9 Monday
December 2024
2024 December 9
1446 Joumada II 7

നിര്‍ഭയത്വമാണ് മില്ലത്ത് ഇബ്‌റാഹീമിന്റെ നിലപാട്‌

കെ എം ജാബിര്‍


ഒരാള്‍ വിശുദ്ധ ഖുര്‍ആന്റെ പരിഭാഷയോ മറ്റ് ഇസ്‌ലാമിക ഗ്രന്ഥങ്ങളോ ഒരിക്കലും വായിച്ചിട്ടില്ലാത്ത ആളാണെങ്കില്‍ പോലും രണ്ടു പെരുന്നാള്‍ ആഘോഷങ്ങളെങ്കിലും ഒരിക്കലെങ്കിലും അകലെ നിന്ന് കാണാന്‍ അയാള്‍ക്ക് അവസരം കിട്ടിയിട്ടുണ്ടാകും. ഈ രണ്ട് ആഘോഷവേളകളിലും ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമായ ഏകദൈവ വിശ്വാസത്തിന്റെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തപ്പെടുന്നത് അയാള്‍ക്ക് കാണാനും കേള്‍ക്കാനും സാധിച്ചിട്ടുമുണ്ടാകും. അവിടെ ‘അല്ലാഹു അക്ബര്‍’ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍), ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യന്‍ ഇല്ല), ലില്ലാഹില്‍ ഹംദ് (അവനു മാത്രമാകുന്നു സകല സ്തുതികളും) എന്നീ വാക്യങ്ങള്‍ അയാള്‍ കേട്ടിട്ടുണ്ടാകും. ഇസ്‌ലാമിന്റെ രണ്ട് പെരുന്നാളുകളിലും ഈ ആദര്‍ശ വിളംബരമുണ്ട്. രണ്ട് ആഘോഷങ്ങളിലും സവിശേഷമായ ദാനധര്‍മങ്ങളുമുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍പാഠമുണ്ട്.
വിശുദ്ധ ഹജ്ജും നിഷ്പക്ഷ ചിന്തകരുടെ കണ്ണില്‍പ്പെടാതെ പോകില്ല. സ്വകാര്യതയില്‍ മറ്റാര്‍ക്കും കാണാന്‍ കഴിയാത്തവിധം രഹസ്യമായി നടത്തപ്പെടുന്ന അനുഷ്ഠാനമല്ലഅത്. ഏകദൈവ വിശ്വാസം, മാനവിക സാഹോദര്യം, അനുസരണം, അച്ചടക്കം, സമര്‍പ്പണം, ത്യാഗം എന്നീ ജീവിതമൂല്യങ്ങള്‍ ഹജ്ജ് എന്ന മഹാ കര്‍മവും വിളംബരം ചെയ്യുന്നുണ്ട്. ആദര്‍ശപിതാവ് ഇബ്‌റാഹീം(അ), ഭാര്യ ഹാജര്‍(റ), മകന്‍ ഇസ്മാഈല്‍(അ) എന്നീ വ്യക്തിത്വങ്ങളുടെ അചഞ്ചലമായ ആദര്‍ശനിഷ്ഠയും സമര്‍പ്പണബോധവും ത്യാഗവും അനുസ്മരിക്കപ്പെടാതെ മുസ്‌ലിം ലോകത്ത് ദുല്‍ഹജ്ജും ബലിപെരുന്നാളും കടന്നുപോവുകയില്ല.
ഇബ്‌റാഹീമിന്റെ മില്ലത്ത് പിന്തുടരാനുള്ള അല്ലാഹുവിന്റെ കല്‍പന പുതിയ കാലത്തെ മുസ്‌ലിം ജനവിഭാഗങ്ങളില്‍ വളരെ പ്രസക്തമാണെന്ന്പറയേണ്ടതില്ല. ഇബ്‌റാഹീം നബി(അ)യെക്കുറിച്ച് ഖുര്‍ആന്‍ ‘വമാ കാന മിനല്‍ മുശ്‌രികീന്‍’, ‘വലം യകു മിനല്‍ മുശ്‌രികീന്‍’ (അദ്ദേഹം ഒരു ബഹുദൈവ വിശ്വാസി ആയിരുന്നില്ല) എന്നിങ്ങനെ ആവര്‍ത്തിച്ചിട്ടുള്ളതായി കാണാം. ഇബ്‌റാഹീം നബി(അ)യുടെ പിന്തുടര്‍ച്ച അവകാശപ്പെട്ട പലരും നിര്‍മലമായ തൗഹീദ് കലവറയില്ലാതെ ഉള്‍ക്കൊണ്ട് (ഹനീഫന്‍ മുസ്‌ലിമന്‍) ബഹുദൈവത്വം ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്നതാണ് അതിനു കാരണം. അതുകൊണ്ടാണ് ഖുര്‍ആന്‍ പറഞ്ഞത്: ”ഇബ്‌റാഹീമിന്റെ ഉറ്റവരായിരിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ അദ്ദേഹത്തെ (ശരിക്കും) പിന്‍പറ്റിയവരാണ്. ഇപ്പോള്‍ ഈ നബിയും (മുഹമ്മദ്) സത്യവിശ്വാസികളുമാണ്” (3:68).
കേരളത്തിലെ പതിനായിരത്തോളം വരുന്ന മഹല്ലുകളില്‍ നിന്ന് അനേകം പേര്‍ ഹജ്ജിനു വേണ്ടി യാത്ര പുറപ്പെടുന്നതിനു മുമ്പ് വീടുകളില്‍ പ്രത്യേക മദ്ഹ് പാരായണ – കൂട്ടപ്രാര്‍ഥനാ സദസ്സുകള്‍ ഉണ്ടാക്കുന്നു! പ്രത്യേക മഖ്ബറകള്‍ സന്ദര്‍ശിച്ച് അവിടത്തെ ഖബറാളികളോട് യാത്ര സഫലമാവാനും അമലുകള്‍ കുറ്റമറ്റതാവാനും തങ്ങള്‍ക്കു വേണ്ടി ശുപാര്‍ശക്ക് ഇരക്കാനും സഹായത്തിന് അപേക്ഷിക്കുന്ന കാഴ്ചകൂടിവരുന്നു. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക് (അല്ലാഹുവേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു), ലാ ശരീക ലക (ദാത്തിലും സ്വിഫത്തിലും അഫ്ആലിലും നിനക്ക് പങ്കുകാരനില്ല), സ്തുതികള്‍ക്കും പുകഴ്ത്തലുകള്‍ക്കും അര്‍ഹന്‍ നീ മാത്രം, സര്‍വാധികാരങ്ങളും നിന്റെ അധീനതയില്‍ മാത്രം എന്നെല്ലാം ഉറച്ചു വിശ്വസിച്ച് ഉരുവിടാന്‍ പഠിപ്പിക്കപ്പെട്ട മുസ്‌ലിം ഈ ചെയ്യുന്നത് വഴികേടാണ്.
അവരെ ഈ വിധം വഴിതെറ്റിച്ചത് ഭൗതികതല്‍പരരായ പുരോഹിതന്‍മാരാണ്. മുസ്‌ലിംകള്‍ എന്ന് അവകാശപ്പെടുന്ന, ഇബ്രാഹീമിന്റെ മാര്‍ഗത്തിലെന്ന് അവകാശപ്പെടുന്ന ഇവര്‍ 3:68ലെ ഉദ്‌ബോധനം നേരിട്ടു ബാധകമാകുന്നവര്‍തന്നെയാണ്.
കേരളത്തിലെ പുതുതലമുറയിലെ തൗഹീദ് വാദികള്‍ക്കും ഇബ്‌റാഹീം നബി(അ)യുടെ നിലപാടിലും പ്രഖ്യാപനത്തിലും ചിന്തിക്കാനും പഠിക്കാനുമുണ്ട്: ”സാക്ഷാല്‍ ആരാധ്യനായ അല്ലാഹുവിനെക്കുറിച്ച് നിങ്ങള്‍ എന്നോട് തര്‍ക്കിക്കുന്നുവോ? അവനാകട്ടെ എനിക്ക് മാര്‍ഗദര്‍ശനം നല്‍കിയിരിക്കുന്നു. അവനെ കൂടാതെ നിങ്ങള്‍ പങ്കുചേര്‍ക്കുന്നവരെ (എനിക്ക് എന്തെങ്കിലും ദുരിതം വരുത്തുമെന്ന്) ഞാന്‍ ഭയക്കുന്നേയില്ല, എന്റെ രക്ഷിതാവ് എനിക്ക് എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടെങ്കിലല്ലാതെ.” ”നമ്മള്‍ രണ്ടു പക്ഷങ്ങളില്‍ നിര്‍ഭയത്വത്തിനും സമാധാനത്തിനും കൂടുതല്‍ അര്‍ഹതയുള്ളത് ആര്‍ക്കാണ്?” (6:81).
സകല പ്രവാചകന്‍മാരെയും നിഷേധികളായ ശത്രുക്കള്‍ അവരുടെ ആരാധ്യരുടെ ശാപകോപങ്ങളും ശിക്ഷകളും ദുരിതം ബാധിപ്പിക്കലും പറഞ്ഞ് ഭയപ്പെടുത്തിയിരുന്നു. അല്ലാഹുവിനെ കൂടാതെയുള്ള ഏത് ആരാധ്യനായാലും (ജീവനുള്ളതോ ജീവനില്ലാത്തതോ മിത്തുകളായിട്ടുള്ളതോ ഏതാകട്ടെ) അല്‍പം പോലും ഭയപ്പെടാന്‍ അവകാശമില്ലാത്തതാണ് എന്ന മറുപടിയാണ് അപ്പോഴെല്ലാം പ്രവാചകന്‍മാരുടെ പക്കല്‍ നിന്നുണ്ടായത്. അതാണ് ഇബ്‌റാഹീം നബി(അ) പ്രഖ്യാപിച്ചത്, ”വലാ അഖാഫു മാ തുശ്‌രികൂനബിഹി”എന്ന്.
”ഞങ്ങളുടെ ആരാധ്യവസ്തുക്കളില്‍ ചിലത് നിനക്ക് വല്ല തിന്മയും ബാധിപ്പിച്ചിരിക്കുന്നുവെന്നല്ലാതെ ഞങ്ങള്‍ (ഒന്നും) പറയുന്നില്ല. അദ്ദേഹം പറഞ്ഞു: ഞാന്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തുന്നു. നിങ്ങളും സാക്ഷ്യം വഹിച്ചുകൊള്ളുവിന്‍, നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് ഞാന്‍ ഒഴിവായവനാണെന്ന്” (ഹൂദ് 11:54). ”(അതെ,) അവനു പുറമെ (അവനോട് പങ്കുചേര്‍ക്കുന്നതില്‍ നിന്ന്. അതിനാല്‍, നിങ്ങള്‍ എല്ലാവരും (കൂടി) എന്നോട് തന്ത്രം പ്രയോഗിച്ചുകൊള്ളുക; പിന്നെ നിങ്ങള്‍ എനിക്കു താമസം നല്‍കേണ്ട” (ഹൂദ് 11:55).

മനുഷ്യന്റെ പഞ്ചേന്ദ്രിയ ജ്ഞാനത്തില്‍ പെടാത്ത, ദിവ്യവെളിപാടുകളിലൂടെ മാത്രം മനുഷ്യന്‍ മനസ്സിലാക്കിയ അതിഭൗതിക സൃഷ്ടികളായ ജിന്നുകളോടും മലക്കുകളോടും സഹായം തേടിയിരുന്ന ജനവിഭാഗങ്ങള്‍ ശിര്‍ക്ക് തന്നെയാണ് ചെയ്തിരുന്നത് എന്നു ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ സഹായതേട്ടങ്ങളില്‍ ഗുരുതര പാപമായ ശിര്‍ക്കായിരുന്നവ, ശിര്‍ക്കിനേക്കാള്‍ താഴെയുള്ള നിഷിദ്ധങ്ങളായവ, തൗഹീദിന് പോറലേല്‍പിക്കാത്ത അനുവദനീയമായവ എന്നിങ്ങനെ കാറ്റഗറൈസ് ചെയ്യുന്ന പുതിയ വ്യാഖ്യാനം മുന്നോട്ടുവെക്കുന്ന പുതുതലമുറയിലെ തൗഹീദ് വാദികള്‍, ഇബ്‌റാഹീമീ മില്ലത്തില്‍ നിന്നുള്ള വ്യതിയാനമാണെന്നു മനസ്സിലാക്കണം. അവര്‍ക്ക് ചിന്തിക്കാനും പഠിക്കാനുമുണ്ടെന്ന് സൂചിപ്പിച്ചത് അതിനെക്കുറിച്ചാണ്.
അല്ലാഹുവില്‍ പങ്കുചേര്‍ക്കപ്പെടുന്ന ഒന്നിനെയും ഞാന്‍ ഭയക്കുന്നില്ല എന്നാണ് ഇബ്‌റാഹീം നബി(അ)യുടെ പ്രഖ്യാപനം. മുശ്‌രികുകള്‍ അതിനെതിരായി വാദിക്കാവുന്ന ദുര്‍ന്യായത്തെ മുന്‍കൂട്ടിക്കണ്ട്, ഓടുന്ന പട്ടിക്ക് ഒരു മുഴം നീട്ടിയേറ് എന്ന മലയാളി മൊഴിയെ അനുസ്മരിപ്പിക്കും വിധം, ഇബ്‌റാഹീം നബി(അ) മറുപടി കൊടുക്കുന്നുണ്ട്: ”ഇല്ലാ അന്‍ യശാഅ റബ്ബീ ശൈഅന്‍” (എന്റെ രക്ഷിതാവ് വല്ലതും ഉദ്ദേശിക്കുന്നതായാലല്ലാതെ) എന്ന്. അതായത് ഇബ്‌റാഹീ(അ)മിന് എന്ത് ദോഷം ബാധിച്ചാലും അതൊന്നും അല്ലാഹുവിനു പുറമെയുള്ള ആരാധ്യരില്‍ നിന്നല്ല. അങ്ങനെ ഉണ്ടാവുകയില്ല. അതായത്, അനുഗ്രഹവും പരീക്ഷണവും ശിക്ഷയും ദുരിതവുമെല്ലാം അല്ലാഹുവില്‍ നിന്നു മാത്രം എന്ന തൗഹീദിന്റെ തെളിമയാര്‍ന്നലളിത സന്ദേശം.
ഹൂദ് നബി(അ)യോട് അവര്‍ പറഞ്ഞത് നോക്കുക. ‘ഞങ്ങളുടെ ആരാധ്യരില്‍ ചിലര്‍ നിനക്ക് ദോഷം ബാധിപ്പിച്ചിരിക്കുന്നു’വെന്ന്. അദ്ദേഹത്തിന്റെ മറുപടി നോക്കുക: (1) ‘നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് ഞാന്‍ ഒഴിവായവനാണ്.’ (അവരുടെ ആരാധ്യന്‍മാര്‍ ദ്രോഹം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നത് ശിര്‍ക്കാണെന്ന്). (2) എന്റെ രക്ഷിതാവില്‍ മാത്രം ഞാന്‍ ഭരമേല്‍പിക്കുന്നു എന്ന്. (3) നിങ്ങളും നിങ്ങളുടെ ആരാധ്യരും എല്ലാവരും കൂടി എനിക്കെതിരില്‍ ചെയ്യാവുന്നതെല്ലാം ചെയ്തുകൊള്ളുക, ഒരു സാവകാശവും തരേണ്ടതില്ല എന്ന ധീരമായ വെല്ലുവിളി. (4) മുഴുവന്‍ സൃഷ്ടികളുടെയും നിയന്ത്രണാധികാരം പ്രപഞ്ച സ്രഷ്ടാവിന്റെ കൈകളിലാണ്. (ആ സ്രഷ്ടാവാണ് എന്നെ നിയോഗിച്ചിട്ടുള്ളത്. യുക്തിയുക്തമായി കാര്യങ്ങള്‍ കയ്യാളുന്നവനാണവന്‍). ഇവരാണ് മാതൃകാ മുവഹ്ഹിദുകള്‍. സത്യവിശ്വാസികള്‍ ക്ഷണിക്കപ്പെടുന്നത് ഈ ഏകദൈവ വിശ്വാസത്തിലേക്കാണ്.
ഏകദൈവ വിശ്വാസത്തില്‍ അടിയുറച്ച വ്യക്തി ആദര്‍ശത്തില്‍ നിശ്ചയദാര്‍ഢ്യമുള്ളവനായിരിക്കും. ഭൗതികമായ ഭീഷണികളില്‍ അവന്റെ ധൈര്യം ചോര്‍ന്നുപോകില്ല. വ്യാജ ആരാധ്യന്‍മാരുടെ ദോഷബാധ ഭയക്കുകയില്ല. പ്രലോഭനങ്ങളില്‍ കാലിടറിവീഴുകയുമില്ല. സമര്‍പ്പണത്തിനും ത്യാഗത്തിനും അച്ചടക്കമുള്ള വിശുദ്ധ ജീവിതത്തിനും അവന്‍ സദാ സന്നദ്ധനായിരിക്കും. ഇതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്ന മില്ലത്ത്ഇബ്‌റാഹീം.

Back to Top