മന്ത്രവാദികളെയും സിദ്ധന്‍മാരെയും നിയന്ത്രിക്കാന്‍ നിയമം വേണം: എം ജി എം
കോഴിക്കോട്: മതത്തിന്റെ മറപിടിച്ച് ആത്മീയ ചികിത്സ എന്ന പേരില്‍ പാവപ്പെട്ട മനുഷ്യരുടെ ജീവനും സ്വത്തും അഭിമാനവും കവര്‍ന്നെടുക്കുന്ന മന്ത്രവാദികളെയും സിദ്ധന്‍മാരെയും ജയിലിലടക്കാന്‍ നിയമം വേണമെന്ന് കെ എന്‍ എം മര്‍കസ്സുദ്ദഅ്‌വ വനിതാ വിഭാഗമായ എം ജി എം പ്രസ്താവിച്ചു.
വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായി പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന കേരള സംസ്ഥാനത്ത് ഈയിടെയായി മന്ത്രവാദത്തിന്റെ പേരില്‍ നിരവധിപേര്‍ ജീവനും സമ്പത്തും മാനവും നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. രോഗം വന്നാല്‍ ചികിത്സ തേടുകയും ദൈവത്തോട് പ്രാര്‍ഥിക്കുകയും ചെയ്യുകയെന്ന മതശാസനകളെ അവഗണിച്ച് സിദ്ധന്മാരുടെയും മന്ത്രവാദികളുടെയും തട്ടിപ്പുകളില്‍ കഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. യാതൊരു മുതല്‍മുടക്കുമില്ലാതെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ആത്മീയ ബിസിനസ്സായി മന്ത്രവാദവും ആഭിജാരവും ജിന്ന് ചികിത്സയും കേരളമൊന്നാകെ പിടിമുറുക്കുകയാണ്. മന്ത്രവാദികളുടെ തട്ടിപ്പിനും പീഡനത്തിനും കൊലപാതകങ്ങള്‍ക്കും ഇരയാക്കപ്പെടുന്നതിലധികവും സ്ത്രീകളും കുട്ടികളുമാണ്.
നാട്ടിലുടനീളമുള്ള ആത്മീയ തട്ടിപ്പുകേന്ദ്രങ്ങളുമായി രാഷ്ട്രീയ -ഉദ്യോഗസ്ഥ അവിഹിത ബന്ധം നിലനില്‍ക്കുന്നതിനാല്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് പലപ്പോഴും നീതികിട്ടാതെ പോവുകയാണ്. മാനഹാനി ഭയന്ന് തട്ടിപ്പുകള്‍ക്കിരയാക്കപ്പെടുന്ന കേസുകളിലധികവും മറച്ചുവെക്കപ്പെടുകയുമാണ്. കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധത കാത്തുസൂക്ഷിക്കാന്‍ ആത്മീയ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രവാദികളെയും സിദ്ധന്‍മാരെയും അവര്‍ക്ക് കൂട്ടുനില്‍ക്കുന്നവരെയും വ്യാജപ്രചാരണം നടത്തുന്നവരെയും നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരാന്‍ ശക്തമായ നിയമനിര്‍മാണം തന്നെ വേണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ച നിര്‍ദേശം ഗൗരവമായെടുത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡണ്ട് വി സി മറിയക്കുട്ടി സുല്ലമിയ്യ, ജന: സെക്രട്ടറി സല്‍മ അന്‍വാരിയ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.