2 Wednesday
July 2025
2025 July 2
1447 Mouharrem 6

ന്യൂനപക്ഷ ക്ഷേമ പദ്ധതി: കോടതി വിധി മുസ്‌ലിംകളോടുള്ള അനീതി – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിക്കു വേണ്ടി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ ജനസംഖ്യാനുപാതികമായി വീതം വെക്കണമെന്ന ഹൈക്കോടതി വിധി സാമൂഹ്യനീതിക്കു നേരെയുള്ള വെല്ലുവിളിയാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഉദ്യോഗ-വിദ്യാഭ്യാസ മേഖലകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യ ഉന്നമനം ലക്ഷ്യമാക്കി സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനുള്ള ബജറ്റ് വിഹിതമായി വകയിരുത്തുന്ന ക്ഷേമ പദ്ധതിയെ ഉദ്യോഗ വിദ്യാഭ്യാസ മേഖലകളില്‍ മികച്ച പങ്കാളിത്തമുള്ള സമുദായങ്ങള്‍ക്ക് കൂടി പങ്ക് നല്‍കണമെന്ന് പറയുന്നത് കടുത്ത അനീതിയാണ്. സച്ചാര്‍ കമ്മിഷനും പാലോളി കമ്മീഷനും എന്തിനു വേണ്ടിയായിരുന്നു എന്നു പോലും പരിഗണിക്കാതെയുള്ള വിധി സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ അവഗണിക്കുന്നതാണ്.
ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതികമായിട്ടാണ് നടപ്പിലാക്കേണ്ടതെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകമായുള്ള വിദ്യാഭ്യാസ അവകാശത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാപനങ്ങളിലെ നിയമനങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യവും പങ്കാളിത്തവും മുസ്‌ലിം സമുദായത്തിന് പകവെച്ചു നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ മറവില്‍ സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയിലെ ജീവനക്കാരും സിംഹഭാഗവും കയ്യടക്കി വെച്ചവര്‍ക്കാണ് മുസ്‌ലിം സമുദായത്തിന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരാന്‍ നിയമ പരിരക്ഷ നല്‍കുന്നത് എന്നത് കടുത്ത അപരാധമാണെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ വ്യക്തമാക്കി. ഉദ്യോഗ വിദ്യാഭ്യാസ മേഖലകളില്‍ ഏറെ പിന്തള്ളപ്പെട്ട മുസ്‌ലിം സമുദായത്തിന് എയ്ഡഡ് മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉദ്യോഗ പങ്കാളിത്തവും നല്‍കണമെന്ന് യോഗം വശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. എം മൊയ്തീന്‍ കുട്ടി, കെ അബൂബക്കര്‍ മൗലവി, അഡ്വ. പി മുഹമ്മദ് ഹനീഫ, പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, പി പി ഖാലിദ്, കെ അബ്ദുസ്സലാം മാസ്റ്റര്‍, ഡോ. ജാബിര്‍ അമാനി, പ്രഫ. പി അബ്ദുല്‍ അലി മദനി, കെ എ സുബൈര്‍, ഡോ. അനസ് കടലുണ്ടി, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ബി പി എ ഗഫൂര്‍, കെ എല്‍ പി ഹാരിസ്, എം അഹ്മദ് കുട്ടി മദനി, മമ്മു കോട്ടക്കല്‍, കെ പി മുഹമ്മദ്, കെ എം കുഞ്ഞമ്മദ് മദനി, സുഹൈല്‍ സാബിര്‍, എം ടി മനാഫ്, കെ പി അബ്ദുറഹ്മാന്‍, പ്രഫ. ഇസ്മാഈല്‍ കരിയാട്, അബ്ദുസ്സലാം പുത്തൂര്‍, ഡോ. അന്‍വര്‍ സാദത്ത്, ഫാസില്‍ ആലുക്കല്‍, റുക്‌സാന വാഴക്കാട്, വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു.

Back to Top