മിസൈല്‍ വിക്ഷേപണം ഉത്തര- ദക്ഷിണ കൊറിയ പോര് മുറുകുന്നു

ഉത്തര കൊറിയ കിഴക്കന്‍ തീരത്തെ കടലിലേക്ക് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. തങ്ങളുടെ അതിര്‍ത്തികളോടു ചേര്‍ന്ന് പറന്ന 10 ഉത്തര കൊറിയന്‍ വിമാനങ്ങളെ തുരത്തിയതായും ദക്ഷിണ കൊറിയ പറഞ്ഞു. അതിര്‍ത്തി പ്രദേശത്ത് ‘വിദ്വേഷ പ്രവൃത്തി’കള്‍ നിരോധിക്കുന്ന 2018-ലെ ഉഭയകക്ഷി സൈനിക കരാറിന്റെ ലംഘനമാണ് ഉത്തര കൊറിയ നടത്തുന്നതെന്ന് ദക്ഷിണ കൊറിയന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ പറഞ്ഞു. മിസൈല്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 15 വ്യക്തികളെയും 16 സ്ഥാപനങ്ങളെയും കരിമ്പട്ടികയില്‍ പെടുത്തി ഉത്തര കൊറിയക്കെതിരെ സോള്‍ ആദ്യത്തെ ഏകപക്ഷീയ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രകോപനങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കണമെന്ന് വക്താക്കള്‍ ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്കി. പ്രകോപനപരമായ നടപടികള്‍ക്കെതിരെ ശക്തമായ രീതിയില്‍ മറുപടി നല്‍കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോള്‍ പറഞ്ഞു.
