2 Thursday
January 2025
2025 January 2
1446 Rajab 2

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ ജനസംഖ്യാനുപാതം


സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി, 80:20 അനുപാതം മാറ്റി ജനസംഖ്യാനുപാതികമായി വീതിക്കാനുള്ള ഹൈക്കോടതി ഉത്തരവും ഇതിന്റെ ചുവടു പിടിച്ചു അനുപാതം പുനര്‍ നിര്‍ണയിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവും മുസ്്‌ലിം വിദ്യാര്‍ഥികളോടുള്ള തികഞ്ഞ അനീതിയും അക്രമവുമാണ്. എന്തിനുവേണ്ടിയാണോ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്, അതിന്റെ യഥാര്‍ഥ ലക്ഷ്യം തന്നെ ഇതോടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹ്യപരമായും വിദ്യാഭ്യാസപരമായും തൊഴില്‍പരമായും പുറംതള്ളപ്പെട്ടുപോയ ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള ഉദ്യമം എന്ന നിലയിലാണ് ദളിത്, ന്യൂനപക്ഷ ക്ഷേമ പദ്ധതികളും വിദ്യാഭ്യാസ, തൊഴില്‍ സംവരണങ്ങളുമെല്ലാം രാജ്യത്ത് നടപ്പാക്കി വരുന്നത്. കൃത്യമായ പഠനങ്ങളുടേയും വസ്തുതകളുടേയും ശാസ്ത്രീയ വിശകലനങ്ങളുടേയും പിന്‍ബലം ഇവക്കുണ്ട്.
രാജ്യത്തെ മുസ്്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്താണ് ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്്‌ലിം സാമൂഹ്യാവസ്ഥയെക്കുറിച്ച് നടന്ന ഏറ്റവും ആധികാരിക പഠനരേഖ കൂടിയാണ് സച്ചാര്‍ റിപ്പോര്‍ട്ട്. ഓരോ സംസ്ഥാനങ്ങളിലേയും സ്ഥിതി വിവരക്കണക്കുകളും സാമൂഹ്യാവസ്ഥയും കൂലങ്കശമായി വിശകലനംചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ പല കണ്ടെത്തലുകളും അമ്പരപ്പിക്കുന്നവയായിരുന്നു. രാജ്യത്തെ മുസ്്‌ലിം സാമൂഹ്യാവസ്ഥ എസ് സി, എസ് ടി വിഭാഗങ്ങളേക്കാള്‍ മോശമാണെന്നതാണ് ഇതില്‍ പ്രധാനം. കേരളം പോലെ വിദ്യാഭ്യാസ പുരോഗതി കൈവരിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇതില്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ ടാറിട്ട റോഡോ, വൈദ്യുതി ബന്ധമോ നല്ല കുടിവെള്ള സ്രോതസ്സോ ഇല്ലാത്ത അനവധി മുസ്്‌ലിം ഗല്ലികള്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യത്തിന്റെ ആറു പതിറ്റാണ്ടിനുശേഷവും ഉണ്ട് എന്ന സച്ചാര്‍ കമ്മിറ്റി കണ്ടെത്തല്‍ ശരിക്കും ഞെട്ടല്‍ ഉളവാക്കുന്നതു തന്നെയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഇത്തരം പിന്നാക്കാവസ്ഥ മറികടക്കാനുള്ള ചില പ്രായോഗിക മാര്‍ഗങ്ങള്‍കൂടി കമ്മിറ്റി തങ്ങളുടെ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചത്. മദ്രസാ വിദ്യാഭ്യാസത്തിന്റെ ആധുനികവല്‍ക്കരണം, മുസ്്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, സര്‍ക്കാര്‍ സര്‍വീസിലും സിവില്‍ സര്‍വീസിലും മുസ്്‌ലിം പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും വിധത്തിലുള്ള തൊഴില്‍ പരിശീലനം, മത്സര പരീക്ഷാ പരിശീലനം തുടങ്ങി ബൃഹത്തായ നിര്‍ദേശങ്ങളാണ് സമിതി സമര്‍പ്പിച്ചിരുന്നത്. ഇതില്‍ നാമമാത്ര പദ്ധതികള്‍ മാത്രമാണ് കേരളം അടക്കം പല സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടുള്ളത്. മാത്രമല്ല ഇതില്‍ തന്നെ വെള്ളം ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. അതിന്റെ അനന്തര ഫലമാണ് സ്‌കോളര്‍ഷിപ്പിലെ 80: 20 അനുപാതം. രാജ്യത്തെ മുസ്്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് മാത്രമാണ് സച്ചാര്‍ കമ്മിറ്റി പഠനം നടത്തിയതും റിപ്പോര്‍ട്ട് ചെയ്തതും. ഇതിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കപ്പെട്ടിട്ടുള്ള പദ്ധതികളുടെ ഗുണഭോക്താക്കളെല്ലാം സ്വാഭാവികമായും മുസ്്‌ലിംകള്‍ മാത്രമാണ് ആവേണ്ടത്. എന്നാല്‍ അന്ന് കേരളം ഭരിച്ച വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുപകരം പാലോളി കമ്മിറ്റിയെ നിയോഗിച്ച് ഇതേക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ കമ്മിറ്റിയാണ് 80:20 അനുപാതം എന്ന വിചിത്ര സിദ്ധാന്തം അവതരിപ്പിച്ചത്. നൂറു ശതമാനം മുസ്്‌ലിംകള്‍ക്ക് നല്‍കേണ്ട സ്‌കോളര്‍ഷിപ്പിന്റെ 20 ശതമാനമാണ് ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിനായി നീക്കിവച്ചത്. തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറും ഈ അനീതി തിരുത്തുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചില്ല. അര്‍ഹതപ്പെട്ടത് അല്ലാതിരുന്നതും അധികമായി ലഭിച്ച ആനൂകൂല്യത്തിനാണ് കൂടുതല്‍ പങ്കു തേടി ക്രൈസ്തവ സഭകള്‍ കോടതിയെ സമീപിച്ചതും അനുകൂല വിധി സമ്പാദിച്ചതും. ഇത് മുസ്്‌ലിംകള്‍ക്ക് മാത്രം അവകാശപ്പട്ടതാണന്ന് കോടതി മുമ്പാകെ ബോധ്യപ്പെടുത്തുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. അനുപാതം കോടതി റദ്ദാക്കിയ ശേഷവും മേല്‍ക്കോടതിയെ സമീപിക്കുന്നതിനുള്ള സ്വാതന്ത്ര്യം സര്‍ക്കാറിനുണ്ടായിരുന്നു. എന്നാല്‍ അതും ഉപയോഗപ്പെടുത്തിയില്ല. അതിനുപകരം കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ കയറെടുക്കാന്‍ ഓടുകയാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാറും ചെയ്ത്.
ഇതിനു പിന്നില്‍ ചില ഗൂഢോദ്ദേശ്യങ്ങളുണ്ടെന്ന ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളയാനാവില്ല. ജനസംഖ്യാനുപാതികമായി വീതംവെക്കുമ്പോള്‍ മുസ്്‌ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതില്‍ കുറവുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വാദം. നൂറു ശതമാനവും അര്‍ഹതപ്പെട്ടിടത്ത് 80 ശതമാനമാണ് കിട്ടിക്കൊണ്ടിരുന്നത്. ഇതിപ്പോള്‍ 56 ശതമാനത്തിലേക്ക് വീണ്ടും ചുരുങ്ങി. എന്നിട്ടും കുറവുണ്ടാകില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ പ്രകാരമുള്ള പദ്ധതികള്‍ മുസ്്‌ലിംകള്‍ക്ക് മാത്രമായി നിജപ്പെടുത്തി ഉത്തരവിറക്കിയാല്‍ തീരുന്ന പ്രശ്‌നമാണ് സാമുദായിക ഭിന്നിപ്പിന് വഴിയൊരുക്കും വിധത്തിലുള്ള ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ വിഷയമാക്കിയിരിക്കുന്നത്. മറ്റു ന്യൂനപക്ഷങ്ങള്‍ സമാനരീതിയില്‍ പിന്നാക്കാവസ്ഥ നേരിടുന്നുണ്ടെങ്കില്‍ അവര്‍ക്കും പ്രത്യേക ക്ഷേമ പദ്ധതികള്‍ നടപ്പാക്കുകയാണ് ചെയ്യേണ്ടത്.

Back to Top