എം ജി എം സംസ്ഥാന പുസ്തകാസ്വാദന മത്സരം

എറണാകുളം: മനുഷ്യന്റെ വൈജ്ഞാനികവും സാംസ്‌കാരികവുമായ ഉന്നമനത്തിനാധാരമായ അറിവുകളുടെ ശേഖരമാണ് പുസ്തകങ്ങളെന്നു കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി എം മൗലവി ആലുവ പറഞ്ഞു. എം ജി എം സംസ്ഥാന സമിതി സംഘടിപ്പിച്ച പുസ്തകാസ്വാദന മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വായന മരിക്കുന്നു എന്നത് അടിസ്ഥാന രഹിതമാണ്. വായനയുടെ മാധ്യമങ്ങളില്‍ വൈവിധ്യം വരികയും വിവിധ തലങ്ങളിലുള്ള വായന കൂടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. എം ജി എം പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ അധ്യക്ഷത വഹിച്ചു. ജില്ലകളില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവരാണ് സംസ്ഥാന മത്സരത്തില്‍ മാറ്റുരച്ചത്. ഫാതിമ മന്‍സൂര്‍ (ആലപ്പുഴ), ഹസീന മന്‍സൂര്‍ (മലപ്പുറം വെസ്റ്റ്), ജമിന അന്‍സാര്‍, ഇ ഒ നിഹാല എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജന. സെക്രട്ടറി സി ടി ആയിഷ, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി, സാബിക് കൊച്ചി, നെക്‌സി കോട്ടയം, ഹിബ വി സമദ്, ഹാറൂന്‍ കക്കാട്, ഡോ. മുസ്തഫ കൊച്ചിന്‍, ജ്യോതി ടീച്ചര്‍ പ്രസംഗിച്ചു.
