മോദിയുടെ ഗ്യാരന്റിയോ?
ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വികസനത്തിന്റെ വ്യാജകഥകളാണ് സാധാരണ പുറത്ത് വിടാറുള്ളത്. പതിവ് തെറ്റിക്കാതെ ഇത്തവണയും വ്യാജനേട്ടങ്ങളുടെ പട്ടികയുമായി പ്രധാനമന്ത്രി തന്നെ എത്തിയിട്ടുണ്ട്. ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായി കേരളത്തിലെത്തിയ നരേന്ദ്രമോദി മലയാളത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയാന്‍ ശ്രമിച്ചത് മോദിയുടെ ഗ്യാരന്റി ഇന്ന ഇന്ന കാര്യങ്ങള്‍ എന്നതാണ്. കേരളത്തില്‍ മോദിയെ ഒരു ബ്രാന്‍ഡായി അവതരിപ്പിക്കാന്‍ എത്ര ശ്രമിച്ചാലും സാധ്യമാകില്ല എന്നതാണ് യാഥാര്‍ഥ്യം. കാരണം, അവകാശവാദങ്ങളുടെ വസ്തുതകള്‍ അന്വേഷിക്കാന്‍ മലയാളി തയ്യാറാകും. മാത്രമല്ല, വാര്‍ത്താമാധ്യമങ്ങളുടെ അതിപ്രസരം മൂലം ഓരോ അവകാശവാദവും കീറിമുറിച്ച് പരിശോധിക്കാന്‍ വിശകലന വിദഗ്ധര്‍ മുന്നോട്ട് വരും. അതോടെ, അസത്യവും അര്‍ധ സത്യവും കൂട്ടിക്കലര്‍ത്തിയ അവകാശവാദങ്ങളുടെ നിജസ്ഥിതി ജനം തിരിച്ചറിയും. വ്യാജ വാര്‍ത്തകളിലൂടെയും താരപരിവേഷത്തിലൂടെയും നെഞ്ചളവ് പറഞ്ഞും രാഷ്ട്രീയ പ്രചാരണം നടത്തുന്നത് വിജയസാധ്യതയില്ലാത്ത തന്ത്രമാണ്. 2024-ലേക്കുള്ള തെരഞ്ഞെടുപ്പില്‍ മോദിയെ തന്നെ മുന്നില്‍ നിര്‍ത്തി മുന്നോട്ട് പോകാനാണ് ബി ജെ പി തീരുമാനം. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാറിന്റെ പേരിലല്ല, മോദിയുടെ നേട്ടങ്ങള്‍ എന്ന നിലക്കാണ് ‘വികസനത്തെ’ പരിചയപ്പെടുത്തുന്നത്. ബി ജെ പിയുടെയോ എന്‍ ഡി എയുടെയോ കേന്ദ്ര സര്‍ക്കാറിന്റെയോ ഗ്യാരന്റികള്‍ അല്ല.
മോദിയുടെ ഗ്യാരന്റി എന്ന പേരില്‍ അദ്ദേഹം ആവര്‍ത്തിച്ച് അവകാശപ്പെട്ട കാര്യങ്ങള്‍ ഓരോന്നായി പരിശോധിച്ചാല്‍ അതിന് പിന്നിലെ വസ്തുതകള്‍ ബോധ്യമാകും. ഉദാഹരണത്തിന് പാര്‍പ്പിട പദ്ധതി എടുക്കാം. ഇന്ത്യയില്‍ ഭവനരഹിതര്‍ക്ക് വീട് വെക്കാനുള്ള സഹായം എന്ന ആശയം പ്രായോഗികമാക്കിയത് മോദിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണിവിടെ ചെയ്യുന്നത്. യഥാര്‍ഥത്തില്‍ പാര്‍പ്പിട പദ്ധതി കോണ്‍ഗ്രസ്സിന്റെ സംഭാവനയാണ്. ഇന്ദിരാ ആവാസ് യോജന എന്ന പേരിലാണ് അത് നടപ്പിലാകുന്നത്. മാറിമാറി വന്ന സര്‍ക്കാറുകള്‍ അതില്‍ വിവിധ ഭേദഗതികളും പരിഷ്‌കാരങ്ങളും വരുത്തി എന്നത് സത്യമാണ്. അത്രമാത്രമേ മോദിയും ചെയ്തിട്ടുള്ളൂ. മറ്റൊരു ഉദാഹരണം, ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിയെക്കുറിച്ചുള്ള തെറ്റായ പ്രചാരണമാണ്. ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി മാറി എന്നാണ് അവകാശം. 2019-ലെ വാഗ്ദാനം അനുസരിച്ച് 2023-ല്‍ ഇന്ത്യ 5 ട്രില്ല്യണ്‍ എക്കണോമി ആയി മാറേണ്ടതാണ്. അതിന്റെ അടുത്തേക്ക് പോലും എത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. സാമ്പത്തിക അഭിവൃദ്ധി നേടുമ്പോള്‍ അതിന്റെ നേട്ടം സാധാരണക്കാര്‍ക്ക് ഉണ്ടാവേണ്ടതാണ്. എന്നാല്‍, എണ്ണ വിലയും പാചകവാതക വിലയും ഉള്‍പ്പെടെ സാധാരണക്കാര്‍ക്ക് ഇരുട്ടടി മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തേക്കിന്‍കാട് മൈതാനത്തില്‍ വിവിധ ഗ്യാരന്റികള്‍ മോദി പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് സ്ത്രീകള്‍ക്ക് മാത്രമായി മോദി ചെയ്തു നല്‍കിയ സേവനങ്ങള്‍. ഉദാഹരണമായി എടുത്ത് പറഞ്ഞ ഒന്ന് പ്രസവാവധിയാണ്. മോദിയാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പ്രസവാവധി നല്‍കിയത് എന്ന രൂപത്തിലാണ് പ്രഖ്യാപനം. യഥാര്‍ഥത്തില്‍, ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്വം അനുസരിച്ച് എത്രയോ പതിറ്റാണ്ടുകളായി ഇന്ത്യയിലെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രസവാവധി അവകാശമായി നിലവിലുണ്ട്. അതില്‍ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരിക മാത്രമാണ് ഇപ്പോള്‍ ചെയ്തത്. സാനിറ്ററി പാഡ്, ബാങ്ക് വായ്പ, കുടിവെള്ളം, സ്വയംതൊഴില്‍ സംരഭങ്ങള്‍ തുടങ്ങിയ പദ്ധതികളൊക്കെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സംഭവനകളാണ്. അതില്‍ വരുത്തിയ ചില മാറ്റങ്ങളുടെ പേരില്‍ ക്രെഡിറ്റ് എടുക്കാനാണ് ബി ജെ പി ഇപ്പോള്‍ ശ്രമിക്കുന്നത്. മാധ്യമ സാക്ഷരതയുള്ള ഒരു സംസ്ഥാനമെന്ന നിലയില്‍ അവകാശ വാദങ്ങളില്‍ ഫാക്ട് ചെക്ക് നടപടികള്‍ സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ വ്യാജ അവകാശ വാദങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ സജീവമാക്കാമെന്നത് വ്യാമോഹമാണ്, പ്രത്യേകിച്ച് കേരളത്തില്‍. കോണ്‍ഗ്രസ് കൊണ്ടുവന്ന സ്ത്രീസംവരണ ബില്‍ നിയമമാക്കി എന്ന് ബി ജെ പി അഭിമാനം കൊള്ളുമ്പോഴും അത് നടപ്പിലാക്കുന്നതിലുള്ള കാലതാമസം ബില്ലിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നതാണ്. അതേസമയം, മോദിയുടെ ഗ്യാരന്റിയില്‍ ഉള്‍പ്പെടുന്ന ദരിദ്രരും പിന്നാക്കക്കാരുമായ വനിതകള്‍ക്ക് വേണ്ടി ഈ നിയമത്തിലൂടെ എന്ത് പരിഗണനയാണ് നല്‍കിയത് എന്ന മറുചോദ്യത്തിന് ബി ജെ പിക്ക് ഉത്തരമില്ല.