മ്ലേഛാത്മാവും ദുര്‍മരണവും
ഖലീലുര്‍റഹ്മാന്‍ മുട്ടില്‍
പരിശുദ്ധാത്മാവ് മരണത്തെ അഭിമുഖീകരിക്കുന്നത് ആനന്ദത്തോടും ലാളിത്യത്തോടും കൂടിയാണെങ്കില്‍ മ്ലേഛാത്മാവിന്റെ മരണം വിവരണാതീതമാംവിധം ദയനീയമായിരിക്കുമെന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തള്ളിപ്പറയുകയും പ്രവാചകനെയും വേദങ്ങളെയും തിരസ്‌കരിക്കുകയും മരണാനന്തര ജീവിതത്തെ കുറിച്ചുള്ള താക്കീതുകള്‍ നിസ്സാരമായി കാണുകയും ചെയ്ത അവിശ്വാസി മരണാസന്നമാകുന്ന വേളയില്‍ പരസഹായത്തിനു വേണ്ടി അങ്കലാപ്പോടു കൂടി നാലുപാടും നോക്കിക്കൊണ്ടിരിക്കും. ”ജീവന്‍ തൊണ്ടകുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് പിടിച്ചുനിര്‍ത്താനാവാത്തത്? നിങ്ങള്‍ അന്നേരം നോക്കിക്കൊണ്ടിരിക്കുമല്ലോ?” (56: 83, 84 )
എങ്ങുനിന്നും സഹായഹസ്തങ്ങള്‍ നീളാത്ത വേളയില്‍ മരണത്തിന്റെ മലക്ക് ഭീകരരൂപം പൂണ്ടുകൊണ്ട് മറ്റു മലക്കുകളോടൊപ്പം ഹാജരാവുകയും അവന്റെ ശരീരമാസകലം അടിക്കുകയും ചെയ്യും. ”അപ്പോള്‍ മലക്കുകള്‍ അവന്റെ മുഖത്തും പിന്‍പുറത്തും അടിച്ചുകൊണ്ട് അവരെ മരിപ്പിക്കുന്ന വേളയില്‍ എന്തായിരിക്കും അവരുടെ അവസ്ഥ” (47: 27)
മുസ്ലിംകളെയും
മലക്കുകള്‍
പരിഹസിക്കും
ആത്മാവ് പുറത്തു പോകാതെ മരണവേദന കൊണ്ട് പുളയുന്ന അവിശ്വാസി തന്നെ ആശ്വസിപ്പിക്കാന്‍ ആരെങ്കിലുമുണ്ടോയെന്ന് ചുറ്റുപാടും തിരക്കും. മരണവേദന അതിശക്തമാകുന്ന വേളയില്‍ അവന്റെ വേര്‍പാട് ഉറപ്പിക്കുകയും കണങ്കാലുകള്‍ പരസ്പരം കൂട്ടിയിണക്കപ്പെടുകയും ചെയ്യും. ഈ ദയനീയ രംഗം ഖുര്‍ആനില്‍ നമുക്ക് ഇങ്ങനെ വായിക്കാം: ”ചില മുഖങ്ങള്‍ അന്ന് കരുവാളിച്ചതായിരിക്കും. ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോവുകയാണെന്ന് അവന്‍ വിചാരിക്കും. അല്ല, പ്രാണന്‍ തൊണ്ടക്കുഴിയില്‍ എത്തുകയും മന്ത്രിക്കാന്‍ ആരുണ്ട് എന്നു പറയപ്പെടുകയും അത് തന്റെ വേര്‍പാടാണെന്ന് അവര്‍ വിചാരിക്കുകയും കണങ്കാല്‍ കണങ്കാലുമായി കൂട്ടിപ്പിണയുകയും ചെയ്താല്‍, അന്ന് നിന്റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചുകൊണ്ട് പോകുന്നത്” (75:24 30).
കടലിനും ചെകുത്താനും മധ്യേ എന്നപോലെ മരണത്തിനും മലക്കുകള്‍ക്കുമിടയില്‍ ഭയചകിതനായി കഴിയുമ്പോഴാണ് അവരുടെ പരിഹാസ ചോദ്യമുയരുന്നത്. ”സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങള്‍ എന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നില്ലേ? എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രേ. അത് എത്ര ചീത്ത സങ്കേതം” (4 :497)
ഇത്തരം ചോദ്യങ്ങള്‍ ഇസ്ലാമിനെ നിഷേധിച്ചവരോട് മാത്രമല്ല എന്നാകുന്നു വിശുദ്ധ വചനത്തിന്റെ അവതരണ പശ്ചാത്തലം വ്യക്തമാക്കുന്നത്. പ്രവാചകന്റെ അനുയായികളില്‍ ചിലര്‍ നാടും വീടും ഉപേക്ഷിക്കാനുള്ള വൈമനസ്യം കാരണം മക്കയില്‍ നിന്നു മദീനയിലേക്ക് ഹിജ്‌റ പോകാന്‍ തയ്യാറായില്ല. ബദര്‍ യുദ്ധവേളയില്‍ ശത്രുക്കള്‍ ഇവരെ മുസ്ലിംകള്‍ക്കെതിരെ ഉപയോഗപ്പെടുത്തുകയും ചെയ്തു. ആ സന്ദര്‍ഭത്തിലാകുന്നു ഈ വചനത്തിന്റെ അവതരണം. ഇസ്ലാമിനെ നാമമാത്രമായി അംഗീകരിക്കുകയും അതിനോട് അലംഭാവ സമീപനം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവര്‍ ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നാകുന്നു പണ്ഡിതാഭിപ്രായം. വേദനകൊണ്ട് പുളയുന്ന രോഗിക്ക് ഡോക്ടറുടെ ചോദ്യം പോലും അസഹ്യമാണെന്നിരിക്കെ മരണവേദനയ്ക്ക് ഇത്തരം പരിഹാസ ചോദ്യങ്ങള്‍ എത്രമാത്രം ആക്കം കൂട്ടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
അവര്‍ ഞങ്ങളെ
കൈവിട്ടു
അല്ലാഹുവിനെ മാത്രം ആരാധിക്കുക, ആരാധനയുടെ മര്‍മ്മമായ പ്രാര്‍ഥന അല്ലാഹുവിനു മാത്രം സമര്‍പ്പിക്കുക എന്നതാകുന്നു ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തം. സ്രഷ്ടാവിനല്ലാതെ സൃഷ്ടികളോട് പ്രാര്‍ഥിക്കുന്നതിനെ ഇസ്ലാം വന്‍പാപമായി ഗണിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ജീവിത പ്രതിസന്ധികളിലും മറ്റും മോക്ഷം ലഭിക്കുവാന്‍ സൃഷ്ടികളോട് പ്രാര്‍ഥിക്കുകയും അവര്‍ക്ക് നേര്‍ച്ചകളും കാണിക്കകളും അര്‍പ്പിക്കുകയും ചെയ്തവരെ തങ്ങള്‍ പുണ്യമാണെന്ന് ധരിച്ചിരുന്ന ശിര്‍ക്കന്‍ പ്രവണതകളുടെ നിരര്‍ഥകത പരിഹാസ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മരണവേളയിലും മലക്കുകള്‍ ധരിപ്പിക്കും.
അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവരുടെ പ്രധാന വിശ്വാസം അവര്‍ തങ്ങളെ സഹായിക്കുമെന്നാണല്ലൊ. അതുകൊണ്ടുതന്നെ മരണവേളയില്‍ എന്തുകൊണ്ടാണ് അവര്‍ നിങ്ങളെ സഹായിക്കാത്തത്? എന്ന തരത്തിലുള്ള ചോദ്യമാണ് അവര്‍ കേള്‍ക്കേണ്ടി വരിക. ”അവസാനം അവരെ മരിപ്പിക്കുവാനായി നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍) അവരുടെ അടുത്ത് ചെല്ലുമ്പോള്‍ അവര്‍ ചോദിക്കും: അല്ലാഹുവിന് പുറമേ നിങ്ങള്‍ പ്രാര്‍ഥിച്ചു കൊണ്ടിരുന്നവരൊക്കെ എവിടെ? അവര്‍ പറയും: അവരൊക്കെ ഞങ്ങളെ വിട്ടു പോയി കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നു എന്ന് അവര്‍ക്കെതിരായി അവര്‍ തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്യും” (7:37)
മരണവേളയില്‍ തന്നെ മനുഷ്യന് താന്‍ സത്യവാദിയാണോ നിഷേധിയാണോ എന്ന് ബോധ്യമാവുമെന്നും അവന്‍ അത് അംഗീകരിക്കുമെന്നും ഈ വചനം വ്യക്തമാക്കുന്നു. ഈ വസ്തുതയ്ക്ക് ഒരു ചരിത്ര സാക്ഷ്യം എന്നോണം ഫിര്‍ഔനിന്റെ മരണവേള ഖുര്‍ആന്‍ പ്രതിപാദിക്കുന്നത് ശ്രദ്ധേയമാണ്. ധിക്കാരിയായ ഫറോവയുടെ സൈന്യത്തില്‍ നിന്നു രക്ഷപ്പെട്ട മൂസാ(അ)യും കൂട്ടുകാരും പിളര്‍ന്ന ചെങ്കടലിലൂടെ മറുകര പറ്റുന്നതു കണ്ട ഫിര്‍ഔനും സൈന്യവും അതേ വഴിയിലൂടെ മൂസാ(അ)യെ പിന്തുടര്‍ന്നു.
വഴി മധ്യേ ജലപാളികള്‍ അവരെ വിഴുങ്ങി. മരണവെപ്രാളവുമായി ആത്മാവ് തൊണ്ടക്കുഴിയില്‍ എത്തിയപ്പോള്‍ ഫിര്‍ഔന്‍ തന്റെ കുറ്റം തിരിച്ചറിയുകയും അവിശ്വാസം കൈയൊഴിച്ച് തൗഹീദില്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തത് ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം: ”ഇസ്രായേല്‍ സന്തതികളെ നാം കടല്‍ കടത്തിക്കൊണ്ടുപോയി. അപ്പോള്‍ ഫിര്‍ഔനും അവന്റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങി മരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്രാഈല്യര്‍ ആരില്‍ വിശ്വസിക്കുന്നുവോ അവനല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ മുസ്ലിംകളില്‍ പെട്ടവനാകുന്നു” (10:90)
മ്ലേഛാത്മാവ് മരണത്തിന് കീഴടങ്ങുന്ന രംഗം പ്രവാചകന്‍ വിവരിക്കുന്നത് ഇമാം അഹമ്മദ് ഉദ്ധരിക്കുന്നത് ഇങ്ങനെ: ”അവിശ്വാസിയായ അടിമയുടെ ഇഹലോക പരിസമാപ്തിയും പരലോക പ്രാരംഭവുമായിക്കഴിഞ്ഞാല്‍ ആകാശത്തുനിന്നു പരുക്കന്‍ വസ്ത്രവുമായി കറുത്ത മുഖങ്ങളുള്ള മലക്കുകള്‍ ഇറങ്ങി വരികയും അവന്റെ ദൃഷ്ടി പഥത്തില്‍ ഇരിക്കുകയും ചെയ്യും. പിന്നീട് മരണത്തിന്റെ മലക്ക് വന്ന് അവന്റെ തലയിലിരുന്ന് ഗര്‍ജിക്കും: മ്ലേഛാത്മാവേ, അല്ലാഹുവിന്റെ കോപത്തിലേക്ക് പുറപ്പെടുക”. പ്രവാചകന്‍ തുടര്‍ന്നു: അപ്പോള്‍ ആത്മാവ് അവന്റെ ശരീരത്തില്‍ ചിന്നിച്ചിതറും. നനഞ്ഞ പഞ്ഞിക്കുള്ളില്‍ നിന്നും കൊളുത്തുകളുള്ള ഇരുമ്പ് ദണ്ഡ് വലിച്ചെടുക്കുന്നതുപോലെ മലക്ക് ആത്മാവിനെ വലിച്ചെടുക്കുന്നു.
ബലാല്‍ക്കാരമായി പിടിച്ചെടുത്ത ആത്മാവിനെ കൈവശം വെച്ചിരിക്കാതെ നൊടിയിട കൊണ്ട് മറ്റു മലക്കുകള്‍ക്ക് കൈമാറുകയും ചെയ്യുന്നു. അവര്‍ അതിനെ ആ പരുക്കന്‍ കരിമ്പടത്തില്‍ വെക്കും. ഭൂമുഖത്ത് വെച്ച് ഏറ്റവുമധികം ചീഞ്ഞളിഞ്ഞ ശവത്തിന്റെ ദുര്‍ഗന്ധം അതില്‍ നിന്നു വമിക്കും. ശേഷം അവര്‍ ആത്മാവുമായി വാനലോകത്തേക്കുയരുന്നു. വഴിയോരങ്ങളില്‍ വെച്ച് ഏതാണീ മ്ലേഛാത്മാവെന്ന് മലക്കുകള്‍ അന്വേഷിക്കും. ജീവിതത്തില്‍ അവനെ വിളിക്കാറുള്ള നീചമായ പേരുകള്‍ ഉപയോഗിച്ച് ഇന്നവന്റെ മകന്‍ എന്ന് അവര്‍ അതിനെ പരിചയപ്പെടുത്തും. അവര്‍ ഒന്നാം ആകാശത്തിലെത്തിയാല്‍ ആകാശം തുറക്കാന്‍ ആവശ്യപ്പെടും. പക്ഷേ അവനുവേണ്ടി തുറക്കപ്പെടുകയില്ല. പിന്നീട് പ്രവാചകന്‍ ഖുര്‍ആനില്‍ നിന്നു ഇങ്ങനെ പാരായണം ചെയ്തു: ”അവര്‍ക്കുവേണ്ടി ആകാശ കവാടങ്ങള്‍ തുറന്നു കൊടുക്കപ്പെടുകയില്ല. ഒട്ടകം സൂചികുഴയിലൂടെ കടന്നുപോകുന്നതുവരെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല.” (7:40)
അപ്പോള്‍ അല്ലാഹു പറയും: അവന്റെ രേഖകള്‍ ഭൂമിയുടെ ഏറ്റവും അടിത്തട്ടിലുള്ള സിജ്ജീനില്‍ രേഖപ്പെടുത്തൂ. അപ്പോള്‍ മലക്കുകള്‍ അവന്റെ ആത്മാവിനെ ഒരു ഏറ് എറിയും. പിന്നീട് പ്രവാചകന്‍(സ) ഈ വചനം പാരായണം ചെയ്തു: ”അല്ലാഹുവിനോട് വല്ലവരും പങ്കു ചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തുനിന്നു വീണവനെ പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചി കൊണ്ടുപോകുന്നു, അല്ലെങ്കില്‍ കാറ്റ് അവനെ വിദൂര സ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു” (22:31)
ദുര്‍മരണം?
മരണം പിടികൂടുന്നത് ആകസ്മികമായോ സാവകാശമോ ആയിരിക്കും. ഈ രണ്ടു രീതികളും വിശ്വാസിയെയും ബാധിക്കും. എന്നാല്‍ ആകസ്മിക മരണത്തെ ദുര്‍മരണമായി വിലയിരുത്തുന്നവരെ കാണാം. മരണത്തിന്റെ സ്വഭാവമനുസരിച്ച് ഇസ്ലാം ശുഭമരണം എന്നും ദുര്‍മരണം എന്നും വേര്‍തിരിക്കുന്നില്ല. പ്രത്യുത കര്‍മ്മങ്ങളുടെ അനന്തരഫലമനുസരിച്ച് മാത്രമേ മരണത്തിന്റെ സ്വഭാവം നിര്‍ണയിക്കപ്പെടുന്നുള്ളൂ. ഇസ്ലാമിന്റെ വീക്ഷണത്തില്‍ വിശ്വാസിയും സല്‍കര്‍മകാരിയുമായി ഒരാള്‍ മരിച്ചാല്‍ അയാള്‍ ശുഭ മരണമാണ് കൈവരിച്ചിരിക്കുന്നത്.