30 Saturday
November 2024
2024 November 30
1446 Joumada I 28

രീതിശാസ്ത്രത്തിന്റെ അഭാവം പ്രതിസന്ധികളുണ്ടാക്കും

ഡോ. സുഫ്യാന്‍ അബ്ദുസ്സത്താര്‍


ഇസ്ലാഹിന്റെ രീതിശാസ്ത്രം എന്നത് ഒട്ടേറെ ആഴത്തില്‍ വിശകലനം ചെയ്യാവുന്ന പഠനമേഖലയാണ്. രീതിശാസ്ത്രം അഥവാ മെത്തഡോളജി എന്ന ആശയം സമകാലിക അക്കാദമിക വ്യവഹാരങ്ങളില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. അതത് ഡിസിപ്ലിനുകളുടെ രീതിശാസ്ത്രവും അതിന്റെ അതിര്‍ത്തി ഭേദിച്ച് പുതിയ വൈജ്ഞാനിക ശാഖകള്‍ രൂപംകൊള്ളുന്നതും ഒരേ സമയം ബൗദ്ധികവും സാമൂഹികവുമായ അധ്വാനമാണ്. വിവിധ വൈജ്ഞാനിക ശാഖകളിലെ ആഴത്തിലുള്ള അറിവ് ഇതര വിജ്ഞാനങ്ങളുമായി മാറ്റുരക്കുന്നതാണ് ഇത്തരം അന്വേഷണങ്ങളുടെ പ്രസക്തി. ഇസ്ലാമിന്റെ വിവിധ മേഖലകളിലെ വൈജ്ഞാനിക ചര്‍ച്ചകള്‍ പരസ്പരം ബന്ധമുള്ളതും മറ്റൊന്നിന്റെ പൂരകവുമാണ്. വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ഖുര്‍ആനിന്റെ വ്യാഖ്യാനശാസ്ത്രത്തെ മാറ്റിനിര്‍ത്താനാവില്ല. നേരെ തിരിച്ചും അതുപോലെത്തന്നെ. ഇസ്ലാമിന്റെ ഈ വൈജ്ഞാനിക കൈമാറ്റമാണ് ഇസ്ലാഹിന്റെ രീതിശാസ്ത്രത്തെ പ്രസക്തമാക്കുന്നത്.
രീതിശാസ്ത്രം അനിവാര്യം
ഇസ്ലാഹ് എന്നാല്‍ പരിഷ്‌കരണം, നവോത്ഥാനം, മെച്ചപ്പെടുത്തല്‍ എന്നൊക്കെയാണ് നാം അര്‍ഥമാക്കാറുള്ളത്. പരിഷ്‌കരണത്തിന് ഒരു രീതിശാസ്ത്രം ഉണ്ടായിരിക്കണം. കൃത്യമായ മാനദണ്ഡങ്ങളും നിയമങ്ങളും സമീപനങ്ങളും ഇല്ലാതിരുന്നാല്‍ ഇസ്ലാഹ് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടില്ല. ഇസ്ലാമിന്റെ വിവിധ വൈജ്ഞാനിക മേഖലകളോട് ഇസ്ലാഹി സമീപനം എങ്ങനെ കൈകോര്‍ക്കുന്നു എന്നതുപോലെത്തന്നെ ഭൗതികവിജ്ഞാനീയങ്ങളോടും സാമൂഹിക പ്രതിഭാസങ്ങളോടും എങ്ങനെ പ്രതികരിക്കുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. സമകാലികമായി വികസിച്ചുവരുകയോ പുതുതായി നിര്‍മിക്കപ്പെടുകയോ ചെയ്യുന്ന വൈജ്ഞാനിക രൂപങ്ങളോട് സംവദിച്ചുകൊണ്ടാണ് ഇസ്ലാഹ് എന്ന രീതിശാസ്ത്രം വികസിക്കുന്നത്. ഈ വികാസഘട്ടത്തില്‍ അതിന്റെ തനിമയോ ആദര്‍ശമഹിമയോ നഷ്ടമാവരുത്.
പരിഷ്‌കരണവും നവോത്ഥാനവും കേരളത്തിലോ മുസ്ലിം സമൂഹത്തിലോ മാത്രം പരിമിതമല്ല. അതുകൊണ്ടുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതു ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ജ്ഞാനപദ്ധതികളുണ്ട്. അത്തരം ജ്ഞാനപദ്ധതികളോട് ഇസ്ലാം എങ്ങനെയാണ് ഇടപഴകുന്നത് എന്നത് ഇസ്ലാഹിന്റെ രീതിശാസ്ത്രത്തിലൂടെയാണ് മനസ്സിലാക്കാന്‍ സാധിക്കുക. ഈ വിജ്ഞാനങ്ങള്‍ക്ക് അവയുടേതായ ചട്ടക്കൂടുകളും പണ്ഡിതരും സഭകളും അക്കാദമിക സ്ഥാപനങ്ങളും ഉണ്ടാകും. അതേ സമയം, ഈ സംവിധാനങ്ങളും ഇസ്ലാഹിന്റെ രീതിശാസ്ത്രവും വെവ്വേറെ തന്നെ പ്രതിഷ്ഠിക്കുമ്പോഴാണ് മതമെന്ന നിലയിലും പ്രായോഗിക ജീവിതപദ്ധതി എന്ന നിലയിലും ഇസ്ലാഹിന്റെ രീതിശാസ്ത്രം വിജയിക്കുന്നത്.
മുസ്ലിം
സമീപനങ്ങള്‍

ഫസ്ലുര്‍റഹ്മാന്‍, സുഹ താജി ഫാറൂഖി, വില്യം ഷെപ്പേര്‍ഡ്, ജോണ്‍ എല്‍ എസ്പോസിറ്റോ തുടങ്ങിയ അക്കാദമിക പണ്ഡിതരുടെ വീക്ഷണങ്ങള്‍ പരിഗണിച്ചാല്‍ ആധുനികത എന്ന സംജ്ഞയോട് ഇസ്ലാമിക സമൂഹം എവ്വിധമാണ് പ്രതികരിച്ചത് എന്നതിനെ സംബന്ധിച്ച് ഏകദേശ ചിത്രം ലഭിക്കും. ദൈവശാസ്ത്രം, നിയമം, രാഷ്ട്രീയം, സാമൂഹികം തുടങ്ങിയ വശങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് മുസ്ലിം സമൂഹത്തിനുള്ളിലെ വൈവിധ്യമാര്‍ന്ന പ്രതികരണങ്ങളിലേക്ക് ഈ അക്കാദമിക പണ്ഡിതര്‍ ഇറങ്ങിച്ചെല്ലുന്നുണ്ട്.
വിവിധ ഡൊമെയ്‌നുകളിലുള്ള മുസ്ലിം പ്രതികരണങ്ങളെ അപഗ്രഥനം ചെയ്യുമ്പോള്‍, ആധുനികതയുമായി വിശാലാര്‍ഥത്തില്‍ നൈതികമായി സംവദിക്കുന്നത് ഇസ്ലാഹിന്റെ രീതിശാസ്ത്രം അടിസ്ഥാനമാക്കിയാണ് എന്നു കാണാം. ആധുനികത ഉയര്‍ത്തുന്ന വെല്ലുവിളികളുമായി ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യം എങ്ങനെയാണ് സംവദിക്കുന്നത് എന്നു തിരിച്ചറിയാന്‍ ഈ രീതിശാസ്ത്ര പഠനം സഹായിക്കും. ഇസ്ലാമിക പ്രമാണങ്ങളോടുള്ള സമീപനം, യുക്തിയുടെ പങ്ക്, ആധുനികതയുമായുള്ള ഇടപെടല്‍ തുടങ്ങിയവ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
പ്രതികരണങ്ങളുടെ
തരംതിരിവ്

അതത് കാലങ്ങളില്‍ ഉണ്ടാകുന്ന മുസ്ലിം പ്രതികരണങ്ങളെ മതേതരം, യാഥാസ്ഥിതികം, നവയാഥാസ്ഥിതികം, പരിഷ്‌കരണ വീക്ഷണങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാന്‍ സാധിക്കും. അതനുസരിച്ചുതന്നെ ആധുനികവാദി, പരിഷ്‌കരണവാദി, പാരമ്പര്യവാദി എന്നെല്ലാം ഓരോരുത്തരെയും സ്ഥാനപ്പെടുത്താനും സാധിക്കും. ഫസ്ലുര്‍റഹ്മാന്‍ ആധുനികതയോടുള്ള പ്രതികരണം അനുസരിച്ച് ആധുനികവാദി, മതമൗലികവാദി, പരിഷ്‌കരണവാദി എന്നീ നിലകളിലാണ് വിഭജനം നടത്തുന്നത്. വില്യം ഷെപ്പേര്‍ഡ്, ഒരു സൂക്ഷ്മമായ വീക്ഷണം എന്ന നിലയില്‍ മതേതരത്വം, ഇസ്ലാമിസം, പാരമ്പര്യവാദം എന്നിങ്ങനെ പ്രതികരണങ്ങളെ വേര്‍തിരിക്കുന്നുണ്ട്. ജോണ്‍ എല്‍ എസ്പോസിറ്റോ പ്രതികരണങ്ങളെ സെക്യുലറിസ്റ്റ്, യാഥാസ്ഥിതികം, നവയാഥാസ്ഥിതികം, പരിഷ്‌കരണവാദം എന്നിങ്ങനെയാണ് തരംതിരിക്കുന്നത്.
ഇസ്ലാമിലെ വിവിധ വിജ്ഞാനശാഖകളോടും പഠനമേഖലയോടും ആധുനികത എങ്ങനെയാണ് ഇടപാടുകള്‍ നടത്തിയത് എന്ന് മനസ്സിലാക്കിയെങ്കില്‍ മാത്രമേ ഇസ്ലാഹിന്റെ രീതിശാസ്ത്രത്തിന്റെ പ്രസക്തിയും സാംഗത്യവും തിരിച്ചറിയാനാവൂ. വിവിധ ഡൊമെയ്‌നുകളില്‍ വൈവിധ്യമാര്‍ന്ന പ്രതികരണങ്ങളാണ് ആധുനികത സൃഷ്ടിച്ചത്. സന്ദര്‍ഭോചിതമായ വിശകലനത്തിലൂടെ പാഠങ്ങളുടെ അര്‍ഥവും അവതരണ ലക്ഷ്യവും കണ്ടെത്തേണ്ടത് അനിവാര്യമായി വരുന്നത് പുതിയ കാലത്തിന്റെ ഡിമാന്റുകളില്‍ നിന്നാണ്.
ഇജ്തിഹാദിനും പുതിയ ഫത്വകള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് സാങ്കേതികവിദ്യ, ബയോഎത്തിക്‌സ്, ധനകാര്യം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ മേഖലയിലെ ഇസ്ലാമിന്റെ കാഴ്ചപ്പാട് അന്വേഷിക്കുമ്പോള്‍ ഒരു കൃത്യമായ രീതിശാസ്ത്രത്തിന്റെ അഭാവം നിരവധി പ്രതിസന്ധികള്‍ക്ക് ഇടയാക്കും.
മതേതരത്വം, ഭരണരീതി, ജനാധിപത്യ തത്വങ്ങള്‍ എന്നിവയോടുള്ള മുസ്ലിം സമൂഹത്തിന്റെ പ്രതികരണങ്ങളെ സക്രിയമാക്കുന്നത് ഈ രീതിശാസ്ത്രമാണ്. ആഗോളവത്കരണത്തിന്റെയും സാംസ്‌കാരിക വ്യത്യാസങ്ങളുടെയും പശ്ചാത്തലത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം, തൊഴില്‍ മേഖലയിലെ പങ്കാളിത്തം തുടങ്ങിയവയെക്കുറിച്ചുള്ള സംവാദങ്ങളെ അഭിസംബോധന ചെയ്യാനും ക്രിയാത്മകമായ കാഴ്ചപ്പാട് പ്രദാനം ചെയ്യാനും സാധിക്കുന്നത് ഇസ്ലാഹ് രീതിശാസ്ത്രത്തിലൂടെയാണ്.
ഈ മേഖലയിലെ പ്രതികരണങ്ങളെ പൊതുവില്‍ മൂന്നായി തരം തിരിക്കാറുണ്ട്. കേരളീയ പശ്ചാത്തലം കൂടി പരിഗണിച്ചുകൊണ്ട് അവയെ നൈതികം, റാഡിക്കല്‍, പാരമ്പര്യം എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. ഈ തരംതിരിവിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാഹിന്റെ രീതിശാസ്ത്രമനുസരിച്ചുള്ള പ്രതികരണങ്ങളെ നൈതികം എന്ന കോളത്തിലാണ് ചേര്‍ക്കാന്‍ സാധിക്കുക. ഭരണകൂടത്തോടുള്ള പ്രതികരണം, ജനാധിപത്യ-മതനിരപേക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം, സ്ത്രീവിദ്യാഭ്യാസവും ശാക്തീകരണവും, ആധുനിക വിദ്യാഭ്യാസം, വ്യവസ്ഥാപിതമായ മതപഠനം തുടങ്ങിയ മേഖലകളില്‍ ഇസ്ലാഹി പ്രസ്ഥാനം സ്വീകരിച്ച നിലപാടുകളെ നൈതികം എന്ന കള്ളിയിലേക്ക് ചേര്‍ത്തുവെക്കാനാവും.
ഇസ്ലാഹിന്റെ
തലങ്ങള്‍

നന്നാക്കിത്തീര്‍ക്കുക എന്നര്‍ഥമുള്ള സ്വലഹ എന്ന മൂലധാതുവില്‍ നിന്നാണ് ഇസ്ലാഹ് ഉണ്ടായിരിക്കുന്നത്. പുതിയതാവുക എന്നര്‍ഥമുള്ള ജദദ എന്ന പദത്തില്‍ നിന്നാണ് തജ്ദീദ് ഉണ്ടായിരിക്കുന്നത്. നവീകരണം, പരിഷ്‌കരണം, നവോത്ഥാനം, പുനരുത്ഥാനം എന്നൊക്കെയാണ് മലയാളത്തില്‍ ഇവ രണ്ടും ഭാഷാന്തരം ചെയ്യപ്പെടാറുള്ളത്. ഇംഗ്ലീഷില്‍ റിഫോര്‍മേഷന്‍, റിവൈവല്‍ എന്നുമാണ് ഉപയോഗിക്കാറുള്ളത്. ഇസ്ലാഹ് എന്ന പദം ഇസ്ലാമിക ജ്ഞാനമണ്ഡലങ്ങളില്‍ എങ്ങനെ ഉപയോഗിച്ചുവെന്നതിനെ അടിസ്ഥാനമാക്കിയാണ് അതിന്റെ അര്‍ഥതലങ്ങള്‍ വിശദീകരിക്കേണ്ടത്. പാശ്ചാത്യ ബോധമണ്ഡലത്തിന്റെ വാര്‍പ്പുമാതൃകകള്‍ ഇസ്ലാഹിനെ ഭാഷാന്തരം ചെയ്യുന്നേടത്ത് അന്തര്‍ലീനമാകുന്നുണ്ട്. പാശ്ചാത്യ ഉദാരതാവാദത്തിന്റെ വിശകലന സാമഗ്രികള്‍ കടമെടുക്കാത ഇസ്ലാഹ്, തജ്ദീദ് പോലുള്ള പദങ്ങള്‍ വിശദീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ ഇര്‍ഫാന്‍ അഹ്മദ് പറയുന്നുണ്ട് (ഇസ്ലാമിക് റിഫോം, ഇര്‍ഫാന്‍ അഹ്മദ്, 2014).
പ്രവാചകന്മാര്‍ തുടര്‍ന്നുവന്ന ദൗത്യത്തെ ഇസ്ലാഹ് എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഇസ്ലാം എന്ന ആശയസംഹിതയെ തലമുറകളിലേക്ക് കൈമാറുന്ന പ്രക്രിയയാണ് ഇസ്ലാഹ്. അത് ഇസ്ലാമിനുള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന സഹജമായ സവിശേഷതയാണ്. ഇഫ്‌സാദ് അഥവാ കുഴപ്പമുണ്ടാക്കുക എന്നതിന്റെ വിപരീത അര്‍ഥത്തിലും ഈ പദം ഖുര്‍ആനില്‍ കാണാം. ജനങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുക, നന്മ പ്രവര്‍ത്തിക്കുന്നവരാകുക, വിശ്വസിച്ചതിനു ശേഷം സത്കര്‍മം പ്രവര്‍ത്തിക്കുന്നവരാകുക തുടങ്ങിയ ആശയങ്ങള്‍ക്കു വേണ്ടിയും ഇസ്ലാഹിന്റെ വിവിധ പദരൂപങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
ഇസ്ലാഹ് എന്ന പദമായാലും വിപരീതാര്‍ഥത്തിലുള്ള ഇഫ്‌സാദ് എന്ന പദമായാലും അതിന്റെ പ്രയോഗത്തില്‍ കേന്ദ്രസ്ഥാനത്തുള്ളത് സമൂഹമാണ്. സമൂഹത്തില്‍ നടക്കുന്ന ഇടപെടലുകളെയാണ് ആ രണ്ടു പദങ്ങളും കുറിക്കുന്നത്. അതുകൊണ്ടുതന്നെ ഇസ്ലാം എന്ന ആശയസംഹിത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ നടക്കുന്ന ഇസ്ലാഹ് എന്ന പ്രക്രിയ സമൂഹവുമായി അഭേദ്യമായ ബന്ധം നിലനിര്‍ത്തുന്നു. അതുകൊണ്ടാണ് സമൂഹത്തില്‍ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും മതപരമായ വീക്ഷണകോണിലൂടെ നൈതികമായി എന്‍ഗേജ് ചെയ്യുന്ന പതിവ് ഇസ്ലാഹി രീതിശാസ്ത്രത്തിനും ഇസ്ലാഹി പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടാവുന്നത്.
സമൂഹത്തിന് വളര്‍ച്ചയും നന്മയും പ്രദാനം ചെയ്യുന്നതോടൊപ്പം തിന്മയും നാശവും തടയാന്‍ കൂടി ഇസ്ലാഹിന് സാധിക്കുന്നു. അതിലൂടെ ഒരു മികച്ച സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ സാധിക്കും. ഉത്തമ സമുദായം എന്ന പദം സാക്ഷാത്കരിക്കപ്പെടുന്നത് അവിടെയാണ്. വേദഗ്രന്ഥത്തെ മുറുകെപ്പിടിക്കുകയും പ്രാര്‍ഥന മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവരെ മുസ്ലിഹീന്‍ എന്ന ഗണത്തിലാണ് ഖുര്‍ആന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു സമൂഹത്തെ നശിപ്പിക്കാതിരിക്കാന്‍ അവരിലെ സത്കര്‍മികളുടെ (മുസ്ലിഹീന്‍) സാന്നിധ്യം കാരണമാകുമെന്നും ഖുര്‍ആന്‍ പറയുന്നു (സൂറഃ ഹൂദ് 117). സ്വലഹ എന്ന പദത്തില്‍ നിന്നുത്ഭവിക്കുന്ന നന്നാവല്‍ (സ്വലാഹ്), നന്നാക്കല്‍ (ഇസ്ലാഹ്) എന്നീ രണ്ട് പദങ്ങളും പരസ്പരം ബന്ധിതവും വേര്‍പെടുത്താനാവാത്തതുമാണ്. തെറ്റുകളില്‍ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നതിനെയും ഇസ്ലാഹിനെയും ഖുര്‍ആന്‍ പല സ്ഥലങ്ങളിലും ഒരുമിച്ച് ഉപയോഗിച്ചിട്ടുണ്ട് (5:39, 4:146). വ്യക്തികളെയും സമൂഹങ്ങളെയും ഇസ്ലാമിന്റെ വിശുദ്ധിയിലേക്ക് മടക്കുന്ന പ്രവര്‍ത്തനങ്ങളെ ഇസ്ലാഹ് എന്നു വിളിക്കുന്നത് അതുകൊണ്ടാണ്.
ആദിമ വിശുദ്ധിയിലേക്കുള്ള മടക്കം എന്നാല്‍ മാനവ സംസ്‌കാരത്തിന്റെ ആദ്യഘട്ടങ്ങളെ പുനരാവര്‍ത്തനം ചെയ്യുക എന്നതല്ല, മറിച്ച് അക്കാലം തൊട്ട് അവതീര്‍ണമായ ആശയസംഹിതയുടെ പരിശുദ്ധി തിരിച്ചെടുക്കുക എന്നതാണ് (ഇര്‍ഫാന്‍ അഹ്മദ്, 2014). അതുകൊണ്ടുതന്നെ ഇസ്ലാഹിന്റെ സൈദ്ധാന്തിക അടിത്തറ എക്കാലത്തും ഒന്നായിരിക്കുകയും പ്രസ്തുത പ്രക്രിയ നവീനമായിരിക്കുകയും ചെയ്യും. യുക്തി, വിശ്വാസാചാരങ്ങള്‍, വൈജ്ഞാനിക അടിത്തറ, മതനിയമശാസ്ത്രം, പ്രവാചകചര്യ, ഫിഖ്ഹ്, മദ്ഹബുകള്‍, രാഷ്ട്രീയ ദര്‍ശനം, ഉദാരതാവാദം, മതഗവേഷണം, പ്രബോധനം തുടങ്ങിയ മേഖലയിലെല്ലാം ഇസ്ലാഹി രീതിശാസ്ത്രത്തിന് അതിന്റേതായ നിലപാടുകളും സൂക്ഷ്മമായ പ്രത്യയശാസ്ത്രവും ഉണ്ട്.

Back to Top