ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ കണക്ക് പുറത്ത് വിടണം: ഐ എസ് എം
കോഴിക്കോട്: ന്യൂനപക്ഷങ്ങള്‍ക്ക് സംസ്ഥാനത്ത് നാളിതുവരെ ലഭിച്ചിട്ടുള്ള ആനുകൂല്യങ്ങളുടെ കണക്ക് സമുദായം തിരിച്ച് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ അനധികൃതമായി പലതും നേടിയിരിക്കുന്നുവെന്ന് പ്രചാരണം നടത്തി സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രി കാണാതിരിക്കരുത്. ഓരോ മതവിഭാഗത്തിന്റെയും സര്‍ക്കാര്‍ ജോലിയിലെ പ്രാതിനിധ്യവും അവര്‍ക്ക് സര്‍ക്കാറില്‍ നിന്ന് ലഭിച്ചുകൊണ്ടിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളുടെയും വിശദവിവരം എത്രയും പെട്ടെന്ന് പ്രസിദ്ധപ്പെടുത്താന്‍ തയ്യാറാകണം. സംസ്ഥാനത്തെ നിലവിലെ സംവരണ മാനദണ്ഡ പ്രകാരം ജോലി ലഭിക്കാത്ത സമുദായങ്ങളുടെ ബാക്ക്‌ലോഗ് വിവരങ്ങളും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്നും ഏതെങ്കിലും ന്യൂനപക്ഷ മതവിഭാഗത്തിന് അര്‍ഹമായത് ലഭിച്ചിട്ടില്ലെങ്കില്‍ ഉടനടി അത് നല്‍കാനുള്ള സംവിധാനമൊരുക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാറലി അധ്യക്ഷത വഹിച്ചു. ഡോ. അന്‍വര്‍ സാദത്ത്, ഷാനിഫ് വാഴക്കാട്, അബ്ദുസ്സലാം മുട്ടില്‍, ഫൈസല്‍ മതിലകം, യൂനുസ് നരിക്കുനി, ജലീല്‍ വൈരങ്കോട്, അബ്ദുല്‍ജലീല്‍ വയനാട്, മുഹ്‌സിന്‍ തൃപ്പനച്ചി, അഫ്താഷ് ചാലിയം, ഷമീര്‍ ഫലാഹി, ജാബിര്‍ വാഴക്കാട്, ഫിറോസ് കൊച്ചി, ഐ വി ജലീല്‍, ഷാനവാസ് പറവന്നൂര്‍ എന്നിവര്‍ സംസാരിച്ചു.