മീലാദുന്നബി അനാചാരമോ?
മുഫീദ് മുഷ്താഖ്
മഹാന്മാരുടെയും പുണ്യപുരുഷന്മാരുടെയും ചില പ്രവാചകന്മാരുടെയും ജനനമരണ ദിവസങ്ങള്‍ ആഘോഷിക്കപ്പെടുന്ന സമ്പ്രദായത്തിന് വളരെയേറെ പ്രചാരം കിട്ടിയ കാലഘട്ടമാണിത്. ചില മഹാന്മാരുടെ ജനന മരണ ദിവസങ്ങള്‍ വളരെയേറെയൊന്നും ഒച്ചപ്പാടുകളില്ലാതെ ആഘോഷിക്കുമ്പോള്‍, ലോകാടിസ്ഥാനത്തില്‍ തന്നെ മതവിശ്വാസികളെ സ്വാധീനിച്ച രണ്ട് പ്രവാചകന്മാരുടെ ജന്മദിനാഘോഷങ്ങളാണ് ക്രിസ്തുമസും മീലാദുന്നബിയും. ഇതില്‍ ക്രിസ്തീയര്‍ യേശുവെന്നും മുസ്‌ലിംകള്‍ ഈസാനബി (അ)യെന്നും വിളിക്കുന്ന പ്രവാചകനായ ഈസാ(അ)യുടെ ജനനത്തെ സംബന്ധിച്ച് അതീവ ഗുരുതരമായൊരു വിശ്വാസസംഹിത തന്നെ പടച്ചുവിട്ടിരിക്കയാണവര്‍. അതവരുടെ മതവിശ്വാസത്തിന്റെ ഏറ്റവും അടിത്തറയായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ ചുരുക്കമിതാണ്: മനുഷ്യന്‍ ജന്മനാ പാപിയാണ്. അതിനാല്‍ അവന്റെ പാപഭാരം ഏറ്റെടുക്കാനായി സാക്ഷാല്‍ ദൈവം മനുഷ്യാകാരം പൂണ്ട് പതിവ്രതയായ മര്‍യമിന്റെ ഗര്‍ഭാശയത്തിലൂടെ ഭൂമിയിലേക്കിറങ്ങിവന്നതാണ് യേശുക്രിസ്തു. തന്നെയുമല്ല മനുഷ്യരുടെ മുഴുവന്‍ പാപഭാരവും ചുമക്കാന്‍ ദൈവം സ്വയം സന്നദ്ധനായതിന്റെ തെളിവാണ് കുരിശാരോഹണമെന്നും മറ്റും പ്രചരിപ്പിച്ചുകൊണ്ട് പ്രപഞ്ചസ്രഷ്ടാവും നാഥനുമായ ദൈവത്തെ കേവലം സാധാരണ മനുഷ്യര്‍ക്കിടയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന് മനുഷ്യാകാരം പൂണ്ട ആ ‘ദൈവം’ നിസ്സഹായനും ഒന്നിനും കഴിയാത്തവനുമായി കുരിശില്‍ തറക്കപ്പെടുകയാണുണ്ടായത് എന്നു അവര്‍ പ്രചരിപ്പിക്കുന്നു.
എന്നാല്‍ മുഹമ്മദ് നബി(സ)യുടേയും അവിടുത്തെ സന്തതസഹചാരികളുടേയും ഉത്തമനൂറ്റാണ്ടുകളിലെ മഹാന്മാരുടേയും കാലത്തില്ലാത്ത അനാചാരങ്ങളുടെ പ്രചാരകന്മാരായ ചില പുത്തന്‍വാദികള്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിവസം ആഘോഷിക്കുന്നു. ഇതിന് കൃത്രിമമായ ഭക്തിയുടെ മായാലോകമുണ്ടാക്കാനായി തോരണങ്ങളും മാലകളും ചീരണികളും ജാഥകളും ആരോ എഴുതിയുണ്ടാക്കിയ വാറോലകള്‍ പാരായണം ചെയ്യലും നടത്തി കൈമടക്കില്‍ പര്യവസാനിക്കുന്ന സ്‌നേഹപ്രകടനത്തിലൂടെ അല്ലാഹുവിലേക്കടുക്കാനുള്ള കുറുക്കുവഴികള്‍ കണ്ടുപിടിക്കുന്ന തിരക്കിട്ട ജോലിയിലാണ്.
ഇസ്‌ലാം ദീനിന്റെ സര്‍വനിയമങ്ങളും പ്രവാചകന്‍ ജനങ്ങള്‍ക്ക് എത്തിച്ചു തന്നിട്ടുണ്ട് എന്നതും ഇനി ഈ മതത്തില്‍ ഒന്നും കടത്തിക്കൂട്ടാന്‍ പാടില്ല എന്നതും ലോകമുസ്‌ലിംകള്‍ക്കിടയില്‍ നിരാക്ഷേപം അംഗീകരിക്കപ്പെട്ടൊരു കാര്യമായിട്ട് കൂടി യാഥാസ്ഥിതികര്‍ തങ്ങളുടെ വകയായി ചില ‘നല്ല അനാചാരങ്ങള്‍’ (ബിദ്അത്തുന്‍ ഹസന) സംഭാവന ചെയ്യുന്ന അവസ്ഥയാണിപ്പോള്‍. എല്ലാ ബിദ്അത്തും (അനാചാരം) വഴികേടാകുന്നു എന്നും നമ്മുടെ ഈ മതകാര്യത്തില്‍ വല്ലതും പുതുതായുണ്ടാക്കിയാല്‍ അത് തള്ളിക്കളയണമെന്നുമുള്ള നബിവചനം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബിയുടെ പ്രകാശമാണെന്നും പ്രസ്തുത പ്രകാശത്തെ ആദമിനെ സൃഷ്ടിക്കാനെടുത്ത മണ്ണില്‍ കൂട്ടിക്കുഴക്കുകയാണുണ്ടായതെന്നും അങ്ങനെ പരിശുദ്ധന്മാരുടെ മുതുകുകളിലൂടെ ആ പ്രകാശം ഭൂമിയില്‍ അവതരിച്ചതാണ് മുഹമ്മദ് നബി(സ)യെന്നും ചില യാഥാസ്ഥിതികര്‍ വിശ്വസിക്കുന്നുണ്ട്. ഈസാ(അ)യെ ക്രിസ്ത്യാനികള്‍ പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്ത്തിപ്പറയരുത് എന്ന പ്രവാചകന്റെ വാക്യത്തിലെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ അനാചാരങ്ങളുടെ അവസാനം എവിടെയാണെത്തിച്ചേരുകയെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.
ആത്മീയമായി മാലാഖയുടെയും ഭൗതികമായി മനുഷ്യന്റെയും സമ്മിശ്രമായൊരു സൃഷ്ടിയാണ് മുഹമ്മദ് നബി(സ)യെന്നും ആദ്യമായി സൃഷ്ടിച്ച പ്രകാശം പുണ്യവാന്മാരുടെ മുതുകുകളിലൂടെയാണ് ഭൂമിയിലേക്ക് അവതരിച്ചതെന്നും വിശ്വസിക്കുമ്പോള്‍ നബിതിരുമേനി (സ)യുടെ ഉപ്പാപ്പമാരെല്ലാം പുണ്യവാളന്മാരായിരുന്നു എന്ന് അംഗീകരിക്കേണ്ടിവരുമെന്നവര്‍ ചിന്തിക്കുന്നില്ല! ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിലോ പ്രവാചക തിരുമേനിയുടെ പവിത്രമായ ചര്യകളിലോ നിര്‍ദേശിക്കപ്പെടാത്ത നൂതനങ്ങളായ അനാചാരങ്ങളെ വെള്ളപൂശാന്‍ ദുര്‍വ്യാഖ്യാനത്തിന്റെ പഴുതന്വേഷിച്ചു നടക്കുന്ന പുരോഹിതന്മാരും ചിന്താശേഷി നഷ്ടപ്പെട്ട ജനങ്ങളുമാണിതിന്റെ കൊടിനാട്ടികള്‍. 63 കൊല്ലക്കാലം സ്വന്തം സമൂഹത്തിന്നിടയില്‍ ജീവിച്ച അന്ത്യപ്രവാചകന്‍ നിരക്ഷരരായ അറബികളുടെയിടയില്‍ നിയോഗിക്കപ്പെട്ട നിരക്ഷരകുക്ഷിയായൊരു ‘മനുഷ്യമാലാഖ’യാണെന്ന് വിശ്വസിപ്പിക്കുന്നേടത്തേക്കാണവരുടെ പോക്ക്!
ഇസ്‌ലാമിന് ഈ വിശ്വാസവുമായി യാതൊരു ബന്ധവുമില്ല. പ്രവാചകന്‍(സ) ജീവിച്ചിരിക്കുമ്പോള്‍ തന്റെ ജന്മദിവസം ആഘോഷിച്ചിട്ടില്ല. തന്റേതായ വ്യക്തിത്വവും ജനനമാഹാത്മ്യവും പറഞ്ഞ് അതാഘോഷിക്കാന്‍ ആരോടും കല്പിച്ചിട്ടുമില്ല. അദ്ദേഹത്തോടൊപ്പം നടക്കുകയും ഇരിക്കുകയും സഹവസിക്കുകയും ചെയ്തുകൊണ്ട് അവിടുത്തെ മാതൃകയും സ്വഭാവചര്യകളും കണ്ടുമനസ്സിലാക്കി നിലകൊണ്ടിരുന്ന സഹാബികളാരും തന്നെ അവിടുത്തെ ജീവിതകാലത്തോ മരണശേഷമോ ആഘോഷിച്ചിട്ടില്ലാത്ത ഈ ജന്മദിനാഘോഷമെന്ന പ്രവണത മുസ്‌ലിം സമൂഹത്തിലേക്ക് നുഴഞ്ഞുകയറിയ അനാചാരങ്ങളുടെ കൂട്ടത്തില്‍ ഒന്നുമാത്രമാണ്. പ്രവാചകനോട് സ്‌നേഹമില്ലാത്തവന്‍ യഥാര്‍ഥ മുസ്‌ലിമല്ല തന്നെ. എന്നാല്‍ സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കാന്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ തന്നെ കാണിച്ചുതന്നിട്ടുള്ള വഴിയവലംബിച്ചാല്‍ പോരേ? ഒരു ലക്ഷത്തില്‍പരം പ്രവാചകന്മാരെ മാനവ സമൂഹത്തെ നേര്‍വഴി കാണിക്കാന്‍ തെരഞ്ഞെടുത്തയച്ചിട്ട് അവരിലുള്ള കേവലം രണ്ട് പ്രവാചകന്മാരുടെമാത്രം ജന്മദിവസങ്ങളാണല്ലോ ആഘോഷിക്കുന്നത്. പ്രവാചകന്മാര്‍ എന്നാണ് ജനിച്ചത്, എന്നാണ് മരിച്ചത് എന്നറിയല്‍ വിശ്വാസത്തിന്റെ ഭാഗമല്ല എന്നതിന് അതുതന്നെ മതിയായൊരു തെളിവാണ്. എന്നാല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യെ സാധാരണ മനുഷ്യനായി ചിത്രീകരിക്കുന്നു എന്നും തങ്ങളല്ലാത്തവരൊന്നും പ്രവാചകനെ സ്‌നേഹിക്കുന്നില്ലെന്നും പ്രചാരണം നടത്തി സാധാരണക്കാരെ ഇളക്കിവിട്ടുകൊണ്ട് തങ്ങളുടെ താളത്തിനൊപ്പം തുള്ളുന്ന ഭൂരിപക്ഷത്തെയുണ്ടാക്കി തക്ബീര്‍ ധ്വനികളുടെ അന്തരീക്ഷത്തില്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണിവര്‍ ശ്രമിക്കുന്നത്. പക്ഷെ, അല്ലാഹുവിന്റെ കോടതിയില്‍, അവന്റെ തിരുസന്നിധിയില്‍ ഈ ഭൂരിപക്ഷമൊന്നും വിലപ്പോവുകയില്ല.
പ്രവാചകന്മാരെല്ലാം തന്നെ മനുഷ്യരായിരുന്നു എന്ന പൊതുതത്ത്വം അംഗീകരിക്കാത്ത ഒരാളുടേയും ഇസ്‌ലാം പൂര്‍ണമാവുകയില്ല. മനുഷ്യരായിരുന്നു അവര്‍ എന്ന് പറയുമ്പോള്‍ ആ പ്രവാചകന്മാര്‍ മാലാഖമാരോ ദേവന്മാരോ ആയിരുന്നില്ല എന്നേ അര്‍ഥമുള്ളൂ. ഭക്ഷണം കഴിക്കുക, മലമൂത്രവിസര്‍ജനം നടത്തുക, വിവാഹം കഴിക്കുക, സന്താനങ്ങള്‍ ഉണ്ടാവുക, കച്ചവടം നടത്തുക, ആടിനെ മേക്കുക, യുദ്ധം ചെയ്യുക, യാത്ര പോവുക തുടങ്ങി മനുഷ്യര്‍ ചെയ്യാറുള്ള ജോലികള്‍ പ്രവാചകന്മാരും ചെയ്തിരുന്നു. കൂടാതെ ചൂട്, തണുപ്പ്, കോപം, കരച്ചില്‍, ചിരി തുടങ്ങിയ അനുഭൂതികളും വികാരങ്ങളും അവര്‍ക്കുമുണ്ടായിരുന്നു. അങ്ങനെ മനുഷ്യര്‍ക്കിടയില്‍ മനുഷ്യരെപ്പോലെ ജീവിച്ച് ദൈവകല്പനയനുസരിച്ച് ഉല്‍ബോധനം നടത്തുകയായിരുന്നു അവരുടെ ജോലി. മറിച്ച്, ഇതെല്ലാം ചെയ്യുന്ന മനുഷ്യമലക്കുകളായിട്ടല്ല അവര്‍ ജീവിച്ചത്.
ഞങ്ങള്‍ക്ക് ദിവ്യബോധനം (വഹ്‌യ്) കിട്ടിയതിനാല്‍ ഞങ്ങള്‍ മനുഷ്യരല്ലാതായിരിക്കുന്നു എന്ന് ഒരൊറ്റ പ്രവാചകന്മാരും പറഞ്ഞിട്ടുമില്ല. സ്വന്തം നിലയില്‍ അത്ഭുതകൃത്യങ്ങള്‍ കാണിക്കുവാനോ അതുവഴി ആളുകളെ ആകര്‍ഷിക്കുവാനോ അതിന്റെ പേരില്‍ അനുയായികളെ കൂട്ടാനോ ഐഹികമായ കാര്യലാഭം നേടാനോ വന്നവരല്ല പ്രവാചകന്മാര്‍. എന്നാല്‍ ചിലര്‍ അവരെപ്പറ്റി, അവര്‍ ഗര്‍ഭത്തിലിരിക്കെത്തന്നെ അത്ഭുതങ്ങള്‍ കാണിച്ചവരാണെന്നും ജന്മശേഷം അത്ഭുതങ്ങള്‍ കാഴ്ചവെക്കലായിരുന്നു അവരുടെ ജോലിയെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇത്തരം ഒട്ടനവധി പൊള്ളവാദങ്ങള്‍ പ്രമാണങ്ങളുടെ പിന്‍ബലമില്ലാതെ ഇവര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. മുഹമ്മദ് നബി(സ)യെ പ്രവാചകനായി നിയോഗിച്ചത് റമദാനിലായിരുന്നു. ആ മാസത്തില്‍ നോമ്പുനോറ്റും ഖുര്‍ആന്‍ ഓതിയും നമസ്‌കരിച്ചും മറ്റ് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തും അല്ലാഹുവിലേക്കടുക്കാന്‍ ആത്മാര്‍ഥത കാണിച്ചുകൊണ്ടാണ് പ്രവാചകനോടുള്ള സ്‌നേഹാദരവുകള്‍ പ്രകടമാക്കേണ്ടത്. മറിച്ച്, വാറോലകള്‍ ഓതിപ്പാടി നടുറോഡിലൂടെ നടന്നുകൊണ്ടല്ല.
ഞങ്ങള്‍ മദ്ഹബ് അംഗീകരിക്കുന്നവരാണെന്ന് പറയുന്നവര്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ മദ്ഹബിന്റെ പണ്ഡിതന്മാരെ സ്വീകരിക്കുന്നില്ല? എന്തൊരു കഷ്ടം! അവരുടെ മദ്ഹബിലെ പണ്ഡിതനായ ശൈഖ് ഇബ്‌നുഹജര്‍ ഹൈത്തമി ഫത്‌വ കൊടുത്തത് കാണുക: ”മൗലിദ് എന്ന സമ്പ്രദായം മൂന്ന് ഉത്തമനൂറ്റാണ്ടുകളിലെ ആരില്‍നിന്നും ഉദ്ധരിക്കപ്പെടാത്ത അനാചാരമാണ്. ” (അല്‍ഹാവീ ലില്‍ ഫതാവാ) അതുപോലെത്തന്നെ അറിയപ്പെട്ടൊരു കര്‍മശാസ്ത്രഗ്രന്ഥമായ ഇആനത്തുത്വാലിബീനില്‍ ഈ അനാചാരം തീറ്റപ്രിയന്മാര്‍ കെട്ടിയുണ്ടാക്കിയതാണെന്നും ഹിജ്‌റ 630 ല്‍ അന്തരിച്ച മുളഫര്‍ രാജാവിന്റെ കാലത്താണിതുണ്ടായതെന്നും മാതൃകായോഗ്യരായ ഉത്തമനൂറ്റാണ്ടിലെ ആരുടേയും മാതൃക ഇതിന്നില്ലെന്നും ഇമാം സയ്യിദുല്‍ബക്‌രി(റ) പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ മുഹമ്മദ് നബി(സ)യുടെ ഇരുപത് ഉപ്പാപ്പമാരുടെ പേരുവിവരം അറിയല്‍ മുസ്‌ലിംകളുടെ മേല്‍ നിയമമാക്കുക വഴി മനുഷ്യരുടെ തലമുറയിലൂടെ വന്ന അവസാനത്തെ പ്രവാചകനാണ് അദ്ദേഹമെന്ന് പകല്‍ വെളിച്ചം പോലെ തെളിഞ്ഞ സ്ഥിതിക്ക് അതിന്നുമുമ്പില്‍ പുകമറ സൃഷ്ടിക്കാനുള്ള ഈ നീക്കം തികച്ചും അനിസ്‌ലാമികം മാത്രമാണ്.
നബി തിരുമേനി(സ)യുടെ സമുന്നതമായ ചര്യകള്‍ പ്രാവര്‍ത്തികമാക്കി സ്വര്‍ഗം നേടാന്‍ മുന്നേറുകയെന്നതാണ് നമ്മുടെ കടമ. അതല്ലാതെ അനാചാരങ്ങള്‍ ചെയ്ത് സല്‍ക്കര്‍മങ്ങളുടെ പ്രതിഫലം നിഷ്ഫലമാക്കുകയല്ല വേണ്ടത്.