ലിംഗസമത്വത്തിന്റെ പേരില്‍ ലൈംഗിക അരാജകത്വം സൃഷ്ടിക്കരുത് – എം ജി എം

എം ജി എം സംസ്ഥാന കണ്‍വന്‍ഷന്‍ കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ലിംഗസമത്വത്തിന്റെ പേര് പറഞ്ഞ് ലൈംഗിക അരാജകത്വത്തിലേക്ക് വഴിവെക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് എം ജി എം സംസ്ഥാന കണ്‍വന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ശാസ്ത്ര സാങ്കേതിക പുരോഗതിയെ പരിഗണിച്ച് കാലത്തിന്റെ വെല്ലുവിളികളെ അതിജയിക്കാന്‍ പുതുതലമുറയെ പ്രാപ്തമാക്കും വിധമാവണം പാഠ്യപദ്ധതി പരിഷ്‌കരണം. കുത്തഴിഞ്ഞ ലൈംഗികത സമൂഹത്തിന്റെ ഗുണപരമായ പരിവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുമെന്നിരിക്കെ പുതുതലമുറക്ക് ശരിയായ മാര്‍ഗ നിര്‍ദേശം നല്‍കാവുന്ന വിധത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണം.
വര്‍ധിച്ചുവരുന്ന മദ്യലഹരി വ്യാപനത്തിന്റെ ദുരിതം പേറുന്നത് അധികവും കുടുംബിനികളാണെന്നിരിക്കെ മദ്യ ലഹരി മാഫിയക്കെതിരിലുള്ള പോരാട്ടത്തില്‍ സ്ത്രീ സമൂഹം നേതൃപരമായ പങ്ക് വഹിക്കണം.
ലഹരി മാഫിയയെ നിയമത്തിന്റെ വരുതിയില്‍ നിര്‍ത്താനും മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരാനും സര്‍ക്കാര്‍ ആര്‍ജവമുള്ള നിലപാട് സ്വീകരിക്കണം. ലഹരി വിരുദ്ധ സമരത്തോടൊപ്പം തന്നെ കൂടുതല്‍ മദ്യഷാപുകള്‍ അനുവദിക്കുകയും മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നത് ഉത്തരവാദപ്പെട്ട സര്‍ക്കാറിന് ചേര്‍ന്നതല്ലെന്നും എം ജി എം വ്യക്തമാക്കി.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ അധ്യക്ഷത വഹിച്ചു. ജനുവരി അവസാനം പാലക്കാട് കോട്ട മൈതാനിയില്‍ സംഘടിപ്പിക്കുന്ന കേരളാ വിമന്‍സ് സമ്മിറ്റിന്റെ സംഘാടക സമിതി റുക്‌സാന വാഴക്കാട് പ്രഖ്യാപിച്ചു. പി അബ്ദുല്‍അലി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, വി സി മറിയക്കുട്ടി സുല്ലമിയ്യ, സി ടി ആയിഷ, സൈനബ ഷറഫിയ്യ, എം ടി നജീബ, റാഫിദ ഖാലിദ്, വി പി ആയിഷ, സലീമ ടീച്ചര്‍, സുഹ്‌റ ടീച്ചര്‍, തഹ്‌ലിയ പാറന്നൂര്‍, സമാഹ് ഫാറൂഖി, ഉബൈദുല്ല മാസ്റ്റര്‍, എം ടി അബ്ദുല്‍ വാജിദ്, കെ സ്വാനി, ഷാന തസ്‌നീം പ്രസംഗിച്ചു.