8 Sunday
December 2024
2024 December 8
1446 Joumada II 6

മതവിദ്യാഭ്യാസ രംഗത്ത് എ ഐ സാധ്യതകള്‍ ഉപയോഗിക്കണം

അബ്ദുല്‍വഹാബ് നന്മണ്ട


കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടും അധ്യാപന രീതികള്‍ കൊണ്ടും ആകര്‍ഷകമാകാത്ത മദ്റസാ പഠനത്തെ പുതിയ തലമുറയിലെ വിദ്യാര്‍ഥികള്‍ താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ ഇവരുടെ രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ക്കു മദ്റസാ പഠനം ഏതെങ്കിലും നിലക്ക് ലഭ്യമാവണം എന്ന് ആഗ്രഹിക്കുന്നവരാണ്.
കേരളത്തിലെ സാഹചര്യത്തില്‍ രാവിലെ നിശ്ചിത സമയം മദ്‌റസാ പഠനവും ബാക്കി സമയം സ്‌കൂള്‍ പഠനവും എന്ന നിലക്കാണ് മതപഠനം മുന്നോട്ടു പോകുന്നത്. ഈയൊരു മാതൃക പിന്തുടരുന്നതുകൊണ്ടുതന്നെ ഏറെ കുട്ടികള്‍ക്ക് മദ്‌റസാ പഠനം ലഭ്യമാവാതെ പോകുന്നു. കുട്ടികള്‍ക്ക് അവര്‍ക്ക് ഏറെ സൗകര്യപ്പെടുന്ന സമയം തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുമ്പോള്‍ മദ്‌റസാ പഠനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കും.
മതത്തില്‍ ആത്മവിശ്വാസം ലഭിക്കുക എന്നത് പ്രധാനമാണ്. കേവലം ചൊല്ലിപ്പഠിക്കലുകളില്‍ നിന്ന് മാറി ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട മതവിദ്യാഭ്യാസം നേടാന്‍ സാധിക്കുമ്പോള്‍ ആത്മവിശ്വാസം കുട്ടികളില്‍ വന്നുചേരുന്നു എന്ന് കാണാന്‍ സാധിക്കും.
ഇവിടെ മദ്‌റസാ കരിക്കുലത്തിന്റെ നവീകരണമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആല്‍ഫ ജനറേഷന്‍ എന്നു പറയുന്ന പുതിയ തലമുറയുടെ ആവശ്യങ്ങളെയും പോരായ്മകളെയും മനസ്സിലാക്കി അതിനനുസരിച്ചുള്ള പാഠ്യരീതിയും കരിക്കുലവും തയ്യാറാക്കപ്പെടുമ്പോള്‍ പുതിയ കാലത്ത് കടന്നുവരുന്ന നിരീശ്വരവാദത്തെയും ലിബറലിസത്തെയും വേര്‍തിരിച്ചറിയാന്‍ കൗമാരത്തിനു തന്നെ സാധ്യമാവും. പ്രവര്‍ത്തനാധിഷ്ഠിതവും സ്വയംപരിഹാര ബോധനം നിര്‍വഹിക്കാന്‍ കഴിയുന്നതുമായ കരിക്കുലം വിദ്യാര്‍ഥികളുടെ മുന്നില്‍ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അവസരങ്ങളെയും തുറന്നുകാട്ടുമ്പോള്‍ അവയ്‌ക്കൊത്ത് വളരാനും ചിന്താശേഷി നേടാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കും.
കേരളത്തിലെ മതവിദ്യാഭ്യാസ പാഠശാലകള്‍ പരിശോധിക്കുമ്പോള്‍ പല പാഠശാലകളിലെയും കരിക്കുലം പരമ്പരാഗത രീതികള്‍ പിന്തുടരുന്നതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. മുന്‍കാലങ്ങളില്‍ തീരുമാനിക്കപ്പെട്ട വിഷയങ്ങള്‍ മാത്രം അവതരിപ്പിക്കുകയും, കാലത്തോടോ തലമുറയോടോ പ്രതികരിക്കാന്‍ സാധ്യമാവാത്ത ഒരു ഉപരിപ്രവര്‍ത്തനമായി ഇതു മാറുകയും ചെയ്യുന്നു. ഇവിടെയാണ് രണ്ടു പതിറ്റാണ്ടു മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സിഐഇആര്‍ പോലുള്ള മതവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി. കരിക്കുലം പൂര്‍ണമായി കാലാനുസൃതവും വിദ്യാര്‍ഥികേന്ദ്രിതവും ജീവിതാനുഭവ കേന്ദ്രവുമാക്കി മാറ്റിയപ്പോള്‍ പുതുതലമുറയ്ക്ക് ഇഷ്ടത്തോടെ സ്വീകരിക്കാനും അവരുടെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് മതജ്ഞാനം നേടാനും സാധിക്കുന്നു. ഇത് അവരെ തുടര്‍ന്നുള്ള ജീവിതത്തില്‍ നന്മയുടെ പാതയില്‍ നിലനിര്‍ത്താന്‍ പര്യാപ്തമാണ്.
ജീവിതാനുബന്ധ കരിക്കുലം നിര്‍മിക്കപ്പെടുമ്പോള്‍ തന്നെ പഠനപ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തനാധിഷ്ഠിതമാകും എന്നതില്‍ സംശയമില്ലല്ലോ. അതുകൊണ്ടുതന്നെ കുട്ടികളുടെ കര്‍മാനുഷ്ഠാനരംഗത്തും സാമൂഹികബോധനരംഗത്തും സ്വഭാവസംസ്‌കരണരംഗത്തും കൃത്യമായ പരിശീലനവും വിലയിരുത്തലും നടത്തല്‍ ഇത്തരം കരിക്കുലം പിന്തുടരുന്ന മതവിദ്യാഭ്യാസ ബോര്‍ഡുകള്‍ക്ക് നിര്‍ബന്ധമായിത്തീരും. കേരളത്തിലെ മതവിദ്യാഭ്യാസരംഗത്തെ രണ്ടാം നവോത്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന സിഐഇആര്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കേരളത്തിന് മാതൃക കാണിച്ചത് പരിശോധിക്കുമ്പോള്‍ മതവിദ്യാഭ്യാസം പ്രയോഗതലത്തില്‍ കൊണ്ടുവരുന്നതിന് കൃത്യമായ ഉദാഹരണങ്ങള്‍കാണാം.
മദ്‌റസാ പഠനരംഗത്ത് ആധുനിക ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ ഉപയോഗം ഏറെ ഉപകാരപ്പെടുന്ന മേഖലയാണ്. ചിത്രങ്ങള്‍, വീഡിയോകള്‍, ഗെയിമുകള്‍ തുടങ്ങി വിദ്യാര്‍ഥികളുടെ പ്രായത്തിനനുസരിച്ച് വ്യത്യസ്തമായ ബോധനരീതികള്‍ അവലംബിക്കേണ്ടതുണ്ട്. ഒരുദാഹരണം: ആറോ ഏഴോ വയസ്സുള്ള ഒരു കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട ദിനചര്യകളെ കുറിച്ച് സൂചിപ്പിക്കാന്‍ പാഠപുസ്തകങ്ങളില്‍ കാര്‍ട്ടൂണ്‍ കഥകളോ ചിത്രകഥകളോ ആനിമേറ്റഡ് വീഡിയോകളോ നല്‍കുമ്പോള്‍ കുട്ടിക്ക് ദൃശ്യാധിഷ്ഠിത അനുഭവമായി മാറുന്നു. ഇത് കുട്ടിയുടെ മെമ്മറിയില്‍ ഏറെക്കാലം നിലനില്‍ക്കാനും അവശ്യഘട്ടങ്ങളില്‍ ഓര്‍മിക്കാനും അവസരം നല്‍കുന്നു. മദ്‌റസാ പഠനരംഗത്ത് എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുതുതലമുറയെ ആകര്‍ഷിക്കുന്ന രീതിയില്‍ പാഠഭാഗങ്ങളെ ആനിമേഷനുകളും ചിത്രീകരണങ്ങളും വീഡിയോകളും ആക്കി മാറ്റുന്നതിനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. കുട്ടിക്ക് നിശ്ചിത സമയത്ത് ലഭിക്കുന്ന ക്ലാസുകള്‍ക്ക് ഇത്തരം വീഡിയോകളും ചിത്രീകരണങ്ങളും ആവര്‍ത്തിച്ച് കാണാനും അതുവഴി അവന്റെ മെമ്മറിയില്‍ അത് ഏറ്റവും ഉറച്ച ഒരു അനുഭവമായി നിലനിര്‍ത്താനും സാധിക്കും.

വ്യവസ്ഥാപിതമായ മതപഠനകേന്ദ്രങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഏറ്റവും നല്ല സംവിധാനമാണ് ഓണ്‍ലൈന്‍ മദ്‌റസകള്‍. കൃത്യമായ കരിക്കുലത്തിന്റെയും ബോധനതന്ത്രങ്ങളുടെയും പരിശീലനം ലഭിച്ച അധ്യാപകരുടെയും മേല്‍നോട്ടത്തില്‍ നടത്തുന്ന ഇത്തരം ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ കുട്ടികളുടെ മനം കവരുന്നു എന്നു പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും.
എന്നാല്‍, സമൂഹത്തിന്റെ ഒരു പരിച്ഛേദമായ ക്ലാസ്‌റൂമില്‍ നിന്ന് കുട്ടിക്ക് നേടിയെടുക്കാന്‍ സാധിക്കുന്ന സാമൂഹികപരമായ ജ്ഞാനങ്ങളും അനുഭവങ്ങളും ഓണ്‍ലൈന്‍ ക്ലാസ് റൂമുകളില്‍ അനുഭവിച്ചറിയാന്‍ സാധ്യമാകുന്നില്ല എന്നത് ഇതിന്റെ ഒരു ന്യൂനതയാണ്.
കരിയറും ജീവിതവും ഒക്കെ സെറ്റിലായതിനു ശേഷം മതം പഠിക്കാന്‍ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം മുതിര്‍ന്നവരുണ്ട്. കൗമാര കാലഘട്ടത്തില്‍ ലഭിച്ചിരുന്ന മതവിദ്യാഭ്യാസത്തില്‍ നിന്ന് അകന്നുപോയി ഉന്നതവിദ്യാഭ്യാസത്തിന്റെയും പരിശീലനങ്ങളുടെയും ഭാഗമായി മതപരമായ കാര്യങ്ങളില്‍ വന്നിട്ടുള്ള വിടവ് നികത്താനായി യുവത്വം ആഗ്രഹിക്കുകയാണ്. വ്യവസ്ഥാപിതമായ മതപഠനപദ്ധതികള്‍ നിര്‍ബന്ധമായും ആവിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. തൊഴില്‍രംഗത്തോ മറ്റു പല മേഖലകളിലോ ഇടപെട്ടുകൊണ്ടിരിക്കുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും അവരുടെ സൗകര്യത്തിനും സമയത്തിനും അനുസരിച്ച് അറിവു നേടാനും സംശയദൂരീകരണം നടത്താനും അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. കാലികമായി ഈ രംഗത്ത് ചില പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എങ്കിലും ആവശ്യമായ തലത്തിലുള്ള ഒരു പാഠ്യപദ്ധതി രൂപീകരിക്കപ്പെട്ടിട്ടില്ല. മതസംഘടനകള്‍ ഏറെ ചിന്തിക്കുകയും കൃത്യമായ ഒരു രൂപകല്‍പന നിര്‍വഹിക്കുകയും ചെയ്യേണ്ട ഭാഗമാണിത്.
ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ക്ലാസുകള്‍ ക്രമീകരിക്കാവുന്നതാണ്. ഖുര്‍ആന്‍ പാരായണം, അനുഷ്ഠാന കര്‍മങ്ങള്‍, ജീവിതത്തിലെ ചര്യകള്‍, പൊതുസമൂഹത്തിലെ ഇടപെടലുകള്‍, വിവാഹജീവിതം തുടങ്ങി വിവിധ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പാഠ്യപദ്ധതിയാണ്ഇവിടെആവശ്യം.
ബോധനശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തങ്ങളും സംഭാവനകളുമെല്ലാം പാശ്ചാത്യ ബോധനമാതൃകയിലുള്ളതാണ്. ഇസ്‌ലാമിക ബോധനമാതൃകയുടെ അടിസ്ഥാനം വിശുദ്ധ ഖുര്‍ആനാണ്. ലോകത്ത് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ബോധനരീതി അനുസരിച്ചുള്ള പഠന സമ്പ്രദായങ്ങള്‍ ഏറെ കാണാന്‍ സാധിക്കും. എന്നാല്‍ നമ്മുടെ നാട്ടിലെ മദ്‌റസാ പ്രസ്ഥാനങ്ങള്‍ പിന്തുടരുന്നത് ഈ രീതിയല്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള പാരമ്പര്യ ബോധനരീതികളായിരുന്നു 21ാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ മദ്‌റസാ പ്രസ്ഥാനങ്ങള്‍ പിന്തുടര്‍ന്നത്. ഇവിടെ പുതുമയുടെ ശബ്ദമായാണ് ഈ നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തില്‍ സിഐഇആര്‍ ആരംഭം കുറിച്ചത്. പാശ്ചാത്യ ബോധന രീതിശാസ്ത്രത്തെ ഇസ്‌ലാമിക ബോധനരീതികളുമായി കൂട്ടിയിണക്കി ശിശുസൗഹൃദവും ആകര്‍ഷകവുമായ ഒരു ബോധനരീതിക്ക് തുടക്കം കുറിക്കുകയായിരുന്നു. ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന എല്ലാ മതവിദ്യാഭ്യാസ ബോര്‍ഡുകളും ഈ പാത പിന്തുടരുകയായിരുന്നു.
വിദ്യാഭ്യാസരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികളാണ് അധ്യാപകര്‍ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ അധ്യാപക പരിശീലനത്തിന് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ വര്‍ഷത്തില്‍ മൂന്നു തവണകളിലായി അധ്യാപകര്‍ക്കായി പ്രത്യേക പരിശീലനങ്ങള്‍ നടത്തിവരുന്നു. അവധിക്കാലങ്ങളില്‍ ബോധനരീതികളെ കുറിച്ചുള്ള പ്രത്യേക പരിശീലനവും നടത്തിവരാറുണ്ട്. ബോര്‍ഡിനു കീഴില്‍ പരിശീലനത്തിനായി സ്ഥിരം സംവിധാനങ്ങളുണ്ട്. കൂടാതെ മദ്‌റസാ രംഗത്ത് പരിശീലനം ലഭിച്ച അധ്യാപകരെ സൃഷ്ടിക്കുന്നതിനായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അധ്യാപക പരിശീലന കോഴ്‌സ് സംഘടിപ്പിച്ചുവരുന്നു.
മദ്‌റസകള്‍ പ്രാദേശികതലത്തിലാണ് നിയന്ത്രിക്കപ്പെടുന്നത് എന്നതുകൊണ്ടുതന്നെ വേതനരംഗത്ത് പിന്നാക്കം നില്‍ക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. പ്രാദേശികമായ സാമ്പത്തിക സമാഹരണവും ഫീസും അടിസ്ഥാനപ്പെടുത്തിയാണ് ശമ്പളം നല്‍കുന്നത്. ഇത് ഒരു കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറ്റപ്പെടേണ്ടതുണ്ട്.
പ്രാദേശിക മഹല്ല് കമ്മിറ്റികള്‍ വിദ്യാഭ്യാസ മാനേജ്‌മെന്റിനെ കുറിച്ച് ബോധമുള്ളവരാകേണ്ടത് അത്യാവശ്യമാണ്. സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലുള്ള മുഴുവന്‍ മാനേജ്‌മെന്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി ‘മികവ്’ എന്ന പേരില്‍ പ്രത്യേക പരിശീലനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കാഴ്ചപ്പാടും ആസൂത്രണ മികവും വിലയിരുത്തലുകളും തുടര്‍പ്രവര്‍ത്തനങ്ങളും മാനേജ്‌മെന്റുകളെ മാറ്റത്തിനു പര്യാപ്തമാക്കുമ്പോേഴ ഈ മേഖലയില്‍ മുന്നേറ്റത്തിന് സാധ്യമാവൂ.

Back to Top