23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

സ്വത്വവാദത്തിന്റെ മേലങ്കി അണിയുന്നത് മതരാഷ്ട്ര വാദം തന്നെ

എം എന്‍ കാരശ്ശേരി /വി കെ ജാബിര്‍

സ്വത്വവാദം ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണെന്നും അതിന്റെ സര്‍ഗാത്മഗതയാണ് കാണിക്കുന്നതെന്നും അഭിപ്രായമുണ്ട്. പൗരത്വ ഭേദഗതി നിയമം പോലുള്ള വിഭാഗീയ നിയമനിര്‍മാണങ്ങള്‍ ശക്തിപ്പെടുന്ന ദേശീയ രാഷ്ട്രീയത്തില്‍ സ്വത്വരാഷ്ട്രീയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. സ്വത്വം (ഐഡന്റിറ്റി) നീതി നിഷേധത്തിന് കാരണമാകുമ്പോള്‍ സ്വത്വം ഉയര്‍ത്തിപ്പിടിച്ച് തന്നെ വരുന്ന മുന്നേറ്റങ്ങളെയാണ് ഇതുകൊണ്ടു വിവക്ഷിക്കപ്പെടുന്നത്. അസ്തിത്വം ചോദ്യം ചെയ്യപ്പെടുമ്പോള്‍, ആ ഐഡന്റിറ്റി ഉയര്‍ത്തിപ്പിടിച്ചു തന്നെ മറുപടി ഉന്നയിക്കാനുള്ള ശ്രമം സമീപകാലത്ത് ശക്തിപ്പെടുന്നു. മുസ്‌ലിംകളും ദളിതുകളും ഉള്‍പ്പെടെ ഈ മൂവ്‌മെന്റുകളുടെ ഭാഗമായി വരുന്നു. പൗരത്വ സമരത്തിലെ സ്വത്വ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. സ്വത്വം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനു കാരണമായ സംഗതിയുടെ പേരില്‍ അവര്‍ മാത്രം സംഘടിക്കുന്നതിനെ കുറ്റം പറയാനാകുമോ എന്ന ചോദ്യം ഉണ്ട്. എന്നാല്‍ ജനാധിപത്യ- മതനിരപേക്ഷ മുന്നേറ്റങ്ങളുടെ വീര്യവും ഫലസാധ്യതയും അതു ചോര്‍ത്തിക്കളയും എന്ന നിരീക്ഷണമുണ്ട്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സാംസ്‌കാരിക സ്വത്വത്തിന്റെ പേരിലാണ് പൗരത്വ നിയമത്തിനെതിരെ തെരുവില്‍ ഇറങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ മത സ്വത്വത്തിന്റെ പേരിലാണ് രംഗത്തിറങ്ങിയത്. എന്നാല്‍ സമരത്തിലെ മതകീയ മുദ്രാവാക്യങ്ങള്‍ സമരത്തിന്റെ പൊതുസ്വഭാവം നഷ്ടപ്പെടുത്തിയെന്ന വിമര്‍ശനമുയര്‍ന്നു. വ്യക്തികളുടെയും സമൂഹത്തിന്റെയും ഐഡന്റിറ്റിക്ക് (സ്വത്വത്തിന്) പലവിധ മാനങ്ങളുണ്ടെന്നും മതം മാത്രം സ്വത്വത്തിന്റെ മുന്നില്‍ വരുന്നത് ശരിയല്ലെന്നും വാദമുയര്‍ന്നു. മതം മുന്‍ നിര്‍ത്തിയുള്ള സ്വത്വവാദം ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്നും അത് മതതീവ്രവാദത്തെ ശോഷിപ്പിക്കുമെന്നും വിലയിരുത്തപ്പെട്ടു. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും തികച്ചും സാംഗത്യമുള്ള കല്പനയാണ് ഐഡന്റിറ്റി പൊളിറ്റിക്‌സ് അഥവാ സ്വത്വ രാഷ്ട്രീയം.
സ്വത്വ വാദത്തെ കുറിച്ച് നിലപാടുകള്‍ വ്യക്തമാക്കുന്നു സാമൂഹിക-രാഷ്ട്രീയ നിരീക്ഷകനും വിമര്‍ശകനുമായ എം എന്‍ കാരശ്ശേരി.

എന്താണ് സ്വത്വ വാദം?

സ്വത്വ രാഷ്ട്രീയം (ഐഡന്റിറ്റി പൊളിറ്റിക്‌സ്) എന്നത് കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയും അവരോട് അനുഭാവമുള്ളവരും ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. മത സ്വത്വം (റിലീജ്യസ് ഐഡന്റിറ്റി) ആണ് രാഷ്ട്രീയത്തില്‍ ഒരാളുടെ വ്യക്തിത്വത്തിലെ ഏറ്റവും പ്രധാനം എന്നു പറയുന്നതാണത്. അത് മതമാടിസ്ഥാനമാക്കിയുള്ള മതമൗലിക വാദ രാഷ്ട്രീയമാണ്. മത രാഷ്ട്രീയം പറയാനുള്ള മറയായിട്ടാണ് ഐഡന്റിറ്റി പൊളിറ്റിക്‌സ് എന്ന് ഉപയോഗിക്കുന്നത്.
മനുഷ്യന് വിവിധ ഐഡന്റിറ്റികളുണ്ട്. എന്നെ സംബന്ധിച്ച് ഒന്നാമത് ഇന്ത്യക്കാരനാണ്. രണ്ടാമത് മലയാളിയാണ്, പുരുഷനാണ്, അധ്യാപകനായിരുന്നു. വ്യക്തികള്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയിലും മത സംഘടനയിലും വിശ്വക്കുന്ന ആളോ വിശ്വസിക്കാത്ത ആളോ ആയിരിക്കും. ചിലര്‍ ജാതി സമൂഹത്തിന്റെ ഭാഗമായി ജനിച്ച ആളായിരിക്കും. മനുഷ്യന്റെ ഐഡന്റിറ്റി എന്നത് ഒറ്റ ഘടകം ഉള്‍ക്കൊള്ളുന്നതല്ല. പല വ്യക്തിത്വങ്ങളും ചേര്‍ന്ന സാകല്യമാണ് ഒരു പൗരന്‍, അല്ലെങ്കില്‍ വ്യക്തി. ഇവയോരൊന്നും പല സന്ദര്‍ഭങ്ങളില്‍ പ്രധാനമായി വരും.
ഇന്ത്യക്കാരന്‍ എന്നത് പ്രധാനമായി വരുന്ന സന്ദര്‍ഭം ഉണ്ടാകും. മലയാളിയാണെന്നത് മുന്നില്‍ വരുന്ന അവസരമുണ്ടാകും. പുരുഷനാണെന്നതു പ്രധാനമാകുന്ന സന്ദര്‍ഭമുണ്ടാകും. മതമെന്നത് അതിലൊന്നു മാത്രമാണ്. എന്നാല്‍, രാഷ്ട്രീയ സംഘാടനത്തില്‍ മര്‍മപ്രധാനമായത് മതം ആണെന്നു വാദിക്കുന്നതിനെയാണ് മത രാഷ്ട്രീയം എന്നു പറയുക. അതൊരു കള്ള ബ്രാന്റാണ്. തങ്ങള്‍ ഇസ്‌ലാമിക രാഷ്ട്ര വാദികളാണെന്നു പറയാനുള്ള സത്യസന്ധത കാണിക്കുകയാണ് അത്തരക്കാര്‍ വേണ്ടത്. അതിനു പകരം അവരുപയോഗിക്കുന്ന മുഖപടമാണ് സ്വത്വ രാഷ്ട്രീയം എന്നത്, കേരളത്തില്‍.
ദേശീയ തലത്തില്‍ വരുമ്പോള്‍ മതപരമായ വ്യക്തിത്വമാണ് പ്രധാനം എന്നു പറയുന്ന വാദമാണ് ബി ജെ പിയുടേത്. ബി ജെ പിയുടെ രാഷ്ട്രീയം അതു തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. അപ്പോള്‍, ബി ജെ പിയുടെ രാഷ്ട്രീയത്തെ കുറ്റം പറയുന്നത് എങ്ങനെയാണ്. അത് ഭൂരിപക്ഷ മതത്തിന്റെ രാഷ്ട്രീയം കളിക്കുന്നതു കൊണ്ടാണോ?
ഭൂരിപക്ഷത്തിന്റെ മത മൗലിക വാദവും ന്യൂനപക്ഷത്തിന്റെ മതരാഷ്ട്ര വാദവും ഒരുപോലെ ആപത്താണ്. കാരണം, ഭൂരിപക്ഷത്തിന്റെ വര്‍ഗീയതയ്ക്ക് പരിഹാരം ന്യൂനപക്ഷ വര്‍ഗീയ രാഷ്ട്രീയമല്ല. ജനാധിപത്യ രാഷ്ട്രീയമാണ്, മതേതര പരിഹാരമാണ് തേടേണ്ടത്. ദേശീയ തലത്തില്‍, മതസ്വത്വമാണ് തങ്ങളുടേത് എന്ന് ബി ജെ പി ക്കാര്‍ പറഞ്ഞാല്‍ എന്തു മറുപടിയാണ് ഇത്തരക്കാര്‍ക്കുള്ളത്.
ഭൂരിപക്ഷത്തിന്റെ മതരാഷ്ട്രീയം സ്വീകാര്യമാണെന്നു പറയാന്‍ കഴിയില്ലല്ലോ. പാകിസ്താനിലും അഫ്ഗാനിസ്താനിലും ഇറാനിലും ന്യൂനപക്ഷ സ്വത്വ രാഷ്ട്രീയക്കാര്‍ എന്തു നിലപാടാണ് സ്വീകരിക്കുക. അവിടെ മുസ്‌ലിംകള്‍ ഭൂരിപക്ഷ സമൂഹമാണല്ലോ. സെക്യുലര്‍, ജനാധിപത്യ രാഷ്ട്രീയമെന്ന് ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയില്‍ മാത്രമേ പറയൂ. പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും ഇറാനിലും പറയില്ല. ഇവിടത്തെ പ്രവര്‍ത്തന സൗകര്യത്തിന് അവരുപയോഗിക്കുന്ന വാക്കാണത്. മതമാണ് രാഷ്ട്രീയത്തിന്റെ വ്യക്തിത്വം എന്നു പറഞ്ഞാല്‍, അത് ബി ജെ പിക്കും പറയാവുന്ന സംഗതിയാണ്. അവര്‍ ഹിന്ദു എന്നു പോലും അവകാശപ്പെടാറില്ല, ഭാരതീയ സംസ്‌കാരം (ഇന്ത്യന്‍ കള്‍ച്ചര്‍) എന്നാണ് പറയുക. ഭാരതീയത തങ്ങളുടെ ഐഡന്റിറ്റിയുടെ പ്രധാന ഭാഗമാവുക എന്നാണ് അവര്‍ പറയുന്നത്. മതേതര രാഷ്ട്രീയത്തില്‍ വിശ്വസിക്കാത്തവരുടെ പരിപാടികളാണ് ഇതൊക്കെ.
അതിന് ചില കമ്യൂണിസ്റ്റ് ബുദ്ധിജീവികളും സാഹിത്യകാരന്മാരുമൊക്കെ ജമാഅത്തുകാരെ പിന്തുണയ്ക്കുന്നുണ്ട്. ഇവര്‍ ജമാഅത്തുകാരുടെ കൂലിക്കാരാണെന്നാണ് എന്റെ ധാരണ. ഞാന്‍ അതിനെതിരാണ്.

സ്വത്വ രാഷ്ട്രീയത്തെ വിമര്‍ശിക്കാനുള്ള ന്യായങ്ങള്‍?

മുസ്‌ലിംകള്‍ക്കും അല്ലാത്തവര്‍ക്കും സ്വത്വ രാഷ്ട്രീയം ഒരുപോലെ ആപത്താണ്. കാരണം, രാഷ്ട്ര നിയമങ്ങള്‍ മത നിയമങ്ങളായി വരണമെന്നാണ് ഇത്തരക്കാര്‍ പറയുന്നത്. അത് നടപ്പുള്ള കാര്യമല്ല. നടന്നാല്‍ ബുദ്ധിമുട്ടുള്ള സംഗതിയുമാണ്. പാകിസ്താനില്‍ അതുകൊണ്ടുള്ള ആപത്ത് മുസ്‌ലിംകള്‍ തന്നെ അനുഭവിക്കുന്നുണ്ട്. പാകിസ്താനില്‍ ജമാഅത്തെ ഇസ്‌ലാമിയെ കൊണ്ടുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് അവിടത്തെ മുസ്‌ലിംകള്‍ക്കാണ്. 1953ല്‍, പാകിസ്താനില്‍ അഹമ്മദി വിരുദ്ധ കലാപമുണ്ടായി. ആയിരക്കണക്കിനാളുകള്‍ മരിക്കുകയും കോടികളുടെ സ്വത്തു നഷ്ടവുമുണ്ടായി. മനുഷ്വത്വ വിരുദ്ധ നടപടികളുണ്ടായി. കച്ചവട സ്ഥാപനങ്ങള്‍ തീവച്ചു നശിപ്പിച്ചു. ഈ കേസില്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട ആളാണ്, ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദി. പഞ്ചാബിലെ സൈനിക കോടതി അദ്ദേഹത്തെ തൂക്കാന്‍ വിധിക്കുകയും പിന്നീടത് ജീവപര്യന്തം തടവായി ചുരുക്കുകയും രണ്ടു വര്‍ഷത്തിനു ശേഷം വിട്ടയക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഖാദിയാനി മസ്അല എന്ന പുസ്തകമാണ് അന്ന് ലഹളയ്ക്കു കാരണമായത് എന്നാണ് കോടതി കണ്ടെത്തിയത്. പാക് സുപ്രിം കോടതി ജഡ്ജ് ആയിരുന്ന ജസ്റ്റിസ് മുനീര്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സിറ്റിംഗിനിടെ ജ. മുനീറിനോട്, അബുല്‍ അഅ്‌ലാ മൗദൂദി പറഞ്ഞത്, ഇന്ത്യ ഹിന്ദു രാഷ്ട്രമാകുന്നതിന് തങ്ങള്‍ക്ക് എതിര്‍പ്പില്ല എന്നാണ്. ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും ഖാദിയാനികളുമെല്ലാമുള്ള പാകിസ്താനില്‍ ഇസ്‌ലാമിക ഭരണം വേണമെന്ന് നിങ്ങള്‍ പറയുന്നുണ്ടല്ലോ. ആ നിലയ്ക്ക് ഇന്ത്യയില്‍ ഹിന്ദു ഭരണം വേണമെന്ന വാദത്തോട് എന്തു പറയുന്നു എന്ന ജസ്റ്റിസ് മുനീറിന്റെ ചോദ്യത്തിനാണ് മൗദൂദി ഈ മറുപടി പറഞ്ഞത്.
മതരാഷ്ട്രം എന്നത് ജനാധിപത്യത്തിന് എതിരായ ആശയമാണ്. ഇറാനിലുള്ളത് ജനാധിപത്യമല്ല. അവിടെ മത നിയമങ്ങളാണ് രാഷ്ട്ര നിയമങ്ങളായിട്ടുള്ളത്. ഞാന്‍ മുസ്‌ലിമിന്റെയും ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മതരാഷ്ട്ര വാദം അംഗീകരിക്കുന്നില്ല. ഒരാള്‍ക്ക് മുസ്‌ലിമാകാന്‍ അയാളുടെ മത നിയമങ്ങളൊക്കെ രാഷ്ട്ര നിയമങ്ങളാകണം എന്നതാണ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ സിദ്ധാന്തം. അതിനോടു ലേശം യോജിപ്പില്ല. ഇന്നാട്ടിലെ ഭൂരിപക്ഷം മുസ്‌ലിംകളും അതിനോട് യോജിക്കുന്നില്ല. അവരാരും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല, യുദ്ധം ചെയ്യാന്‍ പോകുന്നില്ല. ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ ആയുധമെടുത്തിട്ടില്ല. അങ്ങനെ അഭിപ്രായവുമില്ല. പക്ഷെ മൗദൂദിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരാണ് എന്‍ ഡി എഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ തുടങ്ങിയ സംഘങ്ങള്‍. സിമി എന്ന പഴയ സംഘടനയുടെ പുതിയ രൂപങ്ങളാണത്. സിമിയുടെ ആദര്‍ശ പ്രചോദനം അബുല്‍ അഅ്‌ലാ മൗദൂദിയായിരുന്നു. 1977ല്‍ രൂപീകൃതമായ സംഘടനയാണ് സിമി. അവരാണ് ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന് എഴുതിവെച്ചത്.
മതമൗലിക വാദവും മതരാഷ്ട്ര വാദവും ജനാധിപത്യ വിരുദ്ധമാണ്. അവര്‍ക്ക് സ്വര്‍ഗം കിട്ടുമോ എന്നത് എന്നെ സംബന്ധിക്കുന്ന വിഷയമല്ല. ഇവിടെ സമാധാനം ഇല്ലാത്ത സാഹചര്യം സൃഷ്ടിക്കുന്ന വാദമാണത് എന്നാണ് എന്റെ നിലപാട്. ബംഗ്ലാദേശിലും പാകിസ്താനിലും ജമാഅത്തെ ഇസ്‌ലാമി അതു തെളിയിച്ചതാണ്. ഈജിപ്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ തെളിയിച്ചതാണ്. മതരാഷ്ട്രവാദവുമായി വന്നാല്‍ ഒരിക്കലും സമാധാനം ഉണ്ടാകില്ല. 1928ല്‍ ഈജിപ്തില്‍ രൂപപ്പെട്ട് ഇപ്പോഴും പല പേരില്‍ സജീവമായ പ്രസ്ഥാനമാണ് ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ അല്ലെങ്കില്‍ മുസ്‌ലിം ബ്രദര്‍ ഹുഡ്. തുനീഷ്യയിലും അതു തന്നെയായിരുന്നു അവസ്ഥ. ഇരുപതാം നൂറ്റാണ്ടില്‍ മുസ്‌ലിം സമൂഹത്തിന് ഏറ്റവും വലിയ ആപത്തായി തീര്‍ന്ന രണ്ടു പ്രസ്ഥാനങ്ങളാണ് ഈജിപ്തില്‍ ഉദയം ചെയ്ത (1928) ഇഖ്‌വാനുല്‍ മുസ്‌ലിമീനും അവിഭക്ത ഇന്ത്യയില്‍ രൂപംകൊണ്ട (1941) ജമാഅത്തെ ഇസ്‌ലാമിയും. ഇസ്‌ലാം എന്നത് ഒരു പ്രത്യയശാസ്ത്രമാണെന്നാണ് അവരുടെ വാദം. തെറ്റായ വ്യാഖ്യാനമാണത്. മതം എന്നത് ഒരു ജീവിത മാര്‍ഗനിര്‍ദേശമല്ല, രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് (പൊളിറ്റിക്കല്‍ ഐഡിയോളജി) എന്നാണാ വാദം. ഇതാണ് പൊളിറ്റിക്കല്‍ ഇസ്‌ലാം, അല്ലെങ്കില്‍ റാഡിക്കലിസം.

പഴയ നിലപാടുകള്‍ സ്വയം റദ്ദു ചെയ്യുമ്പോള്‍ അതു വിശ്വാസത്തിലെടുക്കേണ്ടതല്ലേ?
കഴിയില്ല. അതു തട്ടിപ്പാണ്, തെളിയിക്കാം. ജമാഅത്തെ ഇസ്‌ലാമി വെല്‍ഫെയര്‍ പാര്‍ട്ടിയെന്ന രാഷ്ട്രീയ സംഘടനയുണ്ടാക്കി. പൗരത്വ ഭേദഗതി നിയമം വന്നപ്പോള്‍, എന്‍ഡിഎഫ്, പിഎഫ്‌ഐ, എസ്ഡിപിഐ, സോളിഡാരിറ്റി എന്നിവരെല്ലാം ഒന്നിച്ചാണ് സമരം ചെയ്തത്. ഒരേ തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അങ്ങനെയൊരവസരം വരുമ്പോള്‍ അവര്‍ ഒന്നിക്കും.
1972ല്‍ പ്രബോധനം വാരികയുടെ ശരീഅത്ത് പതിപ്പില്‍, ശരീഅത്ത് നിയമത്തെ നഖശിഖാന്തം എതിര്‍ത്തു ലേഖനം എഴുതിയത് അറിയപ്പെടുന്ന മുസ്‌ലിം നേതാക്കളോ വിമര്‍ശകരോ ആയിരുന്നില്ല. ടി മുഹമ്മദ് കൊടിഞ്ഞിയാണ് ശരീഅത്തും ശരിയത്തും എന്ന പേരില്‍ ലേഖനം എഴുതിയത്. യഥാര്‍ഥ ശരീഅത്തും ഇന്ത്യന്‍ ശരീഅത്തും തമ്മില്‍ കടലും കടലാടിയും പോലുള്ള അന്തരമുണ്ടെന്നായിരുന്നു ലേഖനത്തിന്റെ ഉളളടക്കം. പക്ഷെ ശാബാനു കേസിന്റെ വിധി വന്നപ്പോള്‍ അവര്‍ മറുപക്ഷത്തായി. തട്ടിപ്പാണത്. ഞങ്ങളെ പോലുള്ളവരെ അത്ഭുതപ്പെടുത്തിയ പതിപ്പാണത്. ശരീഅത്ത് സംബന്ധമായി മലയാളത്തില്‍ ഏറ്റവും രൂക്ഷമായ ലേഖനം എഴുതിയത് പ്രബോധനം പത്രാധിപരായിരുന്ന ടി മുഹമ്മദ് കൊടിഞ്ഞിയാണ്. (ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍ ഇദ്ദേത്തിന്റെ പുസ്തകമാണ്). ശാബാനു കേസ് വിധി വന്നപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി സുന്നികളുടെയും മുജാഹിദുകളുടെയും കൂട്ടത്തിലായിരുന്നു. അവസരം വരുമ്പോള്‍ ഇവരുടെ യഥാര്‍ഥ സ്വരൂപം വ്യക്തമാകും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പൗരസമരങ്ങളില്‍ മതകീയ മുദ്രാവാക്യങ്ങള്‍ (അല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാ തുടങ്ങി) വിളിക്കുന്നതിന് അനുകൂലമായിരുന്നു ജമാഅത്തുകാര്‍. ഈ വിഷയത്തില്‍ എസ്ഡിപിഐക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും ഒരേ നിലപാടായിരുന്നു.
മതേതരത്വം കണ്ണിലെ കൃഷ്ണ മണി പോലെ കാത്തുസൂക്ഷിക്കണം എന്ന്, ജമാഅത്തെ ഇസ്‌ലാമി അമീര്‍ ആയിരുന്ന സമയത്ത് സിദ്ദീഖ് ഹസന്‍ എഴുതിയിരുന്നു. പല നയങ്ങളും അവര്‍ മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കാന്‍ പാടില്ല, സര്‍ക്കാരുദ്യോഗം സ്വീകരിക്കാന്‍ പാടില്ല, കോടതിയില്‍ പോകാന്‍ പാടില്ല എന്നൊക്കെ അവര്‍ പറയും. പിന്നീട് അതൊക്കെ പ്രായോഗിക തലത്തില്‍ മാറ്റുകയും ചെയ്യും. സംഘടനയെ നിരോധിച്ച സമയത്ത് മാപ്പെഴുതി കൊടുത്ത് ജയില്‍ശിക്ഷയില്‍ നിന്നൊഴിവാവുകയായിരുന്നു നേതാക്കള്‍. അവസരത്തിനൊത്ത് എപ്പോഴും നയം മാറ്റുന്നവരാണ്.
മതേതരത്വത്തെയും ദേശീയതയെയും ജനാധിപത്യത്തെയും ശക്തിയുക്തം എതിര്‍ക്കുന്ന അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഒരു പുസ്തകമുണ്ട്. അതിന്റെ പഴയ പേര് ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം എന്നായിരുന്നു. മതേതരത്വം, ജനാധിപത്യം, ദേശീയത എന്നു പേരു നല്‍കി ഇപ്പോഴും മലയാളത്തില്‍ വില്‍ക്കുന്നുണ്ട്. നയം മാറ്റിയെങ്കില്‍ അതു വില്‍പന നടത്തരുതല്ലോ. ഇംഗ്ലീഷിലും ഉര്‍ദുവിലുമായി പാകിസ്താനിലും ബംഗ്ലാദേശിലും വില്പന നടത്തുന്നുണ്ട് ആ പുസ്തകം. മൗദൂദിയുടെ ഒരുപുസ്തകവും ജമാഅത്തെ ഇസ്‌ലാമി പിന്‍വലിച്ചിട്ടില്ല.
ഇസ്‌ലാം മതത്തില്‍ നിന്നു പുറത്തുപോയ ആളെ കൊല്ലണം എന്നാണ് മൗദൂദിയുടെ അഭിപ്രായം ആ നിലപാട് ജനാധിപത്യം അല്ലല്ലോ. അതു വിവരിക്കുന്ന ഖുതുബാത് എന്ന അദ്ദേഹത്തിന്റെ പുസ്തകം അവര്‍ വില്‍പ്പന നടത്തുന്നുണ്ട്. നിങ്ങള്‍ പറയുന്ന പോലെ, മൗദൂദിയെ അവര്‍ തളളിപ്പറയുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നിലപാട് വിശദീകരിക്കുന്ന പുസ്തകങ്ങള്‍ അവര്‍ വില്‍ക്കരുത്. മാധ്യമം ജമാഅത്തെ ഇസ്‌ലാമിയുടെ പത്രമാണെന്ന് നാട്ടുകാര്‍ക്കറിയാം. അവരതു പോലും സമ്മതിക്കില്ല. അവര്‍ മാറിയെന്നത് കാപട്യമാണ്.
ഇന്ത്യാ വിഭജനത്തെ കുറിച്ച് അബുല്‍ അഅ്‌ലാ മൗദൂദി എന്താണ് പറഞ്ഞതെന്നു ചോദിച്ചാല്‍, അദ്ദേഹം വിഭജനത്തിന് എതിരായിരുന്നുവെന്നാകും ജമാഅത്തുകാര്‍ പറയുക. അത് ശരിയാണ്. പക്ഷെ ഈ സത്യം അവര്‍ പാകിസ്താനില്‍ പറയില്ല. പാകിസ്താന്‍ രാഷ്ട്രത്തിന്റെ യഥാര്‍ഥ പിതാവ് മൗദൂദിയാണെന്നാണ് അവിടെ പറയുക. (മൗദൂദിയുടെ സെക്രട്ടറിയായിരുന്ന ബിലാല്‍ എഴുതിയ, മലയാളത്തില്‍ ലഭ്യമല്ലാത്ത ആ പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.) വിഭജനത്തെ എതിര്‍ത്ത ആളായി ഇന്ത്യയിലും മുസ്്‌ലിം രാഷ്ട്രത്തിന് ആശയപിന്തുണ കൊടുത്ത രാഷ്ട്രപിതാവായി പാകിസ്താനിലും ഒരേസമയം അവതരിപ്പിക്കുന്നത് എങ്ങനെയാണ്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പേരുകള്‍ പറയുന്നത് സൗകര്യത്തിനാണ്. ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയ പാര്‍ട്ടിയാണ്. സുന്നി, മുജാഹിദ്, സലഫി സംഘടനകള്‍ പോലെയല്ല അത്.
സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന അഭിപ്രായക്കാരനാണ് മൗദൂദി. സ്ത്രീകള്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ മുഖം മൂടണം എന്നത് ജനാധിപത്യ വിരുദ്ധ നടപടിയാണ്. ഇത് കേരളത്തിലെ ജമാഅത്തുകാര്‍ അംഗീകരിക്കുന്നുണ്ടോ. (പുരുഷന്റെയും സ്ത്രീകളുടെയും വേഷത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ക്കും പക്ഷപാതപരമായ അഭിപ്രായമാണുള്ളത്.) അറേബ്യയില്‍ സ്ത്രീകള്‍ അണിഞ്ഞുവെന്നു പറയപ്പെടുന്ന വേഷവിധാനം ഇവിടെയും വേണമെന്നു പറയുമ്പോള്‍, അവരുടെ പുരുഷന്മാരുടെ വേഷമെന്തേ അറേബ്യന്‍ ആക്കാത്തത് എന്ന ചോദ്യമുയരുന്നുണ്ട്. നയം മാറിയെങ്കില്‍, അധികാരം നേടാനുള്ള പാര്‍ട്ടിയാണെന്നു പറയുന്ന പുസ്തകങ്ങള്‍ പിന്‍വലിച്ചാല്‍ മതിയല്ലോ. മൗദൂദിയുടെ ഒരു പുസ്തകവും ജമാഅത്തെ ഇസ്‌ലാമി പിന്‍വലിച്ചതായി അറിയില്ല. ചില പുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താതിരുന്നിട്ടുണ്ട് എന്നാണ് അറിവ്.

ജമാഅത്തിനപ്പുറം സ്വത്വവാദം ഉയര്‍ന്നുവരുന്നുണ്ട്?

സ്വത്വവാദം ജമാഅത്തെ ഇസ്‌ലാമി, സിമിയുടെ രൂപാന്തരങ്ങളായ പോപ്പുലര്‍ ഫ്രണ്ട് എന്നിവര്‍ പുകമറ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നതാണ്. കേരളത്തില്‍ 90 ലക്ഷം മുസ്‌ലിംകള്‍ ഉണ്ട്. അതില്‍ വളരെ ന്യൂനപക്ഷം മാത്രമേ ജമാഅത്തിനെ പിന്തുണയ്ക്കുന്നുളളൂ. മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും ഐ പി എച്ച് പ്രസിദ്ധീകരണാലയവുമുള്ളതിനാല്‍ അവര്‍ക്ക് കൂടുതല്‍ സാന്നിധ്യം (പ്രസന്‍സ്) കാണിക്കാന്‍ കഴിയുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് വെല്‍ഫെയര്‍ പാര്‍ട്ടിയെക്കാള്‍ അംഗബലമുണ്ടാകും. ഐഎന്‍എല്‍, പി ഡി പി പോലുള്ളവ സാന്നിധ്യം അറിയിക്കാന്‍ പറ്റാത്തത്ര ദുര്‍ബലമാണിന്ന്.
അതേസമയം, മതരാഷ്ട്ര വാദം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗ്. രാഷ്ട്ര നിയമം വേറെ, മത നിയമം വേറെ എന്ന തിരിച്ചറിവ് മുസ്‌ലിം ലീഗിനുണ്ട്. ആ തിരിച്ചറിവ് ജമാഅത്തെ ഇസ്‌ലാമിക്കും എസ്ഡിപിഐക്കും ഇല്ല എന്നതാണ് പ്രധാന വ്യത്യാസം. മലപ്പുറം ജില്ല മദ്യമുക്തമാക്കണം പോലുള്ള മുദ്രാവാക്യങ്ങളുമായി വരുന്നവരെ ശ്രദ്ധിച്ചാല്‍ അറിയാം. എസ്ഡിപിഐയോ ജമാഅത്തെ ഇസ്‌ലാമിയോ ആകും അതിനു പിന്നില്‍. അവര്‍ക്ക് അടിസ്ഥാനപരമായി അഭിപ്രായവ്യത്യാസമില്ല എന്നാണെന്റെ കണക്ക്. അതിന്റെ തെളിവാണ് പൗരത്വ ഭേദഗതി സമരത്തിലെ മുദ്രാവാക്യങ്ങളും അവര്‍ മാത്രമായി നടത്തിയ ഹര്‍ത്താലും.
ജനാധിപത്യ ഭരണത്തില്‍ പല വിഷയങ്ങളുമുണ്ട്. മതം അനുഷ്ഠിക്കാനും ആചരിക്കാനും മതം നിരസിക്കാനും സ്വാതന്ത്ര്യമുണ്ട്. ഭരണഘടന ഉറപ്പാക്കിയ ഒരു കാര്യമാണത്. അവയൊക്കെ മതരാഷ്ട്രം ഇല്ലായ്മ ചെയ്യുന്നു. ഇറാനിലെ ഇസ്‌ലാമിസ്റ്റ് ഭരണം മുസ്‌ലിംകള്‍ക്കു തന്നെ ദോഷമാണ്. അതേത്തുടര്‍ന്നാണ് പോസ്റ്റ് ഇസ്‌ലാമിസം എന്നൊരു മൂവ്‌മെന്റ് ഇറാനില്‍ വളര്‍ന്നുവരാന്‍ തുടങ്ങിയത്. മതരാഷ്ട്രീയത്തിനെതിരെ അവിടത്തെ ചെറുപ്പക്കാരില്‍ പടരുന്ന ആശയ ധാരയാണ് പോസ്റ്റ് ഇസ്‌ലാമിസം. അവര്‍ ഇസ്‌ലാമിക വിരുദ്ധരല്ല. മതവും രാഷ്ട്രവും കെട്ടുപിണഞ്ഞു കിടക്കുന്നത് ശരിയല്ല, വേര്‍പിരിക്കണം എന്നു വാദിക്കുന്നവരാണ്. പൊളിറ്റിക്കല്‍ ഇസ്‌ലാമിനെതിരായി പോസ്റ്റ് ഇസ്‌ലാമിസം. 1989ല്‍ തന്നെ തുടങ്ങിയിട്ടുണ്ട്. മതം അനുഷ്ഠിക്കുന്ന ദൈവ വിശ്വാസികളാണവര്‍. രാഷ്ട്രവും മതവും കൂട്ടിക്കുഴയ്ക്കരുത് എന്നവാദം തുനീഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് പടരുന്നുണ്ട്. റാഷിദ് ഗനൂഷി വന്നതിനെ തുടര്‍ന്ന് തുനീഷ്യയില്‍ കാര്‍ക്കശ്യം കുറഞ്ഞുവരുന്നു. സഊദി അറേബ്യ തന്നെ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്തുകൊണ്ടിരിക്കുന്നു.
പാകിസ്താനില്‍ പോലും ജമാഅത്തെ ഇസ്‌ലാമിക്ക് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പട്ടാളഭരണാധികാരി സിയാവുല്‍ ഹഖ് ഭരിച്ചപ്പോള്‍ മാത്രമാണ് അവര്‍ക്ക് മന്ത്രിസഭയില്‍ പങ്കാളിത്തം ലഭിച്ചത് തന്നെ. ഏതാണ്ട് ഒന്നര കൊല്ലം. അവിടെ പോലും ഇസ്‌ലാമികവത്കരിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. പാകിസ്താനൊപ്പം ചേര്‍ന്ന് ബംഗ്ലാദേശ് രൂപീകരണത്തെ എതിര്‍ത്തതിനാല്‍ ദേശീയതക്കെതിരായി പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തി ജമാഅത്ത് നേതാക്കളെ ബംഗ്ലാദേശില്‍ വധശിക്ഷയ്ക്കു വിധേയമാക്കിക്കൊണ്ടിരിക്കുന്നു. ബംഗ്ലാദേശിലും കശ്മീരിലും പാകിസ്താനിലും ജമാഅത്ത് സായുധകലാപം നടത്തിയിട്ടുണ്ട്. കേരളത്തില്‍ അതുണ്ടായിട്ടില്ല.
ജമാഅത്തിനെയോ എസ്ഡിപിഐയെയോ എതിര്‍ത്താല്‍ ഉടന്‍ ഇസ്‌ലാമോ ഫോബിയ എന്ന ആരോപണം വരും. അങ്ങനെ ന്യായീകരിക്കാന്‍ കൂലിയെഴുത്തുകാരായി മുന്‍ നക്‌സലൈറ്റുകള്‍, നോവലിസ്റ്റുകള്‍, നിരൂപകര്‍ തുടങ്ങിയവരുണ്ട്. ശ്രീരാമനെ വിമര്‍ശിച്ചു ഞാന്‍ ഏറെ പ്രസംഗിച്ചിട്ടുണ്ട്. മാഷ് പറഞ്ഞത് ശരിയല്ല എന്നു പറഞ്ഞതല്ലാതെ ഹിന്ദു വിരോധം കൊണ്ടു പറഞ്ഞതാണ് എന്നാരും കുറ്റപ്പെടുത്തിയിട്ടില്ല. ഫ്രാങ്കോ മുളയ്ക്കലിനെതിരായും അഭയ കേസ് പ്രതികള്‍ക്കെതിരായും എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. അത് ക്രിസ്തീയ വിരോധം കൊണ്ടാണെന്ന് എന്നെയാരും കുറ്റപ്പെടുത്തിയിട്ടില്ല.
യാതൊരു യുക്തിയുമില്ലാതെ, കാര്യകാരണ ബന്ധമില്ലാതെ ഒരു വ്യക്തിയോടോ പ്രസ്ഥാനത്തോടോ തോന്നുന്ന ഭ്രാന്തമായ വിരോധമാണ് ഫോബിയ. പാലക്കാട് ജില്ലയില്‍ ഒരു ആന ചരിഞ്ഞപ്പോള്‍ അതിനെതിരെ മലപ്പുറത്തുകാരെയും മുസ്‌ലിംകളെയും കുറ്റപ്പെടുത്തി മനേക ഗാന്ധി വന്നത് ഫോബിയയാണ്. വിമാനാപകടത്തെ തുടര്‍ന്ന് മലപ്പുറത്തെ കൊണ്ടോട്ടിക്കാരുടെ രക്ഷാപ്രവര്‍ത്തനത്തെ പ്രശംസിക്കാന്‍ കഴിയാത്തത് ഫോബിയ കൊണ്ടാണ്. മലപ്പുറത്തെ കുട്ടികള്‍ ഉന്നത വിജയം നേടിയപ്പോള്‍ അത് കോപ്പിയടിച്ചാകും എന്ന വി എസ് അച്യുതാനന്ദന്റെ പ്രതികരണം ഫോബിയയാണ്. ട്രംപ് കാണിക്കുന്നത് ഇസ്‌ലാമോ ഫോബിയ ആണ്. എന്നാല്‍ ഒരു മതത്തെ കാര്യകാരണസഹിതം വിമര്‍ശിക്കുന്നത് ഫോബിയ അല്ല.
പിണറായി വിജയനെ വിമര്‍ശിക്കുമ്പോഴും കാണാം ഇതേ നിലപാട്. കമ്യൂണിസ്റ്റു വിരോധമാണെന്നു പറഞ്ഞ് എതിര്‍പ്പുകളെ പ്രതിരോധിക്കാനുള്ള ശ്രമം. മറുപടി ഇല്ലാതാകുമ്പോഴാണ് ഫോബിയയുടെ പരിച ഉപയോഗിക്കുന്നത്. ജമാഅത്ത്, പോപ്പുലര്‍ ഫ്രണ്ട് പോലുള്ളവ ചെയ്യുന്നതും ഇതേ പരിപാടിയാണ്.
ഹാഗിയ സോഫിയ എന്ന മ്യൂസിയം മുസ്‌ലിം പള്ളിയാക്കിയ തുര്‍ക്കി ഭരണകൂടത്തിന്റെ നടപടി തെറ്റാണ്. 2001ല്‍ അഫ്ഗാനില്‍ ബുദ്ധ പ്രതിമ തകര്‍ത്തതിനെതിരാണ്. ബാബരി മസ്ജിദ് പൊളിച്ചതിനെ ഞാന്‍ എതിര്‍ക്കുന്നു. എന്നാല്‍, ആദ്യ രണ്ടും ഫോബിയയും മൂന്നാമത് ജനാധിപത്യവും ആകുന്നത് എങ്ങനെയാണ്. ആ നിലപാട് വൈരുധ്യമാണ്. യുക്തിസഹമായി കാര്യങ്ങളെ എതിര്‍ക്കുന്നവരെ ഇസ്‌ലാമോ ഫോബിയ എന്ന കള്ളിയിലാക്കി ഒതുക്കാന്‍ ശ്രമിക്കുന്നത് മറുപടിയല്ല. തിരുകേശ കച്ചവടത്തെയും അതുവഴിയുണ്ടാക്കുന്ന പള്ളിയെയും എതിര്‍ക്കുമ്പോള്‍ അവര്‍ മിണ്ടില്ല. കാരണം അത് അവരുടെ കൂടി താല്പര്യമാണ്.

സാമുദായിക രാഷ്ട്രീയ സംഘാടനം സ്വത്വ വാദത്തില്‍ വരുമോ?

ഇല്ല. മുസ്‌ലിം ലീഗാണ് ഇതിനകത്തുവരുന്ന പ്രധാന പാര്‍ട്ടി. മുസ്‌ലിം ലീഗ് ഒരു തെറ്റും ചെയ്യുന്നില്ല എന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. ജനാധിപത്യം, മതേതരത്വം, ദേശീയത എന്നിവ അംഗീകരിച്ചുകൊണ്ടാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. സ്വത്വ വാദം ഉള്ള പാര്‍ട്ടിയല്ല ലീഗ്. കേരളത്തിനു പുറത്ത് വലിയ സ്വാധീനമില്ലെങ്കിലും മുസ്‌ലിം ബഹുജന പിന്തുണയുള്ള പാര്‍ട്ടി മുസ്‌ലിം ലീഗാണ്. അവര്‍ മതം ഉപയോഗപ്പെടുത്തുന്നില്ല എന്നല്ല. എന്നാല്‍, രാഷ്ട്ര നിയമങ്ങള്‍ മത നിയമങ്ങളാകണം എന്ന വാദം മുസ്‌ലിം ലീഗിന് ഇല്ല എന്നതാണ് പ്രധാനം. അത് വലിയ വ്യത്യാസമാണ്.
1967ല്‍ ഇ എം എസ് മന്ത്രിസഭയില്‍ മുസ്‌ലിം ലീഗ് അംഗങ്ങള്‍ ആദ്യമായി മന്ത്രിമാരായി. അക്കാലത്ത് മലബാര്‍ മദ്യവിരുദ്ധ മേഖലയായിരുന്നു. രണ്ടാം ഇ എം എസ് മന്ത്രിസഭയാണ് മലബാറില്‍ മദ്യനിരോധനം എടുത്തു കളഞ്ഞത്. അപ്പോള്‍, അത് മതത്തിനെതിരാണ് എന്നു പറഞ്ഞ് മുസ്‌ലിംലീഗ് മന്ത്രിമാര്‍ പ്രശ്‌നമുണ്ടാക്കിയില്ല. സര്‍ക്കാരിന്റെ ലോട്ടറി നടപ്പാക്കുമ്പോള്‍ ധനകാര്യമന്ത്രി പി കെ കുഞ്ഞായിരുന്നു. ലോട്ടറി ഹറാമാണെന്നു പറഞ്ഞ് ലീഗ് വന്നിട്ടില്ല.
രണ്ട് ഉദാഹരണങ്ങള്‍ പറയാം: ഇന്ത്യ- പാക് യുദ്ധവേളയില്‍ ലോക്‌സഭയില്‍ മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് പ്രഖ്യാപിച്ചത്, ഞാന്‍ എന്റെ മകനെ പാകിസ്താനെതിരെ യുദ്ധം ചെയ്യാന്‍ പറഞ്ഞയക്കും എന്നാണ്. ലോക്‌സഭാംഗമായിരുന്ന സി എച്ച് മുഹമ്മദ് കോയ പ്രസംഗിച്ചത്, ഇന്ത്യക്കെതിരായി പാകിസ്താന്‍ എന്നല്ല, ഞങ്ങളുടെ സംസ്‌കാരത്തിന്റെ പിതൃഭൂമിയായ മക്കയില്‍ നിന്നു സൈന്യം വന്നാല്‍ അതിനെ എതിര്‍ക്കാന്‍ ഞങ്ങള്‍ മുന്നിലുണ്ടാകുമെന്നാണ്. ഇതാണ് ദേശീയത.
തങ്ങള്‍ ന്യൂനപക്ഷമാണ്, പിന്നാക്കമാണ്. അതുകൊണ്ട്, മുസ്‌ലിംകളായി ജീവിക്കുന്നത് കൊണ്ട് തങ്ങള്‍ക്കുള്ള പൗരാവകാശം നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണവര്‍. പാര്‍ട്ടിയുടെ നയമായി സിഎച്ച് നേരിട്ടു പറഞ്ഞത് ഓര്‍ക്കുന്നു: മുസ്‌ലിംകളായതു കൊണ്ട് ഞങ്ങള്‍ക്കു പ്രത്യേകമായി എന്തെങ്കിലും കിട്ടണമെന്ന് പാര്‍ട്ടിക്കു വാദമില്ല. മുസ്‌ലിംകളായതിന്റെ പേരില്‍ ന്യായമായത് കിട്ടാതെ പോകരുത് എന്നു മാത്രമേ വാദമുള്ളൂ. അതു നേടിയെടുക്കുകയാണ് ലക്ഷ്യം എന്നായിരുന്നു.
ബാബരി പള്ളി പൊളിച്ചപ്പോള്‍ വാളെടുത്തില്ല എന്നതാണ് ലീഗിനെ കുറിച്ചുള്ള ജമാഅത്ത്, എസ്ഡിപിഐ പോലുള്ള കക്ഷികളുടെ ആക്ഷേപം. അവര്‍ വാളെടുക്കുന്ന കൂട്ടരല്ല. എപ്പോഴെങ്കിലും യൂത്ത് ലീഗുകാര്‍ വല്ല അക്രമണവും ചെയ്തിട്ടുണ്ടെങ്കില്‍ അത് എസ് ഡി പി ഐക്കാര്‍ ഇടയ്ക്കുകയറിയാവും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ലീഗുകാര്‍ക്ക് അതിനു കഴിയില്ല. ലീഗുകാര്‍ തെറ്റു ചെയ്യുന്നില്ല എന്നോ മതവികാരം ഉപയോഗപ്പെടുത്തുന്നില്ല എന്നോ അല്ല ഈ പറഞ്ഞതിനര്‍ഥം. ലീഗിന്റെ അസ്തിത്വം മതരാഷ്ടം ഉണ്ടാക്കാനല്ല. കേരള കോണ്‍ഗ്രസ് മാതിരിയേ ഉള്ളൂ. തിരുവിതാംകൂറില്‍ ക്രിസ്ത്യാനികളുടെ താല്പര്യം സംരക്ഷിക്കാന്‍ നിലകൊള്ളുന്ന പാര്‍ട്ടിയാണത്. പേരില്‍ ക്രിസ്ത്യാനി ഇല്ല എന്ന വ്യത്യാസം. അവര്‍ കുറെക്കൂടി ബുദ്ധിപരമായി കേരള കോണ്‍ഗ്രസ് എന്നു പേരിട്ടു. ആ ദീര്‍ഘവീക്ഷണം ലീഗ് നേതൃത്വം കാണിച്ചില്ല.
1948 മാര്‍ച്ച് 10ന് രൂപം കൊണ്ട പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്. 1906ലുണ്ടായതാണ് ആള്‍ ഇന്ത്യ മുസ്‌ലിം ലീഗ്. അതു രണ്ടും രണ്ടാണ്. ജമാഅത്തിനെയും ലീഗിനെയും ഒന്നിച്ചു പറയരുത്. മാര്‍ക്‌സിസ്റ്റുകാര്‍ ജമാഅത്തിനെ അങ്ങനെ പറയാത്തത് കുറെ നാള്‍ കൂടെ നടന്നിരുന്നു എന്നതുകൊണ്ടാണ്.

ഹിന്ദുത്വം കര്‍ക്കശവും ജനാധിപത്യ വിരുദ്ധവുമാകുമ്പോള്‍ മുസ്‌ലിംകള്‍ക്കു മുന്നിലുള്ള വഴി?
രാജ്യത്ത് ഹിന്ദുത്വ അജണ്ടയുമായി സര്‍ക്കാര്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കുന്നു എന്നതു സത്യമാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ഉപരാഷ്ട്രപതി എന്നിവര്‍ ആര്‍ എസ് എസുകാരാണ്. ന്യൂനപക്ഷ വിരുദ്ധ നടപടികളുണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിനു മറുമരുന്ന് മുസ്‌ലിം വര്‍ഗീയത അല്ല. ജനാധിപത്യം, മതേതരത്വം തുടങ്ങിയ ആധുനിക രാഷ്ട്രീയ മൂല്യങ്ങളില്‍ അണിനിരക്കുകയാണ് മുസ്‌ലിംകള്‍ വേണ്ടത്. അത്തരം പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് ശക്തിപ്പെടുക. വര്‍ഗീയത അതിനൊരു മറുപടിയല്ലെന്നു മാത്രമല്ല ലക്ഷ്യത്തിലെത്തുകയുമില്ല.
ജമാഅത്തെ ഇസ്‌ലാമിക്ക് സമൂഹത്തെ ഭരിക്കാന്‍ കിട്ടിയാല്‍ മതി. അവര്‍ ഭരിക്കുന്നുമുണ്ട്. ഭരണം ഇല്ലാത്തപ്പോഴും സിപിഎം പാര്‍ട്ടിയുടെ ഭരണംപോലെ. ആര്, എന്ത്, ഏതു വിധം പറയണം എന്നു തുടങ്ങി പൗരോഹിത്യത്തിലൂന്നിയ ഒരു നിയന്ത്രണം അവര്‍ ആസ്വദിച്ചുപോരുന്നുണ്ട്. പുരോഹിതനായ അബുല്‍ അഅ്‌ലാ മൗദൂദി പൗരോഹിത്യ ഭരണമാണ് ആഗ്രഹിച്ചത്.
മതമൗലിക വാദികളായ ബി ജെ പിയെ കൊണ്ട് ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് എടങ്ങേറാണ്. അന്ധവിശ്വാസവും അനാചാരവുമൊക്കെ മടങ്ങിവരും. അതിലൊന്നാണ് ഗോവധ നിരോധനം. ഹിന്ദുക്കളിലെ സമ്പന്നന്‍മാര്‍ മാത്രമാണ് പശു ഇറച്ചി കഴിക്കാത്തത്. ഹിന്ദുക്കളായ ദളിതരുടെ അന്നമാണത്. അതിന്റെ തോല് കൊണ്ട് പണിയെടുക്കുന്നത് അടിസ്ഥാന വര്‍ഗമാണ്. ഇന്ത്യയിലെ പ്രധാന വ്യവസായമാണ് തുകല്‍ വ്യവസായം. മതമൗലിക വാദം എല്ലാം കൊണ്ടും അപകടമാണ്. ഏതു തരം മതരാഷ്ട്ര വാദവും ഇന്ത്യയില്‍ കൊണ്ടുവരുന്നത് എല്ലാവര്‍ക്കും ആപത്താണ്.`

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x