28 Saturday
June 2025
2025 June 28
1447 Mouharrem 2

മികച്ച അഭിവാദ്യം

അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ


സ്വാമി വിവേകാനന്ദന്റെ പ്രസംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെടാറുള്ളത് അമേരിക്കയിലെ ചിക്കാഗോ പ്രസംഗമാണ്. ആ പ്രസംഗത്തിനു മാറ്റു കൂട്ടിയതാകട്ടെ അദ്ദേഹത്തിന്റെ അഭിവാദ്യ രീതിയും. അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ എന്നതായിരുന്നു പ്രസംഗത്തിന്റെ തുടക്കം. ഒരു വ്യക്തി മറ്റൊരാളുമായി ഇടപഴകുമ്പോള്‍ അയാളുടെ അഭിവാദ്യ രീതിയും പെരുമാറ്റവും നോക്കിയാണ് പലപ്പോഴും അയാള്‍ വിലയിരുത്തപ്പെടുന്നത്. മദര്‍ തെരേസയോട് ഭിക്ഷ ചോദിച്ച ഭിക്ഷക്കാരനോട് സഹോദരാ എന്റെ പക്കല്‍ ഒന്നുമില്ല എന്നു പറഞ്ഞപ്പോള്‍ ഭിക്ഷക്കാരന്‍ അത്ഭുതപ്പെട്ടു. ഇന്നുവരെയും തന്നെ സഹോദരാ എന്നു ആരും വിളിച്ചിട്ടില്ലെന്നും ഈ വാക്കുകേട്ട് ഞാന്‍ ഏറെ സന്തോഷിക്കുന്നുവെന്നു അയാള്‍ പ്രതികരിക്കുന്നു.
ചീത്ത ലഭിക്കാതിരിക്കാനും നല്ലതു ലഭിക്കാനും എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഒരു വാഹനം വാങ്ങുമ്പോഴും കുട്ടികളെ വിദ്യാലയത്തില്‍ ചേര്‍ക്കുമ്പോഴും ഏറ്റവും നല്ലത് ഏതെന്ന് നാമൊക്കെ തിരയാറുണ്ട്. എങ്കില്‍ അഭിവാദ്യവും ഏറ്റവും മികച്ചതാവണമല്ലോ? ഒരാള്‍ മറ്റുള്ളവരെ അഭിവാദ്യം ചെയ്യുന്ന രീതിയും അതിനുപയോഗിക്കുന്ന വാക്കുകളും കേള്‍വിക്കാരനില്‍ മതിപ്പോ അവമതിപ്പോ ഉണ്ടാക്കാം. ബിസിനസ് എക്‌സിക്യൂട്ടീവുകള്‍ ഉപഭോക്താക്കളെ വളരെ മാന്യമായി അഭിവാദ്യം ചെയ്യുന്നതു കാണാം. ഗുഡ്‌മോര്‍ണിങ്, ഹാവ് എ നൈസ് ഡേ, നമസ്‌കാരം, ആയുഷ്മാന്‍ ഭവ എന്നിങ്ങനെ വിവിധ സമൂഹങ്ങളിലുള്ള അഭിവാദന രീതികള്‍ വ്യത്യസ്തമാണ്. എന്നാല്‍ ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ കാണുമ്പോള്‍ അഭിവാദ്യം ചെയ്യേണ്ടത് സലാം പറഞ്ഞു കൊണ്ടാണ്. അസ്സലാമു അലൈക്കും എന്നോ അസ്സലാമു അലൈകും വറഹ്മത്തുല്ലാഹി വബറകാത്തുഹു എന്നോ അഭിവാദ്യം ചെയ്യാം. യഥാര്‍ഥത്തില്‍ മനസ്സില്‍ തട്ടി തന്റെ സഹോദരനു വേണ്ടിയുള്ള ഒരു പ്രാര്‍ഥനയാണിത്. എന്നാല്‍ പലപ്പോഴും വെറും ഒരു ഉപചാരമായി ഇത് തരം താഴാറുണ്ട്. ഉള്ളില്‍ വിദ്വേഷം വെച്ചു കൊണ്ട് പുറമെ കാണിക്കാനുള്ള ഒരു ഉപചാരമായി ഇതു പറയുന്നവരും കുറവല്ല. സൂറത്തുന്നൂറിലെ അറുപത്തി ഒന്നാം വചനത്തില്‍ ഇങ്ങനെ കാണാം: ”എന്നാല്‍ നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുന്നതായാല്‍ നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ അല്ലാഹുവില്‍ നിന്നുള്ള പാവനമായ ഒറു അനുഗ്രഹീത ഉപചാരമെന്ന നിലക്ക് സലാം ചൊല്ലണം’. സലാം ചൊല്ലുന്നവനു തന്നെ അത് അനുഗ്രഹീതമായിത്തീരുന്നു എന്നും അല്ലാഹുവിങ്കല്‍ നിന്നുള്ള പാവനമായ ഒരു ഉപചാര വാക്കാണ് അതെന്നും ഇതില്‍ നിന്നു മനസ്സിലാക്കുന്നു. അനുഗൃഹീതം, അഭിവൃദ്ധിയുള്ളത്, ആശീര്‍വദിക്കപ്പെട്ടത്, പാവനമായത്, പരിശുദ്ധമായത്, ഹൃദയ ശുദ്ധിയോടു കൂടിയുള്ള എന്നൊക്കെയാണ് സലാമിന് കൊടുത്തിരിക്കുന്ന വിശേഷണങ്ങള്‍.
ആയിരക്കണക്കിന് കൗണ്‍സലിംഗ് സെന്ററുകളില്‍ സമാധാനം തേടിയലയുന്ന മനുഷ്യന്‍ തന്റെ റബ്ബില്‍ നിന്നുള്ള സമാധാനവും രക്ഷയുമാണ് ഏറ്റവും മികച്ചതെന്ന കാര്യം പലപ്പോഴും മറന്നു പോകുന്നു. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവുമുണ്ടാകട്ടെ എന്നു മനമുരുകി പ്രാര്‍ഥിക്കുമ്പോള്‍ തനിക്ക് അതിലും മുന്തിയ പ്രത്യഭിവാദ്യം ലഭിക്കുന്നു. ഈ രക്ഷയും സമാധാനവും സ്രഷ്ടാവില്‍ നിന്നുള്ളതാണെന്നു കൂടി മനസ്സിലാക്കുമ്പോള്‍ അതിന്റെ മഹത്വം കൂടുന്നു. അസ്സലാമു അലൈക്കും എന്നതിന് പത്ത് പ്രതിഫലവും വറഹ്മത്തുല്ലാഹി കൂടിച്ചേര്‍ക്കുമ്പോള്‍ ഇരുപത് പ്രതിഫലവും വബറക്കാത്തുഹു എന്നു കൂടി ചേര്‍ത്താല്‍ മുപ്പത് പ്രതിഫലവും ഉണ്ടെന്ന നബി (സ) തിരുമേനിയുടെ വാക്കുകള്‍ ഓര്‍ക്കുക. പുലരും മുതല്‍ ഉറങ്ങാന്‍ കിടക്കുന്നതു വരെ നാം കണ്ടുമുട്ടുന്നവര്‍ക്ക് സലാം പറയുമ്പോള്‍ നമ്മുടെ അക്കൗണ്ടില്‍ പ്രതിഫലം വന്നു കുമിയുന്നു. നന്മയുടെ ത്രാസ് ഒരു അണുമണിത്തൂക്കം മുന്തിച്ചാല്‍ സ്വര്‍ഗം ലഭിക്കുമെന്നിരിക്കേ സ്‌നേഹവും സാഹോദര്യവും വര്‍ധിപ്പിക്കുന്ന സലാം പറയുന്നതില്‍ നാം എന്തിനാണ് പിശുക്ക് കാണിക്കുന്നത്.

Back to Top