22 Wednesday
October 2025
2025 October 22
1447 Joumada I 0

മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച ഡോക്ടര്‍

എം പി സുനിത

സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും ഒരേ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നയാളായിരുന്നു ഡോ. കെ അബ്ദുറഹ്മാന്‍. ഇത് പറയാന്‍ കാരണമായ ഒരു സംഭവം എന്റെ അനുഭവത്തിലുണ്ട്. നോബിള്‍ സ്‌കൂള്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആയി അപ്‌ഗ്രേഡ് ചെയ്യാനുള്ള നടപടികള്‍ നടക്കുന്ന കാലം. അന്നത്തെ പ്രിന്‍സിപ്പല്‍ ഒരു കോഴ്‌സ് ചെയ്യുന്നതിനായി അവധിയിലായിരുന്നു. ആയതിനാല്‍ ഔദ്യോഗിക രേഖകളില്‍ പ്രിന്‍സിപ്പലിന്റെ ചുമതല എനിക്കായിരുന്നു. അപ്‌ഗ്രേഡ് പ്രപ്പോസല്‍ സി ബി എസ് ഇ അംഗീകരിക്കുകയും സ്‌കൂളിന് അഫിലിയേഷന്‍ ലഭിക്കുകയും ചെയ്തു. തൊട്ടടുത്ത മാസം ശമ്പളം കിട്ടിയപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്! ആ രേഖകളില്‍ പറഞ്ഞ പ്രിന്‍സിപ്പലിന്റെ ശമ്പളം എത്രയാണോ അതേ തുകയായിരുന്നു തുടര്‍ന്നുള്ള മാസങ്ങളില്‍ എനിക്ക് തന്നു കൊണ്ടിരുന്നത്. ‘ഇതെന്തിനാണ്’ എന്ന് അത്ഭുതപ്പെട്ട എന്നോട്, ‘അതാണ് ഡോക്ടര്‍’ എന്നായിരുന്നു ഓഫീസ് ജീവനക്കാരന്റെ മറുപടി. അന്നത്തെ പകപ്പില്‍ അതിനെക്കുറിച്ച് ഡോക്ടറോട് സംസാരിക്കാനോ, ഒരു നന്ദി വാക്കെങ്കിലും പറയാനോ ഉള്ള വകതിരിവ് അന്ന് എനിക്ക് ഇല്ലാതെ പോയത് എന്താണെന്ന് ഇന്നും ഞാന്‍ അത്ഭുതപ്പെടാറുണ്ട്!

Back to Top