനര്‍ഥം ശാസ്ത്രജ്ഞര്‍ക്ക് ധാര്‍മികത ഇല്ലെന്നല്ല. ശാസ്ത്രത്തിന് ധാര്‍മികതയ്ക്ക് ഒരു അടിത്തറ നല്‍കാന്‍ കഴിയില്ല എന്നതാണ്. ഉദാഹരണത്തിന്, ധാര്‍മികമായി ഒരു കാര്യം ശരിയോ തെറ്റോ എന്ന് ശാസ്ത്രത്തിന് പറയാന്‍ കഴിയില്ല.
ഒരു കത്തി ഒരാളുടെ ചര്‍മത്തില്‍ തുളച്ചുകയറുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ശാസ്ത്രത്തിന് നമ്മോട് പറയാന്‍ കഴിയും. എന്നാല്‍ അത് അധാര്‍മികമാണോ എന്ന് അതിന് നമ്മോട് പറയാന്‍ കഴിയില്ല. രക്തം, വേദന, ശാരീരിക ക്ഷതം എന്നിവ ജീവന്‍ രക്ഷിക്കുന്ന ശസ്ത്രക്രിയയുടെയോ അല്ലെങ്കില്‍ ജീവനെടുക്കുന്ന കൊലപാതകത്തിന്റെയോ ഭാഗമാവാം. പക്ഷേ, മനുഷ്യമാംസം മുറിക്കുന്നതിനും തുളച്ചുകയറുന്നതിനുമുള്ള എല്ലാ പ്രക്രിയകളും മനസ്സിലാക്കുന്നതുകൊണ്ട് മാത്രം ഒരാള്‍ക്ക് കൊലപാതകം തിന്മയാണ് എന്ന നിഗമനത്തില്‍ എത്താനാവില്ലല്ലോ.
Know God, Know Good എന്ന എന്റെ ഉപന്യാസത്തില്‍ സൂചിപ്പിച്ചതുപോലെ, ചാള്‍സ് ഡാര്‍വിന്‍ ധാര്‍മികതയെയും ശാസ്ത്രത്തെയും (പ്രത്യേകിച്ച് ജീവശാസ്ത്രം) പരിഗണിക്കുകയും ഒരു ജൈവപ്രക്രിയയില്‍ നിന്ന് ഉടലെടുക്കുന്ന നമ്മുടെ ധാര്‍മികതയുടെ സാധ്യതകളെ പഠിക്കുകയും ചെയ്തു. ധാര്‍മികതയുടെ മാനദണ്ഡമായി ശാസ്ത്രത്തെ കൊണ്ടുവരാനുള്ള ഒരു ശ്രമമായിരുന്നു അത്. പക്ഷേ, അത്തരം വാദങ്ങള്‍ പരാജയെപ്പടുന്നു എന്നു കാണാം.
വ്യത്യസ്തമായ ഒരു ജൈവസാഹചര്യത്തിലാണ് നമ്മെ വളര്‍ത്തുന്നതെങ്കില്‍, നമ്മുടെ സാമൂഹികമായ ധാര്‍മിക മൂല്യങ്ങളും വളരെ വ്യത്യസ്തമായിരിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ നമ്മുടെ പൊതുധാര്‍മികത ജൈവിക കണ്ടീഷനിങിന്റെ ഫലം മാത്രമാണെങ്കില്‍ പിന്നെ എങ്ങനെയാണ് ഒരു കുറ്റവാളി കുറ്റക്കാരനാവുന്നത്? അയാളല്ല, മറിച്ച് അയാളിലെ ധാര്‍മിക ബോധം രൂപീകരിച്ച പരിണാമം ഉള്‍പ്പെടെയുള്ള ജൈവിക ചുറ്റുപാടുകളല്ലേ യഥാര്‍ഥത്തില്‍ കുറ്റത്തിന്റെ കാരണം? എന്നാല്‍ അങ്ങനെയൊരു വാദം സമൂഹത്തില്‍ കാര്യമായ പ്രത്യാഘാതമുണ്ടാക്കും.
നിരീശ്വരവാദിയും നാഡീശാസ്ത്രജ്ഞനുമായ സാം ഹാരിസ് തന്റെ പുസ്തകമായ ദി മോറല്‍ ലാന്‍ഡ്‌സ്‌കേപില്‍ ശാസ്ത്രത്തിന് നമ്മുടെ ധാര്‍മിക മൂല്യങ്ങളെ എങ്ങനെ നിര്‍ണയിക്കാന്‍ കഴിയുമെന്ന് വിശദീകരിച്ചുകൊണ്ട് ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സഹനിരീശ്വരവാദികള്‍ അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്, എന്നാല്‍ ദൈവവിശ്വാസികളില്‍ നിന്നും അദ്ദേഹത്തിന്റെ സഖാക്കളില്‍ നിന്നും വമ്പിച്ച വിമര്‍ശനങ്ങളും അദ്ദേഹം നേരിട്ടിട്ടുണ്ട്. ഹാരിസ് തന്റെ ധാര്‍മികതയുടെ ഭൂപ്രകൃതി നമുക്ക് സമ്മാനിക്കുന്നു. സാം ഹാരിസിന്റെ പുസ്തകത്തിന്റെ അടിസ്ഥാന വാദം തിന്മയെ കഷ്ടപ്പാടുകളോടും നന്മയെ ക്ഷേമത്തോടും തുല്യമാക്കുന്നതാണ്. കഷ്ടതകള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ധാര്‍മികമായി തിന്മയാണെന്നും ക്ഷേമത്തിന് കാരണമാവുന്ന കാര്യങ്ങളെല്ലാം ധാര്‍മികമായി നന്മയാണെന്നുമാണ് അടിസ്ഥാന വാദം.
എന്നാല്‍ പലപ്പോഴും സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ത്യാഗമനുഭവിക്കുന്ന കുറേ മനുഷ്യരെ നമുക്ക് കാണാം. കഷ്ടതകള്‍ അനുഭവിക്കുന്നു എന്നതുകൊണ്ട് മാത്രം അവര്‍ ചെയ്യുന്നത് തിന്മയാവുന്നില്ലല്ലോ. ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചാണ് മഹാത്മാ ഗാന്ധി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത്. അദ്ദേഹം ചെയ്ത കാര്യം ധാര്‍മികമായി തിന്മയാവുമോ? ഇവിടെയാണ് ഹാരിസിന്റെ വാദം പരാജയപ്പെടുന്നത്. മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ട് ആളുകള്‍ക്ക് സ്വന്തം സുഖം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് കാണിക്കാവുന്ന ഒരുപാട് മറ്റ് ഉദാഹരണങ്ങളുണ്ട്.
ഹാരിസിന്റെ വാദം തള്ളിക്കളയാനുള്ള മറ്റൊരു മാര്‍ഗം, നമ്മുടെ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്ന ചില കാര്യങ്ങള്‍ ധാര്‍മികമായി വെറുക്കുന്നതാണെന്ന് കാണിക്കുക എന്നതാണ്. ഉദാഹരണത്തിന്, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള ഇന്‍സെസ്റ്റ് പരിഗണിക്കുക. യുക്തിവാദികളില്‍ ബഹുഭൂരിഭാഗവും ഇന്‍സെസ്റ്റ് തെറ്റാണെന്നു വാദിക്കുന്നവരാണ്. രണ്ടു കക്ഷികളും ക്ഷേമം വര്‍ധിപ്പിച്ചിട്ടുണ്ട് (അവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ സ്വതന്ത്രമായി തീരുമാനിക്കുന്നതിനാല്‍), ഗര്‍ഭനിരോധന ഉപയോഗം മൂലം ജനിതക വൈകല്യങ്ങളുള്ള ഒരു കുട്ടിയെ ഗര്‍ഭം ധരിക്കുന്നതുപോലുള്ള ഉപദ്രവമോ കഷ്ടപ്പാടുകളോ ഉണ്ടാകാനുള്ള സാധ്യതയില്ല.
ഞങ്ങളുടെ സംവാദത്തിനിടയില്‍ ഞാന്‍ പ്രൊഫ. ക്രൗസിനോട് അഗമ്യഗമന പ്രശ്‌നം ഉന്നയിച്ചു. അദ്ദേഹത്തിന് തന്റെ നിലപാടിനെക്കുറിച്ച് പൂര്‍ണമായി ഉറപ്പില്ലായിരുന്നു (അത് തെറ്റാണെന്ന് തനിക്ക് വ്യക്തമല്ലെന്നും ധാര്‍മികമായി അതിനെ അപലപിക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു). നമ്മുടെ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്ന ചില കാര്യങ്ങള്‍ ധാര്‍മികമായി വെറുപ്പുളവാക്കുന്നതാണ്. നിങ്ങള്‍ ഈ ഉദാഹരണത്തോട് വിയോജിക്കുന്നുവെങ്കില്‍ പോലും ഈ പോയിന്റ് വ്യക്തമാക്കുന്നതിന് തിരഞ്ഞെടുക്കാന്‍ മറ്റ് നിരവധി ഉദാഹരണങ്ങളുണ്ട്.
‘റാഷനല്‍ മൊറാലിറ്റി’ എന്ന പുസ്തകത്തില്‍, നിരീശ്വരവാദിയും ശാസ്ത്രത്തിലെ തത്വചിന്തകനുമായ റോബര്‍ട്ട് ജോണ്‍സണ്‍ സാം ഹാരിസിന്റെ വാദത്തെ സമാനമായ വിമര്‍ശനത്തിനു വിധേയമാക്കുന്നുണ്ട്. ഹാരിസിന്റെ സമീപനം വസ്തുതാപരവും വസ്തുനിഷ്ഠവുമായ ധാര്‍മികതയ്ക്ക് ന്യായീകരണമല്ലെന്ന് ജോണ്‍സണ്‍ വാദിക്കുന്നു:
”സാം ഹാരിസ് ഇപ്പോഴും ‘ക്ഷേമ’വുമായി ബന്ധപ്പെട്ട ധാര്‍മികതയില്‍ കുടുങ്ങിക്കിടക്കുന്നതായി തോന്നുന്നു. പാറകള്‍ക്കടിയില്‍ ഗവേഷണം നടത്തി ധാര്‍മികത നാം കണ്ടെത്തുമോ? അല്ല. ക്വാണ്ടം മെക്കാനിക്‌സിന്റെ നിയമങ്ങള്‍ പോലെ ഈ പ്രശ്‌നം ശാസ്ത്രീയമായി പരിശോധിച്ച് തെളിയിക്കാന്‍ നമുക്ക് കഴിയുമോ? ഇല്ല. വാസ്തവത്തില്‍ ഈ ധാര്‍മിക വസ്തുതകള്‍ തീര്‍ത്തും സ്വതന്ത്രമായി നിലനില്‍ക്കുന്നുവെന്നും അവയ്ക്ക് ശാസ്ത്രീയമായി വിശദീകരണം ആവശ്യമില്ലെന്നും അംഗീകരിച്ചാല്‍ തന്നെ പ്രശ്‌നം തന്നെ വളരെ ലളിതമായി വിശദീകരിക്കാന്‍ കഴിയും. വാസ്തവത്തില്‍ സാം ഹാരിസ് തന്നെ സമ്മതിക്കുന്നുണ്ട്, യുക്തിവാദികള്‍ നിലവില്‍ അനുവദനീയമെന്നു കരുതുന്ന ധാരാളം കാര്യങ്ങള്‍ അധാര്‍മികമാണെന്ന്.”(തുടരും)

Back to Top