മൂല്യങ്ങള്‍ മുറുകെ പിടിച്ച് എം എസ് എം
സഹീര്‍ വെട്ടം
അഞ്ചു പതിറ്റാണ്ട് പിന്നിട്ട പ്രവര്‍ത്തന പാതയില്‍ എം എസ് എം എന്ന വിദ്യാര്‍ഥി പ്രസ്ഥാനം എക്കാലത്തും കാലികമായ വിഷയങ്ങളില്‍ ഇടപെട്ടതായി കാണാം. രാഷ്ട്രീയ, ഭൗതിക ലക്ഷ്യങ്ങളില്ലാതെ അതത് കാലഘട്ടങ്ങളില്‍ വിദ്യാര്‍ഥികളും സമൂഹവും നേരിട്ട പ്രശ്‌നങ്ങളില്‍ ഇടപെടുകയും നൈതികവും സക്രിയവും ക്രിയാത്മകവുമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടുകളില്‍ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത നാസ്തികതയും അധാര്‍മികതക്ക് കുടപിടിക്കുന്ന ലിബറലിസവും കാമ്പസുകളിലേക്ക് കടന്നുവന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ മുസ്‌ലിം വിദ്യാര്‍ഥിത്വം നിശ്ചലമായിപ്പോയി. ഇത്തരമൊരു സാഹചര്യത്തില്‍ ധാര്‍മികബോധത്തിലൂന്നിയ പരിഹാരനിര്‍ദേശങ്ങളുമായാണ് എം എസ് എം രംഗപ്രവേശം ചെയ്യുന്നത്. പിന്നീടങ്ങോട്ട് കാലികമായ ഇടപെടലുകള്‍ കൊണ്ട് എം എസ് എം അതിന്റെ സജീവത വിളിച്ചറിയിക്കുകയുമുണ്ടായി.
ശാഖ തലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മതവിജ്ഞാന പഠന വേദിയായ ഇഖ്‌റാ മോറല്‍ സ്‌കൂള്‍ ആരംഭിച്ചു. ഫാസിസ്റ്റ് ഭരണകൂടം പാഠപുസ്തകങ്ങളിലൂടെ വിദ്യാഭ്യാസത്തെ കാവിവത്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആശയപരമായ പ്രതിരോധം തീര്‍ക്കാന്‍ എം എസ് എമ്മിന് സാധിച്ചു. മത തീവ്രവാദ ചിന്തകള്‍ ക്യാമ്പസ്സുകളിലേക്ക് കടന്നു വന്നപ്പോള്‍ മൂല്യബോധം പകര്‍ന്നു ഇടപെടാനും വിദ്യാര്‍ഥികളെ ബോധവത്കരിക്കാനും എം എസ് എം മുന്നില്‍ നിന്നു. എക്കാലത്തും വിദ്യാര്‍ഥികളെ വഴിതെറ്റിച്ച ലഹരിക്കും അസന്മാര്‍ഗിക പ്രവണതകള്‍ക്കുമെതിരെ ശബ്ദിക്കാനും എം എസ് എം ഉണ്ടായിരുന്നു.
കേരള വിദ്യാര്‍ഥി സമൂഹം നേരിട്ട പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്താന്‍ എം എസ് എമ്മിന് സാധിച്ചിട്ടുണ്ട്. 1973-ല്‍ സ്ത്രീധത്തിനെതിരെ വിദ്യാര്‍ഥി ശക്തി എന്ന പ്രമേയത്തില്‍ തിരൂരങ്ങാടിയില്‍ നടന്ന എം എസ് എം സമ്മേളനം മുതല്‍ 2021-ല്‍ വിദ്യാഭ്യാസത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയും ചര്‍ച്ച ചെയ്ത കൊണ്‍വിവന്‍സിയ മലയാളി സ്റ്റുഡന്റ്സ് കോണ്‍ഗ്രസ്സ് വരെയുള്ള അടയാളപ്പെടുത്തലുകള്‍ എം എസ് എമ്മിന്റെ കാലികമായ ഇടപെടലുകളുടെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. ഇനിയും മുന്നോട്ടുള്ള സഞ്ചാരപദത്തില്‍ കാലികമായ ഇടപെടലുകള്‍ നടത്താനും ക്രിയാത്മകമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കാനും എം എസ് എമ്മിന് സാധിക്കും.