21 Saturday
December 2024
2024 December 21
1446 Joumada II 19

മിശ്രവിവാഹത്തിന് ഖുര്‍ആനില്‍ തെളിവുണ്ടോ?

പി കെ മൊയ്തീന്‍ സുല്ലമി


ഖുര്‍ആനില്‍ മിശ്രവിവാഹത്തിന് അനുവാദമുണ്ട് എന്ന തരത്തിലുള്ള പരാമര്‍ശം അടുത്തിടെ കേള്‍ക്കുകയുണ്ടായി. വളരെ വിചിത്രമെന്നേ ഇക്കാര്യത്തെക്കുറിച്ച് പറയാനൊക്കൂ. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ജീവിക്കുന്ന ഏതൊരുവനും താനിഷ്ടപ്പെടുന്ന മതം സ്വീകരിക്കാനുള്ള അവകാശമുണ്ട്. അവന് ഇഷ്ടപ്പെടുന്ന ആരെയും വിവാഹം കഴിക്കാനും ഭരണഘടന അനുവാദം നല്കുന്നുണ്ട്. മതവിശ്വാസിയായി ജീവിക്കാനും മതനിഷേധിയായി ജീവിക്കാനും ഇസ്ലാമും വ്യക്തികള്‍ക്ക് അനുവാദം നല്കുന്നുണ്ട്. അല്ലാഹു പറയുന്നു: ”അതിനാല്‍ ഇഷ്ടമുള്ളവന്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവന്‍ നിഷേധിക്കട്ടെ.” (അല്‍കഹ്ഫ് 29). ”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നു വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു.” (അല്‍ബഖറ 256)
മുസ്‌ലിംകള്‍ തന്നെ മൂന്ന് തരക്കാരുണ്ട്. ഒന്ന്, ഏറെക്കുറെ മുസ്‌ലിമായി ജീവിക്കുന്നവര്‍. രണ്ട്, ഭാഗികമായി മുസ്‌ലിമായി ജീവിക്കുകയും മുസ്‌ലിമാണെന്ന് വാദിക്കുകയും ചെയ്യുന്നവര്‍. മൂന്ന്, സമ്പൂര്‍ണമായും മതനിഷേധിയായി ജീവിക്കുകയും അപ്രകാരം വാദിക്കുകയും ചെയ്യുന്നവര്‍. മൂന്നാമത് പരാമര്‍ശിച്ച വിഭാഗം ഇസ്‌ലാമിന്റെ ഭാഷയില്‍ കാഫിറുകളാണ്. അത്തരക്കാര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാനോ അത്തരക്കാരികളെ ഇങ്ങോട്ട് വിവാഹം ചെയ്തുകൊണ്ടുവരാനോ പാടില്ല. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കി വെക്കരുത്.” (ആലുഇംറാന്‍ 28)
ദീനില്‍ ഒരാള്‍ക്ക് നിഷേധിയാകാനും വിശ്വാസിയാകാനും സ്വാതന്ത്ര്യമുള്ളതിനാല്‍ അത്തരം മതനിഷേധികള്‍ പരസ്പരം നടത്തുന്ന വിവാഹബന്ധങ്ങളെ നാം വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യേണ്ടതില്ല. കാരണം ദുനിയാവില്‍ അവര്‍ക്കതിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഈ വിവാഹ സംസ്‌കാരം പൂര്‍ണമായും ഇസ്‌ലാമിക വിരുദ്ധമാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
ഒരു വ്യക്തി തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ പോലും, അയാള്‍ ഞാന്‍ മുസ്‌ലിമാണെന്ന് വാദിക്കുന്ന പക്ഷം അത് അംഗീകരിച്ചുകൊടുക്കേണ്ടതാണ്. അതിന്റെ ബാഹ്യമായ അടയാളങ്ങളായി അല്ലാഹുവിന്റെ റസൂല്‍(സ) പഠിപ്പിച്ചത് ഇപ്രകാരമാണ്: ”ആര് നാം നമസ്‌കരിക്കുന്നതു പോലെ നമസ്‌കരിച്ചു, നമ്മുടെ ഖിബ്‌ലയിലേക്ക് ആര് കുമ്പിട്ടു നമസ്‌കരിച്ചു, നാം അറുത്തത് ആര് ഭക്ഷിച്ചു, അവനാണ് മുസ്‌ലിം.” (ബുഖാരി 257) മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ”അവരുടെ വിചാരണ അല്ലാഹുവിന്റെ അടുക്കലാണ്.” (ബുഖാരി 24). അഥവാ അവര്‍ ശിര്‍ക്കോ കുഫ്‌റോ ബിദ്അത്തോ ചെയ്യുന്ന പക്ഷം അല്ലാഹു വിചാരണ ചെയ്തു കൊള്ളും. വേറൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ”നാം ബാഹ്യമായി വിധി പ്രസ്താവിക്കുന്നു. രഹസ്യങ്ങള്‍ ഏറ്റെടുക്കുന്നവന്‍ അല്ലാഹുവാണ്.” (ബുഖാരി)
മുസ്‌ലിം കുടുംബത്തില്‍ ഒരാള്‍ നിഷേധിയും മറ്റുള്ളവര്‍ മതവിശ്വാസികളുമാണെങ്കില്‍ മതവിശ്വാസികളില്‍ നിന്നു വിവാഹം ചെയ്യുന്നതിനോ അത്തരക്കാര്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്നതിനോ വിരോധമില്ല. വേദങ്ങളില്‍ വിശ്വസിക്കണം എന്ന് പറഞ്ഞത് മുന്‍കഴിഞ്ഞ വേദഗ്രന്ഥങ്ങളായ തൗറാത്ത്, ഇന്‍ജീല്‍, സബൂര്‍ എന്നീ ഗ്രന്ഥങ്ങള്‍ അല്ലാഹുവിന്റേതാണ് എന്ന് അംഗീകരിക്കണം എന്നതാണ്. അല്ലാതെ നബി(സ)യെയും ഖുര്‍ആനിനെയും കൈവെടിഞ്ഞ് പ്രസ്തുത ഗ്രന്ഥങ്ങളെ പ്രമാണമാക്കണം എന്നല്ല. നബി(സ)യെയും ഖുര്‍ആനിനെയും പിന്തുടരല്‍ പ്രസ്തുത വേദക്കാര്‍ക്കും നിര്‍ബന്ധമാണ്.
മുന്‍കഴിഞ്ഞ വേദക്കാരുടെ നിലവിലുള്ള മതം നമുക്ക് അംഗീകരിക്കാന്‍ പാടില്ലായെന്ന് പറഞ്ഞത് അല്ലാഹുവാണ്. അതിന്റെ കാരണങ്ങളില്‍ ഒന്ന്, അവരുടെ പക്കലുള്ള വേദഗ്രന്ഥം ദൈവികമല്ല എന്നതാണ്. അത് അവര്‍ സ്വന്തം കൈകള്‍ കൊണ്ട് എഴുതിയുണ്ടാക്കിയതാണ്. അല്ലാഹു പറയുന്നു: ”എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം.” (അല്‍ബഖറ 79)
രണ്ട്, അവര്‍ ശിര്‍ക്ക് ചെയ്യുന്നവരാണ്. മതനിയമങ്ങള്‍ ഉണ്ടാക്കാന്‍ പണ്ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും അധികാരവും അവകാശവും ഉണ്ട് എന്ന് വാദിക്കുന്നവരുമാണ്. അല്ലാഹു പറയുന്നു: ”അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ റബ്ബുകളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ മാത്രം ആരാധിക്കാനായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ ഒരാരാധ്യനുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍.” (തൗബ 31)
ശിര്‍ക്ക് ചെയ്തിട്ടും അല്ലാഹു വേദക്കാരെ മുശ്‌രിക്കുകള്‍ എന്ന് വിളിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതിന്റെ കാരണം അവര്‍ മുശ്‌രിക്കാണെന്ന് സമ്മതിച്ചു കൊടുക്കാന്‍ അവര്‍ തയ്യാറില്ലായിരുന്നു. ലോകത്ത് ശിര്‍ക്ക് ചെയ്യുന്ന വേദക്കാരാരും തന്നെ തങ്ങള്‍ ചെയ്യുന്നത് ശിര്‍ക്കാണെന്ന് സമ്മതിക്കാന്‍ തയ്യാറായിട്ടില്ലായെന്നതാണ് വസ്തുത. മുസ്‌ലിംകളും വേദക്കാര്‍ തന്നെ. ഉസൈറിനോട്(അ) പ്രാര്‍ഥിക്കുന്ന യഹൂദികളും ഈസാ(അ)യോട് പ്രാര്‍ഥിക്കുന്ന ക്രിസ്ത്യാനികളും വാദിക്കുന്നത് ഞങ്ങള്‍ ഏകദൈവ വിശ്വാസികളാണ് എന്നാണ്. അതുപോലെ അന്‍ബിയാ ഔലിയാക്കളോട് പ്രാര്‍ഥിക്കുന്ന സമസ്തക്കാരുടെ വാദവും ഞങ്ങള്‍ ശിര്‍ക്കു ചെയ്യുന്നില്ലായെന്നാണ്. അവര്‍ ശിര്‍ക്ക് ചെയ്യുന്നതു കൊണ്ടു തന്നെയാണ് വേദക്കാരിലേക്ക് നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കരുത് എന്ന് അല്ലാഹു നിയമം വെച്ചതും. അങ്ങനെ ചെയ്യുന്ന പക്ഷം തൗഹീദുള്‍ക്കൊണ്ടവരും ശിര്‍ക്കില്‍ അകപ്പെടും.
എന്നാല്‍ ഇങ്ങോട്ടു വിവാഹം കഴിക്കാം എന്ന് പറഞ്ഞത് അവരെ തൗഹീദുള്ളവരാക്കിത്തീര്‍ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടിട്ടുള്ളവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു.” (മാഇദ 5) പേരുകൊണ്ടുമാത്രം ഒരു വ്യക്തി ഒരിക്കലും മുസ്‌ലിമാകുന്നില്ല. നൂറ് കളവ് നടത്തി ജയിലില്‍ കിടക്കുന്ന വ്യക്തിയുടെ പേര് സിദ്ദീഖ് (സത്യസന്ധന്‍) എന്നായതു കൊണ്ട് ഒരിക്കലും അയാള്‍ സത്യസന്ധനാകുന്നില്ല. അതിന്റെ അര്‍ഥം പേരിടുന്നതില്‍ ഇസ്‌ലാമിന്റെ നിയമം ബാധകമല്ല എന്നൊന്നുമല്ല. പേരിടുന്നതിലും ഇസ്‌ലാമുണ്ട്. വിഗ്രഹാരാധനയോട് ബന്ധപ്പെട്ടുകൊണ്ടോ വിഗ്രഹാരാധനയ്ക്ക് വഴിവെക്കുന്നതോ മോശമായ അര്‍ഥമുള്ളതോ ആയ പേരുകള്‍ നബി(സ) നിരോധിക്കുകയും മാറ്റുകയും ചെയ്തിട്ടുണ്ട്. ബര്‍റത്ത് (പുണ്യവതി) എന്ന പേര് നബി(സ) സൈനബ എന്നാക്കിയിട്ടുണ്ട് (ബുഖാരി 6192). ഹുസുന്‍ (ദു:ഖം) എന്ന പേര് നബി(സ) സഹ്ല്‍ എന്നാക്കിയിട്ടുണ്ട് (മുസ്‌ലിം 2140). ആസ്വിയ (അനുസരണക്കേട് കാണിക്കുന്നവള്‍) എന്ന പേര് നബി(സ) ജമീല എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. (ബുഖാരി 6190)
എന്നാല്‍ മതനിഷേധിയായ വ്യക്തി കാഫിറുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ അത്തരക്കാര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാനോ അവരില്‍ നിന്നു ഇങ്ങോട്ട് വിവാഹം ചെയ്തുകൊണ്ടുവരാനോ ഇസ്‌ലാം അനുവദിക്കുന്നില്ല. അവരുടെ പേര് എന്തായിരുന്നാലും ശരി. മുശ്‌രിക്കുകളും മതനിഷേധികള്‍ തന്നെയാണ്. അല്ലാഹുവിന്റെ ഏകത്വത്തെയാണ് അവര്‍ നിഷേധിക്കുന്നത്. അല്ലാഹു പറയുന്നു: ”സത്യനിഷേധം കൈക്കൊണ്ടവര്‍ക്ക് അവരുടെ സമ്പത്തോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. തീര്‍ച്ച. അവരാകുന്നു നരകത്തിലെ വിറകുകള്‍.” (ആലുഇംറാന്‍ 10). മുശ്‌രിക്കുകളെ വിവാഹം ചെയ്യാനോ അങ്ങോട്ട് വിവാഹം ചെയ്തുകൊടുക്കാനോ പാടില്ല.
ശിര്‍ക്ക് രണ്ട് വിധമുണ്ട്: ഒന്ന്, അടിസ്ഥാന ശിര്‍ക്ക്. അഥവാ വിഗ്രഹാരാധനയില്‍ ജനിച്ച് മരണപ്പെട്ടുപോകുന്നവര്‍. അവരില്‍ നിന്ന് ഒരിക്കലും വിവാഹം ചെയ്തു കൊണ്ടുവരാന്‍ പാടില്ല. അവരാണ് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശമിച്ച വിവാഹം ചെയ്യാന്‍ നിരോധിക്കപ്പെട്ടവര്‍. രണ്ട്, ഭാഗികമായി ശിര്‍ക്ക് ചെയ്യുന്നവര്‍. വേദക്കാര്‍ അവരില്‍ ഉള്‍പ്പെടുന്നവരാണ്. അവരില്‍ നിന്നു ഇങ്ങോട്ട് വിവാഹം ചെയ്തുകൊണ്ടുവരാം. അങ്ങോട്ട് പാടില്ല. എന്നാല്‍ മുന്‍ വേദഗ്രന്ഥങ്ങളിലും ഇസ്‌ലാമിന്റെ ആദ്യ കാലഘട്ടങ്ങളിലും മുശ്‌രിക്കുകളില്‍ നിന്നും വിവാഹം ചെയ്യാനും അങ്ങോട്ട് വിവാഹം ചെയ്തുകൊടുക്കാനും അനുവാദമുണ്ടായിരുന്നു. പിന്നീടത് നിരോധിക്കുകയാണുണ്ടായത്. വിവാഹം മാത്രമല്ല, മറ്റു പല കാര്യങ്ങളും അനുവദിക്കപ്പെട്ടിരുന്നു. അക്കാര്യം സൂറത്തുല്‍ ബഖറ 106-ാം വചനത്തില്‍ അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട്.
നബി(സ) തന്റെ രണ്ട് പെണ്‍മക്കളെ ആദ്യം വിവാഹം ചെയ്തു കൊടുത്തിരുന്നത് തന്റെ പിതൃവ്യസഹോദരനായ അബൂലഹബിന്റെ രണ്ട് പുത്രന്മാര്‍ക്കായിരുന്നു. അന്ന് അതിന് ദൈവികമായ നിരോധനം ഉണ്ടായിരുന്നില്ല. അബൂലഹബ് ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശത്രുവായിരുന്നല്ലോ? അക്കാരണത്താല്‍ പ്രസ്തുത ബന്ധങ്ങള്‍ ഒഴിവാക്കുകയാണുണ്ടായത്. നബി(സ) തന്റെ മകള്‍ സൈനബയെ അബുല്‍ആസ്വിന്(റ) വിവാഹം ചെയ്തുകൊടുത്തതും അക്കാലത്ത് അതിന് നിരോധം ഇല്ലാത്തതു കൊണ്ടായിരുന്നു. പിന്നീട് ഹുദയ്ബിയാ സന്ധിയോടനുബന്ധിച്ച് മുശ്‌രിക്കുകളെ വിവാഹം ചെയ്യലും മുശ്‌രിക്കുകള്‍ക്ക് അങ്ങോട്ട് വിവാഹം ചെയ്തു കൊടുക്കലും നിരോധിക്കുകയുണ്ടായി. ”ആ സ്ത്രീകള്‍ (ബഹുദൈവ വിശ്വാസിനികള്‍) അവര്‍ക്ക് അനുവദനീയമല്ല. അവര്‍ (ബഹുദൈവ വിശ്വാസികളായ പുരുഷന്മാര്‍) ആ സ്ത്രീകള്‍ക്കും അനുവദനീയമല്ല.” (മുംതഹന 10)
പിന്നീട് ബഹുദൈവാരാധകരുമായുള്ള വിവാഹബന്ധം പാടെ നിരോധിക്കുകയും ചെയ്തു. ”ബഹുദൈവ വിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നതു വരെ നിങ്ങള്‍ വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരടിമ സ്ത്രീയാണ് ബഹുദൈവ വിശ്വാസിനിയെക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവ വിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നതു വരെ നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരടിമയാണ് ബഹുദൈവ വിശ്വാസിയെക്കാള്‍ നല്ലത്. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി.” (അല്‍ബഖറ 221).
മുശ്‌രിക്കുകളുമായും മതനിഷേധികളുമായും വിവാഹ ബന്ധത്തിലേര്‍പ്പെടുക എന്നത് ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. ഹുദയ്ബിയാ സന്ധിയോടനുബന്ധിച്ച് മുശ്‌രിക്കുകളുമായി വിവാഹബന്ധം നിരോധിച്ചു കൊണ്ടുള്ള ഖുര്‍ആന്‍ വചനം ഇറങ്ങിയപ്പോള്‍ പ്രവാചകന്റെ പുത്രി സൈനബയെ വിവാഹം ചെയ്ത അബുല്‍ ആസ്വ്(റ) മുസ്‌ലിമാവുകയാണുണ്ടായത്.

Back to Top