20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ന്യൂനപക്ഷക്ഷേമം കോടതിവിധികളും കണ്ണുകെട്ടിക്കളിക്കുന്ന സര്‍ക്കാര്‍ നടപടികളും

എ പി അന്‍ഷിദ്‌


ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളാല്‍ മുഖ്യധാരയില്‍ നിന്ന് പുറംതള്ളപ്പെട്ട ജനവിഭാഗങ്ങളെ അര്‍ഹമായ പരിഗണനകള്‍ നല്‍കി മറ്റുള്ളവര്‍ക്കൊപ്പമെത്താന്‍ പ്രാപ്തമാക്കുക എന്നത് സാംസ്‌കാരികോന്നതി കൈവരിച്ചിട്ടുള്ള ഒരു സമൂഹത്തിന്റെയും സ്‌റ്റേറ്റിന്റേയും ബാധ്യതയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമായ തുല്യാവസര സമത്വം സ്ഥാപിക്കപ്പെടുക ഇതിലൂടെ മാത്രമാണ്. അതിനുള്ള മാര്‍ഗമാണ് അവശ, പിന്നാക്ക, പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ നല്‍കുന്ന സംവരണവും അവരെ ഉന്നമിട്ടുകൊണ്ടുള്ള പ്രത്യേക ക്ഷേമ പദ്ധതികളും.
എന്നാല്‍ സംവരണത്തിന്റെ ആനുകൂല്യത്തില്‍ ചിലര്‍ ഉയരങ്ങളില്‍ എത്തുന്നത് മറ്റുള്ളവരുടെ ബാധ്യതയിലാണെന്ന് വാദിക്കുന്ന ചിലരുണ്ട്. ക്ഷേമ പദ്ധതികള്‍ സാമുദായിക, പ്രാദേശിക വേര്‍തിരിവുകള്‍ സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തുമെന്ന് വാദിക്കുന്നവരുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ഒരു കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ന്യൂനപക്ഷങ്ങള്‍ക്കായി നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ ഹിന്ദു ഭൂരിപക്ഷത്തിന്റെ അവകാശങ്ങളെ ഒരു തരത്തിലും ഹനിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. പ്രത്യേകിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ ഉത്തേജിപ്പിച്ച് മാത്രം അധികാരമുറപ്പിച്ച് ശീലമുള്ള ബി ജെ പി പോലുള്ള ഒരു പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നിലപാട് ഉണ്ടാകുമ്പോള്‍ അതിന് പ്രസക്തി അല്‍പംകൂടി കൂടുതലുണ്ട്.
നിലനിന്നു പോരുന്ന വ്യവസ്ഥിതികളിലെ പുഴുക്കുത്തുകളാണ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം വിദ്യാഭ്യാസപരമായോ സാമൂഹ്യപരമായോ തൊഴില്‍പരമായോ പിന്നോട്ട് തള്ളുന്നത്. ചരിത്രപരമായ ഈ കാരണങ്ങള്‍ കണ്ടെത്തി തിരുത്തുന്നതിനുള്ള മാര്‍ഗമാണ് അവര്‍ക്ക് സംവരണംവഴി സാമൂഹ്യമായ ഉന്നതി കൈവരിക്കുംവരേക്ക് അല്‍പം കൂടുതല്‍ പ്രാതിനിധ്യം നല്‍കുക എന്നത്. അതിന്റെ പിന്നിലെ സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിച്ച് അധിക പ്രാതിനിധ്യമെന്നതില്‍ മാത്രം കടിച്ചുതൂങ്ങുന്നതാണ് ന്യൂനപക്ഷക്ഷേമ പദ്ധതികളെ എതിര്‍ക്കപ്പെടുന്നവരുടെ ശീലം.
സച്ചാര്‍ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് നടപ്പാക്കിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി നടത്തിയ ചില നിരീക്ഷണങ്ങളും ഇതോടൊപ്പം പരിശോധിക്കപ്പെടേണ്ടതുണ്ട്. സ്‌കോളര്‍ഷിപ്പ് അനുപാതം അട്ടിമറി സംബന്ധിച്ച വിവാദങ്ങളും പ്രതിഷേധങ്ങളും സജീവമായി തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ സുവ്യക്തമായ ഒരു നിലപാട് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആറുപേര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. മാത്രമല്ല, പരാതിക്കാരുടെ ആവശ്യം തള്ളിക്കളയണമെന്നും കേന്ദ്രം ആവശ്യപ്പെടുകയുണ്ടായി. എന്താണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ എന്നും എന്താണ് അതിലൂടെ ലക്ഷ്യമിടുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ഈ സത്യവാങ്മൂലത്തില്‍ സുവ്യക്തമായി പറയുന്നുണ്ട്.
ഹിന്ദുമത വിഭാഗത്തില്‍ ജനിച്ചതിനാല്‍ തങ്ങള്‍ വിവേചനം നേരിടേണ്ടി വരുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. വഖഫ് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ആനൂകൂല്യങ്ങള്‍ ഹിന്ദുക്കളുടെ മഠങ്ങള്‍, അഖാഡകള്‍, ട്രസ്റ്റുകള്‍ എന്നിവക്ക് ലഭിക്കുന്നില്ലെന്നും ഇത് വിവേചനമാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാദങ്ങളെയെല്ലാം ഖണ്ഡിച്ചുകൊണ്ടുള്ളതാണ് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം.
അസമത്വങ്ങള്‍ ഒഴിവാക്കുന്നതിനും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവരുടെ സാമൂഹികവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ ഉന്നമനം ലക്ഷ്യമിട്ടുമാണ് ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം. മത ന്യൂനപക്ഷങ്ങള്‍, ഭാഷാ ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെ രണ്ട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരും ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാവില്ല, പകരം ന്യൂനപക്ഷങ്ങളില്‍ തന്നെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് പ്രയോജനം ലഭിക്കുക. അത് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതക്കുള്ള അവകാശത്തെ ഒരുതരത്തിലും ഹനിക്കില്ല. സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍ പിന്നാക്കമായവരെ മറ്റുള്ളവര്‍ക്ക് തുല്യമാക്കുകയാണ് ഇത്തരം പദ്ധതികളുടെ ലക്ഷ്യമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഭരണഘടനാപരമായി സാധുവാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
സാമ്പത്തിക പിന്നാക്കാവസ്ഥ കണ്ടെത്തുന്നതിന് ദേശീയ പിന്നാക്ക കമ്മീഷന്‍ ഉള്ളതിനാല്‍ ന്യൂനപക്ഷ കമ്മീഷന്‍ അപ്രസക്തമാണെന്നും 1992-ലെ ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് റദ്ദാക്കണമെന്നുമുള്ള ഹര്‍ജിക്കാരുടെ ആവശ്യത്തെയും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ക്കുകയാണ് ചെയ്തത്. കേന്ദ്രസര്‍ക്കാറിന്റെ ഈ നിലപാടില്‍ നിന്ന് അടിസ്ഥാനപരമായി വായിച്ചെടുക്കാവുന്ന ചില വസ്തുതകളുണ്ട്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഇതില്‍ പലതും വളരെ പ്രസക്തവുമാണ്.

ഒന്നാമത്തേത് ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്ക് ഭരണഘടനാപരമായ സാധുതയുണ്ട് എന്നതാണ്. രണ്ടാമത്തേത് അത്തരം പദ്ധതികള്‍ ഒരിക്കലും ഭൂരിപക്ഷത്തിന്റേയോ സാമൂഹികമോ സാമ്പത്തികമോ ആയി മൂന്നാക്കം നില്‍ക്കുന്നവരുടേയോ അവകാശങ്ങളെ ഹനിക്കുന്നില്ല എന്നതാണ്. മൂന്നാമത്തേത് എല്ലാ ന്യൂനപക്ഷങ്ങളും ഇതിന്റെ ഗുണഭോക്താക്കള്‍ അല്ലെന്നും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരാണ് അവകാശികള്‍ എന്നതുമാണ്.
അതായത് ഏതെല്ലാം മേഖലയിലാണ് ഏതെല്ലാം ന്യൂനപക്ഷ വിഭാഗങ്ങളാണ് പിന്നാക്കം നില്‍ക്കുന്നതെന്ന് കണ്ടെത്തി ആ വിഭാഗങ്ങള്‍ക്ക് ഗുണഫലം ലഭിക്കുംവിധം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം എന്നതാണ്. നാലാമത്തേത് ഇത്തരം പിന്നാക്കാവസ്ഥകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് ന്യൂനപക്ഷ കമ്മീഷനും വഖഫ് ബോര്‍ഡും പോലുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ അനിവാര്യമാണ് എന്നതാണ്.
ഇനി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി നടത്തിയ ചില നിരീക്ഷണങ്ങള്‍ കൂടി പരിശോധിക്കാം. ഹൈക്കോടതി വിധിക്ക് ആധാരമായ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് മുസ്്‌ലിംകള്‍ ഒഴികെയുള്ള ഒരു ന്യൂനപക്ഷ വിഭാഗങ്ങളും അര്‍ഹരല്ല എന്നതാണ് അടിസ്ഥാനപരമായ വസ്തുത. ഇതേക്കുറിച്ച് വിശദമായി പിന്നീട് പറയാം. അതിനു മുമ്പ് ഹൈക്കോടതി നടത്തിയ ചില നിരീക്ഷണങ്ങളും ഇത് പൊതുവായ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിനെ ഏതു നിലക്ക് സ്വാധീനിക്കപ്പെടും എന്നതും പരിശോധിക്കാം.
സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം വിവേചനമാണെന്നും ജനസംഖ്യാനുപാതികമായി വീതിക്കണമെന്നുമുള്ളതാണ് ഹൈക്കോടതി വിധിയുടെ ആകെത്തുക. ഏതെങ്കിലും പിന്നാക്ക ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധവും കേന്ദ്ര-സംസ്ഥാന ന്യൂനപക്ഷ കമ്മിഷനുകുള്‍ സ്ഥാപിച്ച നിയമങ്ങളെ മറികടക്കുന്നതുമാണ് എന്നും ഹൈക്കോടതി നിരീക്ഷിക്കുന്നു. ഈ വിധിപ്രകാരം എല്ലാ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ജനസംഖ്യാനുപാതികമായി മാത്രമേ വീതിക്കപ്പെടാവൂ. സാമൂഹികമോ സാമ്പത്തികമോ വിദ്യാഭ്യാസപരമോ ആയി മുന്നാക്കം നില്‍ക്കുന്ന ഒരാള്‍ക്കും മത, ഭാഷാ ന്യൂനപക്ഷങ്ങളില്‍ പെടുന്നു എന്ന ഒറ്റക്കാരണത്താല്‍ ന്യൂനപക്ഷങ്ങളിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവന് ലഭിക്കുന്നതിന് തുല്യമായ അളവില്‍ തന്നെ ക്ഷേമപദ്ധതികള്‍ വീതം വെക്കണം എന്നതാണ് ഇതിന്റെ വിവക്ഷ. ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ ഉദ്ദേശലക്ഷ്യങ്ങളെ തന്നെ അട്ടിമറിക്കുന്നതും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്നതും സര്‍വോപരി സുപ്രീംകോടതി നിരീക്ഷണത്തിനും ഭരണഘടനാതത്വങ്ങള്‍ക്കും വിരുദ്ധവുമാണ് ഹൈക്കോടതി നിരീക്ഷണമെന്നര്‍ഥം.
പ്രത്യക്ഷമായിത്തന്നെ നിലനില്‍ക്കാത്ത ഇത്തരമൊരു വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത് അടക്കമുള്ള സാധ്യതകള്‍ സംസ്ഥാന സര്‍ക്കാറിനു മുന്നിലുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികളെ ഊരിയെടുക്കാന്‍ ലക്ഷങ്ങള്‍ സിറ്റിങ് ഫീസുള്ള വക്കീലന്മാരെ സുപ്രീംകോടതിയിലേക്ക് അയക്കുന്ന സര്‍ക്കാര്‍, ഒരു വിഭാഗത്തോട് തികഞ്ഞ അനീതിയാണ് കാണിക്കുന്നതെന്ന് ഉറപ്പുണ്ടായിട്ടും അപ്പീലിന് പോകാതെ സ്‌കോളര്‍ഷിപ്പ് വിഹിതം ജനസംഖ്യാനുപാതികമായി വീതം വെക്കുകയാണ് ചെയ്തത്. മുസ്‌ലിം ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിയില്‍ അപരിഹാര്യമായ നഷ്ടമാണ് ഈ നടപടി വരുത്തിവെക്കാന്‍ പോകുന്നത്.
ഹൈക്കോടതി വിധി മറ്റു പിന്നാക്ക ക്ഷേമ പദ്ധതികള്‍ക്ക് കൂടി ബാധകമാക്കിയാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കപ്പെടുക. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ നിയോഗിച്ച ജസ്റ്റിസ് കോശി കമ്മീഷന്റെ ഭാവിയും ഇതോടെ കൈയാലപ്പുറത്താകും. ക്രിസ്ത്യന്‍ മതവിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേകമായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെങ്കില്‍ പിന്നെ കമ്മീഷന്‍ റിപ്പോര്‍ട്ട് കൊണ്ട് എന്തു പ്രയോജനമാണുള്ളത്. ഹൈക്കോടതി വിധിയും സര്‍ക്കാര്‍ നടപടിയും വലിയ വായയില്‍ സ്വാഗതം ചെയ്യുന്ന ക്രൈസ്തവ സഭകള്‍ പോലും ഇതിന്റെ വരുംവരായ്കകളെക്കുറിച്ച് ആലോചിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് വസ്തുത.
സംവരണം അടക്കമുള്ള പ്രത്യേക ക്ഷേമ പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങി ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്ത് എസ് സി, എസ് ടി വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴില്‍, ഭരണ പ്രാതിനിധ്യം എവിടെ നില്‍ക്കുന്നുവെന്ന് നമുക്ക് പരിശോധിച്ചാല്‍ മനസ്സിലാകും. ഒന്നും രണ്ടും വര്‍ഷമല്ല, സ്വാതന്ത്ര്യത്തിന്റെ എഴുപത് വര്‍ഷങ്ങള്‍ കൊണ്ടു പോലും നികത്താന്‍ കഴിയാത്തത്ര വലിയ സാമൂഹ്യ അന്തരമാണ് ഈ മേഖലയില്‍ നിലനിന്നിരുന്നതെന്ന യാഥാര്‍ഥ്യത്തിലേക്കാണ് നാം കണ്ണു തുറക്കേണ്ടത്.
രാജ്യത്തെ മുസ്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം എസ് സി, എസ് ടി വിഭാഗങ്ങളേക്കാള്‍ താഴെയാണ് വിദ്യാഭ്യസ, തൊഴില്‍ രംഗങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം എന്നാണ് പറയുന്നത്. അതിനെ മറികടക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങളും കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സച്ചാര്‍ കമ്മിറ്റി നിയമനത്തിനെതിരായ പ്രതിഷേധങ്ങള്‍ ചെറുതായിരുന്നില്ല. കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ അതിനേക്കാള്‍ കൂടുതലും. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും രാജ്യത്തെ മുസ്്‌ലിം പിന്നാക്കാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. ഈ യാഥാര്‍ഥ്യങ്ങളെയെല്ലാം മറന്നുകൊണ്ടാണ് ക്ഷേമ പദ്ധതികള്‍ക്കെതിരെ ചിലര്‍ കൊടുവാളെടുക്കുന്നത്.

മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടേതായ സംസ്‌കാരവും ആചാര വൈവിധ്യങ്ങളുമുണ്ട്. അത് സംരക്ഷിക്കപ്പെടുക എന്നത് മാറിമാറി വരുന്ന സര്‍ക്കാറുകളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഭരണകൂടത്തിന്റെ ഔദാര്യമല്ല. മറിച്ച് അവരില്‍ നിക്ഷിപ്തമായ ബാധ്യത നിറവേറ്റലാണ്. ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അര്‍ഹമായ അവകാശവും. ഹൈക്കോടി വിധിയുടെ ചുവടു പിടിച്ച് പുനരാലോചനക്കു പോലും കാത്തുനില്‍ക്കാതെ സംവരണ അനുപാതം മാറ്റിമറിച്ച സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാദത്തമായ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങളെയാണ് അട്ടിമറിച്ചത്.
മുസ്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് രണ്ട് വിദഗ്ധ സമിതികള്‍ പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നാമമാത്ര പദ്ധതികളാണ് കേരളത്തിലുള്ളത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഒമ്പതിന കര്‍മ്മ പരിപാടികള്‍ നടപ്പാക്കാന്‍ യു പി എ സര്‍ക്കാര്‍ തീരുമാനിക്കുകയും അതിനായി ഫണ്ട് വകയിരുത്തുകയും ചെയ്തു. അതില്‍ ഒന്നാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി. അതാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടിയിലൂടെ അട്ടിമറിക്കപ്പെടുന്നത്. മദ്‌റസാ മുഅല്ലിം ക്ഷേമനിധി പോലുള്ള മറ്റു ചില പദ്ധതികളാവട്ടെ, സര്‍ക്കാര്‍ സഹായമില്ലാതിരുന്നിട്ടു കൂടി വ്യാപകമായ തോതില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അര്‍ഹത ആര്‍ക്ക് എന്നതുകൂടി പരിശോധിക്കേണ്ടതുണ്ട്. രാജ്യത്തെ മുസ്്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് മാത്രം പഠിക്കാന്‍ വേണ്ടിയാണ് ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ അധ്യക്ഷനായ കമ്മിറ്റിയെ അന്നത്തെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നിയമിക്കുന്നതും കമ്മിറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും. ന്യൂനപക്ഷങ്ങളുടെ മൊത്തത്തിലുള്ള പിന്നാക്കാവസ്ഥയെക്കുറിച്ചല്ല. കമ്മിറ്റിയുടെ ടേംസ് ഓഫ് റഫറന്‍സിലും മുസ്്‌ലിം പിന്നാക്കാവസ്ഥ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തരമൊരു കമ്മിറ്റിക്ക് ഭരണഘടനാ സാധുതയുണ്ടെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോള്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തില്‍ പറയുന്നതും അതു തന്നെയാണ്. എന്നാല്‍ ഹൈക്കോടതി പറയുന്നത് അതിന് ഭരണഘടനാ സാധുതയില്ല എന്നാണ്.
യഥാര്‍ഥത്തില്‍ അന്നത്തെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അതേപടി നടപ്പാക്കുകയായിരുന്നു. എന്നാല്‍ സച്ചാര്‍ റിപ്പോര്‍ട്ടിലെ പല ശിപാര്‍ശകളും കേരളീയ പരിസരത്തില്‍ ഫലപ്രദമല്ലെന്ന് വാദിച്ചാണ് അന്ന് പാലോളി കമ്മിറ്റിയെ നിയോഗിച്ചത്. മുസ്‌ലിംകള്‍ക്ക് മാത്രമായി രൂപീകരിക്കപ്പെട്ട സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 20 ശതമാനം പരിവര്‍ത്തിത ലത്തീന്‍ കത്തോലിക്കക്കാര്‍ക്ക് നീക്കിവെക്കാനുള്ള തീരുമാനം പാലോളി കമ്മിറ്റിയുടേതായിരുന്നു. ഇവിടെയാണ് പ്രശ്‌നത്തിന്റെ തുടക്കമുള്ളത്. അന്ന് ആരെങ്കിലും കോടതിയെ സമീപിച്ചിട്ടുണ്ടെങ്കില്‍ ഈ 20 ശതമാനം വിഹിതം പോലും മുസ്്‌ലിം ഇതര വിഭഗങ്ങള്‍ക്ക് ലഭിക്കില്ലായിരുന്നു.
വിദ്യാഭ്യാസപരവും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ലത്തീന്‍ കത്തോലിക്കരുടെ പുരോഗമനത്തിനു വേണ്ടിയുള്ള വിശാല മനസ്‌കതയെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. എന്നാല്‍ അതിനു നല്‍കേണ്ടി വന്ന വില വളരെ വലുതാണ്. തുടര്‍ന്നുവന്ന മുസ്‌ലിംലീഗിനു കൂടി അധികാര പങ്കാളിത്തമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറും ഈ അട്ടിമറി അതേപടി തുടരാന്‍ അനുവദിക്കുകയായിരുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളെല്ലാം മുസ്്‌ലിംകളുടെ പുരോഗതിയെ ലാക്കാക്കിക്കൊണ്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി നൂറു ശതമാനവും മുസ്‌ലിംകള്‍ക്ക് മാത്രം അര്‍ഹതപ്പെട്ടതുമാണ്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം.
പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരവും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കമ്മിറ്റി ആധാരമാക്കിയ പഠനങ്ങള്‍ പ്രകാരവും സാമൂഹിക, വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ മുസ്‌ലിംകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് സവര്‍ണ ക്രിസ്ത്യന്‍ സമൂഹം. എന്നാല്‍ ഹൈക്കോടതി വിധിപ്രകാരം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുമായി ക്ഷേമ പദ്ധതികള്‍ വീതം വച്ചാല്‍ സവര്‍ണ ക്രൈസ്തവര്‍ അതിന്റെ ഗുണഭോക്തൃ പട്ടികയില്‍ വരും. മൂന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചാല്‍ പിന്നെ എങ്ങനെയാണ് പിന്നാക്കക്കാര്‍ അതിനൊപ്പം ഓടിയെത്തുക. ഇത് വിദ്യാഭ്യാസ, തൊഴില്‍ സംവരണം അടക്കമുള്ള വിഷയങ്ങളില്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന തത്വങ്ങള്‍ക്കുതന്നെ വിരുദ്ധമാണ്.
പിന്നാക്ക സമുദായത്തിലെ പിന്നാക്കം നില്‍ക്കുന്നവരാണ് ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ ആകേണ്ടത് എന്നതാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പറയുന്നത്. ഇതിന് കടക വിരുദ്ധമാണ് ഹൈക്കോടതി വിധി. ഹൈക്കോടതി വിധിയുടെ മറപിടിച്ച് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇതിനു നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.

Back to Top